റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: കാൽപന്തുകളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന വാക്ചാതുരിയോടെ ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന ശബ്ദഗാംഭീര്യവുമായി കൂട്ടിലങ്ങാടിയിലെ ഒ.പി.എം. സാദിഖലിയുടെ അനൗൺസ്മെൻ്റ്
ഇരുപത്താം വർഷത്തിലേക്ക്.
പതിനെട്ടാം വയസ്സിൽ സ്വന്തം നാട്ടിലെ വയൽ മൈതാനങ്ങളിൽ കോളാമ്പിയിലൂടെ തുടങ്ങിയ അനൗൺസ്മെൻറ് ഇന്ന് നാട്ടിൻ പുറങ്ങൾ കടന്ന് സംസ്ഥാനമൊട്ടാകെയുള്ള മൈതാനങ്ങളിൽ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു .
സ്കൂൾ പഠനകാലത്ത് നാടകമത്സരങ്ങളിൽ സ്ഥിരമായി പങ്കെടുത്ത് നേടിയ കഴിവുകൾ തിരിച്ചറിഞ്ഞ അധ്യാപകരുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനമാണ് അനൗൺസ്മെൻ്റ് രംഗത്തേക്ക് കടന്നു വരാൻ പ്രചോദനമായത്.
ദൈവം കനിഞ്ഞു നൽകിയ ശബ്ദ വിസ്മയം കൊണ്ട് കണ്ഠനാളങ്ങളിൽ നിന്ന് ഉതിർന്നു വീഴുന്ന അക്ഷരസ്ഫുടതയോടെയുള്ള ഘനഗാംഭീര്യമുള്ള ചാട്ടുളി പോലൊത്ത വാക്കുകളിലൂടെ കാണികളുടെ മനം കവർന്നുകൊണ്ട് മൈതാനങ്ങളിൽ നിന്നും മൈതാനങ്ങളിലേക്ക് ജൈത്രയാത്ര തുടരുകയാണ് നാൽപത്തിരണ്ടുകാരനായ സാദിഖലി .
നാട്ടിൻ പുറങ്ങൾ മുതൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരങ്ങൾ വരെ നൂറു കണക്കിന് ടൂർണ്ണമെൻ്റുകളിൽ അനൗൺസ്മെൻറ് നടത്തി ശ്രദ്ധേയനായ സാദിഖ് ഒട്ടേറെ പുരസ്ക്കാരങ്ങളും നേടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.
മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലുള്ള അനൗൺസ്മെൻറുകളിലൂടെ കാണികളെ കയ്യിലെടുക്കാനുള്ള അപാരമായ കഴിവാണ് സാദിഖലിയെ വ്യത്യസ്ഥനാക്കുന്നത്.
ഫുട്ബോൾ മേളകൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പരിപാടികൾ, തെരെഞ്ഞെടുപ്പ് അനൗൺമെൻ്റ് കൾ, വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയ അനൗൺമെൻ്റുകളിലും തിളങ്ങി നിൽക്കുന്ന സാദിഖലി ഓൾ കേരള അനൗൺസ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിക്കുന്നു.
ഒരിക്കൽ പാണക്കാട് വെച്ച് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനത്തിൽ അനൗൺസ് ചെയ്ത ശബ്ദം കേട്ട ഹൈദരലി ശിഹാബ് തങ്ങൾ എന്നെന്നും ഈ ശബ്ദം നിലനിൽക്കട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചത് പ്രൊഫഷണൽ രംഗത്ത് വളർന്ന് വരാൻ മാനസികമായി ഏറെ സഹായിച്ചു.