Connect with us

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പരീക്ഷയേയും പേടി; യു.പിയിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ആർ.എസ്.എസിനെതിരെ ചോദ്യമുണ്ടാക്കിയെന്ന് ആരോപണം; പരീക്ഷാ മൂല്യനിർണയ ജോലികളിൽ നിന്നും അധ്യാപികക്ക് വിലക്ക്

മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

ഏപ്രില്‍ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പര്‍ ഉണ്ടായിരുന്നതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരണ്‍ സിങ് സര്‍വകലാശാല അധികൃതര്‍ എല്ലാ പരീക്ഷാ, മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.

ചോദ്യ പേപ്പറില്‍ ജാതിയും മതവും രാഷ്ട്രീയ ഉയര്‍ച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. ചോദ്യത്തില്‍ നക്‌സലൈറ്റുകള്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ദാല്‍ ഖല്‍സ എന്നിവയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.

സംഭവം പ്രചരിച്ചതോടെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയുടെ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

മീററ്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ സീമ പന്‍വാര്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍വകലാശാല കണ്ടെത്തി. സീമ പന്‍വര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. ഭാവിയില്‍ ഇനി സീമ പന്‍വര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വര്‍മ പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല പറഞ്ഞു.

Continue Reading

india

ജബല്‍പൂരില്‍ വൈദികരെ വിശ്വ ഹിന്ദു പരിശത്ത് ആക്രമിച്ച സംഭവം: പ്രതിഷേധം ശക്തമാക്കാന്‍ ക്രിസ്ത്യന്‍ സംഘടനകള്‍

നാല് ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

Published

on

ജബൽപൂരിൽ മലയാളി വൈദികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ക്രിസ്ത്യൻ സംഘടനകൾ. എഫ്ഐആർ വൈകിപ്പിച്ചതിൽ കോടതിയെ സമീപിക്കുമെന്ന് വൈദികർ. ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.

ജബൽപൂരിൽ പൊലീസിന്റെ കൺമുമ്പിൽ നടന്ന മർദ്ദനത്തിൽ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 4 ദിവസത്തിനു ശേഷമാണ് സംഭവത്തിൽ വിഎച്ച്പി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഇട്ടത്.

അതേസമയം രണ്ടാം തീയതി തന്നെ കേസെടുത്തിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. സംഭവം പാർലമെന്റിൽ അടക്കം ചർച്ചയായ സാഹചര്യത്തിൽ നടപടി വൈകുന്നതിൽ പ്രതിഷേധം ശക്തമാക്കാനാണ് സഭാ നേതൃത്വത്തിന്റെ തീരുമാനം. എഫ്ഐആർ വൈകിപ്പിച്ചതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് വൈദികർ വ്യക്തമാക്കിയിട്ടുണ്ട്.

ഒഡീഷയിൽ മലയാളി വൈദികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിൽ ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിക്കുകയാണെന്ന വിമർശനവും ശക്തമാവുകയാണ്.

Continue Reading

india

യോഗിയുടെ യു.പിയില്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിച്ചത് ഒരു വര്‍ഷം; വ്യാജ കുറ്റങ്ങള്‍ ചുമത്തി ആളുകളെ പൂട്ടി മോചന ദ്രവ്യം ആവശ്യപ്പെട്ടു

ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഉത്തര്‍പ്രദേശിലെ ബറേലി നഗരത്തില്‍ മൂന്ന് പൊലീസുകാര്‍ ചേര്‍ന്ന് വര്‍ഷം മുഴുവന്‍ വ്യാജ പൊലീസ് സ്‌റ്റേഷന്‍ നടത്തി. ആളുകളെ വ്യാജ കുറ്റങ്ങള്‍ ചുമത്തി പൂട്ടുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു.

വെള്ളിയാഴ്ച അവരുടെ ഏറ്റവും പുതിയ ഇരയുടെ മകന്‍ ആദ്യത്തേത് ഒത്തുതീര്‍പ്പാക്കിയ ഉടന്‍ തന്നെ രണ്ടാമതും മോചനദ്രവ്യം ആവശ്യപ്പെട്ടതോടെയാണ് കുറ്റകൃത്യം പിടിക്കപ്പെട്ടത്. ഇരകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ വ്യാജ പൊലീസ് സ്‌റ്റേഷന്റെ തനിനിറം പുറത്തുവന്നു.

കസ്ബ ഔട്ട്‌പോസ്റ്റില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പ്രതികളായ പൊലീസുകാര്‍ ആ പ്രദേശത്തെ റബ്ബര്‍ ഫാക്ടറിയുടെ ഒരു ഭാഗം പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷന്റെ രൂപസാദൃശ്യത്തില്‍ വ്യാജ ലോക്കപ്പ് തീര്‍ത്തു. ഈ റാക്കറ്റ് ഒരു വര്‍ഷമായി തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും തുടര്‍ന്നുവെന്ന് യു.പി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച സബ് ഇന്‍സ്‌പെക്ടര്‍ ബല്‍ബീര്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ ഹിമാന്‍ഷു തോമര്‍, മോഹിത് കുമാര്‍ എന്നിവര്‍ ഭിതൗര ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി. വീട്ടില്‍ മയക്കുമരുന്നും അനധികൃത തോക്കുകളും സൂക്ഷിച്ചതായി ആരോപിച്ചു.

തന്റെ മകന്റെ സമീപത്തുള്ള കസേരയില്‍ അവര്‍ ഒരു തോക്ക് വെക്കുകയും കുറ്റങ്ങള്‍ ‘തെളിയിക്കാന്‍’ ഒരു വിഡിയോ ഷൂട്ട് ചെയ്തുവെന്നും കര്‍ഷകന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘വീട്ടില്‍ വെച്ച് ഞാന്‍ നിയമവിരുദ്ധമായ മയക്കുമരുന്നുകളും ആയുധങ്ങളും വില്‍ക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. അവര്‍ വീട് കൊള്ളയടിച്ചു. എന്നെ റബ്ബര്‍ ഫാക്ടറിയിലേക്ക് കൊണ്ടുപോയി ലോക്കപ്പില്‍ ഇട്ടു. അത് ഒരു യഥാര്‍ത്ഥ പൊലീസ് സ്‌റ്റേഷനല്ലെന്ന് ഞങ്ങള്‍ക്ക് മനസ്സിലാക്കാനായില്ല’ കര്‍ഷകന്‍ പറഞ്ഞു.

‘അവര്‍ എന്റെ കുടുംബത്തില്‍ നിന്ന് 2 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്ക് നല്‍കി. പക്ഷേ അവര്‍ എന്നെ വിട്ടയച്ചില്ല. കൂടുതല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്റെ മകന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാന്‍ ധൈര്യം സംഭരിച്ചു’വെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പ്രതികളും ഒളിവില്‍ പോയിരിക്കുകയാണ്.

ഫത്തേഗഞ്ച് പൊലീസ് സ്‌റ്റേഷന് കീഴിലുള്ള കസ്ബ ചൗക്കിയിലെ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഒരാളെ കസ്റ്റഡിയിലെടുത്ത് പണം ആവശ്യപ്പെടുന്നതായി വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്നും അതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സര്‍ക്കിള്‍ ഓഫിസറെ അയച്ചുവെന്നും ലക്‌നോനൗവില്‍ നിന്ന് 260 കിലോമീറ്റര്‍ വടക്കുള്ള ബറേലിയിലെ സീനിയര്‍ സൂപ്രണ്ട് അനുരാഗ് ആര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു,

സര്‍ക്കിള്‍ ഓഫിസര്‍ കസ്റ്റഡിയിലെടുത്ത വ്യക്തിയെ കണ്ട് അദ്ദേഹത്തിന്റെ മൊഴി എടുത്തു. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചൗക്കി ഇന്‍ ചാര്‍ജിനും മറ്റ് രണ്ട് പൊലീസുകാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു.

അതിക്രമിച്ചു കടക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തെറ്റായി തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ ആവശ്യപ്പെടുകയും ചെയ്യുക, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ക്രിമിനല്‍ ഭീഷണി, മനഃപൂര്‍വ്വം അപമാനിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് മൂവരെയും സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുത്തിരിക്കുകയും ചെയ്തതായി ആര്യ പറഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ സിങ് ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ ഹെറോയിന്‍ കടത്തുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് യു.പി പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതായി ഒരു പൊലീസുകാരന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് പൊലീസ് ഇയാളെ കാറില്‍ പിന്തുടര്‍ന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. എന്നിട്ടും അദ്ദേഹത്തിനെതിരെ ഒരു അന്വേഷണവും നടത്തിയില്ലെന്നും പേരു വെളിപ്പെടുത്തരുതെന്നറിയിച്ച് പൊലീസുകാരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Continue Reading

Trending