Connect with us

Article

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമോ

ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

Published

on

നാലു ജില്ലകളിലെ നിരപരാധികളായ ലക്ഷകണക്കിന് ആളുകളുടെ ഹൃദയത്തില്‍ തീ കോരിയിടുന്നതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ ദിവസമുണ്ടായ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. ഡാമിനു സുരക്ഷാഭീഷണി ആശങ്ക മാത്രമാണെന്നാണു കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും ആകാശം ഇടിഞ്ഞുവീഴുമെന്ന് കാര്‍ട്ടൂണ്‍ കഥാപാത്രം പറയുന്നതുപോലെയാണ് ഭീഷണിയെക്കുറിച്ചുള്ള ആശങ്കയെന്നും ബെഞ്ച് നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എന്‍ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. വര്‍ഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയില്‍ ആളുകള്‍ ജീവിക്കുകയാണെന്നും എന്നാല്‍ ഡാമിന്റെ ആയുസ് പറഞ്ഞതിനേക്കാള്‍ രണ്ടിരട്ടി കഴിഞ്ഞല്ലോയെന്നും കോടതി ചോദിച്ചു. സുരക്ഷാഭീഷണിയു ണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലവര്‍ഷം മറികടന്നതാണ്. ആ അണക്കെട്ട് നിര്‍മ്മിച്ചവരോട് നന്ദി പറയുന്നുവെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ്.വി.എന്‍ ഭട്ടി ഹൈക്കോടതിയില്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അ ണക്കെട്ട് ഉയര്‍ത്തുന്ന ഭീഷണിയുമായി ബന്ധപ്പെട്ട് ഡോ. ജോ ജോസഫ് ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. അണക്കെട്ടുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജിയും ആ ബെഞ്ച് പരിഗണിക്കുന്നതിനായി മാറ്റുകയും ചെയ്തിട്ടുണ്ട്. അതായത് ഡാമിന്റെ സുരക്ഷ സംബന്ധിച്ചുള്ള അന്തിമ വിധി മൂന്നംഗ ബെഞ്ചില്‍ നിന്നാണ് ഉണ്ടാവുക.

കേരളത്തെ സംബന്ധിച്ചിടത്തോളം കോടതിയുടെ നിരീക്ഷണം നിരാശാജനകമാണ്. സുപ്രീംകോടതിയില്‍ കേസ് വരുമ്പോഴെല്ലാം തോല്‍ക്കുന്ന പതിവാണ് കേരളത്തിനുള്ളത്. രാജ്യം കണ്ട ഏറ്റവും മികച്ച അഭിഭാഷകരെ ഇറക്കിയാണ് തമിഴ്‌നാട് കേസ് നടത്തുന്നത്. മൂന്നംഗ ബെഞ്ചില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ വ്യക്തമായും കൃത്യമായും അവതരിപ്പിക്കാന്‍ കഴിയുക എന്നതാണ് പുതിയ ഡാമിനു വേണ്ടിയുള്ള സം സ്ഥാനത്തിന്റെ ശ്രമങ്ങള്‍ വിജയത്തിലെത്തിക്കാന്‍ ആവശ്യമായി വേണ്ടത്. അതീവ ഗൗരവത്തില്‍തന്നെ ഇതിനെ കാണേണ്ടതുണ്ട്. സുരക്ഷാഭീഷണി ആശങ്ക മാത്രമാണ് എന്നു പറഞ്ഞ് കേരളത്തിനു സമാധാനമായി കിടന്നുറങ്ങാനാവില്ല. ആയിരക്കണക്കിനാളുകള്‍ ഈ ആശങ്ക പേറി എത്രകാലം ജീവിക്കുമെന്നത് ഗൗരവമുള്ള പ്രശ്നം തന്നെയാണ്. 2000ല്‍ മുല്ലപ്പെരിയാര്‍ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കിയിരുന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന വാര്‍ത്തയും ആശങ്ക വര്‍ധിപ്പിക്കുന്നു. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതി ചെയ്യുന്നത് എന്ന് ചില പഠനങ്ങളില്‍ പറയുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി സംബന്ധിച്ച് നേരത്തേ ന്യൂയോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. തകര്‍ച്ചാ സാധ്യതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലേത് എന്നാണ് ലേഖനത്തില്‍ വിശദീകരിക്കുന്നത്. നദീസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷണല്‍ റിവേഴ്സ് എന്ന സംഘടനയുടെ ഡയറക്ടര്‍മാരായ ജോഷ് ക്ലെം, ഇസബെല്ല വിങ്ക്ലര്‍ എന്നിവര്‍ ചേര്‍ന്നാണ് ലേഖനം എഴുതിയത്. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് പല വിദഗ്ധരും ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ഈ വിഷയം വര്‍ഷങ്ങളായി തമിഴ്നാടിനും കേന്ദ്ര സര്‍ക്കാരിനും മുന്നില്‍ അവതരിപ്പിക്കുന്നതുമാണ്. ഓരോ വര്‍ഷക്കാലത്തും മലയാളികളുടെ നെഞ്ചില്‍ തീകോരിയിടുകയാണ് മുല്ലപ്പെരിയാര്‍ ഡാം. അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ മലയാളികളുടെ നെഞ്ചില്‍ നിറയുന്നത് തീയാണ്. ഒരു ദിവസ ത്തിലധികം നിര്‍ത്താതെ മഴ പെയ്താല്‍ കേരളത്തിലെ നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണിപ്പോള്‍. ഈ ആശങ്കകള്‍ക്കൊപ്പം മുല്ലപ്പെരിയാറും നില കൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

ഡാം തകര്‍ച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയില്‍ പെന്‍ സില്‍വാനിയയിലെ സൗത്ത് ഫോര്‍ക് ഡാം 1889 മേയ് 31 ന് തകര്‍ന്നു. പ്രദേശത്ത് അസാധാരണമാംവിധം വീശിയടിച്ച കാറ്റിനെത്തുടര്‍ന്നാണ് ഡാം തകരാന്‍ ഇടയായത്. 2209 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 17 മില്യണ്‍ ഡോളറിന്റെ നാശവും ഉണ്ടായി. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡില്‍ 1864ലുണ്ടായ ഡേല്‍ ഡൈക് റിസര്‍വോയര്‍ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളല്‍ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയര്‍ കണ്ടെത്തി മണിക്കൂറുകള്‍ക്കകമാണ് അപകടം. ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്ഞോ ഡാം 2019ല്‍ തകര്‍ന്ന താണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതക്കുന്ന ഒന്ന്. 120 കിലോമീറ്റര്‍ നീളത്തില്‍ 21 മുനിസിപ്പാലിറ്റികള്‍ ഇല്ലാതായി. 270 പേര്‍ മരിച്ചു. പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിക്കപ്പെട്ട കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ശക്തമായ ഒരു വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാന്‍ കഴിയില്ല, അതുകൊണ്ട്തന്നെ അണക്കെട്ടിന്റെ താഴ്വരയില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് അ ണക്കെട്ട് സുരക്ഷാഭീഷണിയാണ്. ലോകത്തില്‍ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്. നിര്‍മ്മാണ കാലഘട്ടത്തില്‍ ഇത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മിച്ച അണക്കെട്ടുകളില്‍ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍.

അപകടം സംഭവിച്ചതിന് ശേഷം നടത്തുന്ന കുറ്റപ്പെടുത്തലുകളേക്കാളും നല്ലത് അപകടം വരാതെ നോക്കുക എന്നതാണ്. 50 വര്‍ഷത്തേക്കു നിര്‍മിച്ച അണക്കെട്ട് 135 വര്‍ഷം നില നിന്നു എന്നു പറയുമ്പോള്‍ അതിന്റെ സുരക്ഷിതത്വം മാത്രമല്ല എടുത്തുകാണേണ്ടത്. എന്തിനും ഒരു കാലപരിധിയുണ്ട്. അതു കഴിഞ്ഞും നിലനില്‍ക്കുന്നുവെങ്കില്‍ അതു സുരക്ഷിതമായതുകൊണ്ടാണെന്ന് ആശ്വസിച്ച് മുന്നോട്ടുപോകാനാവില്ലെന്ന് ബന്ധപ്പെട്ട എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Trending