Connect with us

Sports

തെന്നിന്ത്യന്‍ കലാശം

Published

on

 

ബെംഗളുരു: ഐ.എസ്.എല്‍ 2018-ലെ കലാശപ്പോരാട്ടമായ ദക്ഷിണേന്ത്യന്‍ ഡര്‍ബി ഇന്ന്. രാജ്യത്തെ ഏറ്റവും മികച്ച ക്ലബ്ബെന്ന വിശേഷണമുള്ള ബെംഗളുരു എഫ്.സി കന്നി സീസണില്‍ തന്നെ കിരീടത്തില്‍ മുത്തമിടാനൊരുങ്ങി ഇറങ്ങുമ്പോള്‍ മറുവശത്തുള്ളത് ഒരിക്കല്‍ കപ്പടിച്ച് പരിചയമുള്ള ചെന്നൈയിന്‍ എഫ്.സി. സ്വന്തം ഗ്രൗണ്ടായ കണ്ഠീരവ സ്‌റ്റേഡിയത്തില്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കു മുന്നിലാണ് ഫൈനല്‍ കളിക്കുന്നതെന്ന ആനുകൂല്യം സുനില്‍ ഛേത്രിക്കും കൂട്ടര്‍ക്കുമുണ്ടെങ്കിലും, സ്വന്തം തട്ടകത്തില്‍ ഫൈനല്‍ കളിച്ച ഒരു ടീമും ജയിച്ചിട്ടില്ല എന്ന ‘ചരിത്രം’ തിരുത്തുക എന്ന ദൗത്യം കൂടി അവര്‍ക്കുണ്ട്. അതേസമയം, ഫേവറിറ്റുകളെന്ന ബാധ്യതയില്ലാതെ കളിക്കെത്തുന്ന ചെന്നൈ രണ്ടാം കിരീടമാണ് ലക്ഷ്യം വെക്കുന്നത്.
ആദ്യ റൗണ്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ വന്ന ടീമുകളായിരുന്നു ബെംഗളുരുവും ചെന്നൈയും. 18 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായുള്ള ബെംഗളുരുവിന്റെ കുതിപ്പിനു മുന്നില്‍ അതുവരെ ലീഗിലെ പുലികളായിരുന്നവരെല്ലാം എലികളായി. രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചെന്നൈ എട്ട് പോയിന്റ് പിറകിലായിരുന്നു. ഐ-ലീഗില്‍ തങ്ങളുടെ കന്നി സീസണില്‍ തന്നെ കപ്പടിച്ച് ചരിത്രം കുറിച്ച ബെംഗളുരു ഐ.എസ്.എല്ലിലും അത് ആവര്‍ത്തിക്കാനുള്ള വ്യഗ്രതയിലാണെന്നതു വ്യക്തം.
മികവ് അളക്കുക കണക്കുകള്‍ വെച്ചാണെങ്കില്‍ ബെംഗളുരുവിനു തന്നെയാണ് വിജയ സാധ്യതകളത്രയും. എന്നാല്‍, മറ്റു ചില ‘കണക്കു’കളാവട്ടെ ചെന്നൈയിന് പ്രതീക്ഷ പകരുകയും ചെയ്യുന്നു. റെഗുലര്‍ സീസണില്‍ ഏറ്റവുമധികം മത്സരങ്ങള്‍ (13) ജയിച്ച ടീം, ഏറ്റവുമധികം ഗോള്‍ (38) സ്‌കോര്‍ ചെയ്ത രണ്ടാമത്തെ ടീം, ഏറ്റവും കുറവ് ഗോളുകള്‍ (16) വഴങ്ങിയ ടീം എന്നിങ്ങനെ പോകുന്നു ബെംഗളുരു മാഹാത്മ്യം. ഈ കണക്കുകളിലൊക്കെ ചെന്നൈയിന്‍ പിന്നാലെ തന്നെയുണ്ട്. എന്നാല്‍, റെഗുലര്‍ സീസണില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആരും ഇതുവരെ കപ്പടിച്ചിട്ടില്ല എന്നതും സ്വന്തം ഗ്രൗണ്ടില്‍ ആര്‍ക്കും കിരീടത്തില്‍ മുത്തമിടാനായിട്ടില്ല എന്നതും സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും ആത്മവിശ്വാസത്തെ നേരിയ തോതിലെങ്കിലും ബാധിച്ചേക്കും.
അതേസമയം, ബെംഗളുരുവിനെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ചെന്നൈയിന്‍ ഫൈനലിനിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന വാശിയേറിയ ദക്ഷിണേന്ത്യന്‍ ഡര്‍ബിയില്‍ ഗോള്‍ നേടിയ ജെജെ ലാല്‍പെഖ്‌ലുവ തന്നെയാണ് അവരുടെ തുറുപ്പു ചീട്ട്. എങ്ങിനെ കളി ജയിക്കണമെന്ന് അവരുടെ കോച്ച് ജോണ്‍ ഗ്രിഗറിയ്ക്ക് നന്നായി അറിയാം. ഗോവയുടെ കുന്തമുനകളായ കോറോയേയും ലാന്‍സറോട്ടെയും സെമി ഫൈനലില്‍ വരച്ച വരയില്‍ നിര്‍ത്തിയ ഗ്രിഗറിയുടെ കൈയില്‍ സുനില്‍ ഛേത്രിയേയും മിക്കുവിനേയും പിടിച്ചു കെട്ടാനുള്ള മന്ത്രവുമുണ്ടാകും. മിക്കുവും ഛേത്രിയും കൂടിയാണ് ബംഗളൂരുവിന്റെ 38 ഗോളുകളില്‍ 27 ഉം സ്‌കോര്‍ ചെയ്തത്.
നേരത്തെ ഐഎസ്എല്‍ ഫൈനലില്‍ കളിച്ച നിരവധി കളിക്കാര്‍ ഇപ്പോഴും ചെന്നൈയിന്‍ എഫ്സിയുടെ ഭാഗത്തുണ്ടെന്നത് ഗ്രിഗറിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. മെയില്‍സണ്‍ ആല്‍വസ്, റാഫേല്‍ അഗസ്റ്റോ, ജെജെ, കരണ്‍ജിത് സിങ്, എന്നിവര്‍ 2015-ല്‍ കിരീടം നേടിയ സംഘത്തിലുണ്ടായിരുന്നവരാണ്. മലയാളി താരം മുഹമ്മദ് റാഫി രണ്ട് ഫൈനലുകളുടെ പരിചയവുമായാണ് ചെന്നൈയിലേക്ക് ചേക്കേറിയത്.

News

ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല; സ്ഥിരീകരണവുമായി ഐസിസി

ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം.

Published

on

ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന സ്ഥിരീകരണവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ചാമ്പ്യന്‍സ് ട്രോഫി ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താനാണ് തീരുമാനം. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്താന് പുറത്തുവെച്ചായിരിക്കും നടത്തുക. അതേസമയം പാകിസ്താനും ഇന്ത്യയിലേക്ക് കളിക്കാനെത്തില്ല. ഹൈബ്രിഡ് മാതൃക 2027 വരെ തുടരാനാണ് തീരുമാനം.

ചാമ്പ്യന്‍സ് ട്രോഫി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി നടക്കുമെന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പറഞ്ഞു. 2027 വരെയുള്ള ഒരു ടൂര്‍ണമെന്റിനുും പാകിസ്താന്‍ ഇന്ത്യയിലുമെത്തില്ലെന്നും ഐസിസി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്താന്‍ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിത ട്വന്റി 20 ലോകകപ്പും 2026ല്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും ഹൈബ്രിഡ് മാതൃകയിലായിരിക്കും നടക്കുക.

2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ വിശദ വിവരങ്ങള്‍ ഐസിസി പുറത്തുവിടും. 2017ലാണ് കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ പരാജയപ്പെടുത്തിയ പാകിസ്താന്‍ വിജയം കൈവരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍, ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നത്.

 

Continue Reading

Sports

വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തി ആര്‍. അശ്വിന്‍

ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Published

on

ചെന്നൈ: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നാട്ടിലേക്കെത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട അശ്വിന്‍ മൂന്നാം ടെസ്റ്റിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

”ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിക്കാന്‍ പോകുകയാണ്. ഒരുപാട് കാലം കളിക്കണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. അശ്വിനെന്ന ക്രിക്കറ്റര്‍ അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല. അശ്വിനെന്ന ഇന്ത്യന്‍ ക്രിക്കറ്ററുടെ കരിയര്‍ മാത്രമാണ് അവസാനിച്ചത്”

”പലര്‍ക്കും വിരമിക്കല്‍ ഒരു വൈകാരിക നിമിഷമാകും. പക്ഷേ എനിക്കിത് ആശ്വാസത്തിന്റെയും സംതൃപ്തിയുടേയും നിമിഷമാണ്”അശ്വിന്‍ പ്രതികരിച്ചു.

അനില്‍ കുംബ്ലെക്ക് ശേഷം ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായ അശ്വിന്‍ മിക്ക മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷക്കെത്തിയ താരമാണ്. 13 വര്‍ഷത്തെ ദീര്‍ഘകരിയറിലായി 537 വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇന്ത്യക്കായി 106 ടെസ്റ്റിലും 116 ഏകദിനത്തിലും 65 ടി20യിലും താരം കളിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലുമായി 775 വിക്കറ്റുകള്‍ അശ്വിന്‍ നേടി.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യമത്സരത്തില്‍ അശ്വിനെ കളത്തിലിറക്കിയിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ ഇടം ലഭിച്ചിരുന്നു. തുടര്‍ന്ന് മൂന്നാം മത്സരത്തില്‍ അശ്വിനെ വീണ്ടും കളത്തിലിറക്കിയില്ല. രവീന്ദ്ര ജഡേജ ഫോമിലായിരിക്കേ പേസ് ബൗളിങ്ങിനെ പിന്തുണക്കുന്ന തുടര്‍ ടെസ്റ്റുകളില്‍ കളത്തിലിറക്കില്ല എന്ന തിരിച്ചറിവിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പരമ്പരയുടെ പാതിവഴിയില്‍ വെച്ച് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

Sports

2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇസ്രാഈലിനോട് കളിക്കാനില്ല; ഗസ്സയിലെ ജനങ്ങളെ കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് നോര്‍വെ

ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്

Published

on

ഓസ്ലോ: 2026ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളില്‍ ഇസ്രാഈല്‍ ടീമിനോട് മത്സരിക്കാനില്ലെന്ന് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഗസയിലെ ജനങ്ങളോടുള്ള ഇസ്രാഈല്‍ ഭരണകൂടത്തിന്റെ ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഈ വിഷത്തില്‍ നിസംഗത പാലിക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നോര്‍വീജിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2026 ലോകകപ്പിലെ യോഗ്യത മത്സരങ്ങള്‍ക്ക് ഇരുരാജ്യങ്ങളും ഒരേ ഗ്രൂപ്പിലാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇസ്രാഈലിനെതിരായ യോഗ്യത മത്സരം കളിച്ചിരുനിനു. തുടര്‍ന്നാണ് നോര്‍വീജിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് ഇക്കാര്യം അറിയിച്ചത്.

‘ഇസ്രാഈലിന് തക്കതായ ശിക്ഷകള്‍ നല്‍കാന്‍ നോര്‍വീജിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ബോഡികളില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇസ്രാഈലിനെതിരെ മത്സരിക്കാതെ നോര്‍വീജിയന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പിന്തുണയ്ക്കുകയാണ്.

ഗസയിലെ നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങള്‍ ഉടനടി നിര്‍ത്തലാക്കാനുള്ള നോര്‍വീജിയന്‍ സര്‍ക്കാരിന്റെ ആഹ്വാനത്തെ ഫുട്‌ബോള്‍ ടീം പിന്തുണയ്ക്കുന്നതായും ക്ലേവ്‌നെസ് വ്യക്തമാക്കി. ‘ഗസയില്‍ എന്താണ് സംഭവിക്കുന്നത്? സാധാരണക്കാര്‍ക്ക് നേരെയുള്ള ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും നിസംഗത പാലിക്കാന്‍ കഴിയില്ല,’ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് ലിസ് ക്ലേവ്‌നെസ് പറഞ്ഞു.

അന്താരാഷ്ട്ര വേദികളില്‍ ഇസ്രാഈല്‍ ഭരണകൂടത്തിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള ആഹ്വാനങ്ങളില്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സജീവമായി ഇടപെടല്‍ നടത്തുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈല്‍ ഇപ്പോഴും യുവേഫ മത്സരങ്ങളുടെ ഭാഗമാണ്. ഞങ്ങള്‍ ഈ വിഷയം പരിശോധിച്ച് വരികയാണെന്നും ക്ലേവ്‌നെസ് പറഞ്ഞു. 2026 മാര്‍ച്ച് 25നും ഒക്ടോബര്‍ 11നുമാണ് ഇസ്രാഈലും നോര്‍വെയും തമ്മിലുള്ള മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

അന്താരാഷ്ട്രസമൂഹത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടാണ് പലപ്പോഴും നോര്‍വെ സ്വീകരിച്ചിരുന്നത്. നോര്‍വെ ഔപചാരികമായി ഫലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിച്ചിരുന്നു. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് നോര്‍വെ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തിരുന്നു. അതിനാല്‍ തന്നെ നോര്‍വെയും ഇസ്രാഈലും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്.

Continue Reading

Trending