Connect with us

Video Stories

ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് ആവശ്യം ശക്തനായ നേതാവ്

Published

on

 

ഇ.വി രാമകൃഷ്ണന്‍/ എം. അബ്ബാസ്‌

മതേതരം എന്ന വാക്കു പോലും ഈ തെരഞ്ഞെടുപ്പില്‍ ആരും ഉപയോഗിച്ചിട്ടില്ല. അതിനു പോലും ഭയമുള്ള രാഷ്ട്രീയമാണ് ഗുജറാത്തിലേത്. അത്രയും അപകടകരം. എഴുത്തുകാരനും സാമൂഹ്യ-രാഷ്ട്രീയ നിരീക്ഷകനുമായ, ഗുജറാത്ത് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ (എമിരറ്റസ്) ഇ.വി രാമകൃഷ്ണന്‍ ചന്ദ്രികയുമായി സംസാരിക്കുന്നു

? ഗുജറാത്ത് പരമ്പരാഗതമായി വ്യാപാര സ്റ്റേറ്റാണ്. ഇത്തരമൊരു പ്രദേശത്ത് എങ്ങനെയാണ് തീവ്രഹിന്ദുത്വം കടന്നുവരുന്നത്

സ്വകാര്യവത്കരണത്തിന് അനുകൂലമായിട്ടുള്ളൊരു സാഹചര്യം നേരത്തെ തന്നെ ഗുജറാത്തിലുണ്ടായിരുന്നു. ഉദാഹരണത്തിന് സി. രാജഗോപാലാചാരിയുടെ സ്വതന്ത്ര പാര്‍ട്ടി ഇവിടെ ശക്തമായിരുന്നു. മദിരാശിയിലാണ് അതു രൂപീകൃതമായതെങ്കിലും പച്ച പടിച്ചത് ഗുജറാത്തിലാണ്. അതിന്റെ പ്രധാന കാരണം ഇവിടെ സ്വകാര്യവത്കരണത്തിന് അനുകൂലമായി ഒരന്തരീക്ഷം നിലനിന്നിരുന്നു എന്നതാണ്. വ്യാപാര സമൂഹം എന്ന നിലക്ക് സര്‍ക്കാര്‍ ഇടപെടലുകള്‍ അധികമില്ലാത്ത ഇടങ്ങളാണ് അവര്‍ ആഗ്രഹിച്ചത്. ഈ സമൂഹം പലപ്പോഴും മതത്തിന്റെ താങ്ങ് ആവശ്യപ്പെട്ടിട്ടുണ്ട്. മതപരത അവരുടെ സമൂഹത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടു തന്നെ ആള്‍ദൈവങ്ങളുടെ വലിയ ശൃംഖല തന്നെ ഗുജറാത്തിലുണ്ട്.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഗുജറാത്തില്‍ ഒരു ഹൈന്ദവ റിവൈവലിസത്തിന്റെ തരംഗം തന്നെയുണ്ടായി. സോമനാഥ് ക്ഷേത്രത്തെ കുറിച്ച് കെ.എം മുന്‍ഷിയെഴുതിയ ഒരു നോവലുണ്ട്, ജയ് സോമനാഥ് എന്ന പേരില്‍. ബങ്കിംചന്ദ്ര ചാറ്റര്‍ജിയെപ്പോലെ ഹൈന്ദവ പാരമ്പര്യത്തിലൂന്നി ഇവിടെയും എഴുത്തുകള്‍ നടന്നിട്ടുണ്ട്. അതിലൂടെ ഹൈന്ദവ പ്രതീകങ്ങള്‍ക്ക് സമന്വയ ജീവിതത്തില്‍ കൂടുതല്‍ സ്വീകാര്യത വന്നു. അതേസമയം തന്നെ ഇവിടെ നവാബുമാരുണ്ടായിരുന്നു. പാഴ്‌സികളുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ ഭരണാധികാരിയായ മുസ്‌ലിം എന്ന അപര സ്വത്വം ഇവരുടെ മനസ്സിലുണ്ടായിരുന്നു. അതിനെ വിദഗ്ധമായി ഉപയോഗിച്ചാണ് ഇവിടത്തെ ഇപ്പോഴത്തെ ഹൈന്ദവ രാഷ്ട്രീയം നിലനില്‍ക്കുന്നത്.

? 1969ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പ്, പിന്നീട് ജനസംഘത്തിന്റെ രൂപീകരണം എന്നിവ ഗുജറാത്തിലെ തീവ്ര ഹൈന്ദവതയെ ശരിക്കു ബാധിച്ചിട്ടുണ്ട്.

എല്ലാകാലത്തും ജനസംഘത്തിന്റെ ബെല്‍റ്റായിരുന്നു ഗുജറാത്ത്. ഒരു ഘട്ടത്തില്‍ ശങ്കര്‍സിങ് വഗേലയൊക്കെ മോദിക്കൊപ്പം ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകര്‍ ആയിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസിനു കിട്ടിയ പ്രാമുഖ്യമാണ് മറ്റൊന്ന്. ഇവിടെ കീഴാള രാഷ്ട്രീയത്തിന് നല്ല കാലമുണ്ടായിരുന്നു. കോണ്‍ഗ്രസ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാലം. എണ്‍പതുകളികളില്‍ ക്ഷത്രിയ, ഹരിജന്‍, ആദിവാസി, മുസ്്‌ലിംകളുടെ രാഷ്ട്രീയ കൂട്ടായ്മയായ സവമാ നില നിന്നിരുന്ന കാലത്ത്. അതിനു ശേഷം മണ്ഡല്‍ വരുന്നതോടെയാണ് മന്ദിര്‍ എന്ന തത്വശാസ്ത്രത്തിലൂടെ ഹിന്ദുത്വ ഇതിനെ നേരിടുന്നത്. സോമനാഥില്‍ നിന്നാണ് അദ്വാനിയുടെ രഥയാത്ര ആരംഭിക്കുന്നത് എന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ നവ് നിര്‍മാണ്‍ മൂവ്‌മെന്റിലാണ് കോണ്‍ഗ്രസ് അടിപതറിയത്. നവ്‌നിര്‍മാണിലെ യുവാക്കളാണ് പിന്നീട് ബി.ജെ.പി നേതാക്കളായി വന്നത്.

? 2002ലെ കലാപം ഈ ഹിന്ദുത്വ മുന്നേറ്റത്തെ അരക്കിട്ടുറപ്പിച്ചു

അതേ, കലാപത്തിന് ശേഷം തീവ്രഹിന്ദുത്വം എസ്റ്റാബ്ലിഷ് ചെയ്യപ്പെട്ടു.

? 1984ലെ സിഖ് കലാപത്തിന് ശേഷം, പിന്നീട് സിഖുകാര്‍ അവരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുന്നുണ്ട്. എന്നാല്‍ 2002ലെ കലാപത്തിന് ശേഷം മുസ്്‌ലിംകള്‍ക്ക് ഗുജറാത്തില്‍ അതിനായിട്ടില്ല.

ചേരിവത്കരണമാണ് പ്രധാനകാരണം. സച്ചാര്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കിയുമില്ല. വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന പരാതി പരക്കെയുണ്ട്. പ്രതിപക്ഷവും അതിനെ കാര്യമായി എടുത്തിട്ടില്ല.

?ഈ അരക്ഷിതാവസ്ഥ ഇല്ലാതാകാനുള്ള സാധ്യതകള്‍ കാണുന്നുണ്ടോ
മുസ്്‌ലിം സമുദായത്തില്‍ നിന്ന് പുതിയ നേതാക്കള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഒ.ബി.സിയില്‍ നിന്ന് മേവാനിയെപ്പോലെ, പട്ടേലുമാരില്‍ നിന്ന് ഹര്‍ദികിനെപ്പോലെ, താക്കോറുമാരില്‍ നിന്ന് അല്‍പേഷിനെപ്പോലെയുള്ള നേതാക്കള്‍.

? അതുണ്ടാകാത്തതിന്റെ കാരണമെന്താണ്
പ്രധാനകാരണം ഒന്ന്, വിദ്യാഭ്യാസത്തിന്റെ അഭാവം. പത്താം ക്ലാസ് പാസാകുന്ന മുസ്‌ലിംകള്‍ 12 ശതമാനത്തില്‍ താഴെയാണ്. ഡോക്ടര്‍മാര്‍, വക്കീലുമാര്‍, സാമൂഹിക ശാസ്ത്രം പഠിച്ചവര്‍ ഇവര്‍ക്കിടയില്‍ നിന്നാണ് ആധുനിക നേതൃത്വം ഉണ്ടാകുന്നത്.

? ഗുജറാത്ത് കലാപത്തിന് ശേഷമുള്ള മുസ്്‌ലിം സാമൂഹ്യ വ്യവസ്ഥയെ മുഖ്യധാരാ ഗുജറാത്തി എഴുത്തുകാര്‍ ക്രിയാത്മകമായി നേരിട്ടിട്ടുണ്ടോ? സച്ചിദാനന്ദനൊക്കെ സാക്ഷ്യങ്ങള്‍ എഴുതിയത് അക്കാലത്താണ്
ചില ദലിത്-സ്ത്രീ എഴുത്തുകാര്‍ പ്രതികരിച്ചിട്ടുണ്ട്. മുഖ്യധാരയിലെ വലിയ എഴുത്തുകാര്‍ മൗനം പാലിക്കുകയാണ് ചെയ്തത്. അവരുടെ ഉപബോധത്തിലൊക്കെ ഒരു ഹിന്ദുവുണ്ട്. ഏതു വലിയ കലാപം നടന്നാലും അതില്‍ ഒരു പശ്ചാത്താപത്തിന്റെ അംശം നമ്മള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ ആ ക്ഷമാപണത്തിന്റെ തോന്നല്‍ പോലുമുണ്ടായിട്ടില്ല. ഇത് ഹൈന്ദവ റിവൈവലിസത്തിന്റെ വളരെ ആഴത്തിലുള്ള വേരുകള്‍ ഉള്ളതു കൊണ്ടാണ്.

?അതിപ്പോഴും സജീവമാണ്
തീര്‍ച്ചയായും. അത്യന്താധുനിക സ്വഭാവമുള്ള ഒരു സമൂഹത്തില്‍ ഇത്തരമൊരു ഗോത്ര സ്വഭാവമുള്ള വെറുപ്പുകള്‍ സൂക്ഷിക്കുന്നുവെന്ന് പറയുമ്പോള്‍ അത് അവര്‍ തന്നെ ചെറുതാകുകയാണ്.

?ഈ ഭയം, അരക്ഷിതാവസ്ഥ ഇതില്‍നിന്നൊരു മോചനം അടുത്ത കാലത്ത് സാധ്യമല്ല
ഈയിടെ ചില വീടുകള്‍ക്കു മുകളില്‍ ഒരു ചുവന്നമാര്‍ക്കിട്ടു. എന്തോ മുനിസിപ്പല്‍ ആവശ്യങ്ങള്‍ക്കു വേണ്ടിയിട്ടതാണ്. ആ തെരുവു മുഴുവനും അലര്‍ട്ടായി. ഇന്നും ആ ഭീതി നിലനില്‍ക്കുന്നുണ്ട്. അത് ഭീകരമാണ്. എന്നാല്‍ പേടിയുടെ അംശം കുറഞ്ഞുവരുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരായ ആളുകള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നു. അവര്‍ വികസനത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു. ഇതൊരു വഴിതുറക്കലാണ്. നല്ല സൂചനയാണ്.

? ഇതിന് ഒരു കമ്പാര്‍ട്‌മെന്റല്‍ സ്വഭാവം വരുന്നില്ലേ
നിരന്തരമായി മറ്റുള്ള സമുദായവുമായി ഇടപെടാതെ ഒരു സമുദായ നേതൃത്വത്തിനും ജനാധിപത്യത്തില്‍ നേതൃത്വം നിലനിര്‍ത്തിക്കൊണ്ടുപോകാനാകില്ല. ഒരു സമുദായത്തിന്റെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് മറ്റുള്ള പലതരം സമുദായങ്ങളുടെ സന്ദര്‍ഭത്തിലാണെന്ന് എവിടെയോ വെച്ച് തിരിച്ചറിയുന്ന ഒരു ഘട്ടമുണ്ട്. ഇല്ലെങ്കില്‍ അത് ഹിംസയിലേക്കാണ് നയിക്കുക.

? മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഒരു നേതാവ് ഉയര്‍ന്നു വരും എന്നു തന്നെയാണ് താങ്കള്‍ കരുതുന്നത്
പ്രതീക്ഷ കൈവെടിയുന്നില്ല. ആ സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. മുസ്്‌ലിംകളെ വാര്‍പ്പുമാതൃകകളാക്കുന്നതിനെയുള്ള എതിര്‍വ്യവഹാരങ്ങള്‍ തീര്‍ച്ചയായും നടക്കേണ്ടതുണ്ട്.

? ഈ തെരഞ്ഞെടുപ്പില്‍ മുസ്്‌ലിംകളെ ലക്ഷ്യമിട്ട് ധാരാളം വാക്കുകള്‍ ബി.ജെ.പി ഉപയോഗിച്ചിരുന്നു
സാമുദായിക ധ്രുവീകരണം നിലവിലുള്ള സമൂഹത്തില്‍ ഭാഷ സൂക്ഷിച്ചുപയോഗിക്കേണ്ട മാധ്യമമാണ്. പക്ഷേ, ഈയൊരു തെരഞ്ഞെടുപ്പില്‍ സംഭവിച്ചിരിക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ സൂചനകളും ഉത്കണ്ഠകള്‍ ഉണ്ടാക്കാവുന്ന, നിലവിലെ അന്യവത്കരണത്തെ ഭീകരമായ ആഴത്തിലേക്ക് കൊണ്ടുപോകുന്ന പ്രസ്താവനകളും വാക്കുകളുമാണ്. എഴുത്തുകാരനും അധ്യാപകനുമെന്ന നിലക്ക് എന്നെ ചിന്തിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന കാര്യം, തെരഞ്ഞെടുപ്പുകള്‍ വരികയും പോകുകയും ചെയ്യും. സമൂഹത്തിന് നിലനില്‍ക്കണം. ജനങ്ങള്‍ക്ക് അവരുടെ ഉപജീവനവും ഭാവി കെട്ടിപ്പടുക്കാനുള്ള വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ പ്രതീക്ഷകളുമാണ് ജനാധിപത്യ ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.
എഴുപത് കൊല്ലത്തെ ജനാധിപത്യം കൊണ്ട് നമ്മള്‍ ഏതുതരം പക്വതയാണ് നേടിയത് എന്ന ചോദ്യം ഈ തെരഞ്ഞെടുപ്പ് നമ്മുടെ മുമ്പില്‍ വെക്കുന്നുണ്ട്. ഏതു തരം ഭാവി ഇന്ത്യയിലാണ് അവര്‍ ജീവിക്കാന്‍ പോകുന്നതെന്ന ചോദ്യം. അതിന് ഒരു ഉത്തരം ഇവരാരും നല്‍കുന്നില്ല എന്നാണ് ഏറെ ദുഃഖകരം. അവര്‍ 2002നെ കുറിച്ച് സംസാരിക്കുന്നില്ല. വീണ്ടും അത്തരത്തിലുള്ള സന്ദര്‍ഭത്തിലേക്ക് തിരിച്ചുപോകാതിരിക്കാന്‍ വേണ്ടി ചിലതു ഓര്‍മപ്പെടുത്തേണ്ടതുണ്ട്. അത്തരത്തിലുള്ള ദൂരക്കാഴ്ചയോടു കൂടി ജനാധിപത്യത്തെ ജനപങ്കാളിത്തത്തോടെ ഉണ്ടാക്കിയെടുക്കേണ്ട സംവിധാനമായി മാറ്റേണ്ടതുണ്ട്.

? വികസനത്തെ കുറിച്ചാണ് ബി.ജെ.പി സംസാരിക്കുന്നത്.
വികാസത്തെ കുറിച്ച് വലിയ ചര്‍ച്ചകളൊന്നും നടക്കുന്നില്ല. വികാസം എന്നതു തന്നെ ഏതു തരം വികാസം, ആര്‍ക്കു വേണ്ടിയിട്ടുള്ള വികാസം, അതിന്റെ ഗുണഭോക്താക്കള്‍ ആര്, എത്രത്തോളം അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടു. ഇത്തരം പ്രാഥമികമായ ചോദ്യങ്ങള്‍ ചോദിക്കേണ്ട കടമ പ്രതിപക്ഷത്തിനുണ്ട്. അത് വേണ്ട രീതിയില്‍ നടക്കുന്നില്ല. ഗാന്ധിയുടെ ഗ്രാമ കേന്ദ്രീകൃത വികസന ദര്‍ശനത്തിന് എതിരാണ് ബി.ജെ.പിയുടെ വികസനം. ആത്മവിര്‍ശനത്തിന്റെ തീവ്രമായ ആശയ ലോകമുള്ളയാളാണ് ഗാന്ധി. സ്വയം പുതുക്കാനുള്ള ശ്രമം എപ്പോഴും ഗാന്ധിയില്‍ കാണാം.

? നോട്ട് ബന്ദി, ജി.എസ്.ടി തുടങ്ങി പ്രശ്‌നങ്ങള്‍ ഏറെയുണ്ടായിട്ടും ഇനിയും ബി.ജെ.പി ജയിക്കും എന്ന് പറയപ്പെടുന്നത് എന്തുകൊണ്ടാണ്
ഇത് വളരെ പേടിപ്പെടുത്തുന്ന ചോദ്യമാണ്. തെരഞ്ഞെടുപ്പിലെ ജയം ഒരുപക്ഷേ, മറ്റൊരു പരാജയമാകാനും മതി. ബി.ജെ.പിക്ക് ഇപ്പോ വലിയ നേതാവില്ലാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ നേതൃശേഷി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഇവര്‍ പരീക്ഷിക്കപ്പെടുകയും ശരിയാകില്ലെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

? മോദി തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുന്നു. ഈ കള്ളങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഒരു വിഭാഗത്തിനിടയില്‍ മോദി പോപ്പുലറാണ്. അതിന്റെ കാരണമെന്താകും
എനിക്ക് തോന്നുന്നത്, ലാര്‍ജന്‍ ദാന്‍ ലൈഫ് പെര്‍സോണ്‍ എന്നത് മാധ്യമങ്ങള്‍ അടക്കമുള്ള പലതിന്റെയും സൃഷ്ടിയാണ്. ഒരുപക്ഷേ, ഏതോ ഒരു ഘട്ടത്തില്‍ അത് അയാള്‍ക്ക് തിരിച്ചടിയാകും. ഹിസ്റ്റീരിയയാണ് ഇത്. സ്വയം പെരുപ്പിച്ചു വെച്ച ഈ പ്രതിച്ഛായക്ക് ഒരുഘട്ടത്തില്‍ തിരിച്ചടി നേരിടുമ്പോള്‍ ഇവര്‍ക്കൊന്നും ഇതിനെ അംഗീകരിക്കാനുള്ള മനസ്സ് ഇല്ലാതെ വരും.

? ഗുജറാത്തിലെ പുതിയ ജാതി സമവാക്യങ്ങള്‍ രാഷ്ട്രീയത്തെ ഏതു തരത്തില്‍ സ്വാധീനിക്കും
ജനങ്ങളെ ഒരുമിച്ചുകൂട്ടാനാണ് ജാതിയെ ഉപയോഗിക്കുന്നത്. അതിനെ പൂര്‍ണമായി ജനാധിപത്യത്തില്‍ തടയാനാകില്ല. എന്നാല്‍ ജാത്യാഭിമാനം എന്ന ഒന്നുകൂടി വന്നിട്ടുണ്ട്. നേരത്തെ അതു പുറമേയുണ്ടായിരുന്നില്ല. അവരാണ് ഗുജറാത്തിന്റെ അനന്തരാവകാശികള്‍ എന്നാണ് അവര്‍ കരുതുന്നത്. അത് വിനാശകരമാണ്.

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending