കെ.പി ജലീല്‍
പാലക്കാട്
രാജ്യം നേരിടുന്ന അതിഭീകരമായ വര്‍ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്‍ക്ക് സാമൂഹികനീതി കൈവരുത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്‍മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ജാതീയതയെ നേരിടാന്‍ കഴിയാത്തത്.
= ജാതീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ പെട്ടെന്നൊന്നും കഴിയില്ല. ഇന്ത്യയുടെ സാമൂഹികശരീരത്തില്‍ ആഴത്തില്‍ വേരിറങ്ങിയിട്ടുള്ള ഒന്നാണ് ജാതിവ്യവസ്ഥ. അതിന്റെ ചില അനാചാരങ്ങളൊക്കെ ഇല്ലാതാക്കാന്‍ നമുക്കായിട്ടില്ലെന്ന് പറഞ്ഞുകൂടാ. പണ്ടത്തെ പോലുള്ള തൊട്ടുകൂടായ്മ ഇന്ന് കാണാനില്ല. എങ്കിലും ദാരിദ്ര്യത്തിന് പ്രധാന കാരണം ജാതിവ്യവസ്ഥ തന്നെ.
? ജാതീയത നീക്കാനുള്ള തടസ്സമെന്തായിരിക്കാം.
= ഭയം തന്നെയാണ് പ്രധാനം. മറ്റുള്ളവരുടെ അധികാരം തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതിനെ നിസ്സഹായമായി നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ് ദലിതര്‍ക്കുള്ളത്. മറിച്ച് അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കേണ്ട ഗതികേടും സംഭവിക്കുന്നു.
? ഇന്ത്യയിലെ മുസ്്‌ലിംകളും സമാനമായ സ്ഥിതിവിശേഷം അനുഭവിക്കുകയാണല്ലോ.
= അതെ. അതിനുകാരണവും ഉന്നതകുലജാതര്‍ക്ക് അവരുടെ സമ്പത്ത് വീതിച്ചുകൊടുക്കുന്നതിലുള്ള വിഷമം കൊണ്ടാണ്. മുസ്്‌ലിംകള്‍ സംഘപരിവാറുകാര്‍ പറയുന്നതുപോലെ എവിടെനിന്നും ഇന്ത്യയിലേക്ക് കുടിയേറി വന്നവരല്ല. അവര്‍ ഇവിടെതന്നെയുള്ള മുന്‍തലമുറകളില്‍ നിന്ന് മതം മാറിയവരാണ്. ഈ ജാതിസമ്പ്രദായം തന്നെയായിരുന്നു ആ മതം മാറ്റത്തിന് കാരണം.
? മുസ്്‌ലിംകളും ദലിതുകളും ഒരുമിച്ചൊരു മുന്നേറ്റം വര്‍ഗീയതക്കെതിരെ സാധ്യമാണോ.
= അതിനും സമയമെടുക്കും. ഇന്നും ദലിതുകള്‍ പലരും മുസ്്‌ലിംകളെ ഭയപ്പെടുന്നുണ്ട്. അടുക്കാനുള്ള ഒരു വിമ്മിട്ടം എവിടെയും കാണാം. പക്ഷേ അത് പെട്ടെന്ന് സാധ്യമാകില്ല. ഇരുവരുടെയും വേദന ഒന്നുതന്നെയാണ്.
? അംബേദ്കറെപോലുള്ളവര്‍ നടത്തിയ പോരാട്ടം ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിലാണ് ദലിതരെ ഒരു പരിധിവരെ എത്തിച്ചത്.
= ബുദ്ധനെ അതുകൊണ്ടുതന്നെ അവര്‍ തൊട്ടുകൂടാത്തവനാക്കി. (ചിരിക്കുന്നു. )സത്യത്തില്‍ ബുദ്ധന്‍ ക്ഷത്രിയജാതിയില്‍പെട്ടവനായിരുന്നു.
? ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍..
= ജിഗ്നേഷ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതിയ തലമുറയോട് ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് വിലപ്പോവില്ല. അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. രാമനും ഖില്‍ജിയുമൊന്നും അവര്‍ക്ക് വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷം യുവാക്കളാണ്. അവര്‍ക്ക് തൊഴില്‍ നല്‍കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.
1984ല്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള അക്കര്‍മഷിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമടക്കമുള്ള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദലിത്‌സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രം എന്ന നിരൂപണഗ്രന്ഥമടക്കം ഏതാനും ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പാലക്കാട് സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ലിംബോളെ. കൊല്ലപ്പെട്ട മറാത്തി എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്രധാബോല്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന:പൂര്‍വം അദ്ദേഹം ഒഴിഞ്ഞുമാറി.