മുംബൈ: ഡോളര്‍ കരുത്താര്‍ജ്ജിച്ചതോടെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. 73.94 ആണ് ഇപ്പോള്‍ രൂപയുടെ മൂല്യം. കഴിഞ്ഞ ദിവസം 73.54 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.
രാജ്യത്തെ ഓഹരി സൂചികകള്‍ കനത്തനഷ്ടം നേരിട്ടതും രൂപയുടെ മൂല്യത്തെ ബാധിച്ചു. 12മണിയോടെ സെന്‍സെക്സ് 700ലേറെ പോയന്റാണ് താഴെപ്പോയത്. യൂറോപ്പിലും ബ്രിട്ടനിലും കോവിഡ് വ്യാപനം വീണ്ടും കൂടിയതും മറ്റ് കറന്‍സികള്‍ ദുര്‍ബലമാകാനും യുഎസ് ഡോളര്‍ കരുത്താര്‍ജിക്കാനും കാരണമായിട്ടുണ്ട്. കോവിഡ് വാക്സിന്‍ സംബന്ധിച്ച പ്രതീക്ഷകള്‍ നിലനില്‍ക്കുമ്പോള്‍തന്നെ രണ്ടാംഘട്ട വ്യാപനമുണ്ടായത് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തു.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുന്നതും യുഎസിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവുമെല്ലാം ഏഷ്യന്‍ വിപണികളില്‍ പ്രതിഫലിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥകള്‍ കരകയറാന്‍ വൈകുന്നതും വിപണിയില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.