കൊച്ചി;കളി മാറിയിയിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചായ രണ്ടാം മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി. കന്നിക്കാരായ ജംഷെഡ്പൂരാണ് ആതിഥേയരെ വീണ്ടും ഗോളില്ലാ സമനിലയില്‍ പൂട്ടിയത്. തുടര്‍ച്ചായ രണ്ടു സമനിലയോടെ ഇരുടീമുകള്‍ക്കും രണ്ട് പോയിന്റ് വീതമായി. ഡിസംബര്‍ 3ന് മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരളത്തിന്റെ മൂന്നാം മത്സരം.
കളിയുടെ പത്താം മിനുറ്റില്‍ സി.കെ വിനീതിലൂടെ ബ്ലാസ്‌റ്റേഴ്‌സിനും ഇഞ്ചുറി ടൈമില്‍ ബെല്‍ഫോര്‍ട്ടിലൂടെ ജംഷെഡ്പൂരിനും ഗോള്‍ കുറിക്കാന്‍ മികച്ച അവസരം ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. തകര്‍പ്പന്‍ സേവുകളുമായി ഗോളി റച്ചുബ്ക തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സിന്റെയും ഗാലറിയുടെയും താരമായി. ബെര്‍ബതോവിനെ പ്രതിരോധത്തിലാക്കിയ ജംഷ്ഡ്പൂരിന്റെ മെഹ്താബ് ഹുസൈനാണ് കളിയിലെ താരം. ഗോളടിക്കാന്‍ മറന്നെങ്കിലും കൊല്‍ക്കത്തക്കെതിരായ ടീമായിരുന്നില്ല ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ്. ഗോള്‍ നേടാനുറച്ചായിരുന്നു കളമിറക്കം. പ്ലേമേക്കറുടെ റോളിലായിരുന്നു ബെര്‍ബറ്റോവ്. വിങ്ങുകളിലേക്ക് നിരന്തരം പന്തു നല്‍കി കളിയെ നിയന്ത്രിച്ചു. ജാക്കിചന്ദ് സിങും ലാല്‍റുവത്താരയും അധ്വാനിച്ചു കളിച്ചു. പ്രതിരോധ നിരയും ഗോള്‍ വഴങ്ങാതെ കോട്ട കാത്തു. സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് (48 മത്സരങ്ങള്‍) സ്വന്തമായ മത്സരത്തിലും ഹ്യൂമിന് തിളങ്ങാനായില്ല. മലയാളി താരങ്ങളായ വിനീതും റിനോയും ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ആദ്യ കളിയില്‍ നിന്ന് ഒരേയൊരു മാറ്റവുമായാണ് ഇരുടീമുകളും ഇന്നലെ ഇറങ്ങിയത്. 4-2-3-1 ശൈലിയില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സ് മധ്യനിരയില്‍ മിലന്‍ സിങിനെ മാറ്റി ജാക്കിചന്ദ് സിങിന് അവസരം നല്‍കി. സമീഗ് ദ്യൂതിയെ മാറ്റി മുന്നേറ്റത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ബെല്‍ഫോര്‍ട്ടിനെ കളിപ്പിച്ചതായിരുന്നു സന്ദര്‍ശക നിരയിലെ ഏക മാറ്റം. തുടക്കത്തില്‍ വേഗമുള്ള കളിയായിരുന്നു ഇരുടീമിന്റേതും. പത്താം മിനുറ്റില്‍ സി.കെ വിനീതിലൂടെ ലീഡെടുക്കാന്‍ മികച്ചൊരു അവസരം ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. ഇയാന്‍ ഹ്യൂം നല്‍കിയ ക്രോസില്‍ തല വെക്കേണ്ട കാര്യമേ വിനീതിനുണ്ടായുള്ളു. പക്ഷേ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ വിനീതിന്റെ ഫ്രീ ഹെഡ്ഡര്‍ വലക്ക് പുറത്തായി. ഗാലറിയില്‍ നിരാശയുടെ നെടുവീര്‍പ്പ്. ബ്ലാസ്റ്റേഴ്‌സ് അടങ്ങിയില്ല. പന്തില്‍ പതിയെ ആധിപത്യം സ്ഥാപിച്ചു. ജംഷെഡ്പൂരിന്റെ ബോക്‌സ് നിരന്തരം ആക്രമിച്ചു. 17ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്റെ ഒരു മാന്ത്രിക ഗോള്‍ കാണാനുള്ള അവസരം ഗോളി സുബ്രതാ പോള്‍ ഇല്ലാതാക്കി. ഇടതു കോര്‍ണറില്‍ നിന്ന് ലാല്‍റുവത്താറ നല്‍കിയ ക്രോസ് ബോക്‌സിനകത്തേക്ക്. വലക്ക് മുന്നില്‍ നിന്ന ബെര്‍ബ വലംകാലില്‍ ഒരു വോളിക്കായി ശ്രമിച്ചു. സുബ്രതാ പോള്‍ തടുത്തു. ജംഷെഡ്പൂരിന്റെ ഒരു പ്രതിരോധ താരത്തില്‍ തട്ടി പന്ത് വീണ്ടും വല ലക്ഷ്യമാക്കിയെങ്കിലും ഗോളിക്ക് പിഴച്ചില്ല.
പന്ത് കിട്ടിയപ്പോഴൊക്കെ ജംഷഡ്പൂരും ഗോളിനായി ശ്രമിച്ചു. അസാമാന്യ പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഗോളി പോള്‍ റച്ചുബ്കയുടേത്. 31ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിച്ച പ്രതീതിയായിരുന്നു ഗാലറിയില്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെത്തേണ്ട ബ്രസീല്‍ താരം എമേഴ്‌സണ്‍ മൗറയുടെ ഒന്നാന്തരം ഷോട്ട്് റച്ചുബ്ക സേവ് ചെയ്തതിന്റെ ആരവമായിരുന്നു അത്.
ഫ്രീകിക്കില്‍ നിന്ന് നിലംപറ്റെയുള്ള ഷോട്ട് പ്രതിരോധ ഭടന്‍മാരുടെ കാലുകള്‍ക്കിടയിലൂടെ പോയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വല കുലുങ്ങുമെന്ന് തോന്നിച്ചതാണ്, റച്ചുബ്ക ഉജ്ജ്വലമായി സേവ് ചെയ്ത് പന്ത് തട്ടിയകറ്റി. ജെറി മവിഹ്മിങ്താങയുടെ കാലിലായിരുന്നു പന്തെത്തിയത്. ആ ശ്രമവും കൂടി റച്ചുബ്ക വിഫലമാക്കി. ഗാലറിയിലാകെ ആഹ്ലാദത്തിര. ആദ്യപകുതിക്ക് ശേഷം കളമിറങ്ങുമ്പോള്‍ 72 ശതമാനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ പന്തടക്കം.
ആദ്യ പകുതിയിലെ വീര്യം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പിന്നീട് കണ്ടില്ല. ഇരുടീമും സമനിലക്കായി കളിച്ചതോടെ താരങ്ങളും പരുക്കരായി. ബെര്‍ബതോവിനെ കളിയിലുടനീളം ഫൗള്‍ ചെയ്യാന്‍ ശ്രമിച്ച മെഹ്താബ് ഹുസൈന് ഒടുവില്‍ റഫറി മഞ്ഞക്കാര്‍ഡ് കാണിച്ചു. മെഹ്താബിനെ തള്ളിയതിന് പിന്നീട് ബെര്‍ബതോവും യെല്ലോ ബുക്കിലെത്തി. ജിങ്കനെ വീഴ്ത്തിയതിനെ തുടര്‍ന്നുള്ള തര്‍ക്കത്തില്‍ ജെറി മവിഹ്മിങ്താങ്ങക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. കൊപ്പല്‍ താരത്തെ പിന്‍വലിച്ചു. ഫാറൂഖ് ചൗധരി പകരക്കാരനായി. കളിയുടെ വേഗം കുറഞ്ഞു. ആക്രമണവും കുറഞ്ഞതോടെ കളി വിരസമായി തുടങ്ങി. സമനിലപൂട്ടഴിക്കാനുള്ള അവസാന ശ്രമമെന്നോണം ഇരുടീമിലും തുടര്‍ച്ചയായ മാറ്റങ്ങള്‍ വന്നു. ഇയാന്‍ ഹ്യൂമിന് പകരം മാര്‍ക്ക് സിഫ്‌നോസും പെക്കൂസണ് പകരം മിലന്‍ സിങും വന്നു. ജാക്കിചന്ദിന് പകരക്കാരനായി പ്രശാന്തിനും മ്യൂളെന്‍സ്റ്റീന്‍ അവസരം നല്‍കി. ജംഷെഡ്പൂര്‍ അനസിനെ പിന്‍വലിച്ച് ദൂതിയെ ഇറക്കി. കളത്തിലെ മാറ്റം സ്‌കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കിയില്ല.
https://twitter.com/IndSuperLeague/status/934076202884542464