ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഉന്നയിച്ച് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഗാസയില്‍ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടും സൈന്യത്തെ പിന്‍വലിക്കാത്തതിന് പിന്നില്‍ നെതന്യാഹു മാത്രമാണെന്ന് ഗാലന്റ് കുറ്റപ്പെടുത്തി.
ബന്ദികളെ കൈമാറിക്കൊണ്ട് ഒരു സമാധാന കരാറിലെത്താമെന്ന ധാരണയെ നെതന്യാഹു തള്ളിക്കഞ്ഞെന്നും മുന്‍ പ്രതിരോധമന്ത്രി വെളിപ്പെടുത്തി. പുറത്താക്കലിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രാഈലി പൗരന്‍മാരുടെ കുടുംബാംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഗാലന്റ്.
” ഗാസയില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രധാനനേട്ടങ്ങളെല്ലാം കൈവരിച്ചു. ഇനിയും ഗാസയില്‍ തുടരുന്നതില്‍ സൈനികമായൊരു കാരണവും ചൂണ്ടിക്കാട്ടാനില്ല. തുടരുന്നതിന് പിന്നില്‍ ഗാസ വിടാനാകില്ലെന്ന ആഗ്രഹം മാത്രമായേ കാണാനാകൂ” – ഗാലന്റ് പറഞ്ഞു. ഗാസയില്‍ ഇസ്രാഈലിന് ഒരു തുടര്‍ച്ചയും സ്ഥിരതയും ലഭിക്കാനായാണ് ഇപ്പോഴത്തെ നീക്കങ്ങളെങ്കില്‍ അത് രാജ്യത്തെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ബന്ദി മോചനത്തില്‍ നെതന്യാഹുവിന്റെ പരിഗണനാവിഷയങ്ങള്‍ എന്തൊക്കെയാണെന്നതില്‍ സംശയവും ആശങ്കയും ഗാലന്റ് പങ്കുവെച്ചു. ബന്ദികളെ കൈമാറി ഒരു ഒത്തുതീര്‍പ്പിലോ സമാധാനക്കരാറിലോ എത്താന്‍ നെതന്യാഹു തന്നെ വിചാരിക്കണം.
സമാധാന കരാര്‍ എന്ന ലക്ഷ്യത്തില്‍ നിന്ന് നെതന്യാഹു പിന്‍മാറിയത് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം മാത്രമായിരുന്നെന്നും ഗാലന്റ് കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ് മുതല്‍ ഇത്തരത്തിലൊരു കരാറിലെത്താന്‍ അമേരിക്കന്‍ സഹായത്തോടെ ഇസ്രാഈല്‍ നീക്കങ്ങള്‍ നടത്തിവരികയാണ്. നെതന്യാഹുവിന്റെ കര്‍ശനനിലപാടാണ് ഈ നീക്കങ്ങള്‍ക്കെല്ലാം വെല്ലുവിളിയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
” ഫിലഡല്‍ഫി ഇടനാഴി മേഖലയില്‍ ഇപ്പോഴൊരു സുരക്ഷാ പ്രശ്‌നവുമില്ലെന്ന് ഞാനും സൈനിക മേധാവിയും പറഞ്ഞു. എന്നാല്‍ നെതന്യാഹു അത് അംഗീകരിച്ചില്ല. നയതന്ത്ര കാരണങ്ങളാല്‍ അവിടെ സൈന്യം തുടരണമെന്നായിരുന്നു നെതന്യാഹുവിന്റെ ന്യായീകരണം. എന്നാല്‍ അത്തരത്തിലൊരു നയതന്ത്ര കാരണവും അവശേഷിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം” – മുന്‍ പ്രതിരോധമന്ത്രി തുറന്നടിച്ചു.
ഗാലന്റിന്റെ വെളിപ്പെടുത്തല്‍ വന്‍ കോളിളക്കങ്ങളാണ് ഇസ്രാഈലില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹമാസ് ബന്ദികളാക്കിയ നിരവധിപേരുടെ കുടുംബങ്ങളും പ്രതിപക്ഷവും നെതന്യാഹു സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും പ്രതിഷേധവുമായി രംഗത്തെത്തി. ഇസ്രാഈല്‍ സേനയെ ഗാസയില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ തിരഞ്ഞെടുപ്പ് വൈകിക്കുക എന്ന നെതന്യാഹുവിന്റെ ലക്ഷ്യമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണം നഷ്ടപ്പെടുമെന്ന ഭയമാണ് ഇപ്പോള്‍ നെതന്യാഹുവിനുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വിമര്‍ശിച്ചു.
കഴിഞ്ഞദിവസമാണ് പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയത്. പകരം ഇസ്രയേല്‍ കാറ്റ്‌സിനെയാണ് പ്രതിരോധമന്ത്രിയായി നിയമിച്ചത്. നെതന്യാഹുവും ഗാലന്റും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കൂടുകയും പൊതുജനങ്ങളിലേക്ക് അത് എത്തി മോശമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്തതായി പുറത്താക്കിക്കൊണ്ടുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി വിശദീകരിച്ചിരുന്നു . ഇത് ശത്രുക്കള്‍ മനസിലാക്കുകയും നേട്ടമുണ്ടാക്കുകയും ചെയ്തതായും ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍. അതേസമയം ഗാസയില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടരുകയാണ്. നൂറിലേറെ പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.