ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലികൊടുത്തു.യു.യു ലളിതിന്റെ പിന്‍ഗാമിയായി വന്ന ഇദ്ദേഹം ചീഫ് ജസ്റ്റിസ് കസേരയില്‍ രണ്ടുവര്‍ഷമുണ്ടാകും.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസാകുന്നതോടെ, നീതിന്യായ സംവിധാനത്തിന്റെ നടത്തിപ്പില്‍ വലിയ പ്രതീക്ഷകളാണുള്ളത്. ജഡ്ജിയായിരിക്കെ അദ്ദേഹം പുറപ്പെടുവിച്ച വിധികളാണ് ഈ പ്രതീക്ഷയ്ക്ക് അടിസ്ഥാനം. ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധികളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു.
മാനുഷിക മൂല്യങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹം പലപ്പോഴും വിധി പ്രസ്താവിച്ചത്. അതില്‍ പലതും കോളിളക്കം സൃഷ്ടിച്ചതുമാണ്. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും കയറാമെന്ന വിധി ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് പുറപ്പെടുവിച്ചത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ആചാരത്തെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു ആ വിധി. ഇതിനെതിരെ നല്‍കിയ റിവ്യൂ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.
ആധാര്‍ ഭരണഘടനാനുസൃതമാണോ എന്ന ഹര്‍ജിയില്‍ ചന്ദ്രചൂഡ് പുറപ്പെടുവിച്ച ഭിന്ന സ്വരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധാര്‍ നിയമപ്രകാരമാണെന്ന് വിധിയെഴുതിയ ഭരണഘടനാ ബഞ്ചിലെ നാല് പേരോടും വിയോജിച്ചായിരുന്നു അന്ന് വിയോജനക്കുറിപ്പെഴുതിയത്. സാങ്കേതിക കാര്യങ്ങളിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ഭരണഘടന നല്‍കുന്ന സംരക്ഷണങ്ങള്‍ ഇല്ലാതാകുന്നില്ലെന്ന് അദ്ദേഹം വിയോജനക്കുറിപ്പില്‍ രേഖപ്പെടുത്തി. ധനബില്ലായി ആധാര്‍ ബില്‍ അവതരിപ്പിക്കാന്‍ അനുവദിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനം നീതിന്യായ പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യക്തി സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നടത്തിയ മറ്റൈാരു സുപ്രധാന പ്രസ്താവനയായിരുന്നു ഹാദിയ കേസിലേത്. ഹാദിയ -ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ അന്നത്തെ ചീഫ് ജസ്റ്റിസായ ദീപക് മിശ്ര, ജസ്റ്റിസ്.എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ചന്ദ്രചൂഡ്് എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് വിധി പുറപ്പെടുവിപ്പിച്ചത്.
ഹാദിയ ഇസ്്ലാം മതം സ്വീകരിച്ചത് ബലപ്രയോഗത്തിലൂടെയാണെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിടാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ സ്വയം തിരഞ്ഞെടുക്കാന്‍ കഴിവുള്ള പ്രായപൂര്‍ത്തിയായ സ്ത്രീയാണ് ഹാദിയ എന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്നും വിവാഹം ഒരോ വ്യക്തിയുടെ തിരഞ്ഞെടുപ്പാണെന്നുമായിരുന്നു സുപ്രീം കോടതി നിരീക്ഷിച്ചത്.
ഭീമാ കൊറേഗാവ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും നാലാഴ്ച കൂടി വീട്ടുതടങ്കലില്‍ തുടരുമെന്ന് സുപ്രീം കോടതി വിധിക്കുകയും ചെയ്തിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍ ബെഞ്ചിലെ അംഗമായിരുന്ന ജസ്റ്റിസ് ചന്ദ്രചൂഡ് ഇതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. സ്വകാര്യത മൗലികാവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദ പ്രകാരം അത് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഏകകണ്ഠമായി അംഗീകരിച്ച ന്യായാധിപനാണ് ചന്ദ്രചൂഡ്. അന്തസോടെയുള്ള ജീവിതം നയിക്കണമെങ്കില്‍ ഒരു വ്യക്തിക്ക് അര്‍ഹിച്ച സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. ജീവിക്കാനുള്ള അവകാശം പോലെ അന്തസോടെയുള്ള മരണവും മൗലികാവകാശമാണെന്ന നിലപാടാണ് ചന്ദ്രചൂഡ് സ്വീകരിച്ചത്. തല്‍ഫലമായി ദയാവധം അനുവദിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള അവകാശമുണ്ടെന്ന നിരീക്ഷണവും അ ദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ഭാര്യ ഭര്‍ത്താവിന്റ സ്വത്തല്ല. ഭര്‍ത്താവ് ഭാര്യയുടെ ലൈംഗിക തിരഞ്ഞെടുപ്പിന്റെ ഉടമയുമല്ല തുടങ്ങി വ്യക്തികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം നടത്തി.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കിയ വിധിയും ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടാണ്. സ്വന്തം പിതാവിന്റെ വിധികള്‍ തിരുത്തിയ ജസ്റ്റിസ് കൂടിയാണ് ഡിവൈ ചന്ദ്രചൂഡ്. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് 1985 ല്‍ വിധിച്ചത് പിതാവ് വൈ.വി ചന്ദ്രചൂഡാണ്. എന്നാല്‍ വിവാഹിതയായ സ്ത്രീക്ക് സ്വന്തം ലൈംഗിക തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ടെന്ന് വിധിച്ചതിലൂടെ ആ നിയമം തിരുത്തപ്പെട്ടു. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ചപ്പോള്‍ അടിയന്തരാവസ്ഥക്കാലത്ത് അടിസ്ഥാന അവകാശങ്ങളെല്ലാം റദ്ദാക്കിയ പിതാവിന്റെ വിധി അദ്ദേഹം മാറ്റിയെഴുതുകയായിരുന്നു. പ്രായ പൂര്‍ത്തിയാവരുടെ പരസ്പര സമ്മതത്തോടെയുള്ള ലൈഗിംക ബന്ധവും നിയമവിധേയമാക്കി 377-ാം വകുപ്പ് റദ്ദാക്കിയ സുപ്രധാന വിധിയിലും ചന്ദ്രചൂഡിന്റെ കൈയ്യൊപ്പുണ്ട്.