Connect with us

Culture

അനന്തരാവകാശ നിയമവും അനാവശ്യ വിവാദങ്ങളും -എം.എം അക്ബര്‍ ARTICLE

ഇസ്‌ലാമിക നിയമപ്രകാരം ജീവിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസ പ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്‌ലിംകള്‍ പറയുന്നത്.

Published

on

ഇസ്‌ലാമിലെ അനന്തരാവകാശവുമായി ബന്ധപ്പെട്ട് വിമര്‍ശകര്‍ കാലങ്ങളായി ഉന്നയിക്കുന്ന കാര്യങ്ങള്‍തന്നെ ഏതാനും മുസ്‌ലിം സ്ത്രീകളുടെ പേരില്‍ ലഘുലേഖയായി പുറത്തിറങ്ങിയത് കണ്ടു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ടില്‍ സര്‍ക്കാര്‍ ഇടപെടുകയും മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കുകയും വേണമെന്നാണ് ആവശ്യം. അതിലെ വിമര്‍ശനങ്ങളോട് മുസ്‌ലിംകള്‍ക്ക് പ്രതികരിക്കാനുള്ളത് ഇക്കാര്യങ്ങളാണ്.
ഒന്ന്) ഇസ്‌ലാം അല്ലാഹുവില്‍നിന്നുള്ളതാണ്. പടച്ചവനില്‍ വിശ്വസിക്കുകയും അവന്റെ വിധി വിലക്കുകളാണ് ഖുര്‍ആനിലും സുന്നത്തിലുമുള്ളതെന്ന് കരുതുകയും ചെയ്യുന്നവര്‍ക്ക്മാത്രമേ ഇസ്‌ലാമിക നിയമങ്ങളെല്ലാം പൂര്‍ണമായും സ്വീകാര്യമായി അനുഭവപ്പെടൂ. തങ്ങളുടെ യുക്തിയേക്കാള്‍ വലിയത് അല്ലാഹുവിന്റെയുക്തിയാണെന്ന് അവര്‍ മനസ്സിലാക്കും. അതല്ലാത്തവര്‍ക്ക് അവരുടെ യുക്തിയുടെമാത്രം അടിസ്ഥാനത്തില്‍ അപഗ്രഥിക്കുമ്പോള്‍ എന്തെങ്കിലുമെല്ലാം കുറ്റങ്ങളും കുറവുകളും കണ്ടെത്താന്‍ കഴിഞ്ഞേക്കും. അത് അവരുടെ യുക്തിയുടെ പരിമിതിയും അവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് തറകളുടെ അപര്യാപ്തതയുമാണെന്നാണ് മുസ്‌ലിംകള്‍ മനസ്സിലാക്കുക.

രണ്ട്) ദായധനത്തിന്റെ കാര്യത്തില്‍ ഏറ്റവും ശാസ്ത്രീയവും നീതിയിലധിഷ്ഠിതവുമായ നിയമമാണ് ഇസ്‌ലാം പ്രദാനം ചെയ്യുന്നതെന്നതാണ് സത്യം. അനന്തരാവകാശത്തെക്കുറിച്ച് വിശദീകരിക്കുന്നത് സൂറത് നിസാഇലെ 11, 12 സൂക്തങ്ങളാണ്. പിതാവോ സന്താനങ്ങളോ ഇല്ലാത്ത വ്യക്തിയുടെ അനന്തരാവകാശത്തെക്കുറിച്ച് ഇതേ അധ്യായത്തിലെ അവസാനത്തിലെ സൂക്തത്തിലും (176) വിവരിക്കുന്നുണ്ട്. ഇവയില്‍നിന്നും പ്രവാചകചര്യയില്‍നിന്നുമാണ് ദായധനത്തെക്കുറിച്ചുള്ള ഇസ്‌ലാമിക സമീപനം ഉരുത്തിരിഞ്ഞിരിക്കുന്നത്. പ്രസ്തുത സമീപനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഒരാളുടെ സ്വത്തില്‍ അയാളുടെ ജീവിതകാലത്ത് അയാള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും യാതൊരവകാശവുമില്ല. 2. അയാളുടെ ജീവിതകാലത്ത് മരിച്ചുപോയ പിന്തുടര്‍ച്ചക്കാര്‍ക്ക് അയാളുടെ അനന്തരസ്വത്തില്‍ അവകാശമൊന്നുമില്ല. (അനന്തര സ്വത്ത് രൂപപ്പെടുന്നതുതന്നെ അയാള്‍ മരിക്കുന്നതോടുകൂടിയാണല്ലോ. അതിനുമുമ്പ് അത് അയാളുടെ സ്വത്തു മാത്രമാണ്. അനന്തരസ്വത്തല്ല). 3. അയാളുടെ മരണസമയത്ത് ജീവിച്ചിരിക്കുന്ന പിന്തുടര്‍ച്ചക്കാര്‍ക്ക് മാത്രമേ അനന്തര സ്വത്തില്‍ അവകാശമുണ്ടാവുകയുള്ളൂ. 4. അനന്തരാവകാശത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അടുത്ത ബന്ധമാണ്. വിവാഹ ബന്ധവും രക്തബന്ധവും ഇതില്‍ ഉള്‍പ്പെടുന്നു. 5. അയാളുടെ അടുത്ത ബന്ധുക്കള്‍ അതേ താവഴിയിലെ അകന്ന ബന്ധുക്കളുടെ അവകാശം തടയും. (മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, പുത്ര പുത്രിമാര്‍ എന്നിവരാണ് അടുത്ത ബന്ധുക്കള്‍. ഇവരുടെ സാന്നിധ്യത്തില്‍ അതേ താവഴിയിലുള്ള മറ്റാരും അവകാശികളായി തീരുകയില്ല). 6. വ്യക്തിയുടെ സാമ്പത്തികാവസ്ഥയോ അവശതയോ അല്ല, മരിച്ചയാളുമായുള്ള ബന്ധത്തിന്റെ സ്വഭാവമാണ് ദായധന വിഭജനത്തിലെ അംഗീകൃത മാനദണ്ഡം. 7. മരിച്ചയാളുടെ രക്തബന്ധുക്കളായി ഏറ്റവും അടുത്ത കണ്ണികളില്ലെങ്കില്‍ അവകാശം തൊട്ടടുത്ത കണ്ണികളിലേക്ക് നീങ്ങുന്നു. പിതാവില്ലെങ്കില്‍ പിതാമഹനും പുത്രന്മാരൊന്നുമില്ലെങ്കില്‍ പൗത്രന്മാര്‍ക്കും പിന്തുടര്‍ച്ചാവകാശം ലഭിക്കുന്നത് ഇതുകൊണ്ടാണ്.

മൂന്ന്) ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കുടുംബസംവിധാനത്തില്‍ സ്ത്രീ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടവളാണ്. പിതാവോ സഹോദരനോ ഭര്‍ത്താവോ അവളുടെ സംരക്ഷകരായി എപ്പോഴുമുണ്ടാവണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. പുരുഷന്മാരെന്ന നിലയില്‍ തങ്ങളുടെ അധീനതയിലുള്ള സ്ത്രീകളുടെ സംരക്ഷണം മുസ്‌ലിം പുരുഷന്റെ ഉത്തരവാദിത്തമാണ്. സംരക്ഷിക്കപ്പെടുന്ന സ്ത്രീക്ക് സ്വത്തുണ്ടെങ്കിലും ഇല്ലെങ്കിലുമെല്ലാം അവരെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം പുരുഷനുണ്ട്. അനാഥകളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഖുര്‍ആനിക നിയമങ്ങള്‍ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
നാല്) പിതാവ്, മക്കള്‍ എന്നിവരെപ്പോലെത്തന്നെ സഹോദരങ്ങളും രക്തബന്ധത്തില്‍പെട്ടവരാണ്. അവരെ ശത്രുക്കളോ വിരോധികളോ ആയല്ല ഇസ്‌ലാം കാണുന്നത്. സഹോദരങ്ങള്‍ മരണപ്പെട്ടാല്‍ അതുവഴി അനാഥരാകുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നവരാണ് ജീവിച്ചിരിക്കുന്ന സഹോദരങ്ങള്‍. ചില സാഹചര്യങ്ങളില്‍ പിതാവിന്റെ സഹോദരങ്ങള്‍ക്ക് പിതൃസ്വത്തിന്റെ ചെറിയൊരു ഭാഗം അനന്തരാവകാശമായി ലഭിക്കുമെന്നത് ഇസ്‌ലാമിക സംസ്‌കാരമുള്ളവര്‍ക്കൊന്നും യാതൊരുവിധ വൈമനസ്യവുമുണ്ടാക്കുകയില്ല. ആണ്‍മക്കളില്ലാതെ മരണപ്പെടുന്ന ഒരാളുടെ പെണ്‍മക്കള്‍ സ്വാഭാവികമായും അയാളുടെ സഹോദരങ്ങളുടെ സംരക്ഷണത്തിലായിരിക്കും. മരിച്ചയാളുടെ അനന്തര സ്വത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന വസ്തുത ഈ സംരക്ഷണ ബാധ്യതയെക്കുറിച്ച് അവര്‍ക്ക് കൂടിയ ബോധവും ബോധ്യവുമുണ്ടാക്കും.

അഞ്ച്) ഉത്തരവാദിത്തത്തിന്റെ സ്വാഭാവികമായ പരിണതിയാണ് അവകാശങ്ങള്‍. പിതാവ് മരണപ്പെടുന്ന സ്ത്രീകള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സഹോദരങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തമാണ്. അപ്പോള്‍ ആ സഹോദരങ്ങള്‍ക്ക് പിതാവിന്റെ അനന്തര സ്വത്തില്‍ സഹോദരിയുടെ ഇരട്ടിഅവകാശമുണ്ടാവും. പിതാവ് മരണപ്പെടുന്ന സ്ത്രീകള്‍ക്ക് സഹോദരങ്ങളില്ലെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് മരിച്ചയാള്‍ക്ക് പിതാവുണ്ടെങ്കില്‍ ആ പിതാവിന്റെ ഉത്തരവാദിത്തമാണ്. പിതാവിന് മകന്റെ സ്വത്തില്‍ സ്വാഭാവികമായിതന്നെ അനന്തരാവകാശമുണ്ട്. മരിച്ചയാള്‍ക്ക് പിതാവോ ആണ്‍മക്കളോ ഇല്ലെങ്കില്‍ പെണ്‍ മക്കളെ സംരക്ഷിക്കേണ്ടത് പിതാവിന്റെ സഹോദരങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ചെറിയൊരു അവകാശം ലഭിക്കും. ഉത്തരവാദിത്തത്തെ മാറ്റിവെച്ചുകൊണ്ട് ഈ അവകാശത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ആരെങ്കിലും ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ അക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക രാഷ്ട്രത്തില്‍ പെണ്‍കുട്ടികള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. ഇന്ത്യയിലും അത്തരം സംവിധാനങ്ങളുണ്ടാക്കാന്‍ നിലവിലുള്ള നിയമങ്ങളുടെ അടിത്തറയില്‍ നിന്നുകൊണ്ട് തന്നെ കഴിയും. മഹല്ലുസംവിധാനങ്ങള്‍ നിര്‍വഹിക്കേണ്ട ദൗത്യമതാണ്. അത് ഭംഗിയായി നിര്‍വഹിക്കുന്ന നിരവധി മഹല്ലുകള്‍ കേരളത്തില്‍ തന്നെയുണ്ട്.

ആറ്) നിയമങ്ങള്‍ എത്ര തന്നെ കുറ്റമറ്റതാണെങ്കിലും അവ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടാകാം. നിയമം ദുരുപയോഗം ചെയ്യുകവഴി ആര്‍ക്കെങ്കിലും പ്രയാസങ്ങളോ ദുരിതങ്ങളോ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് നിയമത്തിന്റെ കുറ്റമല്ല. അത്തരം ദുരുപയോഗങ്ങളെ ചൂണ്ടിക്കാട്ടി നിയമങ്ങളെ മാറ്റണമെന്ന് വാദിക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഭരണഘടനയെല്ലാം ഓരോ ദിവസവും മാറ്റിയെഴുതേണ്ടതായി വന്നേക്കും. നിയമങ്ങളല്ല, നിയമങ്ങളെ ദുരുപയോഗിക്കുന്നവരാണ് പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടത്. വിമര്‍ശിക്കുകയും ആവശ്യമെങ്കില്‍ നടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യേണ്ടത് അവരെയാണ്.
ഏഴ്) ദായധനത്തിന്റെ വിതരണത്തില്‍ എല്ലാവര്‍ക്കും തൃപ്തി നല്‍കുന്ന രീതിയിലുള്ള സമ്പൂര്‍ണ നീതി നടപ്പാക്കാന്‍ നിയമങ്ങളെക്കൊണ്ട് മാത്രമായി കഴിയുകയില്ല. ഒരു നിയമവ്യവസ്ഥക്കും ഇക്കാര്യത്തില്‍ നൂറു ശതമാനം നീതി നടപ്പാക്കാന്‍ കഴിയില്ല. ഈ വസ്തുതക്ക് ഉപോല്‍ബലകമായി അവതരിപ്പിക്കാവുന്ന ഏതാനും മോഡലുകള്‍ കാണുക.
1. പരേതന് രണ്ടു മക്കള്‍. ഒരാള്‍ വികലാംഗന്‍. മറ്റെയാള്‍ അരോഗദൃഢഗാത്രന്‍. ഒന്നാമത്തെയാള്‍ക്ക് അധ്വാനിക്കാനാവില്ല. രണ്ടാമന് അധ്വാനിച്ച് പണം സമ്പാദിക്കാം. എങ്ങനെ സ്വത്ത് ഓഹരിവെക്കും? അധ്വാനിക്കാന്‍ കഴിയുന്നവന് കുറച്ചും കഴിയാത്തവന് കൂടുതലുമായി ഓഹരി വെക്കുന്നതാണ് ശരിയെന്ന് തോന്നും. ഏതെങ്കിലും വ്യവസ്ഥകള്‍ക്ക് ഈ തോന്നലിനെ നിയമമാക്കാന്‍ കഴിയുമോ? 2. പരേതന് മൂന്നു മക്കള്‍. മൂത്തയാള്‍ നാല്‍പതുകാരന്‍. കച്ചവടക്കാരന്‍. പിതാവിന്റെ കച്ചവടത്തില്‍ സഹകാരിയായി തുടങ്ങി സ്വന്തമായി കച്ചവടത്തിലെത്തിച്ചേര്‍ന്നയാള്‍. രണ്ടാമത്തെയാള്‍ ഭിഷഗ്വരന്‍. പിതാവിന്റെ പണം ചെലവഴിച്ചുകൊണ്ടാണയാള്‍ പഠിച്ചത്. ഇന്നയാള്‍ പണം വാരുന്നു. മൂന്നാമന്‍ പതിനെട്ടുകാരന്‍. വിദ്യാര്‍ഥി. എവിടെയെങ്കിലുമെല്ലാം എത്തുന്നതിനുമുമ്പ് പിതാവ് മരിച്ചു. എങ്ങനെ സ്വത്ത് ഓഹരിവെക്കണം? മൂത്തവര്‍ രണ്ടും സ്വയം സമ്പാദിക്കുന്നവരാണ്. പിതാവിന്റെ സ്വത്തില്‍ നിന്നാണവര്‍ സമ്പാദ്യം തുടങ്ങിയത്. ഇളയവനാകട്ടെ പിതാവ് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സ്വത്തില്‍നിന്ന് കാര്യമായി ഒന്നും ലഭിച്ചില്ല. അപ്പോള്‍ ദായധനമെങ്കിലും ഇളയ പുത്രന് കൂടുതല്‍ ലഭിക്കണമെന്നതാണ് നമ്മുടെ മനസ്സ് പറയുന്നത്. പക്ഷേ, മനസ്സുപറയുന്ന നീതി നടപ്പാക്കുന്ന രീതിയില്‍ ദായധനം ഓഹരി വെക്കുന്നതിനാവശ്യമായ നിയമം ഉണ്ടാക്കാന്‍ കഴിയുമോ? 3. പരേതന് മൂന്നു മക്കള്‍. ഒരാള്‍ സമര്‍ഥന്‍. പണംകൊണ്ട് പണം വാരാന്‍ കഴിവുള്ളവന്‍. രണ്ടാമന്‍ സാമൂഹിക സേവകന്‍. പണം ചെലവഴിച്ച് മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവന്‍. അവസാനത്തെയാള്‍ മഠയന്‍. കിട്ടിയ പണം സൂക്ഷിച്ചുവെച്ച് അതില്‍നിന്ന് മാത്രമായി ചെലവ് കണ്ടെത്തുന്നവന്‍. മൂന്നു പേര്‍ക്കും പത്തു രൂപ വീതം നല്‍കിയാല്‍ ഒന്നാമന്‍ അത് ഇരുപത് രൂപയാക്കും. രണ്ടാമന്‍ തനിക്കും അയല്‍ക്കാരനായ ദരിദ്രനുംകൂടി ഒരു നേരത്തെ ഭക്ഷണം ഒരുക്കും, മൂന്നാമന്‍ രണ്ടു നേരത്തെ ഭക്ഷണം കഴിക്കും. ഇവര്‍ക്ക് മൂന്നു പേര്‍ക്കുംദായധനം ഒരേപോലെ വീതിക്കുകയല്ല വേണ്ടതെന്ന് മനസ്സ് പറയും. പക്ഷേ, പ്രസ്തുത നീതി ഒരു നിയമക്രമത്തിലൂടെ നടപ്പാക്കുക പ്രായോഗികമല്ലെന്നു മാത്രം.
ദായധനത്തിന്റെയും മറ്റു സാമ്പത്തിക പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ കേവല നിയമങ്ങള്‍ക്ക് എല്ലാ അര്‍ഥത്തിലുമുള്ള സമ്പൂര്‍ണ നീതി നടപ്പിലാക്കാന്‍ കഴിയുകയില്ലെന്ന വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്. ഇസ്‌ലാം ഇത്തരം പ്രശ്‌നങ്ങളില്‍ കേവല നിയമങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടല്ല പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്. മനുഷ്യരുടെ ധര്‍മബോധത്തെ ഉത്തേജിപ്പിക്കുകയും പ്രയാസങ്ങളനുഭവിക്കുന്നവരോട് കരുണ കാണിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ നീതി നടപ്പാക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത്. അത് കൂടി പരിഗണിക്കാതെ ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങളുടെ മാനവികത മനസ്സിലാക്കാന്‍ കഴിയില്ല.
എട്ട്) ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമായവയാണ്. അത് ദൈവികമാണെന്നാണ് മുസ്‌ലിംകള്‍ കരുതുന്നത്. അങ്ങനെയല്ല എന്ന് വിശ്വസിക്കാനും ഞങ്ങള്‍ക്ക് ആ നിയമങ്ങള്‍ വേണ്ട എന്ന് പറയാനും ആര്‍ക്കും അവകാശമുണ്ട്. ഇസ്‌ലാമാണ് സത്യമെന്ന് വിശ്വസിക്കുകയും അങ്ങനെ മരിക്കുകയും ചെയ്ത ഒരാളുടെ സമ്പത്ത് അയാള്‍ ശരിയെന്ന് കരുതിയ നിയമങ്ങള്‍ പ്രകാരം വീതിക്കുകയാണ് നീതിയും ധാര്‍മികതയും. അങ്ങനെ വേണ്ടെന്ന് തീരുമാനിക്കാനും ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയി തന്റെ സ്വത്തുക്കള്‍ പൊതു സിവില്‍ നിയമപ്രകാരം വീതിച്ചാല്‍ മതിയെന്ന് പ്രഖ്യാപിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ആരും നിഷേധിക്കുന്നില്ല. ഇസ്‌ലാമിക നിയമപ്രകാരം ജീവിച്ച് മുസ്‌ലിം സമൂഹത്തിന്റെ ഭാഗമായി മരിച്ച ഒരാളുടെ സ്വത്ത് അയാളുടെ വിശ്വാസ പ്രകാരമായിരിക്കണം വീതിക്കേണ്ടത് എന്ന് മാത്രമാണ് മുസ്‌ലിംകള്‍ പറയുന്നത്.

Film

ഭീഷ്മപർവത്തിനു ശേഷം ധീരനുമായി ദേവദത്ത് ഷാജി; രാജേഷ് മാധവൻ നായകൻ

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ

Published

on

ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാവുന്നു. ധീരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം പനിച്ചയത്ത് ആരംഭിച്ചു.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർ- മഹേഷ് മാത്യു, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

News

ഇസ്രാഈലിന് കടുത്ത തിരിച്ചടി; 6.5 മില്യണ്‍ യൂറോയുടെ ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

Published

on

ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയില്‍നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള കരാര്‍ റദ്ദാക്കി സ്പാനിഷ് സര്‍ക്കാര്‍. സ്പാനിഷ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറില്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടങ്ങിയതോടെ ഇസ്രാഈലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആയുധങ്ങള്‍ വാങ്ങലും അവസാനിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഗസ്സയിലെ സംഘര്‍ഷം തുടരുന്നിടത്തോളം കാലം മാഡ്രിഡുമായുള്ള ഭാവി കരാറുകളില്‍ നിന്ന് മറ്റ് ഇസ്രാഈലി ആയുധ കമ്പനികളെയും ഒഴിവാക്കുമെന്ന് ഫെര്‍ണാണ്ടോ ഗ്രാന്‍ഡെമര്‍ലാസ്‌കയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ വൃത്തങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കി.

‘ഗസ്സയുടെ പ്രദേശത്ത് സായുധ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രാഈല്‍ ഭരണകൂടത്തിന് ആയുധങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത സ്പാനിഷ് സര്‍ക്കാര്‍ നിലനിര്‍ത്തുന്നു,’ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ആറ് മില്യണ്‍ യൂറോ വിലവരുന്ന 15 മില്യണ്‍ ഒമ്പത് എംഎം തിരകള്‍ വാങ്ങാനുള്ള കരാറാണ് ഇപ്പോള്‍ സ്‌പെയിന്‍ റദ്ദാക്കിയിരിക്കുന്നത്. ഇസ്രാഈല്‍ ആയുധ നിര്‍മാണ കമ്പനിയായ ഗാര്‍ഡിയന്‍ ലിമിറ്റഡില്‍നിന്നാണ് സ്‌പെയിനിലെ ഗാര്‍ഡിയ സിവില്‍ പൊലീസ് സേന ഇത് വാങ്ങാനിരുന്നത്. ഗസ്സയിലും ലബനാനിലുമടക്കം ഇസ്രാഈല്‍ ശക്തമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് ആയുധം വാങ്ങുന്ന കാര്യത്തിലും സ്‌പെയിന്‍ പുനരാലോചന നടത്തിയിരിക്കുന്നത്.

Continue Reading

Film

LCU വില്‍ രാഘവ ലോറന്‍സും; ബെന്‍സിന്റെ പ്രൊമോ വിഡിയോ പുറത്ത് വിട്ട് ലോകേഷ് കനകരാജ്‌

താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്.

Published

on

സൗത്ത് ഇന്ത്യയില്‍ ഏറെ ഫാന്‍ ബേസുള്ള ഡയറക്ടറാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ചിത്രമായ വിക്രമിലെ ഭയാനകമായ വില്ലന്‍
റോളക്‌സിനെ കടത്തിവെട്ടാന്‍ പുതിയ ഒരു കഥാപാത്രവുമായി ബെന്‍സ്. ലോകേഷ് കനകരാജിന്റെ എല്‍സിയു യൂണിവേഴ്‌സിലേക്ക് നടന്‍ രാഘവ ലോറന്‍സും. താരത്തിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെയാണ് ലോറന്‍സ് എല്‍സിയുവിലേക്ക് എത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കിടിലന്‍ പ്രൊമോ വീഡിയോയും ലോകേഷ് പുറത്തുവിട്ടു.

പിറന്നാള്‍ സ്‌പെഷ്യല്‍ ആയാണ് വീഡിയോ എത്തിയിരിക്കുന്നത് . മറ്റ് എല്‍സിയു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകേഷിന് പകരം ഭാഗ്യരാജ് കണ്ണന്‍ ആണ് ബെന്‍സ് സംവിധാനം ചെയ്യുന്നത്. ലോകേഷിന്റെ തന്നെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയാണ് ചിത്രം നിര്‍മിക്കുന്നത്.

ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് ബെന്‍സ്. അതേസമയം എല്‍സിയുവിലെ പീക്ക് സിനിമയായി കൈതി 2 സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലോകേഷ് കനകരാജ്. നിലവില്‍ ചിത്രീകരണം നടക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമായിരിക്കും കൈതിയുടെ ജോലികള്‍ ലോകേഷ് ആരംഭിക്കുക. കൈതി, വിക്രം, ലിയോ എന്നിവയാണ് എല്‍സിയുവിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രങ്ങള്‍. കാര്‍ത്തി, കമല്‍ഹാസന്‍, സൂര്യ, വിജയ്, നരെയ്ന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, അര്‍ജുന്‍ തുടങ്ങിയവരാണ് ഇതിനോടകം എല്‍സിയുവിന്റെ ഭാഗമായി എത്തിയത്.

Continue Reading

Trending