കാല്‍പ്പന്തുകളിയുടെ എല്ലാ ആവേശവും നിറയുന്ന കളിയാണ് തനിക്കിഷ്ടം, ഏറ്റവും മികച്ച അറ്റാക്കിങ് ഫുട്‌ബോളാണ് ലക്ഷ്യം-കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് റെനി മ്യൂളെസ്റ്റീന്റെ വാക്കുകളാണിത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണ്‍ നാളെ തുടങ്ങാനിരിക്കെ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞു ബ്ലാസ്റ്റേഴ്‌സ്. കോച്ച് സൂചിപ്പിക്കും പോലെ എതിര്‍ വലയില്‍ ഗോള്‍ നിറയ്ക്കാനാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം, ഇതിന് പുറമെ ഗോള്‍ വഴങ്ങാതിരിക്കാനുള്ള തന്ത്രങ്ങളും ടീം പ്രീസിസണിനിടെ മെനഞ്ഞെടുത്തു. ആദ്യ സീസണിലും കഴിഞ്ഞ സീസണിലും ഫൈനലിസ്റ്റുകളായെങ്കിലും ഗോളടിയില്‍ ഏറെ പിന്നിലായിരുന്നു ടീം. അതിനേക്കാളേറെ വഴങ്ങുകയും ചെയ്തു. ആദ്യ സീസണില്‍ 9 ഗോളുകളും കഴിഞ്ഞ സീസണില്‍ 12 ഗോളുകളുമാണ് നേടിയത്. അതേസമയം ടീം ഏറ്റവും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ലീഗിന്റെ രണ്ടാം സീസണില്‍ 22 ഗോളുകളുണ്ടായിരുന്നു അക്കൗണ്ടില്‍, 27 ഗോളുകള്‍ വഴങ്ങി. അതായത് ഗോള്‍ നേടിയാല്‍ മാത്രം കളി ജയിക്കാനും മുന്നോട്ടുള്ള വഴി എളുപ്പമാക്കാനും കഴിയില്ലെന്നും ടീമിന് ബോധ്യമുണ്ട്. ലീഗിലെ ഏറ്റവും മികച്ച ആരാധക സംഘമുള്ള ടീം രണ്ടു തവണ ഫൈനലിലെത്തിയെത്തിയെങ്കിലും ഇരുവട്ടവും കൊല്‍ക്കത്തയോട് അടിയറവ് പറയേണ്ടി വന്നു. നാളെ ആദ്യ മത്സരം തന്നെ ജയിച്ച് ആ തോല്‍വികള്‍ക്ക് മധുര പ്രതികാരം ചെയ്ത് കപ്പിലേക്കുള്ള ആദ്യ വഴി എളുപ്പമാക്കുകയാണ് ടീമിന്റെ ലക്ഷ്യം.
ബെര്‍ബറ്റോവ്, ഹ്യൂം, ബ്രൗണ്‍
അടിമുടി മാറ്റങ്ങളുമായാണു കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയെത്തുന്നത്. സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച റെനി മ്യൂളെസ്റ്റീനെ പരിശീലക കുപ്പായത്തിലെത്തിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ടീമൊരുക്കം തുടങ്ങിയത്. പിന്നാലെ വെസ് ബ്രൗണും ദിമിതര്‍ ബെര്‍ബറ്റോവുമെത്തി. ലീഗിലെ തിളക്കമേറിയ താരങ്ങളിലൊരാളായ ഇയാന്‍ ഹ്യൂമിനെ തിരികെ എത്തിച്ചതോടെ കിരീടം നേടാതെ അടങ്ങില്ലെന്ന ടീമിന്റെ വാശിയാണു പ്രകടമായത്. റോബര്‍ട്ടോ കാര്‍ലോസും ഡീഗോ ഫോര്‍ലാനുമെല്ലാം അരങ്ങു തകര്‍ത്ത ഐഎസ്എലില്‍ ഇത്തവണ താരപ്പകിട്ടില്‍ മുമ്പനാണ് ദിമിതര്‍ ബെര്‍ബറ്റോവെന്നബെള്‍ഗേറിയക്കാരന്‍. ബള്‍ഗേറിയന്‍ ക്ലബ് സിഎസ്‌കെഎ സോഫിയയിലൂടെ കളിക്കളത്തിലെത്തിയ ബെര്‍ബെ തിരിച്ചറിയപ്പെട്ടു തുടങ്ങിയതു ജര്‍മന്‍ ക്ലബ് ബയേണ്‍ ലെവര്‍ക്യൂസനിലെത്തിയപ്പോഴാണ്. തുടര്‍ന്നു ടോട്ടനത്തിലൂടെ ഇംഗ്ലീഷ് പ്രമീയര്‍ ലീഗിലെത്തി. ടോട്ടനത്തില്‍നിന്നു നേരേ ചുവന്ന ചെകുത്താന്മാരുടെ പാളയത്തിലേക്ക്. റൊണാള്‍ഡോയും റൂണിയും അടക്കമുള്ള താരക്കൂട്ടങ്ങള്‍ക്കു നടുവിലും ബെര്‍ബെ നിശബ്ദ വിപ്ലവം നയിച്ചു. 108 കളികളില്‍നിന്നു 48 ഗോളുകളാണു അദ്ദേഹം മാഞ്ചസ്റ്ററിനു വേണ്ടി നേടിയത്. ഓള്‍ഡ്ട്രാഫോര്‍ഡില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ബെര്‍ബറ്റോവ് ഫുള്‍ഹാമിലേക്കു ചേക്കേറി. രണ്ടു സീസണകള്‍ക്കു ശേഷം ഫ്രഞ്ച് ക്ലബ് മോണോക്കയിലെത്തി. പിന്നീട്, ഗ്രീസിന്റെ പിഎഒകെയും കൂടാരത്തില്‍. കഴിഞ്ഞ വര്‍ഷത്തെ വിശ്രമത്തിനു ശേഷം ഈ വര്‍ഷം കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയിലേക്ക്.
ഇത്തവണ കട്ട ലോക്കല്‍
ടീമില്‍ മലയാളി താര സാനിധ്യം കുറവാണെന്ന കഴിഞ്ഞ സീസണുകളിലെ പരാതിക്ക് ഇത്തവണ പരിഹാരം കണ്ടെത്തിയിട്ടുണ്ട് ടീം മാനേജ്‌മെന്റ്. കഴിഞ്ഞ രണ്ടു സീസണുകളില്‍ ടീമിനൊപ്പമുണ്ടായിരുന്ന മുഹമ്മദ് റാഫി ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ ടോപ് സ്‌കോററും ടീമിനെ ഫൈനല്‍വരെയെത്തിക്കുകയും ചെയ്ത സി.കെ. വിനീത് ഇത്തവണയും ടീമിനൊപ്പമുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ പേരുകേട്ട പ്രതിരോധ നിരക്കാരില്‍ ഒരാളായ റിനോ ആന്റോയെ പ്ലെയര്‍ ഡ്രാഫ്റ്റില്‍ അദ്യം തന്നെ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചു. റിലയന്‍സ് യങ് സ്‌പോര്‍ട്‌സ് ഫുട്‌ബോളിലെ കണ്ടെത്തലായ അജിത് ശിവന്‍, പ്രശാന്ത് മോഹന്‍, സന്തോഷ് ട്രോഫിയിലൂടെ താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്‍, ഗോള്‍ കീപ്പര്‍ എം.എസ്. സുജിത്ത് തുടങ്ങിയവരാണ് പുതിയ സീസണിലെ മറ്റു മലയാളി സാനിധ്യങ്ങള്‍. മലയാളി താരങ്ങള്‍ക്കൊപ്പം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു പിടി മികച്ച താരങ്ങളും ടീമിനൊപ്പമുണ്ട്. ഓരോ പൊസിഷനിലും മികവുള്ള താരങ്ങളുണ്ട് ടീമില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധ ഭടനായിരുന്ന വെസ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക. അനുഭവ സമ്പന്നനായ ബ്രൗണിന്റെ സാനിധ്യം സന്ദേശ് ജിങ്കനും റിനോ ആന്റോയ്ക്കും വിങുകളില്‍ കയറി കളിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും.
എതിര്‍ ടീം താരങ്ങളെ കീറിമുറിച്ചെത്തുന്ന ബ്രൗണിന്റെ ത്രൂ ബോളുകളും കൂടിയാകുമ്പോള്‍ ഡിഫന്‍സില്‍ തുടങ്ങുന്ന ആക്രമണങ്ങളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് കളം നിറയും. സെര്‍ബിയന്‍ താരം നെമന്‍ജ ലാകിക് പെസിക്കും ബ്രൗണിനൊപ്പം സെന്റര്‍ മിഡ്ഫീല്‍ഡില്‍ അണിനിരക്കും. ലീഗിലെ മികച്ച മധ്യനിരകളില്‍ ഒന്നാണ് കേരളത്തിന്റേത്. സ്ലോവേനിയന്‍ ക്ലബ്ബില്‍നിന്നു റാഞ്ചിയ ഘാന യുവതാരം കറേജ് പെക്കൂസണനാണ് ശ്രദ്ധേയ താരം. വിങറായും സ്‌ട്രൈക്കറായും ഉപയോഗപ്പെടുത്താവുന്ന സി.കെ. വിനീതിന്റെ സാനിധ്യവും ബ്ലാസ്‌റ്റേഴ്‌സിന്റെ ബലമാണ്. അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ്, അജിത് ശിവന്‍ തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റു താരങ്ങള്‍. മൂന്ന് വിദേശ താരങ്ങളാണ് മുന്നേറ്റം നയിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനുള്ളത്. ദിമിതര്‍ ബെര്‍ബറ്റോവ്, ഇയാന്‍ ഹ്യൂം, മാര്‍ക്ക് സിഫനോസ് എന്നിവര്‍ ചേരുമ്പോള്‍ ഗോള്‍ പൂരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മധ്യനിരയില്‍ നിന്ന് കയറി കളിക്കാന്‍ സി.കെ. വിനീതും ജാക്കിചന്ദ് സിങുമുണ്ട്. ഇംഗ്ലീഷ് താരം പോള്‍ റെചുബ്ക്കയാണ് ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി 42കാരനായ സന്ദീപ് നന്ദിയും യുവ പ്രതീക്ഷയായി സുഭാഷിഷ് റോയ് ചൗധരിയും ചേരുന്നതാണ് ഗോള്‍ കീപ്പിങ് സംഘം. റിസര്‍വ് സ്‌ക്വാഡില്‍ എം.എസ് സുജിതുമുണ്ട്.
ലീഗ് ആരംഭിക്കുന്നതിന് മുമ്പുള്ള പരിശീലനങ്ങളിലൂടെയും സന്നാഹ മത്സരങ്ങളിലൂടെയും ബ്ലാസ്‌റ്റേഴസ് ഒരുമയുള്ള സംഘമായി മാറിയിട്ടുണ്ട്. സ്‌പെയിനിലെ മാര്‍ബെല്ല ഫുട്‌ബോള്‍ സെന്ററിലായിരുന്നു ഒരു മാസത്തോളം ടീമിന്റെ പടയൊരുക്കം. നാലു സന്നാഹ മത്സരങ്ങളില്‍ രണ്ടണ്ണം ജയിച്ചു. ഒരെണ്ണം തോറ്റു, ഒരു കളി സമനിലയില്‍ കലാശിച്ചു. കൊച്ചിയില്‍ തിരിച്ചെത്തിയ ശേഷം ഗോകുലം കേരള എഫ്.സിക്കെതിരെ മാത്രമാണ് ടീം ഇറങ്ങിയത്. എല്ലാ താരങ്ങളെയും അണി നിരത്തിയിട്ടും ഗോകുലത്തോട് ഗോളില്ലാ സമനില വഴങ്ങി. നാളെ കൊല്‍ക്കത്തയുമായാണ് ടീം ആദ്യം മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ഫൈനല്‍ നടന്ന വേദിയില്‍ അതേ ടീമുകള്‍ വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്ലാസിക് പോരാട്ടമാണ് ആരാധകരുടെ പ്രതീക്ഷ.