Connect with us

News

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ കൊല്ലപ്പെട്ടു

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ.

Published

on

ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്റാനിലുണ്ടായ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഇറാൻ സൈന്യം അറിയിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ്യ. ചൊവ്വാഴ്ച നടന്ന ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണത്തിനു പിന്നിലെ കൂടുതൽ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല. കൊലപാതകത്തിനു പിന്നിൽ ഇസ്രാഈലാണെന്ന് ഹമാസ് ആരോപിച്ചു. ഖത്തറിൽ താമസിച്ചാണ് ഹമാസിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഗസ്സയിൽ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തിൽ ഹനിയ്യയുടെ മക്കളും പേരമക്കളും കൊല്ലപ്പെട്ടിരുന്നു.

2006ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989ൽ ഇസ്രാഈൽ ജയിലിലടച്ച ഹനിയ്യയെ മൂന്ന് വർഷത്തിന് ശേഷമാണ് മോചിപ്പിച്ചത്. പിന്നീട് ലബനാനിലേക്ക്‌ നാടു കടത്തി. ഒരു വർഷത്തിന് ശേഷം ഓസ്ലോ കരാർ വ്യവസ്ഥയനുസരിച്ചാണ് വിട്ടയച്ചത്. ഫലസ്തീനിലേക്ക്‌ മടങ്ങിയ ഹനിയ്യ സുരക്ഷ കണക്കിലെടുത്താണ് പിന്നീട് ഖത്തറിലേക്ക് താമസം മാറ്റിയത്.

സംഭവത്തിൽ ഇസ്രാഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബുധനാഴ്ച രാവിലെയാണ് ഹനിയ്യ താമസിച്ച വീടിനുനേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റെവലൂഷനറി ഗാർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ഇറാൻ പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്. കൊലപാതകം ഭീരുത്വം നിറഞ്ഞതാണെന്നും വെറുതെയാവില്ലെന്നും ഹമാസ് പ്രതിനിധി മൂസ അബു മർസൂക് പ്രതികരിച്ചു.

കഴിഞ്ഞ ഏപ്രിലിൽ ഗസ്സ സിറ്റിക്ക് സമീപത്തെ അൽ-ഷാതി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹനിയ്യയുടെ മക്കൾ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറിന് നേരെയാണ് വ്യോമാക്രമണം നടന്നത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴാണ് ആക്രമണം. ഹനിയ്യയുടെ 3 ആൺമക്കളും നാല് പേരക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ഹാസിം, അമീർ, മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മക്കൾ.

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും.

Published

on

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനായുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.

പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.

പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനിലുണ്ട്.

Continue Reading

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

india

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് വഴിയിൽ കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരന് ദാരുണാന്ത്യം

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു

Published

on

മുംബൈ: അമിതവേ​ഗതയിൽ എത്തിയ കാറിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. മുംബൈ വഡാലയിൽ അംബേദ്കർ കോളേജിന് സമീപം ഇന്നലെ രാത്രിയായിരുന്നു സംഭവം. വഴിയരികിൽ കളിച്ചുകൊണ്ടുനിന്ന നാലുവയസുകാരൻ ആയുഷാണ് മരിച്ചത്. രക്ഷിതാക്കൾക്കൊപ്പമായിരുന്നു ആയുഷ് നിന്നിരുന്നത്.

സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഭൂഷൻ ​ഗോല (19) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ പാർലെ സ്വദേശിയാണ്. പ്രതി മദ്യലഹരിയിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. കാർ അമിതവേ​ഗത്തിലായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

നാലുവയസുകാരനായ ആയുഷും പിതാവ് ലക്ഷ്മൺ കിൻവാഡെയും കുടുംബത്തിനുമൊപ്പം കാലങ്ങളായി റോഡിന്റെ സമീപത്താണ് താമസിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് കുട്ടി റോഡരികിൽ കളിച്ചുകൊണ്ടിരിക്കുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അപകടം ഉണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

Trending