Connect with us

News

ഭക്ഷണത്തിനായി കാത്തുനിന്ന ഫലസ്തീനികൾക്ക് നേരെ ഇസ്രാഈൽ സേനയുടെ വെടിവെപ്പ്; 104 പേർ കൊല്ലപ്പെട്ടു

സംഭവത്തെ കൂട്ടക്കൊലയെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചു.

Published

on

ഭക്ഷണത്തിനായി കാത്ത് നില്‍ക്കുകയായിരുന്ന ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രാഈലി സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത് 104 പേര്‍. ഗസ നഗരത്തിലെ അല്‍ റഷീദ് തെരുവിലാണ് സംഭവം.

സംഭവത്തെ കൂട്ടക്കൊലയെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം വിശേഷിപ്പിച്ചു. പ്രദേശത്തേക്കുള്ള സഹായങ്ങള്‍ പൂര്‍ണമായും ഇസ്രാഈലി സേന റദ്ദാക്കിയതിനെ തുടര്‍ന്ന് ആഹാരത്തിനായി ഒരുമിച്ചു കൂടിയതായിരുന്നു ഗസ നഗരത്തിലെ നിവാസികള്‍.

സംഭവസ്ഥലത്ത് എത്തിയപ്പോള്‍ നൂറോളം മൃതദേഹങ്ങള്‍ നിലത്ത് കിടക്കുന്നതാണ് കണ്ടതെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ ആംബുലസ് സര്‍വീസിന്റെ അധ്യക്ഷന്‍ ഫാരിസ് അഫന പറഞ്ഞു. പരിക്കേറ്റവരെയും മരണപ്പെട്ടവരെയും മുഴുവന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാത്തതിനാല്‍ പലരെയും കഴുത വണ്ടികളിലാണ് കൊണ്ടുപോയത് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിതരണം ചെയ്യാന്‍ എത്തിച്ച സാധനങ്ങള്‍ തട്ടിപ്പറിക്കാന്‍ ട്രക്കുകള്‍ക്ക് ചുറ്റും കൂടിയതിനെ തുടര്‍ന്ന് ഉന്തലിലും തള്ളലിലും ട്രക്കുകള്‍ കയറിയിറങ്ങിയുമാണ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതെന്നാണ് ഇസ്രാഈല്‍ സേനയുടെ വാദം. ട്രക്കുകള്‍ക്ക് ചുറ്റും ഫലസ്തീനികള്‍ കൂട്ടം കൂടുന്നതിന്റെ ഏരിയല്‍ ഫൂട്ടേജും അവര്‍ പുറത്തുവിട്ടു.

എന്നാല്‍ വീഡിയോ ഫൂട്ടേജില്‍ വെടിയുതിര്‍ക്കുന്നത് വളരെ വ്യക്തമാണ്. സേന ഫലസ്തീനികള്‍ക്കെതിരെ വെടിവെച്ചുവെന്നും കൂട്ടംകൂടി നിന്ന് ജനങ്ങള്‍ ഒരു ഭീഷണിയാണെന്ന് സൈനികര്‍ക്ക് തോന്നിയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് ഇസ്രഈല്‍ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.

 

kerala

‘വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’; സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം

ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു

Published

on

വര്‍ഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവടുമാറ്റുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് വിജയത്തെക്കുറിച്ചുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനമാണ് സമസ്ത മുഖപത്രത്തില്‍ നടത്തിയിട്ടുളളത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വര്‍ഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്റെ പരാമര്‍ശം ഇപ്പോള്‍ സംഘപരിവാര്‍ ആഘോഷിക്കുകയാണെന്നും മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിര്‍ സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നുമാണ് സുപ്രഭാതത്തിലെ വിമര്‍ശനം.

സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കല്‍. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. സിപിഎം.-സംഘപരിവാര്‍ ബന്ധത്തിന്റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വര്‍ധിക്കുകയണ്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ സിപിഎം എതിരാളികള്‍ ജയിച്ചാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് വര്‍?ഗീയതയിലേക്കാണ്.

ന്യൂനപക്ഷത്തിനെതിരെ വര്‍ഗീയാരോപണം ഉന്നയിച്ചാല്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടിയെങ്കില്‍ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു. ബിജെപിയുടെ ബി ടീമാവാന്‍ കേരളത്തിലെ സിപിഎം നേതാക്കള്‍ ശ്രമിക്കരുത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉയരുന്ന വികാരവും വിയോജിപ്പും ഉള്‍ക്കൊള്ളാന്‍ ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവര്‍ക്ക് ആയുധം നല്‍കുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളില്‍ നിന്നാണ് തിരുത്തല്‍ ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നില്‍ക്കുന്ന മണ്ണ് സംഘപരിവാര്‍ കൂടാരത്തിലേക്ക് ഒലിച്ച് പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.

Continue Reading

kerala

‘അജിത് കുമാര്‍ പിണറായി വിജയന്‍റെയും മോദിയുടെയും ഇടയിലെ പാലം’; പൂരം കലക്കിയാളുടെ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കെ. മുരളീധരൻ

നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരൻ വിമർശിച്ചു.

Published

on

പൂരം കലക്കിയ സംഭവത്തിൽ എഡിജിപി എം.ആർ. അജിത് കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കി ബിജെപിയെ വിജയിപ്പിക്കാൻ മുൻകൈയെടുത്തയാളാണ് എം.ആർ. അജിത് കുമാർ. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോർട്ട് നൽകാൻ നിയോഗിച്ചത്. ആ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരൻ വിമർശിച്ചു.

അജിത് കുമാറിനെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് വ്യഗ്രതയാണ്. സംരക്ഷിച്ചില്ലെങ്കിൽ പല സത്യങ്ങളും അജിത് കുമാർ വിളിച്ചുപറയും. അടുത്ത തവണ യുഡിഎഫ് വന്നാൽ ഡൽഹിയിൽ പോകാമല്ലോയെന്നാണ് അജിത് കുമാറിന്‍റെ കണക്കുകൂട്ടൽ. ബിജെപിയും സിപിഎമ്മും ഒരേ തൂവൽപക്ഷികളായി മാറുകയാണ്. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെയാണ് ഞങ്ങൾക്ക് നേരിടേണ്ടി വരിക. അതിനെ പരസ്യമായി എതിർത്തുകൊണ്ടാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയെന്നും കെ. മുരളീധരൻ പറഞ്ഞു.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ അജിത്കുമാർ സർക്കാരിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പാണ് പുറത്തുവന്നിരിക്കുന്നത്. പൂരം അലങ്കോലമാക്കിയത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്നും ഇതിനായി തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. പൂരം കലക്കിയതിന്‍റെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്‍റെ മേല്‍ ​വെച്ചുകെട്ടാനാണ് ശ്രമമെന്നും ദേവസ്വത്തില്‍ ആരും രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Continue Reading

kerala

‘പറഞ്ഞത് പാർട്ടി നിലപാട്; വിജരാഘവനെ അനുകൂലിച്ച്‌ പി.കെ. ശ്രീമതി

പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്.

Published

on

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ ജയിച്ചത് വര്‍ഗീയവാദികളുടെ പിന്തുണയോടെയെന്ന പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി. പാര്‍ട്ടി നയമനുസരിച്ചുള്ള കാര്യങ്ങളാണ് വിജയരാഘവന്‍ പ്രസംഗത്തില്‍ പറഞ്ഞത്. തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. വര്‍ഗീയവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ശ്രീമതി പറഞ്ഞു.

”വിജയരാഘവന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞെന്ന് കരുതുന്നില്ല. ഞാനും അവിടെയുണ്ടായിരുന്നു. കേരളത്തിലും വര്‍ഗീയവാദികള്‍ തലപൊക്കുന്നുണ്ട്. അത്തരം തീവ്രവാദ, വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും കേരളത്തില്‍ അനുവദിക്കില്ല. അത് ഹിന്ദു വര്‍ഗീയവാദി ആയാലും മുസ്‌ലിം വര്‍ഗീയ വാദി ആയാലും അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാടാണ് സി.പി.എം സ്വീകരിക്കുക. അതിന് യാതൊരു സംശയവുമില്ലെന്ന് പി.കെ ശ്രീമതി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending