വാഷിങ്ടണ്‍: തെഹ്‌റാനുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കിയ അമേരിക്കക്കു മറുപടിയുമായി ഇറാന്‍. തങ്ങളുടെ ആണവ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. ഐക്യരാഷ്ട്രസഭ അംഗകരിച്ച കരാറാണിത്. അതിനാല്‍ കരാര്‍ സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള ആശങ്ക ഇറാനില്ലെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു.
ഇറാനെ കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഹസ്സന്‍ റൂഹാനിയുടെ മറുപടി. ഇറാനുമായി നേരത്തെ ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്നായിരുന്നു അമേരിക്ക വ്യക്തമാക്കിയത്. ഉടമ്പടിയില്‍ നിന്ന് ഇറാന്‍ തുടര്‍ച്ചയായി വ്യതിചലിക്കുകയാണെന്നും തീവ്രവാദത്തിന്റെ മുഖ്യ പ്രായോജകരാണ് ഇറാനെന്നുമായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍. അതേസമയം, ട്രംപിന്റെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയ റൂഹാനി ഇറാന്‍ എന്നും ഭീകരവാദത്തിന് എതിരാണെന്നും പ്രതിരോധത്തിനു മാത്രമേ തങ്ങള്‍ ആയുധം ഉപയോഗിക്കാറുള്ളൂവെന്നും വ്യക്തമാക്കി.