X

ഇതു തന്നെയല്ലേ ഫാസിസം-എഡിറ്റോറിയല്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസില്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ അഴിഞ്ഞാട്ടം ഏറ്റവും അപലപനീയവും നമ്മുടെ നാടിന് തന്നെ നാണക്കേട് വരുത്തിവെക്കുന്നതുമാണ്. ചാനല്‍ എക്‌സ്‌ക്ലൂസീവായി റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത വ്യാജമാണെന്ന് ആരോപിച്ചാണ് ഈ അതിക്രമം നടത്തിയിരിക്കുന്നത്. വാര്‍ത്തകളിലെ അഭിപ്രായ വ്യത്യാസവുമായി ബന്ധപ്പെട്ട് പത്രസ്ഥാപനങ്ങളുടെ മുന്നില്‍ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹ്യ സംഘടനകളുമെല്ലാം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ സ്ഥാപനങ്ങളുടെ അകത്തേക്ക് ഇരച്ചുകയറുകയും മാധ്യമ പ്രവര്‍ത്തകരേയും ഇതര ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് തികഞ്ഞ ഫാസിസമാണ്. ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് സംഘടന മാത്രം ചെയ്യാന്‍ മുന്നോട്ടു വരുന്ന ഈ നെറികെട്ട പ്രവൃത്തി കേരളത്തില്‍ അരങ്ങേറി എന്നത് വളരെ ഗൗരവത്തോടെ ഭരണകൂടവും പൊതു സമൂഹവും കണക്കിലെടുക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നത് അലങ്കാരമായിട്ടാണെങ്കിലും കൊടിയില്‍ രേഖപ്പെടുത്തപ്പെട്ട ഒരു സംഘടന എന്ന നിലയില്‍ വിശേഷിച്ചും.

എസ്.എഫ്.ഐ നടത്തിയ അക്രമണത്തേക്കാള്‍ അപകടകരമാണ് അതിനോട് മാതൃ സംഘടനയായ സി.പി.എം പാര്‍ട്ടിയും അവര്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറും സ്വീകരിച്ച നിലപാട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വലിയ വായില്‍ സംസാരിക്കാറുള്ള പാര്‍ട്ടി അക്രമത്തെ തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അക്രമികളെ പ്രോതസാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമാണെന്നും എസ്.എഫ്.ഐ ക്കാരുടെ പ്രവൃത്തി അതിരുവിട്ട് പോയോ എന്നത് മാത്രമാണ് പരിശോധിക്കേണ്ടതെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രസ്താവിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പ്രസ്താവന ഒരു ഫാസിസ്റ്റ് നേതാവിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഖേദപൂര്‍വം പറയേണ്ടി വരികയാണ്. തങ്ങള്‍ക്ക് അഹിതമായ മാധ്യമ സ്ഥാപനങ്ങളെ വിലക്കു വാങ്ങാനും അതിന് കഴിയുന്നില്ലെങ്കില്‍ അവയെ തകര്‍ക്കാനുമാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യം വിളിച്ചു പറഞ്ഞു കൊണ്ട് രാജ്യത്ത് നിലനില്‍ക്കാനാവില്ല എന്ന് അവര്‍ നിരന്തരം മാധ്യമങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് വഴിപ്പെടുക അല്ലെങ്കില്‍ ജോലി അവസാനിപ്പിക്കുക എന്ന സന്ദേശമാണ് ദ വയര്‍ ഓണ്‍ ലൈന്‍ പോര്‍ട്ടലിന്റെ മേധാവി സുബൈറിനെ പോലെയുള്ളവരെ കല്‍തുറങ്കലിലടച്ചു കൊണ്ട് അവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന സന്ദേശം. മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ അറസ്റ്റും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ പേരില്‍ ബി.ബി.സിയെ പൂട്ടാന്‍ നടത്തിയ ശ്രമവുമെല്ലാം ഇതിന്റെ ഭാഗം തന്നെ. എന്നാല്‍ സംഘപരിവാരിന്റെ ഈ നടപടികള്‍ക്കെതിരെ കൊടി പിടിച്ച് തെരുവിലിറങ്ങുന്ന സി.പി.എം തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അതേ പ്രവൃത്തി നടപ്പില്‍ വരുത്തുകയാണ്. വിയോജിപ്പുകള്‍ ആശയപരമായി പങ്കുവെക്കുന്നതിന് പകരം അതിന് അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുമ്പോള്‍ സി.പി.എമ്മും ബി.ജെ.പിയും എസ്.എഫ്.ഐയും എ.ബി.വി.പിയും തമ്മില്‍ എന്ത് വ്യത്യാസമാണ് കാണാന്‍ കഴിയുക. ഏഷ്യാനെറ്റിനെതിരായ അക്രമത്തെ ബി.ജെ.പി അപലപിക്കുന്ന പോലെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ സി.പി.എം അപലപിക്കുന്നതും പരിഹാസ്യമായിത്തീരും.

ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നു എന്നതിന്റെ അര്‍ത്ഥം ഭരണകൂടത്തിന് പലതും മറച്ചുവെക്കാനുണ്ട് എന്നതാണ്. സംസ്ഥാന മുഖ്യമന്ത്രിയിലേക്കടക്കം അഴിമതി ആരോപണങ്ങളുടെ മുന നീണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വരേ ഇടം നല്‍കിയ ഒരു സര്‍ക്കാറിന്റെ കാലത്ത് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നടത്തിയ അക്രമത്തെ തള്ളിപ്പറയന്‍ തയാറാകാത്ത സര്‍ക്കാറിനെ കുറിച്ച് എന്താണ് നാം വിചാരിക്കേണ്ടത്. തങ്ങളുടെ പ്രഖ്യാപനങ്ങളും പ്രവൃത്തികളും തമ്മില്‍ അജഗജാന്തരമുണ്ട് എന്ന് ഭരണകൂടം തന്നെ സമ്മതിക്കുകയാണ് എന്നല്ലേ. ഏതായാലും തങ്ങള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന ഒന്നും വെച്ചു പൊറുപ്പിക്കില്ലെന്ന് പിണറായി സര്‍ക്കാര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. എസ്.എഫ്.ഐ നടത്തിയ ആക്രമണം കുട്ടിക്കുരങ്ങനെ കൊണ്ട് ചുടു ചോറ് മാന്തിക്കുന്ന ഏര്‍പ്പാടായിരുന്നുവെന്ന് ഉത്തരവാദപ്പെട്ടവരുടെ വാക്കിലൂടെയും മൗനത്തിലൂടെയും തെളിയിക്കപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നതെങ്കില്‍ അതിനെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്നേ പറയാനുള്ളൂ.

webdesk11: