ലോകകപ്പില്‍ ബുധനാഴ്ച നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലിന് മുമ്പ് അവസാന ഒരുക്കത്തിന് ഇന്ത്യന്‍ ടീം. ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതുവരെ കളിച്ച 8 കളികളും ജയിച്ച് എത്തിയ ഇന്ത്യക്ക് നെതര്‍ലന്‍ഡ്‌സ് എത്രമാത്രം വെല്ലുവിളി ഉയര്‍ത്തുമെന്നതു മാത്രമാണ് കണ്ടറിയേണ്ടത്.
ഇന്ത്യന്‍ ടീമില്‍ ഇതുവരെ കാര്യമായി അവസരം ലഭിക്കാത്ത ഇഷാന്‍ കിഷനും ആള്‍ റൗണ്ടര്‍ ആര്‍ അശ്വിനും സെമിക്ക് മുമ്പ് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. അശ്വിന്‍ ഓസ്‌ട്രേലിയക്കതിരായ ആദ്യ കളിയില്‍ മാത്രമാണ് കളിച്ചത്. കിഷനാകട്ടെ ഗില്‍ കളിക്കാതിരുന്ന ആദ്യ 2 കളികളിലും ഓപ്പണറായി ഇറങ്ങി.
ലോകകപ്പിലെ 8 മത്സരങ്ങളില്‍ രണ്ട് കളികള്‍ മാത്രം ജയിച്ച നെതര്‍ലന്‍ഡ്‌സ് അവസാന സ്ഥാനത്താണെങ്കില്‍ അവര്‍ തോല്‍പ്പിച്ചവരില്‍ ദക്ഷിണാഫ്രിക്കയുമുണ്ടെന്നത് ഇന്ത്യക്ക് കാണാതിരിക്കാനാവില്ല. അതുകൊണ്ടുതന്നെ എതിരിളികളെ കുഞ്ഞന്‍മാരാണെന്ന് കാണാനും ഇന്ത്യക്കാവില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെയാവും ഇന്ത്യക്കായി ഇന്ന് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് തുടരും.
സെമിക്ക് മുമ്പ് കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചാല്‍ ഇഷാന്‍ കിഷന് അഞ്ചാം നമ്പറില്‍ അവസരം ഒരുങ്ങും. സൂര്യകുമാര്‍ യാദവ് പ്ലേയിംഗ് ഇലവനില്‍ ഫിനിഷറായി തുടരും.രവീന്ദ്ര ജഡേജ ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍ റൗണ്ടറായി എത്തുമ്പോള്‍ കുല്‍ദീപ് യാദവിന് ഇന്ന് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്.
സ്പിന്നര്‍ കുല്‍ദീപിന് പകരം ആര്‍ അശ്വിന്‍ ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും. പേസര്‍മാരായി മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും തുടരുമ്പോള്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ച് ഷാര്‍ദ്ദുല്‍ താക്കൂറിന് അവസരം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.