X

ഹമാസ് തടങ്കലിലുള്ളവര്‍ എവിടെയാണെന്ന് ഇസ്രാഈലിന് ഇനിയും വ്യക്തതയില്ല; റിപ്പോര്‍ട്ട്‌

യുദ്ധം ഒരു വര്‍ഷം പിന്നിട്ടിട്ടും ഇസ്രാഈലി ബന്ദികള്‍ ഗസയില്‍ എവിടെയാണെന്നതില്‍ ഇസ്രാഈലിന് വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ കെ.എ.എന്‍ ആണ് പ്രസ്തുത റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ബന്ദികളെ എവിടെയാണ് തടവില്‍ വെച്ചിരിക്കുന്നതെന്ന് നെതന്യാഹു സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബന്ദികളാക്കപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഇന്റലിജന്‍സിന്റെ അഭാവമാണ് ഗസയിൽ ഇസ്രാഈൽ ആക്രമണം പരിമിതപ്പെടുത്താന്‍ കാരണമായതെന്നും കെ.എ.എന്‍ പറഞ്ഞു. പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഇസ്രാഈലി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് കെ.എ.എന്‍ റിപ്പോര്‍ട്ട്.

നിലവില്‍ ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തില്‍ ഇത് കാര്യമായി പ്രകടമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. ഇസ്രാ
ഈല്‍ പൗരന്മാര്‍ക്കിടില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാനുള്ള സമ്മര്‍ദം ഉയരുന്നതും സൈനിക നടപടിയെ ബാധിച്ചുവെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഹമാസ് പറയുന്നത് പ്രകാരം, 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസയില്‍ നടക്കുന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ 33 ബന്ദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിലവിലെ ഇസ്രാഈല്‍ കണക്കുകള്‍ അനുസരിച്ച് ഹമാസിന്റെ തടങ്കലില്‍ ഇനിയും 100 ബന്ദികള്‍ കഴിയുന്നുണ്ട്.

2024 ഫെബ്രുവരിയില്‍ ഖാന്‍ യൂനുസില്‍ നടന്ന ഇസ്രാഈല്‍ ആക്രമണത്തില്‍ ആറ് ബന്ദികള്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് ആക്രമണത്തിനായി ലക്ഷ്യമിട്ട പ്രദേശത്ത് ബന്ദികളുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഓപ്പറേഷന്‍ നടക്കില്ലായിരുന്നുവെന്ന് സൈന്യം പ്രതികരിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇസ്രാഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ 251 ഇസ്രാഈലികളെയാണ് ഹമാസ് ബന്ദികളാക്കിയത്. ഹമാസ് തടവിലാക്കിയ 101 പേരെ ഒരുമിച്ച് മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് 2024 നവംബര്‍ മൂന്നിന് ബന്ദികളുടെ കുടുംബം ഇസ്രാഈലില്‍ പ്രതിഷേധം നടത്തിയിരുന്നു.

ഇസ്രാഈല്‍ പ്രതിരോധ മന്ത്രാലയത്തിന് മുന്നിലാണ് ബന്ധുക്കള്‍ പ്രതിഷേധം നടത്തിയത്. നേരത്തെ ബന്ദികളുടെ മോചനത്തിനായി അമേരിക്ക, അര്‍ജന്റീന, ഓസ്ട്രിയ, ബ്രസീല്‍, ബള്‍ഗേറിയ, കാനഡ, കൊളംബിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്പെയിന്‍, തായ്ലൻഡ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ സംയുക്തമായി ഹമാസിന് അപേക്ഷ നല്‍കിയിരുന്നു. ബന്ദികളാക്കപ്പെട്ടവരില്‍ തങ്ങളുടെ പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് അറിയിച്ചാണ് 18 രാജ്യങ്ങള്‍ അപേക്ഷ നല്‍കിയത്.

webdesk13: