പൗരത്വ നിയമഭേദഗതി നടപ്പിലാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ചുരുക്കി അവരെ അപ്രധാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യാസെന്‍. മുസ്ലീങ്ങളെ പോലെയുള്ള ന്യൂനപക്ഷങ്ങളെ തിരസ്‌കരിക്കുന്നതിന് ഒരിക്കല്‍ ഇന്ത്യ ഖേദിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മതേതരത്വവും സമത്വവുമുണ്ടെന്ന് കരുതുന്ന ഇന്ത്യ പോലൊരു രാജ്യം ന്യൂനപക്ഷങ്ങളെ വിദേശികളായി കാണുന്നത് നിര്‍ഭാഗ്യകരമാണ്. എല്ലാ പൗരന്മാര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കലാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം. ബിജെപി സര്‍ക്കാര്‍ മെച്ചപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നില്ല ഇന്ത്യന്‍ കാഴ്ചപ്പാടിനെ ചുരുക്കുകയാണ് അവര്‍ ചെയ്തത്. ഇന്ത്യയെന്നാല്‍ ഹിന്ദു ഇന്ത്യയാണെന്നും ഹിന്ദി സംസാരിക്കുന്നവരുടെ ഇന്ത്യ എന്ന ധാരണ പുറമേയുള്ളവര്‍ക്ക് ഉണ്ടാക്കി എന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.