Connect with us

Culture

വെറുതെ ഒരു ആണ് പെണ്ണാവാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ പെണ്ണ് ആണാവാന്‍ ശ്രമിക്കുക എന്നത് പാടില്ല.

ഇസ്‌ലാം ഇങ്ങനെയൊക്കെ പറയുന്നത് അത് മുന്നോട്ടുവെക്കുന്ന വിശ്വാസകര്‍മ സംഹിതകളുടെ ഭാഗമായിട്ടാണ്. അതു സമ്പൂര്‍ണമാവുക ഈ ചേരുവകളെല്ലാം ചേരുംപടി ചേരുമ്പോഴാണ്. അങ്ങനെ കാണാതെ മതത്തില്‍നിന്ന് ഒരു കഷ്ണത്തെ അടര്‍ത്തിയെടുത്ത് ചെയ്യുന്ന നിരൂപണങ്ങള്‍ ശരിയോ ബുദ്ധിപരമോ അല്ല.

Published

on

What is gender politics? - Quora

വെള്ളിത്തെളിച്ചം -ടി.എച്ച് ദാരിമി

ചന്ദ്രിക ലേഖനം

കഥ ഇതാണ്. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിക്ക് താന്‍ ആണാണെന്ന കലശലായ തോന്നല്‍. ജനിതകമായി അങ്ങനെ ഉണ്ടാകാം എന്നാണ് ശാസ്ത്രവും അനുഭവവും. ഒരാളുടെ ലിംഗം നിര്‍ണയിക്കുന്ന ബാഹ്യഘടകങ്ങള്‍ രണ്ടാണ് എന്നാണ്. ലൈംഗിക അവയവങ്ങളും സ്‌ത്രൈണത ജനിപ്പിക്കുന്ന ഹോര്‍മോണുകളും. ഇവയുടെ കാര്യത്തില്‍ ആനുപാധികമായ കൃത്യത ഇല്ലാതാകുമ്പോള്‍ ഇങ്ങനെ ചിന്തയും തോന്നലുമൊക്കെ ഉണ്ടാകും. ഉദാഹരണമായി ആണിന്റെ ലിംഗത്തിനുപകരം പെണ്ണിന്റെയോ പെണ്ണിന്റേതിനു സമാനമായതോ ആണ് ഒരാണിന് എങ്കില്‍ അയാളില്‍ അതിന്റെ ശതമാനമനുസരിച്ച് പെണ്ണാകാന്‍ പൂതിയുണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. സ്ത്രീ സഹജമായ സ്വഭാവം, വൈകാരിക തീഷ്ണത, എതിര്‍ലിംഗത്തിന് ലൈംഗികമായി കീഴ്‌പ്പെടാനുള്ള ആസക്തി തുടങ്ങിയവ ചില ഹോര്‍മോണുകളുടെ സാന്നിധ്യം കാരണമാണ് എന്നാണ് ജനിതക ശാസ്ത്രം. അതില്‍ കുറവുണ്ടാവുകയും പകരം പുരുഷ ഗുണങ്ങളുടെ കാരണമായ ഹോര്‍മോണുകള്‍ കൂടുതല്‍ ഉണ്ടാവുകയും ചെയ്താല്‍ അവള്‍ക്ക് ആണാവാന്‍ തീവ്ര ആഗ്രഹം ഉണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. അപൂര്‍വമായി ചില ജന്മങ്ങളില്‍ ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ ആഗ്രഹം ജനിക്കുന്നവര്‍ എല്ലാം അടക്കിപ്പിടിച്ച് ജീവിക്കലായിരുന്നു പതിവ്. ഇപ്പോള്‍ പക്ഷേ, ശാസ്ത്രവും സാങ്കേതികതയും കുറച്ചുകൂടി വികസിച്ചു. ശരീരത്തിന്റെ ഏതു ഭാഗവും മാറ്റിവെക്കാന്‍ വരെ നാം പഠിച്ചു. അതുതന്നെ കീറിമുറിച്ചു വേണമെങ്കില്‍ അങ്ങനെയും സൂചിക്കുത്തിലൂടെ വേണമെങ്കില്‍ അങ്ങനെയും ചെയ്യാന്‍ മിടുക്കു നേടി. അപ്പോള്‍ സ്വാഭാവികമായും മനുഷ്യന്‍ ചിന്തിച്ചു, എന്നാല്‍ പിന്നെ ആണിനെ പെണ്ണും പെണ്ണിനെ ആണും ഇതേ വിദ്യവെച്ച് ആക്കിക്കൂടെ എന്ന്. ആക്കാമല്ലോ എന്ന് അനാട്ടമിക്കാര്‍ മറുപടിയും പറഞ്ഞു. മനുഷ്യന്റെ കാമ്പായ ഹൃദയം മാറ്റിവെക്കുന്നവര്‍ക്ക് ഈ പാര്‍ട്‌സുകള്‍ മാറ്റിവെക്കാന്‍ എന്താണ് പ്രയാസം!

ലിംഗങ്ങള്‍ മാറ്റി വെക്കുന്നതിലൂടെ വലിയ മാറ്റം സംഭവിക്കും. ശരീരം, മനസ്സ്, വികാരം, വിചാരം എല്ലാം. ഇതിനെ ഇംഗ്ലീഷില്‍ ട്രാന്‍സ്മിഷന്‍ എന്ന് വിളിക്കപ്പെട്ടു. മാറുന്ന വ്യക്തി ട്രാന്‍സ്‌മെന്‍ ആയിരിക്കും. മെന്‍ മാനും വുമണുമൊക്കെയാവാം. പറഞ്ഞുവരുന്ന പെണ്‍കുട്ടി തന്റെ ആഗ്രഹം പോലെ ആണാകാന്‍ തയ്യാറായി. ഇങ്ങനെയുള്ളവര്‍ മൂന്നാം ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവര്‍ ഒരു കമ്യൂണിറ്റിയാണിപ്പോള്‍. ആധുനിക മീഡിയയുടെ ഇടപെലുകളാണ് അവരെ സംഘടിപ്പിച്ചത്. ആ ശൃംഖലയുടെ ഭാഗമായിട്ടായിരിക്കാം അവള്‍ ട്രാന്‍സ്‌മെന്‍ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തി അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനായി ജവിതം തുടങ്ങി. സഹദ് എന്ന പേരും സ്വീകരിച്ചു. ഇതേ സമയം പെണ്ണാകാനുള്ള മോഹവുമായി ഒരു മലപ്പുറത്തുകാരന്‍ കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ടര്‍ ഹോമില്‍ അഭയംതേടുകയുണ്ടായി. സിയ എന്ന് സ്വയം പേരിട്ട് ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളായി ജീവിതം തുടങ്ങി. പിന്നെ രണ്ടു പേരും കണ്ടു, അടുത്തു, അനുരക്തരായി. കോഴിക്കോട് ഉമ്മളത്തൂരില്‍ ഒരുമിച്ച് താമസവും തുടങ്ങി. ആഗ്രഹിക്കുന്ന ലിംഗത്തിലേക്ക് മാറിയിട്ട് ഒന്നിച്ച് ജീവിതം അടിച്ചു പൊളിക്കണമെന്ന പദ്ധതിയായിരുന്നു അവര്‍ക്ക്. അതിന് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയയും നടക്കണം. പേരു മാറ്റി, ആണാവാന്‍ പോകുന്ന തിരുവനന്തപുരത്തുകാരി സ്തനം മുറിച്ചു മാറ്റി എന്നല്ലാതെ മറ്റൊന്നും ചെയ്യും മുമ്പ് അവര്‍ നിലവിലുള്ള ലിംഗം വെച്ച് ജീവിതം ആസ്വദിച്ചു. ലൈംഗികമായി ബന്ധപ്പെട്ടാല്‍ പെണ്ണിന് ഗര്‍ഭമുണ്ടാകും. ഗര്‍ഭം തികഞ്ഞ് പ്രസവിക്കും. അതു സാധാരണമാണ്. അതുതന്നെയാണ് അവിടെ സംഭവിച്ചതും. ഇതിനെ കുറിച്ച് പല ധ്വനിയിലുള്ള വര്‍ത്തമാനങ്ങളാണ് സാമൂഹ്യാന്തരീക്ഷം നിറയെ.

പ്രസ്തുത വിവാദം, ചോദ്യം, ഉത്തരം എന്നിവയിലേക്കൊന്നും കടക്കുന്നില്ല. ഇത്തരമൊരു പ്രതിഭാസത്തെകുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം സംക്ഷിപ്തമായി സൂചിപ്പിക്കുകയാണ്. ഇസ്‌ലാം സമ്പൂര്‍ണ ജീവിത ദര്‍ശനമാണ് എന്ന് പറയുമ്പോള്‍ ഇതിനെകുറിച്ചും ഇസ്‌ലാമിന് ചിലത് പറയാനുണ്ടാവുമല്ലോ. സംഗതി അപൂര്‍വമാണ്. പക്ഷേ, അതിന്റെ ചര്‍ച്ച സമൂഹം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഇനി ഇത്തരം വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ ചര്‍ച്ച വീണ്ടും മുറുകും. അതിന് മുമ്പ് ചില കാര്യങ്ങള്‍ പറഞ്ഞുവെക്കുകയാണ്. ആദ്യമായി പറയാനുള്ളത് ഒരാള്‍ ആണാവുന്നതിലും പെണ്ണാവുന്നതിലും ആര്‍ക്കും കഴിയില്ല എന്നതാണ്. ലിംഗഭേദത്തെ മാന്യതയുമില്ലാതെ ചവച്ചരക്കുന്നവര്‍ക്കൊന്നും കുട്ടികളില്ലാത്തവര്‍ക്ക് കുട്ടിയെ കൊടുക്കാനും പെണ്‍കുട്ടിയില്ലാത്തവര്‍ക്ക് പെണ്‍മണിയേയോ ആണ്‍ കുട്ടിയില്ലാത്തവര്‍ക്ക് ആണ്‍തരിയേയോ കൊടുക്കാന്‍ കഴിയില്ല. അതിന് കഴിയുമായിരുന്നു എങ്കില്‍ ലോകത്തിന്റെ വലിയ തേങ്ങലും നിരാശയും നിലക്കുമായിരുന്നു. ഈ വസ്തുത അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങനെ ഓര്‍മിപ്പിക്കുന്നു: അല്ലാഹു ആകാശഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇച്ഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചുകൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവനൊക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ (അശ്ശൂറാ 49,50). സ്രഷ്ടാവിന്റെ തീരുമാനത്തിന് വിധേയനാകാനാണ് സൃഷ്ടിയുടെ വിധി. അല്ലെങ്കില്‍ അവന് എന്തെങ്കിലും തീരുമാനിക്കാനും ചെയ്യാനുമുള്ള സ്വയം ശേഷി ഉണ്ടായിരിക്കണം. സ്വാതന്ത്ര്യമുണ്ടെങ്കിലും കരുതിയത് ചെയ്യാനുള്ള ശേഷിയും ശക്തിയും മനുഷ്യന് കിട്ടിയിട്ടില്ല.
ലിംഗാവയവങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ ഉള്ള പുരുഷനോ സ്ത്രീക്കോ മറ്റൊരു ലിംഗത്തിലേക്ക് മാറല്‍ അനുവദനീയമല്ല. അതായത് വെറുതെ ഒരു ആണ് പെണ്ണാവാന്‍ ശ്രമിക്കുക, അല്ലെങ്കില്‍ പെണ്ണ് ആണാവാന്‍ ശ്രമിക്കുക എന്നത് പാടില്ല. അങ്ങനെയുള്ള ഏതൊരു ശ്രമവും ശിക്ഷാര്‍ഹമായ കുറ്റമാണ്. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റംവരുത്തലാണ്. അല്ലാഹു അത് ഹറാമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: അതുകൊണ്ട് താങ്കള്‍ ഋജുമനസ്‌കനായി സ്വന്തത്തെ ദീനിനുനേരെ അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തില്‍ പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതത്രേ നേര്‍ക്കുനേരെയുള്ള മതം; പക്ഷേ മിക്കവരും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല (അര്‍റൂം: 30). മനുഷ്യപ്രകൃതി താല്‍പര്യപ്പെടുന്ന വിശ്വാസകര്‍മ സംഹിതകളാണ് ഇസ്‌ലാം. അത് സ്വമേധയാ സ്വീകരിക്കാന്‍ പാകത്തിലാണ് സ്രഷ്ടാവ് ഓരോരുത്തരെയും പടക്കുന്നത്. എന്നിരിക്കെ പശ്ചാത്തല സമ്മര്‍ദ്ദങ്ങളാല്‍ വഴിതെറ്റിക്കപ്പെടുകയും ലിംഗം മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൈവനിന്ദയാണ്. ഓരോ ശിശുവും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്; പിന്നീട് മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ പാഴ്‌സിയോ ആക്കുന്നത് എന്ന നബിവചനത്തില്‍നിന്നും ഈ ആശയം വ്യക്തമാണ്. മാത്രമല്ല, അത്തരം ഒരു ലാഞ്ചന പോലും ഒരു വ്യക്തിയില്‍ ഉണ്ടാവരുത് എന്ന് ഇസ്‌ലാം താല്‍പര്യപ്പെടുന്നു. അതാണ് പെണ്ണ് ആണിന്റെയും ആണ് പെണ്ണിന്റെയും വസ്ത്രവും വേഷവും ധരിക്കരുത് എന്ന് പറഞ്ഞതിന്റെ താല്‍പര്യം. അത് ഒരു പ്രത്യേക വസ്ത്രത്തെ കുറിച്ചാകാന്‍ തരമില്ല. കാരണം ഓരോ നാട്ടിലും സംസ്‌കാരത്തിലും ആണ്‍ പെണ്‍ ഡ്രസ് കോഡുകള്‍ വിഭിന്നമാവാം. അതുകൊണ്ട് ഈ പറഞ്ഞതിന്റെ താല്‍പര്യം ഓരോരുത്തരും തന്റെ സമൂഹത്തിന്റെ ലിംഗപരമായ വസ്ത്ര ഐഡന്റിറ്റി സംരക്ഷിക്കണം എന്നായിരിക്കും. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: പുരുഷന്‍മാരില്‍നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും സ്ത്രീകളില്‍നിന്ന് പുരുഷന്‍മാരോട് സാദൃശ്യപ്പെടുന്നവരെയും നബി (സ) ശപിച്ചിരിക്കുന്നു (അബൂദാവൂദ്). ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് വിയോജിപ്പുള്ളവര്‍ അസ്വസ്ഥരായിട്ടു കാര്യമില്ല. കാരണം ഇസ്‌ലാം ഇങ്ങനെയൊക്കെ പറയുന്നത് അത് മുന്നോട്ടുവെക്കുന്ന വിശ്വാസകര്‍മ സംഹിതകളുടെ ഭാഗമായിട്ടാണ്. അതു സമ്പൂര്‍ണമാവുക ഈ ചേരുവകളെല്ലാം ചേരുംപടി ചേരുമ്പോഴാണ്. അങ്ങനെ കാണാതെ മതത്തില്‍നിന്ന് ഒരു കഷ്ണത്തെ അടര്‍ത്തിയെടുത്ത് ചെയ്യുന്ന നിരൂപണങ്ങള്‍ ശരിയോ ബുദ്ധിപരമോ അല്ല.

ഇനിയാണ് നാം നേരത്തെ പറഞ്ഞതു പോലെ ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ഭിന്ന ലിംഗങ്ങളുടെ വിഷയത്തിലേക്ക് വരുന്നത്. ഇതിനെ കുറിച്ച് ഖുര്‍ആനിലോ സ്വീകാര്യയോഗ്യമായ ഹദീസുകളിലോ പരാമര്‍ശമില്ല. പ്രാമാണികം എന്ന് പറയാന്‍ മാത്രം പ്രബലമല്ലാത്ത ചില ഹദീസുകളും മറ്റും മാത്രമേയുള്ളൂ. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ സാമൂഹ്യ ചര്‍ച്ചക്ക് വന്ന, വന്നേക്കാവുന്ന സാഹചര്യങ്ങളില്‍ ഇതേകുറിച്ച് പണ്ഡിതന്‍മാര്‍ നടത്തിയ കര്‍മശാസ്ത്ര ചര്‍ച്ചകളെ ആശ്രയിക്കുക മാത്രമേ വഴിയുള്ളൂ. ഈ വിഷയത്തെ കുറിച്ചുള്ള വായനകളില്‍ പ്രധാനപ്പെട്ട ഒന്നാണ് സഊദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ലോക കര്‍മശാസ്ത്ര അക്കാദമിയുടെ നിരീക്ഷണം. ഇത്തരം കേസുകള്‍ പ്രത്യക്ഷപ്പെടുകയും അത് ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് അക്കാദമി ഇക്കാര്യം ചര്‍ച്ചക്കെടുത്തത് എന്ന നിലക്കാണ് അത് ആദ്യം പറയുന്നത്. അവരുടെ നിലപാട് ഇങ്ങനെ വായിക്കാം: ഒരു വ്യക്തിയില്‍ സ്ത്രീയുടെയും പുരുഷന്റെയും ലിംഗാവയവങ്ങള്‍ സമ്മിശ്രമായി സമ്മേളിച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ ഏതിനോടാണ് ചായ്‌വ് എന്നു പരിശോധിക്കണം. അങ്ങനെ കൂടുതല്‍ ചായ്‌വ് പുരുഷനോടാണെങ്കില്‍ പൗരുഷത്തിന് യോജിക്കാത്ത ഗുണങ്ങള്‍ നീക്കം ചെയ്തും ഇനി അങ്ങനെയല്ല കൂടുതല്‍ ചായ്‌വ് സ്ത്രീയോടാണെങ്കില്‍ സ്‌ത്രൈണതക്ക് യോജിക്കാത്ത ഗുണങ്ങള്‍ നീക്കം ചെയ്തും രണ്ടിലേതെങ്കിലും ഒരു ലിംഗത്തിലേക്ക് പൂര്‍ണമായും പരിവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ചികിത്സാനടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അത് സര്‍ജറിയായാലും ശരി, ഹോര്‍മോണ്‍ ചികിത്സ പോലുള്ളതായാലും ശരി. വിദഗ്ധ ചികിത്സ അനിവാര്യമായ രോഗമാണ് ഇത് എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള ന്യായം. രോഗം ചികിത്സിച്ച് ഭേദപ്പെടുത്തുകയാണ് വേണ്ടത്. അത് ഒരിക്കലും അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തലേ അല്ല. (ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങള്‍ ക്രോഡീകരിച്ച പുസ്തകം പേജ്: 97). ഈ നിലപാട് വഴി അക്കാദമി ട്രാന്‍സിഷന് നിര്‍ബന്ധിക്കുകയല്ല. ലിംഗ ഭിന്നതയുടെ അനുഭവം ഒരു വ്യക്തിയില്‍ ഉണ്ടാക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് അവരെ സഹായിക്കുകയാണ്.

Film

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ

Published

on

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Film

LCU വില്‍ രാഘവ ലോറന്‍സും; ബെന്‍സിന്റെ പ്രൊമോ വിഡിയോ പുറത്ത് വിട്ട് ലോകേഷ് കനകരാജ്‌

താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Published

on

സൗത്ത് ഇന്ത്യയില്‍ ഏറെ ഫാന്‍ ബേസുള്ള ഡയറക്ടറാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രമായ വിക്രമിലെ ഭയാനകമായ വില്ലന്‍
റോളക്‌സിനെ കടത്തിവെട്ടാന്‍ പുതിയ ഒരു കഥാപാത്രവുമായി ബെന്‍സ്. ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.

പിറന്നാള്‍ സ്‌പെഷ്യല്‍ ആയാണ് വീഡിയോ എത്തിയിരിക്കുന്നത് . മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.

Continue Reading

Trending