കേരളത്തിന്റെ വാണിജ്യ, വ്യവസായ തലസ്ഥാനമായ കൊച്ചി നഗരത്തെ ദിവസങ്ങളോളം ശ്വാസംമുട്ടിച്ച ബ്രഹ്മപുരം മാലിന്യമലയിലെ തീ കെടുത്തിയെന്ന് ഭരണകൂടം പറയുമ്പോഴും വന്‍ തീപിടിത്തം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. വിഷപ്പുക ശ്വസിച്ച് രോഗികളായി മാറിയവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മാലിന്യപ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് വിഷപ്പുക ശ്വസിച്ച് വിലപ്പെട്ട ഒരു ജീവനും നഷ്ടമായി. എറണാകുളം വാഴക്കാല പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫിനാണ് ജീവന്‍ ബലിയര്‍പിക്കേണ്ടിവന്നത്. ശ്വാസകോശ രോഗിയായ ലോറന്‍സിന് ബ്രഹ്മപുരത്തെ പുകയും ദുര്‍ഗന്ധവും സഹിക്കാനാവാതെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. ശക്തമായ ശ്വാസംമുട്ടലിനെതുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് രോഗികളായിമാറിയത്. ദുരന്തത്തിനിരയായ പ്രദേശത്ത് അടിയന്തിരമായി മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കുകയും വേണം. മാരകമായ വിഷമാണ് ദിവസങ്ങളോളം അവര്‍ ശ്വസിക്കേണ്ടിവന്നത്. ദിവസങ്ങളോളം വീട് പൂട്ടി അകത്ത് കഴിയേണ്ടിവന്നവരില്‍ പലരും മാനസികമായി തകര്‍ന്ന മട്ടിലാണ്. ഇത്തരം ആളുകളെ കണ്ടെത്തി കൗണ്‍സലിങ് നടത്തുകയും അതിലുപരി വിഷപ്പുക പടര്‍ന്ന പ്രദേശങ്ങളിലെല്ലാം ബോധവത്കരണം നടത്തുകയും വേണം.
കൊച്ചിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തീപിടിത്തവും വായു മലിനീകരണവും ഉണ്ടാകുന്നത്. എന്നിട്ടും സര്‍ക്കാര്‍ നിസ്സംഗ മനോഭാവമാണ് വെച്ചുപുലര്‍ത്തുന്നത്. വളരെ ഗൗരവത്തോടെ കാണേണ്ട വിഷയം ലാഘവത്തോടെയാണ് വകുപ്പ് മന്ത്രിവരെ കൈകാര്യം ചെയ്യുന്നത്. അമേരിക്കയിലെയും മറ്റും തീപിടിത്തത്തെ വര്‍ണിച്ച് കൊച്ചിയിലെ വിഷപ്പുകയുടെ വീര്യം കുറയ്ക്കാനുള്ള മന്ത്രിമാരുടെ നീക്കം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ എന്തു വികാരമാണ് ഉണ്ടാക്കുകയെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. മന്ത്രിസഭയെ നയിക്കുന്ന മുഖ്യമന്ത്രിയാവട്ടെ ഇതുവരെ വാ തുറന്നിട്ടുമില്ല. ആവശ്യത്തിനും അനാവശ്യത്തിനും ക്ഷോഭിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ തുടരുന്ന മൗനം ദുരൂഹമാണ്.
വളരെ ഗുരുതരമായ, ശ്വസിക്കുന്ന വായുവുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുവദിക്കാതിരിക്കാനും ഭരണകക്ഷി ശ്രമിക്കുന്നുണ്ട്. സ്പീക്കര്‍ പോലും സി.പി.എം പ്രതിനിധിയെ പോലെയാണ് സംസാരിക്കുന്നതും പെരുമാറുന്നതും. സ്പീക്കറില്‍നിന്ന് അസാധാരണ പരാമര്‍ശവും ഉണ്ടായി. ബ്രഹ്മപുരം വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം കനക്കവെ ബാനര്‍ ഉയര്‍ത്തിയപ്പോഴാണ് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അസാധാരണ പരാമര്‍ശം നടത്തിയത്. പ്രതിപക്ഷ എം.എല്‍.എമാരെ പേരെടുത്ത് വിളിച്ച സ്പീക്കര്‍, ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് പറഞ്ഞു. സഭ നിയന്ത്രിക്കേണ്ട, തികച്ചും സ്വതന്ത്രനായി സഭയില്‍ പ്രവര്‍ത്തിക്കേണ്ട വ്യക്തിയില്‍നിന്നാണ് ഇത്തരത്തിലൊരു പരാമര്‍ശമുണ്ടായത് എന്നത് ഗൗരവമര്‍ഹിക്കുന്നതാണ്. സ്പീക്കറുടെ ചേംബര്‍തന്നെ തല്ലിപ്പൊളിച്ചവര്‍ മന്ത്രിമാരായി വാഴുമ്പോഴാണ് ഇത്തരമൊരു പരാമര്‍ശമെന്നോര്‍ക്കണം. വിഷപ്പുകക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കാന്‍ ഭരണകക്ഷി മറക്കുന്നില്ല എന്നതും ഗൗരവമുള്ള വിഷയമാണ്.
ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണത്തിന് മതിയായ സൗകര്യങ്ങളില്ലെന്നാണ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നുവെന്ന് എന്ന് നിരീക്ഷിക്കാന്‍ ഹൈ ക്കോടതി നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കെട്ടിടങ്ങള്‍ നശിച്ച നിലയിലാണ്. അവ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കുന്നുകൂടിയ മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കടമ്പ്രയാറിലേക്ക് ഒലിച്ചിറങ്ങാന്‍ സാധ്യതയുണ്ട്. ബയോ മൈനിങിനുള്ള മതിയായ ഉപകരണങ്ങളില്ല. നിലവിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ബയോമൈനിങ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്. അതിനാല്‍ ഈ മാലിന്യങ്ങളുടെ സംസ്‌കരണം ശരിയായ രീതിയിലല്ല നടക്കുന്നത്. കെട്ടികിടക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് കേന്ദ്ര മലിനീകരണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റേതൊരു സംസ്ഥാനവും മാലിന്യ സംസ്‌കരണ നിലപാടുകളില്‍ കാണിക്കേണ്ട ഗൗരവത്തേക്കാള്‍ പതിന്മടങ്ങ് ശ്രദ്ധയും പരിചരണവും കാണിക്കേണ്ടവരാണ് നാം. കാരണം നമ്മുടെ സംസ്ഥാനത്തിന്റെ ജനസാന്ദ്രത തന്നെ. നഗരവത്കരണത്തിന്റെ ഫലമായി, കേരളത്തിലെ മാലിന്യ നിക്ഷേപത്തിന്റെ ഗ്രാഫും ഉയര്‍ന്നിട്ടുണ്ട്. അശാസ്ത്രീയമായ സമീപനങ്ങളും നിലപാടുകളും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനാണ് കാരണമായിട്ടുള്ളത്. ഭരണകര്‍ത്താക്കള്‍ക്ക് ആര്‍ജവമോ ദീര്‍ഘദൃഷ്ടിയോ ശാസ്ത്രീയ കാഴ്ചപ്പാടോ ഇല്ലാത്ത കാലത്തോളം മാലിന്യപ്രശ്‌നം പരിഹരിക്കപ്പെടാതെതന്നെ നില്‍ക്കും. പ്രതിപക്ഷത്തിന്റെ മുതുകില്‍ കയറുന്ന നേരംകൊണ്ട് സംസ്ഥാനത്തിന്റെ മാലിന്യ പ്രശ്‌നത്തിന് ശാശ്വര പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇന്ന് ബ്രഹ്മപുരമാണെങ്കില്‍ നാളെ ഞെളിയന്‍പറമ്പോ കരീപ്പുഴയോ മാരാരിക്കുളമോ ഒക്കെയാകാം. അതിനുമുമ്പ് എന്തെങ്കിലും ചെയ്‌തേ പറ്റൂ. ആലസ്യമാവരുത് നമ്മുടെ വിലാസം.