X

ഇറാന്‍ നേരിടുന്നത് വിശ്വാസ പ്രതിസന്ധി

ഖാദര്‍ പാലാഴി

ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചാലുളള പ്രശ്‌നമാണ് ഇറാന്‍ നേരിടുന്നത്. ഒരു മത നിരപേക്ഷ രാഷ്ട്രം പൗരന്‍മാര്‍ക്കെതിരെ എടുക്കുന്ന ഒരു നടപടി പോലും ഏതെങ്കിലും മതത്തിന്റെ അക്കൗണ്ടില്‍ വരവ് വെക്കില്ല. എന്നാല്‍ ഇസ്ലാമിക രാഷ്ട്രത്തിന്റെ പൊലീസ് ഒരു ലാത്തിച്ചാര്‍ജ് നടത്തിയാല്‍ പോലും അത് ഇസ്ലാമിന്റെ പേരിലാണ് എഴുതപ്പെടുന്നത്. അത്‌കൊണ്ടാണ് അമേരിക്കയിലോ ബ്രിട്ടനിലോ ഇന്ത്യയിലോ ഉള്ള മുസ്ലിമിന്റെ വിശ്വാസ ദാര്‍ഢ്യത ഇറാനിലെയോ സഊദി അറേബ്യയിലേയോ മുസ്ലിമിനില്ലാത്തത്. സെക്യുലര്‍ സമൂഹത്തിലെ മുസ്ലിം ഇസ്ലാമിനകത്തും പുറത്തുമുള്ള ആശയധാരകളോട് വിനിമയം ചെയ്തും സംവദിച്ചുമാണ് മുന്നോട്ട് പോകുന്നത്. മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയതിന്റെ പേരില്‍ മാത്രം ഏതെങ്കിലും രാഷ്ട്രം ശത്രുതയോടെയോ വിവേചനത്തോടെയോ പെരുമാറുകയാണെങ്കിലും സമാന സാഹചര്യം സംജാതമാകും.

ദാര്‍ശനികരും തത്വചിന്തകരും എമ്പാടുമുള്ള ഇറാനില്‍ ആയത്തുല്ലാമാര്‍ക്ക് ഏറെക്കാലം ജനങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ കഴിയില്ല. ഷാ റിസാഷാ പഹ്ലവിമാര്‍ യു.എസ് പിന്തുണയോടെ രാജ്യത്തെ കൊള്ളയടിച്ച് ഭരിക്കുന്നത് കണ്ട് സഹികെട്ടാണ് ജനം ആയത്തുല്ലാ ഖുമൈനിയില്‍ രക്ഷകനെ കണ്ടത്. ആ തലമുറ മരിച്ച് മണ്ണടിഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ തലമുറ കാണുന്നത് പഹ്ലവിമാരുടെ പുതിയ രൂപങ്ങളെയാണ്. അറബ് രാജാക്കന്‍മാരെ അപേക്ഷിച്ച് ഇറാനില്‍ പരിമിത ജനാധിപത്യമുണ്ടെങ്കിലും 12 അംഗ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ കടമ്പ കടക്കുന്നവര്‍ക്കേ മത്സരിക്കാന്‍ കഴിയൂ. ആ ജനാധിപത്യത്തിലും ജനത്തിന് വിശ്വാസം കുറഞ്ഞു. 2021 ലെ തെരഞ്ഞെടുപ്പില്‍ 49% പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. അതില്‍തന്നെ 13% നിഷേധ വോട്ടുകളായിരുന്നു.

സഊദി അറേബ്യയെ താരതമ്യപ്പെടുത്തുമ്പോള്‍ ഇറാനില്‍ സ്ത്രീകളുടെ സാമൂഹ്യ പങ്കാളിത്തവും പദവികളും ബഹുദൂരം മുന്നിലാണ്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഈയിടെ മാത്രമാണ് കൊടുത്തതെങ്കില്‍ എണ്‍പതുകളില്‍തന്നെ ടാക്‌സി ഓടിക്കുന്ന സ്ത്രീകള്‍ ഇറാനിലുണ്ട്. 1997-2005 കാലത്ത് പ്രസിഡണ്ടായിരുന്ന മുഹമ്മദ് ഖാത്തമി പൗരാവകാശങ്ങളുടേയും സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും ചാമ്പ്യനായിരുന്നെങ്കിലും 2005 – 2013 കാലത്ത് പ്രസിസണ്ടായ അഹമദ് നിജാദ് ഖാത്തമിയുടെ പരിഷ്‌കാരങ്ങളത്രയും എടുത്ത് കളഞ്ഞു. മൂപ്പരാണ് ഇപ്പോള്‍ റദ്ദാക്കിയ മൊറാലിറ്റി പൊലീസിംഗ് ഏര്‍പ്പെടുത്തിയത്.

മഹ്‌സ അമിനി ‘ധാര്‍മികസിപ്പൊലീസി’നാല്‍ കൊല്ലപ്പെട്ടപ്പോള്‍ മുഹമ്മദ് ഖാത്തമിയും ചില ഷിയാ പണ്ഡിതരും രംഗത്ത് വന്ന് ഈ നിര്‍ബന്ധ ഹിജാബ് പരിപാടി റദ്ദാക്കണമെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച്തന്നെ ആവശ്യപ്പെട്ടിരുന്നു.ഏതായാലും ഹിജാബ് പ്രക്ഷോഭം അവസാനിക്കുക ആയത്തുല്ലാ ഭരണത്തിന്റെ അന്ത്യത്തിലാണെന്ന് ഉറപ്പാണ്. അവസരം മുതലാക്കാന്‍ അമേരിക്കയും ഇസ്രാഈലും സഊദി അറേബ്യ ഉള്‍പ്പെടെയുള്ള സാമന്ത രാജ്യങ്ങളും 24 ഃ7 പരിശ്രമത്തിലാണ്. പ്രധാന പരിപാടി പേര്‍ഷ്യന്‍ ഭാഷയിലുള്ള റേഡിയോ – ടി.വി -സോഷ്യല്‍ മീഡിയ പ്രചാരണമാണ്. ഇറാന്‍ ജാം ചെയ്യാന്‍ നോക്കുന്നുണ്ടെങ്കിലും ഒന്നും ഏശുന്നില്ല. മേഖലയിലെ രാജാക്കന്‍മാരെല്ലാം ഇസ്രാഈലിനോട് ഒത്തുതീര്‍പ്പിലെത്തിയെങ്കിലും ഇറാന്‍ മാത്രമാണ് വഴങ്ങാത്തത്. മാത്രമല്ല അവര്‍ ഹിസ്ബുല്ലക്കും ഹമാസിനും സിറിയക്കും ഹൂഥികള്‍ക്കും പിന്തുണ നല്‍കുന്നു. അറബികളെ പോലെയല്ല ഇറാനികള്‍. വാങ്ങിക്കൊണ്ട് വന്ന ആയുധത്തിന്റെ സ്‌ക്രൂ മാറ്റാന്‍ പെന്റഗണിലേക്ക് ഫോണ്‍ ചെയ്യേണ്ടതില്ല. കടുത്ത ഉപരോധത്തിനിടയിലും ഹൈപ്പര്‍ സോണിക് മിസൈലുകളും ഡ്രോണുകളും സ്വന്തമായുണ്ടാക്കുന്നവരാണ്. ഇത്തരമൊരു ഇറാനെ തകര്‍ക്കാന്‍ അവര്‍ തക്കം പാര്‍ത്തിരിക്കയാണ്. അവരെ സഹായിക്കാന്‍ ഇറാനികള്‍തന്നെ ഇപ്പോള്‍ തയ്യാറുമാണ്. ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ ഇസ്രാഈല്‍ കൊന്നത് ഇറാന്‍ പൗരന്‍മാരെ ഉപയോഗിച്ചായിരുന്നു.

ഏതായാലും സ്വയം രാഷ്ട്രീയ പരിഷ്‌ക്കരണം നടത്തിയല്ലാതെ ഇറാന് മുന്നോട്ട് പോകാനാവില്ല. സ്വന്തം പൗരന്‍മാരെ വെടിവെച്ച് കൊന്നും ജയിലിലിട്ടും എത്രനാള്‍ പിടിച്ച് നില്‍ക്കും. സ്വയം മാറുക, അല്ലെങ്കില്‍ മാറിക്കൊടുക്കുക. രണ്ടും ചെയ്തില്ലെങ്കില്‍ 1979 ന് തനിയാവര്‍ത്തനം ഉറപ്പ്.

Test User: