Connect with us

Sports

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

Published

on

 

മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍ താരത്തിന്റെ മാനേജര്‍ രംഗത്തെത്തി. പക്വതയും അര്‍ഹതയുമില്ലാത്ത, നുണ പറയുന്ന ക്യാപ്ടനാണ് ഹര്‍മന്‍ പ്രീതെന്നും വനിതാ ടീമില്‍ കളിയല്ല രാഷ്ട്രീയമാണുള്ളതെന്നും മിഥാലിയുടെ മാനേജര്‍ അനീഷ ഗുപ്ത ആരോപിച്ചു.

തുടര്‍ച്ചയായ മത്സരങ്ങളില്‍ അയര്‍ലാന്റിനും പാകിസ്താനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിഥാലി രാജ് പരിക്കു കാരണം ഓസ്‌ട്രേലിയക്കെതിരെ കളിച്ചിരുന്നില്ല. എന്നാല്‍, സെമിഫൈനല്‍ മത്സരത്തിനു മുമ്പ് അവര്‍ ആരോഗ്യം വീണ്ടെടുത്തിരുന്നെങ്കിലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റിന് 89 എന്ന ശക്തമായ നിലയില്‍ നിന്ന് 112ല്‍ ഓളൗട്ടാവുകയായിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് അനായാസം ലക്ഷ്യം കാണുകയും ഫൈനലിലെത്തുകയും ചെയ്തു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ നാസര്‍ ഹുസൈനും മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും അടക്കമുള്ളവര്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിനെതിരെ രംഗത്തെത്തി. എന്നാല്‍, ഓസ്‌ട്രേലിയക്കെതിരെ ജയിച്ച ടീമിനെ അതേപടി നിലനിര്‍ത്താനാണ് സെമിയില്‍ തീരുമാനിച്ചതെന്നും അതില്‍ ഖേദമില്ലെന്നുമായിരുന്നു ഹര്‍മന്‍പ്രീതിന്റെ നിലപാട്. ‘ഞങ്ങള്‍ എന്തു തീരുമാനമെടുത്താലും അത് ടീമിനു വേണ്ടിയായിരുന്നു. ചിലപ്പോള്‍ അത് ഫലിക്കും. ചിലപ്പോള്‍ ഫലിക്കില്ല. അതില്‍ ഖേദമില്ല. ടൂര്‍ണമെന്റിലുടനീളമുള്ള ടീമിന്റെ പ്രകടനത്തില്‍ സന്തോഷമുണ്ട്.’ മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ ഹര്‍മന്‍പ്രീത് പറഞ്ഞു.

യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന വ്യാജേന ഹര്‍മന്‍ പ്രീത് തനിക്കിഷ്ടപ്പെട്ടവരെ കളിപ്പിക്കുകയാണെന്നും സെമിയില്‍ മിഥാലിയെ കളിപ്പിക്കാതിരുന്നതിന് ന്യായമില്ലെന്നും അനീഷ ഗുപ്ത പറഞ്ഞു. ‘യുവക്രിക്കറ്റര്‍മാര്‍ക്ക് അവസരം നല്‍കാനായിരുന്നു തീരുമാനമെന്ന പ്രസ്താവനകള്‍ വരുന്നുണ്ട്. പക്ഷേ, ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ സെമിഫൈനലില്‍ പരിചയ സമ്പന്നയായ സീനിയര്‍ കളിക്കാരിയെ കളിപ്പിക്കാതിരുന്നത് ശരിയായില്ല. യുവകളിക്കാര്‍ക്ക് അവസരം നല്‍കുന്നതുമായി അതിന് ബന്ധമൊന്നുമില്ല.’ അനീഷ വ്യക്തമാക്കി.

വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ മിഥാലി രാജ് ലോകകപ്പിന് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയ എക്കെതിരെ സെഞ്ച്വറിയും നേടിയിരുന്നു. ടി20യില്‍ ഇന്ത്യന്‍ താരങ്ങളില്‍ മികച്ച ശരാശരിയുള്ള മിഥാലി 80 ഇന്നിങ്‌സുകളില്‍ നിന്ന് 17 അര്‍ധസെഞ്ച്വറി നേടിയിട്ടുണ്ട്. ടി20യില്‍ വേഗതയില്‍ സ്‌കോര്‍ ചെയ്യുന്നില്ല എന്ന ആക്ഷേപം മിഥാലിക്കെതിരെ നിലനില്‍ക്കുന്നുണ്ട്.
രണ്ടു വര്‍ഷം മുമ്പ് ടി20 ടീമിന്റെ ക്യാപ്ടനായി നിയമിക്കപ്പെട്ട ഹര്‍മന്‍പ്രീതും മിഥാലിലും തമ്മില്‍ അത്ര രസത്തിലല്ല എന്നു സൂചനയുണ്ട്. ഈ വര്‍ഷം മുംബൈയില്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ടൂര്‍ണമെന്റിന് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ യുവകളിക്കാരെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്ന് ക്യാപ്ടന്‍ ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ’30 വാര സര്‍കകിളില്‍ വെറുതെ നില്‍ക്കുന്നവര്‍ക്കു പകരം മൈതാനത്തുടനീളം ഓടാന്‍ കഴിയുന്ന കളിക്കാരെ വേണം’ എന്ന് ഹര്‍മന്‍പ്രീത് മാനേജ്‌മെന്റിനെഴുതിയത് മിഥാലിയെ ഒഴിവാക്കാനുദ്ദേശിച്ചാണെന്ന് പറയപ്പെടുന്നുണ്ട്‌

News

റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ് തോല്‍വി

വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

Published

on

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവിൽ ഇതിഹാസ താരം മൈക്ക് ടൈസന് തോൽവി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള ടൈസന്റെ തിരിച്ചുവരവ്.

എട്ടു റൗണ്ടിലും യുവതാരത്തിനെതിരെ പൊരുതിനിന്നെങ്കിലും, പ്രായത്തിന്റേതായ പരാധീനതകൾ പ്രകടനത്തെ ബാധിച്ചതോടെയാണ് മൈക്ക് ടൈസന്റെ തോൽവി. വിധികർത്താക്കൾ ഏകകണ്ഠമായാണ് ജേക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.

ടെക്സസിലെ എ.ടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരം നെറ്റ്ഫ്ലിക്സാണ് തത്സമയം സംപ്രേഷണം ചെയ്തത്. ജൂലൈ 20ന് നടക്കുമെന്ന് പറഞ്ഞിരുന്ന മത്സരം ടൈസന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മാറ്റിവെയ്ക്കുകയായിരുന്നു.

27കാരനാണ് ടൈസന്റെ എതിരാളി ജേക്ക് പോൾ. നേരത്തെ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായിരുന്ന ജേക്ക് പോളിന് പ്രോബ്ലം ചൈൽഡ് എന്നൊരു അപരനാമവുമുണ്ട്. 2018ലാണ് ബോക്സിങ് പ്രൊഫഷനിലേക്ക് ജേക്ക് പോൾ എത്തുന്നത്.

മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ടൈസണും ജേക്കും വേദിയില്‍ എത്തിയിരുന്നു. ടൈസണ്‍ വലംകൈ കൊണ്ട് ജേക്കിന്റെ മുഖത്ത് ചെറുതായി ഒന്നടിച്ചത് വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ സുരക്ഷാ ജീവനക്കാര്‍ ഇരുവരെയും പിടിച്ചുമാറ്റി.

ടൈസന് പൂർണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഡോക്ടർമാർ നൽകിയിരുന്നെങ്കിലും യുഎസിൽ വേദികൾ അനുവദിക്കുന്നതിൽ പ്രതിസന്ധിയുണ്ടായിരുന്നു. ടെക്സാസ് ഒഴികെയുള്ള സംസ്ഥാനങ്ങളൊന്നും അനുമതി നൽകിയിരുന്നില്ല. മത്സരത്തിന് ഏതാനും ഇളവുകളും നൽകിയിരുന്നു. സാധാരണ 12 റൗണ്ടുകൾ നീളാറുള്ള മത്സരം എട്ടാക്കി ചുരുക്കി. ഓരോ റൗണ്ടും മൂന്ന് മിനിറ്റിന് പകരം രണ്ട് മിനിറ്റാക്കി. ഇടിയുടെ ആഘാതം കുറയ്ക്കാനാകുന്ന വിധത്തിലുള്ള ഗ്ലൗസുകളും നൽകിയിരുന്നു.

Continue Reading

Cricket

സഞ്ജുവിനും തിലകിനും വെടിക്കെട്ട് സെഞ്ച്വറി; ഇന്ത്യ വമ്പന്‍ സ്‌കോറിലേക്ക്

ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്.

Published

on

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി സഞ്ജുവും തിലകും. ഇതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയാണ്. നിലവില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249 റണ്‍സെടുത്തിട്ടുണ്ട്.

51 പന്തില്‍ എട്ടു സിക്‌സും ആറു ഫോറുമടക്കമാണ് സഞ്ജു നൂറിലെത്തിയത്. 41 പന്തിലാണ് തിലക് സെഞ്ച്വറിയിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ സഞ്ജു പിന്നീടുള്ള രണ്ടു മത്സരങ്ങളിലും ആദ്യ ഓവറില്‍തന്നെ പൂജ്യത്തിന് പുറത്തായിരുന്നു.

ട്രിസ്റ്റന്‍ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറില്‍ സിക്സടിച്ചാണ് സഞ്ജു അമ്പത് തികച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ജാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ സഞ്ജു ബൗള്‍ഡാകുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ടോസ് ലഭിച്ച പ്രോട്ടീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ടീമിനെ തന്നെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിപ്പിക്കുന്നത്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

Continue Reading

kerala

സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു

ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്.

Published

on

78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

Continue Reading

Trending