Connect with us

kerala

സി.പി.എമ്മിന്റെ ഇസ്‌ലാം പേടിയും ജലീലിന്റെ സുവിശേഷങ്ങളും

ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഃഖകരമാണ്.

Published

on

ലുഖ്മാന്‍ മമ്പാട്
സമരം ചെയ്യുന്ന മുസ്‌ലിംകളെ തീവ്രവാദികളെന്ന് വിളിച്ച നേതാക്കളുടെ പേരറിയുമോ. വി.എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഗോവിന്ദന്‍ മാസ്റ്റര്‍, എ വിജയരാഘവന്‍, പി മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ ആര്‍.എസ്.എസാണോ എന്നുറപ്പില്ലെങ്കിലും അവരെല്ലാം സി.പി. എം സമുന്നത നേതാക്കളാണെന്നാണ് വിക്കിപീഡിയ പറയുന്നത്. ഈ കൂട്ടത്തില്‍ പുതുതായി അംഗത്വം നേടിയ വ്യക്തിയുടെ പേര് ഫാ. തിയോഡേഷ്യസ് എന്നാണത്രെ. സി.പി.എം മന്ത്രി അരമനയിലെത്തി പണ്ഡിത പട്ടം നല്‍കി ആദരിച്ച പാലാ ബിഷപ്പിലേക്കാണോ എ.കെ.ജി സെന്ററിലേക്കാണോ വിഴിഞ്ഞത്തുനിന്ന് ദൂരം കുറവെന്ന് ഫാ. തിയോഡേഷ്യസിനേ അറിയൂ.
കേരളം ഭരിക്കുന്നത് പിണറായിയോ മോദിയോ എന്ന ചോദ്യം ആവര്‍ത്തനം കൊണ്ട് വിരസമാണെങ്കിലും കാലികമാണ്. സിമിയിലൂടെ രാഷ്ട്രീയം തുടങ്ങി പിണറായി വിജയന്റെ പ്രസംഗം എഴുത്തുകാരന്‍ വരെയായ സി.പി.എമ്മിന്റെ ന്യൂനപക്ഷ ക്യാപ്‌സൂള്‍ കമ്പനി അഡ്മിനായ കെ.ടി ജലീല്‍ എം.എല്‍.എയുടെ നെടുവീര്‍പ്പുകള്‍ക്ക് ഒരാമുഖമുണ്ട്. വിഴിഞ്ഞം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മന്ത്രി വി അബ്ദുറഹിമാന്റെ പേരില്‍തന്നെ തീവ്രവാദമുണ്ടെന്ന ഫാദര്‍ തിയോഡേഷ്യസിന്റെ വര്‍ഗീയ വിഷം തുപ്പലിന് പിന്നാലെ സി.പി.എമ്മുകാര്‍ മുണ്ടും മടക്കിക്കുത്തി ഇറങ്ങിയത് കേരളം കൗതുകത്തോടെയാണ് കണ്ടത്. പേരു നോക്കി തീവ്രവാദ പട്ടം ചാര്‍ത്തുന്നതും യു.എ.പി.എ ചുമത്തി അകത്തിടുന്നതും കേരളത്തില്‍ തുടങ്ങിയതും തുടരുന്നതും ബി.ജെ.പി പോലുമല്ലെന്നും അച്യുതാനന്ദന്‍ മുതല്‍ എ വിജയരാഘവനും പി മോഹഹനും വരെ ആവര്‍ത്തിക്കുന്ന ഇസ്‌ലാമോഫോബിയയുടെ കുന്തമുന തിരിച്ചടിച്ചപ്പോഴും ഒന്നും പഠിച്ചില്ലെന്നും വിഴിഞ്ഞത്തുനിന്ന് കോഴിക്കോട് വരെ വന്ന് ആവിക്കല്‍ തോടിലോ പന്തീരാങ്കാവിലോ സി.പി.എം നിലപാട് നോക്കിയാല്‍ മതി.
കമ്യൂണിസ്റ്റ് മതത്തില്‍ മാമോദീസ മുക്കിയ പന്തീരാങ്കാവിലെ അലനെയും താഹയെയും പുസ്തകം വായിച്ച കുറ്റത്തിന് പിണറായി പൊലീസ് മാവോയിസ്റ്റാക്കി യു.എ.പി.എ ചുമത്തി ജയിലിലടച്ചപ്പോള്‍ കോടതിയാണ് ജാമ്യം നല്‍കിയത്. കോളജില്‍ എസ്.എഫ്.ഐക്കാരെ ബഹുമാനിക്കാത്തതിന് അലന്റെ ജാമ്യം റദ്ദാക്കാന്‍ വീണ്ടും ഹൈക്കോടതിയിലെത്തിയ പിണറായി ഭക്തരെ ഹൈക്കോടതി ആട്ടിയോടിച്ചത് ഇന്നലെയാണ്. മലപ്പുറത്തെ കുട്ടികള്‍ ജയിച്ചാല്‍ കോപ്പിയടി ജിഹാദ്, പേരില്‍ മുസ്‌ലിം ഉള്ളതിനാല്‍ മുസ്്‌ലിംലീഗ് വര്‍ഗീയം, വേങ്ങരയില്‍ സി.പി.എം തോറ്റാല്‍ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയം, ഗെയിലിനെതിരായ സമരത്തിനിടെ റോഡില്‍ നമസ്‌കരിച്ചാല്‍ ഏഴാം നൂറ്റാണ്ട്, ആവിക്കല്‍ തോടില്‍ മാലിന്യപ്ലാന്റുണ്ടാക്കി കിടപ്പാടം വിട്ടോടേണ്ടി വരുന്നവര്‍ പ്രതിഷേധിച്ചാല്‍ ഭീകരവാദം എന്നൊക്കെ തീസീസ് ഉണ്ടാക്കി പ്രചരിപ്പിച്ച സി. പി.എമ്മില്‍നിന്ന് മന്ത്രിയായാലും വി അബ്ദുറഹിമാന് നീതി ലഭിക്കില്ലെന്ന് വര്‍ഗീയ കുത്തേറ്റ് പിടഞ്ഞുവീണ് ആഴ്ച ഒന്ന് പിന്നിട്ടിട്ടും നോക്കുകുത്തിയായി നില്‍ക്കുന്ന പിണറായി പൊലീസ് തെളിയിക്കുന്നുണ്ട്.
സി.പി.എം ഉത്പാദിപ്പിച്ച് പ്രസരിപ്പിക്കുന്ന ഇസ്്‌ലാമോഫോബിക് വിഷം ഉപയോഗിച്ച് മന്ത്രി റിയാസിന്റെ അമ്മോശനെയും വര്‍ഗീയമാക്കുമോ എന്നു പേടിച്ചാണോ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് അന്‍പതോളം പൊലീസുകാരെ മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തിലും സമാന മന്ദപ്പിലാണ് പിണറായി പൊലീസ്. സവര്‍ണ സംവരണം മുതല്‍ കുടുംബശ്രീ പ്രതിജ്ഞയിലെ ശരീഅത്ത് വിരുദ്ധതവരെ സംഘ്പരിവാറിനെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിച്ച് അവരെ തോല്‍പ്പിക്കുന്ന സി.പി.എം മുസ്‌ലിം വിരുദ്ധതയില്‍ മറയില്ലാതെ മുന്നോട്ടുപോകുമ്പോള്‍ പാലുകൊടുത്ത കൈക്ക്തന്നെ കൊത്തുകിട്ടി എന്നു നിസ്സാരവത്കരിക്കാനാവില്ല. സംഘ്പരിവാറിന്റെ കേരളത്തിലെ ഒന്നാം കക്ഷിയായി കേരളത്തിലെ സി.പി.എം മാറിയെന്ന് ഇനിയും ഉള്‍കൊള്ളാന്‍ കഴിയാത്ത കാലത്ത് ഇനിയും തിരിയാത്തവര്‍ അവരുടെ മുഖ്യ ഉപദേശി കെ.ടി ജലീലിന്റെ എഫ്.ബി സുവിശേഷങ്ങളുടെ പ്രസക്ത ഭാഗം വായിക്കുന്നത് നന്നാവും.
2022 നവംബര്‍ 28: വിഴിഞ്ഞം ‘കലാപം’ നിസ്സാരമല്ല. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ തകര്‍ത്തത് ഞെട്ടിക്കുന്ന സംഭവമാണ്. പുരോഹിതന്‍മാര്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിക്കുന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. ബിഷപ്പായാലും തന്ത്രിയായാലും മൗലവിയായാലും നിയമത്തിന് വിധേയരാണ്. നിയന്ത്രണം വിട്ട ജനക്കൂട്ടം നിയമം ലംഘിച്ച് പൊലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തത് കേരളത്തില്‍ ആദ്യ സംഭവമാണ്. അവിടുത്തെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് കേട്ടുകേള്‍വി ഇല്ലാത്തതാണ്. പൊലീസ് വാഹനങ്ങളുള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത് കോടിയിലധികം രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത് ലാഘവത്തോടെ കാണാനാവില്ല. 35 പോലീസുകാരെയാണ് കലാപകാരികള്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പൊലീസ് സ്റ്റേഷനിലെ വിലപിടിപ്പുള്ള രേഖകളാണ് നശിപ്പിക്കപ്പെട്ടത്. നിയമവാഴ്ച നില നില്‍ക്കുന്ന സംസ്ഥാനത്ത് ഒരു പൊലീസ് സ്റ്റേഷന്‍ മണിക്കൂറുകള്‍ നിയന്ത്രണത്തിലാക്കാന്‍ ഒരു സംഘത്തിന് സാധിച്ചത് എന്തിന്റെ ബലത്തിലാണെന്ന് പ്രത്യേകം അന്വേഷിക്കണം. മതചിഹ്നങ്ങളുടെ പവിത്രത കളഞ്ഞ് കുളിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഒരു മതത്തിന്റെയും പേരില്‍ ആരെയും അഴിഞ്ഞാടാന്‍ വിടരുത്. ഓരോ മത സമുദായത്തിലെയും പുരോഹിതന്‍മാര്‍ വിവിധ സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് ആരാധനാലയങ്ങളെ സമര കേന്ദ്രങ്ങളാക്കിയാല്‍ ഇന്ത്യയെപ്പോലെ ബഹുമത രാജ്യത്ത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് ഊഹിക്കാവുന്നതേയുള്ളൂ.
ഗെയ്ല്‍ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് എതിരായി ചില മതസംഘടനകള്‍ രംഗത്തുവന്നത് നാം കണ്ടതാണ്. എതിര്‍പ്പുകള്‍ മറികടന്ന് പദ്ധതി സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. വിഴിഞ്ഞം പദ്ധതി നടപ്പിലായാലും സംഭവിക്കാന്‍ പോകുന്നത് ഗെയ്ല്‍ വിരുദ്ധ സമരത്തിന്റെ ആവര്‍ത്തനമാകും.
നവംബര്‍ 29: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ക്കുകയും 35 പൊലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ ‘രാജ്യസ്‌നേഹികളെന്നാണോ’ മന്ത്രി അബ്ദുറഹിമാന്‍ വിളിക്കേണ്ടത്?. പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്ത ‘അച്ഛനെ’ എത്രയും വേഗം തുറുങ്കിലടക്കണം. മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ ‘ഫാദറി’ന്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്. ഫിഷറീസ് മന്ത്രി സംസാരിച്ചത് നാടിനു വേണ്ടിയാണ്. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ അച്ചാരം വാങ്ങിയവരുടെ ‘തനിനിറം’ ആരും കാണാതെ പോകരുത്. അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തോടെങ്കിലും നീതി പുലര്‍ത്താന്‍ വിഴിഞ്ഞം കലാപ ‘നേതാക്കള്‍’ തയ്യാറാവണം. പുരോഹിതന്‍മാര്‍ രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല. വലതുപക്ഷ മാധ്യമങ്ങളുടെ ‘തിരുനോട്ട’മുണ്ടെന്ന് കരുതി സര്‍ക്കാരിനെ മൂക്കില്‍ വലിക്കാമെന്ന വിചാരമൊന്നും ആര്‍ക്കും വേണ്ട. നേഷണല്‍ ഹൈവേയും ഗെയ്ല്‍ വാതക പൈപ്പ്‌ലൈനും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേയും യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിഴിഞ്ഞം തുറമുഖവും വൈകാതെ അര്‍ത്ഥപൂര്‍ണമാക്കി നാടിന് സമര്‍പ്പിക്കും.
നവംബര്‍ 30: ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗീയ വാദി. ഫിഷറീസ് മന്ത്രി അബ്ദുറഹിമാന്റെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന് പറഞ്ഞ ക്രിസംഘി നേതാവ് ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പൊലീസ് കേസെടുക്കണം. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്. ഇല്ലാത്ത ലൗജിഹാദ് പറഞ്ഞ് ഒരു ജനവിഭാഗത്തെ പരസ്യമായി അധിക്ഷേപിച്ച പാലാ ബിഷപ്പിനോട് സ്വീകരിച്ച ‘അഴകൊഴമ്പന്‍’ നിലപാട്, തിയോഡോഷ്യസ് അടക്കമുള്ള ചില പാതിരിമാര്‍ക്ക് വളമായതായാണ് മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. വായില്‍ തോന്നിയത് പറയാനും ചെയ്യാനുമുള്ള ലൈസന്‍സായി തിരുവസ്ത്രത്തെ ആരും കാണരുത്. പച്ചക്ക് വര്‍ഗീയത പറയുന്ന തിയോഡോഷ്യസിനെ പോലുള്ളവരെ നിലക്ക് നിര്‍ത്താനും തിരുത്താനും ക്രൈസ്തവ സമുദായത്തിലെ വിവേകികളായ തിരുമേനിമാര്‍ മുന്നോട്ടു വരണം. മന്ത്രി റഹ്മാനെതിരായി തിയോഡോഷ്യസ് നടത്തിയ പരാമര്‍ശം അദ്ദേഹം പിന്‍വലിക്കണം. അതല്ലെങ്കില്‍ അദ്ദേഹത്തിനെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം.
ഡിസംബര്‍ 1: വിഴിഞ്ഞത്ത് നടന്നത് താനൂര്‍ കടപ്പുറത്താകാതിരുന്നത് മഹാഭാഗ്യം. ഡൊമിനിക് ലാപിയറും ലാരി കോളിന്‍സും കൂടി എഴുതിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന പുസ്തകം 35 വര്‍ഷം മുമ്പാണ് വായിച്ചത്. അതിലൊരു സംഭവം പറയുന്നുണ്ട്. ഗാന്ധിജി വെടിയേറ്റ് മരിച്ച വാര്‍ത്ത ഞെട്ടലോടെ ലോകം കേട്ട നിമിഷങ്ങള്‍. വാഹനത്തില്‍നിന്ന് (ഇന്ത്യയുടെ പ്രഥമ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു) ഇറങ്ങി നടക്കവെ ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ വിളിച്ചു പറഞ്ഞു: ‘ഗാന്ധിജിയെ കൊന്നത് ഒരു മുസ്‌ലിമാണ്’. ഇതുകേട്ട മൗണ്ട് ബാറ്റര്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ പ്രതികരിച്ചു; ‘അല്ല, മുസ്‌ലിമല്ല ഗാന്ധിജിയെ കൊന്നത്’. ആ സമയത്തും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ; ‘ഘാതകന്‍ ഒരു മുസ്‌ലിമാകരുതേ’. അങ്ങിനെ സംഭവിച്ചാല്‍ ഉണ്ടാകുമായിരുന്ന വന്‍ ദുരന്തമോര്‍ത്തായിരുന്നു മൗണ്ട് ബാറ്റന്റെ ആത്മഗതം. വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷന്‍ തകര്‍ക്കുകയും 35 പൊലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഞെട്ടിക്കുന്ന വാര്‍ത്ത ചാനലുകളില്‍ എഴുതിക്കാണിക്കുന്നത് കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിവന്നത് മൂന്നര പതിറ്റാണ്ട് മുമ്പ് വായിച്ച ഡൊമിനിക്കിന്റെയും ലാരിയുടെയും മേലുദ്ധരിച്ച വരികളാണ്.
പാലാ ബിഷപ്പും ഫാദര്‍ തിയോഡോഷ്യസും സമീപ കാലത്ത് നടത്തിയ അത്യന്തം വര്‍ഗീയവും വംശീയവുമായ പ്രസ്താവനകള്‍ കടുത്ത വര്‍ഗീയവാദികള്‍ പോലും ഇന്നോളം പറഞ്ഞിട്ടില്ലാത്ത കാര്യമാണ്. ശാന്തിമന്ത്രങ്ങള്‍ ഓതിക്കൊടുക്കാന്‍ ബാധ്യതപ്പെട്ടവര്‍ അശാന്തി വിതക്കുന്നവരായി മാറുന്നത് അത്യന്തം ദുഃഖകരമാണ്. മന്ത്രി അബ്ദുറഹ്മാനെതിരെ തിയോഡോഷ്യസ് നടത്തിയ ‘പേരില്‍ തന്നെ’ തീവ്രവാദമുണ്ടെന്ന പ്രസ്താവന വന്നിട്ട് 24 മണിക്കൂര്‍ പിന്നിട്ടു. ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ നേതാവും അതിനെതിരെ രംഗത്ത് വരാത്തത് അല്‍ഭുതകരമാണ്. വേദവും മതവും പഠിക്കാത്ത ഒരു സാധാരണക്കാരന്റെ മനസ്സില്‍ പോലും വരാത്ത കാര്യങ്ങളാണ് പാലാ ബിഷപ്പും തിയോഡഷ്യസുമെല്ലാം ചിന്തിക്കുന്നതും പറയുന്നതും. അച്ഛന്‍മാര്‍ക്ക് വായില്‍ തോന്നിയത് പറയാമെന്ന വിചാരം അംഗീകരിക്കാനാവില്ല. കേട്ട് കേട്ട് മടുത്തു. ഇനി സഹിക്കാന്‍ വയ്യ. ഉരുളക്ക് ഉപ്പേരി പോലെ പച്ചക്ക് മറുപടി പറയാനാണ് തീരുമാനം. മര്യാദയാണെങ്കില്‍ മര്യാദ. മര്യാദ കേടാണെങ്കില്‍ മര്യാദ കേട്. എന്തു വേണമെന്ന് പിതാക്കന്‍മാര്‍ക്ക്  തീരുമാനിക്കാം.
ഡിസംബര്‍ 2: ‘വിഴിഞ്ഞം ജിഹാദ്’. ഇല്ലാത്ത’ലൗ ജിഹാദും’ ‘നാര്‍ക്കോട്ടിക്ക് ജിഹാദും’ പറഞ്ഞ് കയറു പൊട്ടിച്ചവര്‍ പൊലീസ് സ്റ്റേഷനും പൊലീസ് വാഹനങ്ങളും അടിച്ചുതകര്‍ത്ത്, 35 പൊലീസുകാരുടെ തല തല്ലിപ്പൊളിച്ച ‘വിഴിഞ്ഞം ജിഹാദ്’ കേട്ട മട്ടേ ഇല്ല? കണ്ട മേനിയും ഇല്ല!. ഒരു മുഖത്തടിച്ചാല്‍ മറ്റേ മുഖവും കാണിച്ച് കൊടുക്കണമെന്ന് ഉപദേശിച്ച, വാളെടുത്തവന്‍ വാളാലെന്ന് മൊഴിഞ്ഞ ലോകത്തിന്റെ മഹാഗുരുവിനെ നമുക്ക് സ്മരിക്കാം. നവഗുരുക്കന്‍മാരെ വിസ്മരിക്കുകയും ചെയ്യാം.
ഡിസംബര്‍ 4: കേരളത്തില്‍ ചില പുരോഹിതന്‍മാര്‍ മതത്തിന്റെ വേലി ചാടിക്കടന്ന് രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്ന രീതി വര്‍ധിച്ചുവരുന്നത് കാണാം. പരിസ്ഥിതി ലോല പ്രദേശ നിയമവുമായി ബന്ധപ്പെട്ട സമരമായാലും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രതിഷേധമായാലും അതില്‍ വൈദികന്‍മാര്‍ക്ക് എന്തു കാര്യം. നേഷണല്‍ ഹൈവേ വിരുദ്ധ സമരത്തിലും ഗെയ്ല്‍ വിരുദ്ധ സമരത്തിലും കാണാത്ത പുരോഹിത സാന്നിധ്യം മലയോര മേഖലയിലെ പ്രക്ഷോഭങ്ങളിലും വിഴിഞ്ഞത്തെ സമരമുഖത്തും കാണുന്നത് എന്തുകൊണ്ടാണ്.
(ചന്ദ്രിക എഡിറ്റ് പേജ്: 2022 ഡിസംബര്‍ 7)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍; സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും

നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു

Published

on

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ തീരുമാനിച്ച് പി.വി അന്‍വര്‍. നാളെ രാവിലെ 9 ന് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. സ്പീക്കര്‍ക്ക് രാജികത്ത് കൈമാറും. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വറിന്റെ നീക്കം.

പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ തന്നെ അന്‍വര്‍ രാജിക്കൊരുങ്ങുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അല്‍പ്പം മുന്‍പാണ് ഇക്കാര്യം സ്ഥിരീകരിച്ച് അന്‍വര്‍ വീണ്ടും പോസ്റ്റ് പങ്കുവെച്ചത്.

Continue Reading

kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; ‘പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ല’; അതിജീവിതയുടെ സഹോദരന്‍

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു

Published

on

മലപ്പുറം: അരീക്കോട് കൂട്ടബലാത്സംഗക്കേസില്‍ പൊലീസില്‍ നിന്ന് തങ്ങള്‍ക്ക് നീതി കിട്ടിയില്ലെന്ന് അതിജീവിതയുടെ സഹോദരന്‍ ആരോപിച്ചു. പ്രതികള്‍ സഹോദരിയെ പലര്‍ക്കും കാഴ്ചവെച്ചു. സഹോദരിയെ ബന്ധുക്കള്‍ ഉള്‍പ്പെടെ പലരും ചൂഷണം ചെയ്യുകയും സഹോദരിയുടെ 15 പവന്‍ സ്വര്‍ണം പ്രതികളില്‍ ചിലര്‍ തട്ടിയെടുകുകയും ചെയ്തു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതി രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയായെന്ന് മൊഴി നല്‍കിയിട്ടുണ്ട്. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയില്‍ എത്താന്‍ പറയുകയും, തുടര്‍ന്ന് അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി.

Continue Reading

kerala

കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്ക്

ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

Published

on

തൊടുപുഴയില്‍ കാട്ടുപന്നി ആക്രമണത്തില്‍ ആദിവാസി ഗൃഹനാഥന് ഗുരുതര പരിക്കേറ്റു. ഉപ്പുകുന്ന് മുറംകെട്ടിപാറക്ക് അടുത്ത് താമസക്കാരനായ പൊന്തന്‍പ്ലായ്ക്കല്‍ പി.ആര്‍. രാജനാണ് പരിക്കേറ്റത്. ഗൃഹനാഥന്റെ വലതുകൈ പന്നിയുടെ തേറ്റ തട്ടി പിളര്‍ന്നു. വിരലിനും പരിക്കുണ്ട്.

ഞായറാഴ്ച പുലര്‍ച്ച അഞ്ചോടെ വളര്‍ത്തുനായുടെ നിര്‍ത്താതെയുള്ള കുരകേട്ട് വീടിന്റെ മുറ്റത്തിറങ്ങിയപ്പോഴാണ് രാജനെ കാട്ടുപന്നി ആക്രമിച്ചത്. തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

പ്രദേശത്ത് ഏറെനാളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് വെടിവെച്ച് കൊല്ലാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Continue Reading

Trending