കാന്റി: ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു കീഴില്‍ ലങ്കന്‍ മണ്ണില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ഇന്നിങ്‌സിനും 171 റണ്‍സിനും തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യ സംഘം ലങ്കന്‍ മണ്ണില്‍ ആദ്യമായാണ് സമ്പൂര്‍ണ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് ലങ്കക്കെതിരെ 1994ല്‍ ഇന്ത്യയില്‍ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയിരുന്നു.
രണ്ടാമിന്നിങ്സില്‍ ഫോളോ ഓണ്‍ വഴങ്ങി വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍ സംഘം 181 റണ്‍സ് ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.
സ്‌കോര്‍: ഇന്ത്യ 487, ശ്രീലങ്ക 135,181.
നേരത്തെ രണ്ടാം ദിനത്തില്‍ ലങ്കക്കെതിരെ കോലിപ്പട സമഗ്ര ആധിപത്യം നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 487 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ 37.4 ഓവറില്‍ 135 റണ്‍സിന് ആദ്യ ഇന്നിങ്സില്‍ പുറത്താവുകയായിരുന്നു.
ഫോളോ ഓണ്‍ ചെയ്ത ലങ്ക രണ്ടാം ഇന്നിങ്സിലും ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ കിതച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനും മൂന്നു വിക്കറ്റെടുത്ത മുഹമ്മദ് ഷമിക്കും മുന്നില്‍ ലങ്ക ആദ്യ ഇന്നിങ്സിലെന്നപോലെ തകര്‍ന്നടിഞ്ഞു.
ലങ്കയുടെ അഞ്ച് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 87 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ചാണ്ഡിമലാണ് ടോപ് സ്‌കോറര്‍.
ഡിക്ക്വെല്ല (29), കരുണരത്നെ (4), തരംഗ (5), കുശാല്‍ മെന്‍ഡിസ് (18), മാത്യൂസ് (0), ദില്‍റുവാന്‍ പെരേര (0), പുഷ്പകുമാര (10), സണ്ഡകന്‍ (10), ഫെര്‍ണാണ്ടോ (0) എന്നിങ്ങനെയാണ് മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം.
നേരത്തെ ശിഖര്‍ ധവാനു പിന്നാലെ കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി ഹര്‍ദിക് പാണ്ഡ്യയും കളം നിറഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 487 റണ്‍സ് അടിച്ചെടുത്തു. കന്നി ടെസ്റ്റ് സെഞ്ച്വറി കുറിച്ച പാണ്ഡ്യ 108 റണ്‍സെടുത്താണ് പുറത്തായത്.
ദ്രുതഗതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ച പാണ്ഡ്യ പുഷ്പകുമാരയുടെ ഒരു ഓവറില്‍ 26 റണ്‍സ് അടിച്ചു കൂട്ടി. ഇതോടെ ടെസ്റ്റ് ഇന്നിങ്സിലെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 27 വര്‍ഷമായി കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന 24 റണ്‍സിന്റെ റെക്കോര്‍ഡാണ് പാണ്ഡ്യയ്ക്കു മുന്നില്‍ വഴിമാറിയത്. കപിലിനു പുറമെ സന്ദീപ് പാട്ടീലും ഒരു ഓവറില്‍ 24 റണ്‍സ് നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ലഞ്ചിന് മുന്‍പ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി പാണ്ഡ്യ മാറി. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാണ്ഡ്യ, മൂന്നാം ടെസ്റ്റിലാണ് കന്നി സെഞ്ച്വറി കുറിച്ചത്. അവസാന വിക്കറ്റുകളില്‍ ‘ട്വന്റി20’യെ മറികടക്കുന്ന പ്രകടനം പുറത്തെടുത്ത പാണ്ഡ്യ, 96 പന്തില്‍ എട്ടു ബൗണ്ടറിയും ഏഴു സിക്സും ഉള്‍പ്പെടെയാണ് 108 റണ്‍സെടുത്തത്.
വൃദ്ധിമാന്‍ സാഹയെ ഫെര്‍ണാണ്ടോ പുറത്താക്കുന്നതു കണ്ടുകൊണ്ടാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. 43 പന്തില്‍ 16 റണ്‍സായിരുന്നു സാഹയുടെ സമ്പാദ്യം. കുല്‍ദീപ് യാദവ് (26), മുഹമ്മദ് ഷമി (എട്ട്) എന്നിവരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ ഇന്നിങ്സ് 400 കടത്തിയ ഹര്‍ദിക് പാണ്ഡ്യ ഒരു വിക്കറ്റ് മാത്രം ബാക്കിനില്‍ക്കെ ഉമേഷ് യാദവിനെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തകര്‍ത്താടി. ഒന്‍പതാമനായി മുഹമ്മദ് ഷമി പുറത്താകുമ്പോള്‍ 54 പന്തില്‍ 38 റണ്‍സെന്ന നിലയിലായിരുന്നു പാണ്ഡ്യ.
ഉമേഷ് യാദവ് കൂട്ടിനെത്തിയതോടെ വിശ്വരൂപം പൂണ്ട പാണ്ഡ്യയ്ക്ക് തുടര്‍ന്ന് സെഞ്ച്വറിയിലേക്കെത്താന്‍ വേണ്ടിവന്നത് 32 പന്തുകള്‍ മാത്രം.
ഏഴു വീതം ബൗണ്ടറിയും സിക്സും ഉള്‍പ്പെടെയാണ് പാണ്ഡ്യ സെഞ്ച്വറിയിലെത്തിയത്. ശ്രീലങ്കയ്ക്കായി ലക്ഷന്‍ സണ്ഡകന്‍ അഞ്ചും, പുഷ്പകുമാര മൂന്നും ഫെര്‍ണാണ്ടോ രണ്ടും വിക്കറ്റ് വീഴ്ത്തി.