Connect with us

kerala

ഇന്നസെന്റ് തനിക്ക് ഒരാളല്ല ,പലരാണെന്ന് മമ്മൂട്ടി

Published

on

ഇന്നസെന്റിനെക്കുറിച്ച് വിശദമായി അനുശോചനക്കുറിപ്പ് ഇറക്കി മമ്മൂട്ടി. ഇന്നസെന്റിന്റെ വേര്‍പാടിലൂടെ ഒരാളല്ല, പല വ്യക്തികളാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ്:

ഏതൊരു വിയോഗത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴും എന്നത് പോലെ ഇന്നസെന്റിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോഴും അദ്യം സങ്കടംതന്നെയാണ് തോന്നുന്നത്. അടുത്തനിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും .ദുഃഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓര്‍മ്മകളും കടന്നുവരുന്നു എന്നതില്‍ ആ മനുഷ്യന്‍ നമ്മളില്‍ ആഴത്തില്‍ അവശേഷിപ്പിച്ചുപോയ സ്വാധീനത്തിന്റെ അംശമുണ്ട്.
ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന വിശേഷണത്തില്‍ നിന്ന് ‘പോലെ’ എന്ന വാക്ക് അടര്‍ത്തി മാറ്റാനായിരുന്നു എനിക്കിഷ്ടം. പോലെയല്ല…അദ്ദേഹം എനിക്ക് മേല്‍പ്പറഞ്ഞ എല്ലാമായിരുന്നു.

ഇന്നസെന്റിനെ ഞാന്‍ ആദ്യമായി കാണുന്നത് ‘നെല്ല്’ എന്ന ചിത്രത്തിലെ ചായക്കടദൃശ്യത്തില്‍ ആണ്. ചെറിയ വേഷങ്ങളില്‍ വരുന്നവരെപ്പോലും ശ്രദ്ധിച്ച് അവര്‍ ആരാണെന്ന് അന്വേഷിച്ച് നടക്കുന്ന ഒരു സിനിമാ മോഹിയായ കാലമുണ്ടായിരുന്നു;എനിക്ക്. വേഷങ്ങള്‍ തേടി നടക്കുന്നകാലത്ത് ‘നൃത്തശാല’യിലെയും ‘ജീസസി’ലെയും ചെറിയവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ‘ഇയാളാരാണ്’ എന്ന ജിജ്ഞാസയോടെ ഞാന്‍ ഇന്നസെന്റിനെ ശ്രദ്ധിച്ചിരുന്നു. ‘ഇന്നസെന്റ്’ എന്ന പേര് തന്നെ അന്ന് അപൂര്‍വ്വതയായിരുന്നു.. ഇന്നും. പിന്നീട് സിനിമയില്‍ വന്നതിന് ശേഷമാണ് ഇന്നസെന്റിനെ അദ്യമായി നേരിട്ട് കാണുന്നത്. നെടുമുടി വേണുവിന്റെ ‘വിടപറയും മുമ്പേ..’എന്ന സിനിമയുടെ നിര്‍മാതാക്കളായിരുന്നു ഇന്നസെന്റും സുഹൃത്ത് ഡേവിഡ് കാച്ചപ്പള്ളിയും. ശത്രു ഫിലിംസ് എന്നായിരുന്നു ബാനറിന്റെ പേര്. അന്നത്തെ നവസിനിമാസംവിധായകരോടായിരുന്നു എനിക്ക് ആഭിമുഖ്യം. അവരുടെ സിനിമകളില്‍ അഭിനയിക്കാനായിരുന്നു ആഗ്രഹവും. വാണിജ്യവിജയം നേടുന്ന സിനിമകളേക്കാള്‍ ഇന്നസെന്റിന്റെ ശത്രുഫിലിംസ് സമാന്തരസിനിമകളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. അങ്ങനെ ഇന്നസെന്റുമായി പരിചയപ്പെടുകയും അത് വലിയ സൗഹൃദത്തിലേക്ക് വളരുകയുമാണുണ്ടായത്. ഈ ബന്ധത്തിലൂടെയാണ് ശത്രു ഫിലിംസിന്റെ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’ എന്ന സിനിമ എന്നെത്തേടിവന്നത്. കെ.ജി.ജോര്‍ജ് ആയിരുന്നു സംവിധായകന്‍. സിനിമപശ്ചാത്തലമായ കഥയില്‍ പ്രേംസാഗര്‍ എന്ന നായകനടന്റെ വേഷമായിരുന്നു എനിക്ക്.തുടര്‍ന്ന് മോഹന്റെയും ഇന്നസെന്റിന്റെയും ശ്രീനിവാസന്റേയുമെല്ലാം ആലോചനയാണ് ‘ഒരു കഥ ഒരു നുണക്കഥ’ എന്ന ചിത്രമായി പരിണമിച്ചത്. ഞാന്‍ പ്രൊഫസര്‍ മോഹന്‍ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിലൂടെ ആണ് ഇന്നസെന്റുമായുള്ള എന്റെ സൗഹൃദം ദൃഢമായത്.
തനി തൃശ്ശൂര്‍ഭാഷസംസാരിക്കുന്ന ഇന്നസെന്റുമായുള്ള ചങ്ങാത്തം നാള്‍ക്കുനാള്‍ വളര്‍ന്നു.

താരതമ്യേന ജൂനിയറായ ഞാന്‍ ഇന്നസെന്റുള്‍പ്പെടെയുള്ളവരുടെ സൗഹൃദക്കൂട്ടായ്മകളില്‍ കാഴ്ചക്കാരനും കേള്‍വിക്കാരനുമായി കൂടി. പതിയെ എനിക്ക് കൂടുതല്‍നല്ലവേഷങ്ങള്‍ കിട്ടിത്തുടങ്ങി. ജോണ്‍പോളിന്റെ തിരക്കഥയില്‍ ഞാനും മോഹന്‍ലാലും പ്രധാനവേഷങ്ങളിലഭിനയിച്ച ‘അവിടത്തെപ്പോലെ ഇവിടെയും’ എന്ന സിനിമയില്‍ അനിരുദ്ധന്‍ എന്ന സെയില്‍സ്മാന്റെ കഥാപാത്രമായിരുന്നു എന്റേത്.തൃശ്ശൂര്‍ക്കാരനായ ലോനപ്പന്‍ചേട്ടന്‍ എന്ന കച്ചവടക്കാരന്റെ വേഷം അഭിനയിക്കാന്‍ ആരുണ്ടെന്ന ആലോചനകള്‍ക്കിടെ ഞാനാണ് ഇന്നസെന്റിന്റെ പേര് ഓര്‍മിപ്പിച്ചത്… സ്വതസിദ്ധമായ ശൈലിയില്‍ ഇന്നസെന്റ് ഞങ്ങളൊരുമിച്ചുള്ള സീന്‍ പൊലിപ്പിച്ചെടുത്തു.
ഒന്നിച്ചുള്ള ആദ്യ സീന്‍ പിന്നീട് എത്രയോ അധികം സിനിമകളില്‍ ഞാനും ഇന്നസെന്റും ഒരുമിച്ചഭിനയിച്ചു. 1995-ല്‍ അമ്മ സംഘടന രൂപവത്കരിക്കുമ്പോള്‍ ഇന്നസെന്റ് മുന്‍നിരയിലുണ്ടായിരുന്നു.പിന്നീട് ഭരണസമിതി പുന:സംഘടിപ്പിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. ഗൗരവമുള്ള വിഷയങ്ങളും സാഹചര്യങ്ങളുമുണ്ടാകുമ്പോള്‍ തീര്‍ത്തും ലളിതമായി അത് കൈകാര്യം ചെയ്യാന്‍ ഇന്നസെന്റിനാകുമെന്നും അത് സംഘടനയ്ക്ക് പ്രതിരോധകവചമാകുമെന്നുമുള്ള കണക്കുകൂട്ടലായിരുന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നത്.

ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു. ആരെപ്പറ്റിയാണോ കഥയുണ്ടാക്കുന്നത് അയാളോടായിരുന്നു ആ കഥ ആദ്യം പറയുക. അയാള്‍ പൊട്ടിച്ചിരിച്ചാല്‍ മാത്രമേ കഥ മറ്റുള്ളവരോട് പറയൂ. കേള്‍ക്കുന്ന ആളിനനുസരിച്ച് പ്രധാനകഥാപാത്രങ്ങള്‍ മാറും. എന്നോടു പറയുമ്പോള്‍ ലാലും മോഹന്‍ലാലിനോട് പറയുമ്പോള്‍ ഞാനു മായിരിക്കും കേന്ദ്രകഥാപാത്രം. പലപ്പോഴും ഇന്നസെന്റിന്റെ കഥകളിലെ പ്രധാനകഥാപാത്രം അദ്ദേഹം തന്നെയാണ്. എപ്പോഴും നമ്മെ രസിപ്പിക്കുന്നതല്ലാതെ,ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇന്നസെന്റിനില്ലായിരുന്നു. നടന്‍ എന്ന നിലയില്‍ വിലയിരുത്തുമ്പോള്‍ ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന എത്രയോ കഥാപാത്രങ്ങള്‍ മനസിലെത്തും. ഞങ്ങള്‍ ഒരുമിച്ച് ചെയ്തവയിലും എത്രയോ എണ്ണം…ഇടയ്ക്കിടയ്ക്ക് എനിക്ക് അദ്ദേഹത്തെ ഒരാവശ്യവുമില്ലാതെ ഓര്‍മവരും. അപ്പോള്‍ വിളിക്കും. അവസാനത്തേതിനുതൊട്ടുമുമ്പുള്ള ആശുപത്രിവാസത്തിലും ഞാന്‍ ഇന്നസെന്റിനെ വിളിച്ചിരുന്നു…..

അദ്ദേഹം പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് ഒരാളല്ല നമ്മെ വിട്ടു പോയത്
ഒത്തിരിപ്പേരാണ്.

എനിക്ക് നഷ്ടമായതും ഇത്രയുംപേരെയാണ്. ഒരാള്‍ക്ക് പലതാകാന്‍ പറ്റില്ല. അയാള്‍ മാത്രമാകാനേ കഴിയൂ. പക്ഷേ ഇന്നസെന്റിന് ഇന്നസെന്റ് മാത്രമല്ലാത്ത പലരായി ജീവിക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാധിച്ചു. അതുകൊണ്ടാണ് ഇത്രയും വലിയ ജനാവലി അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയതും. ഉള്ളില്‍ തേങ്ങലുണ്ടാകുമെങ്കിലും ഇനിയും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ നമ്മുടെ ചുണ്ടിലോ മനസിലോ ചിരി നിറയ്ക്കട്ടെ…സന്തോഷം പകരട്ടെ…അതിനപ്പുറത്തേക്ക് ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് എന്ത് സമ്പാദിക്കാന്‍…!

 

kerala

തിരൂരില്‍ കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

Published

on

തിരൂര്‍ തലക്കടത്തൂരില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വിദ്യാര്‍ത്ഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.

ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം. തലക്കടത്തൂര്‍ സ്വദേശി നെല്ലേരി സമീറിന്റെ മകന്‍ മുഹമ്മദ് റിക്‌സാന്‍ (7) ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Continue Reading

crime

ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു; പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞത് കൊലപാതകം

പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി.

Published

on

ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചത് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. പള്ളിക്കുന്നിനടുത്ത് വുഡ് ലാന്‍ഡ്സ് എസ്റ്റേറ്റിലെ ബിബിന്‍ ബാബുവിന്റെ മരണത്തില്‍ ബന്ധുക്കള്‍ അറസ്റ്റിലായി. ബിബിന്‍ ബാബുവിന്റെ അമ്മ, സഹോദരന്‍, സഹോദരി എന്നിവരാണ് അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറഞ്ഞാണ് ബിബിന്റെ മൃതദേഹം ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബിബിന് മര്‍ദ്ദനമേറ്റിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോസ്റ്റ്മോര്‍ട്ടത്തില്‍ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിബിന്റെ അമ്മയുള്‍പ്പടെയുള്ളവര്‍ കുറ്റം സമ്മതിച്ചു.

സംഭവ ദിവസം ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാളാഘോഷങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടെ മദ്യപിച്ചെത്തിയ ബിബിനും അമ്മയുമായി തര്‍ക്കമുണ്ടായി. സഹോദരിയുടെ ആണ്‍സുഹൃത്തുക്കള്‍ സ്ഥിരമായി വീട്ടില്‍ വരുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ബിബിന്‍ അമ്മയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ അടുത്തുണ്ടായിരുന്ന ഫ്ളാസ്‌ക് എടുത്ത് സഹോദരി ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയം തകരുകയും ചെയ്തു. അനക്കമില്ലാതായതോടെയാണ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ കൊലപാതകം ആദ്യം വിസമ്മതിച്ചുവെങ്കിലും തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ബിബിന്റെ സഹോദരന്‍ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെ അറസ്റ്റ് ചയ്തു. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു.

 

 

Continue Reading

kerala

കോട്ടയത്ത് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്.

Published

on

കോട്ടയം: വിദ്യാര്‍ഥിയെ കാണാതായതായി പരാതി. ഏറ്റുമാനൂര്‍ സ്വദേശി സുഹൈല്‍ നൗഷാദിനെ (19) യാണ് കാണാതായത്. സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കുടുംബത്തിന്റെ പരാതിയില്‍ ഏറ്റുമാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാര്‍ഥിയെ കാണാതായത്. വിദ്യാര്‍ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

 

Continue Reading

Trending