ദുബായ്: ഇന്ത്യ പാകിസ്താനെതിരെ കളിക്കുമ്പോള്‍ സ്വാഭാവികമാണ് രാഷ്ട്രീയം ആദ്യം വരും. അയല്‍ക്കാര്‍ തമ്മിലുള്ള രാഷ്ട്രീയ വൈര്യത്തിലാണ് കളത്തേക്കാള്‍ കളത്തിന് പുറത്ത് കളി ചര്‍ച്ച ചെയ്യപ്പെടാറ്. എന്നാല്‍ ഇന്ന് ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്താനും ഇറങ്ങുമ്പോള്‍ ചര്‍ച്ച വിരാത് കോലിയെ ചുറ്റിപ്പറ്റിയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ രണ്ടിലധികം വര്‍ഷമായി ക്രിസില്‍ തപ്പിതടയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ബാറ്റ് ഗര്‍ജ്ജിക്കുമെന്നാണ് ഇന്നലെ സൗരവ് ഗാംഗുലി പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലവനായ സൗരവ് മല്‍സരം നേരിട്ട് ആസ്വദിക്കാന്‍ ഇവിടെയുണ്ട്.
കോലിയെ വളര്‍ത്തി വലുതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രവിശാസ്ത്രി പറയുന്നത് ഏഷ്യാകപ്പ് വിരാതിന്റേതായിരിക്കുമെന്നാണ്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാവട്ടെ കോലിയില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത് എന്ന പക്ഷക്കാരനാണ്. എന്തായാലും പ്രതിയോഗികള്‍ പാകിസ്താനാവുമ്പോള്‍ ജയമാണ് പ്രധാനം. ആ ജയത്തില്‍ കോലിക്ക് വ്യക്തമായ പങ്ക് വഹിക്കാനായാല്‍ അദ്ദേഹത്തിന് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ്് സംഘത്തില്‍ ഇടമുണ്ടാവും. അവസാനമായി അയല്‍ക്കാര്‍ മുഖാമുഖം വന്നത് ഇതേ ദുബായിലാണ്. ടി-20 ലോകകപ്പില്‍ അന്ന് പക്ഷേ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. പേസര്‍ ഷഹിന്‍ഷാ അഫ്രീദിയുടെ കടന്നാക്രമണത്തില്‍ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നതായിരുന്നു പരാജയത്തിന് കാരണമായത്.
അഫ്രീദി ഇന്ന് കളിക്കുന്നില്ല എന്നത് ഇന്ത്യന്‍ മുന്‍നിരക്ക് ആശ്വാസമാണ്. ഇക്കാര്യവും ചര്‍ച്ചയായിട്ടുണ്ട്. പാക് മുന്‍ നായകന്‍ വഖാര്‍ യൂനസ് അഫ്രീദിയുടെ അഭാവം ഇന്ത്യക്ക് ആശ്വാസമാണെന്ന് പറഞ്ഞപ്പോള്‍ അതേ നാണയത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ തിരിച്ചടിച്ചിരുന്നു. ജസ്പ്രീത് ബുംറ കളിക്കാത്തത് പാക്കിസതാന് ആശ്വാസമാണെന്നായിരുന്നു ഉരുളക്ക് ഉപ്പേരി പോലെ ഇര്‍ഫാന്‍ വഖാറിനായി മറുപടി നല്‍കിയത്. ഇന്ത്യയുടെ കരുത്ത് പതിവ് പോലെ ബാറ്റര്‍മാര്‍ തന്നെ. രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാത് കോലി, സൂര്യ കുമാര്‍ യാദവ്, റിഷാഭ് പന്ത് എന്നിവരടങ്ങുന്ന മുന്‍നിര ഗര്‍ജ്ജിക്കുന്ന പക്ഷം മികച്ച സ്‌ക്കോറിലെത്താനാവും. ആദ്യം ബാറ്റ് ചെയ്യാന്‍ കഴിയുന്ന പക്ഷം സാമാന്യം മെച്ചപ്പെട്ട സ്‌ക്കോര്‍ തന്നെ സമ്പാദിക്കണം. അല്ലാത്തപക്ഷം ബബര്‍ അസം നയിക്കുന്ന പാക് ബാറ്റിംഗ് നിരക്ക്് കാര്യങ്ങള്‍ എളുപ്പമാവും. ബൗളിംഗില്‍ രണ്ട് ടീമുകളുടെയും കുന്തമുനക്കാര്‍ ഇല്ലെങ്കിലും ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറായിരിക്കും പുതിയ പന്ത് എടുക്കുക. മുഹമ്മജദ് സിറാജിനും അവസരമുണ്ടാവും. സ്പിന്നര്‍മാര്‍ രണ്ട് സംഘത്തിലും പ്രബലരാണ്.
ലക്ഷ്യം ലോകകപ്പ് ടീം
ദുബായ്: ഇന്ത്യയും പാകിസ്താനും ഇന്ന് ഏഷ്യാകപ്പില്‍ മുഖാമുഖം വരുമ്പോള്‍ താരങ്ങളുടെ മനസിലെ സമ്മര്‍ദ്ദം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ടി-20 ലോകകപ്പ് തന്നെ. ലോകകപ്പ് സംഘത്തെ കണ്ടെത്താനുള്ള ട്രയല്‍സാണ് ഏഷ്യാകപ്പ്. ഇന്ത്യന്‍ നിരയുടെ കാര്യത്തില്‍ ഈ ചാമ്പ്യന്‍ഷിപ്പായിരിക്കും പ്രധാനം. സൗരവ് ഗാംഗുലി ഉള്‍പ്പെടെ ക്രിക്കറ്റ് ഭരണകൂടവും സെലക്ടര്‍മാരും ഇവിടെയുണ്ട്. മധ്യനിരയില്‍ അവസരം തേടുന്ന റിഷാഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ശ്രേയാംസ് അയ്യര്‍, സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ക്കെല്ലാം മികവ് പ്രകടിപ്പിക്കാനാവണം. അല്ലാത്തപക്ഷം ലോകകപ്പ് സംഘത്തിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും. സഞ്ജു സാംസണ്‍ ഉള്‍പ്പെടെ നിരവധി യുവതാരങ്ങള്‍ അവസരം തേടി ക്യു നില്‍ക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് ഇവരെ കണ്ടില്ല എന്ന് നടിക്കാനുമാവില്ല. ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് എന്നതിനാല്‍ ഇന്ത്യന്‍ നിരയിലെത്താന്‍ ബൗളര്‍മാരും വിയര്‍ക്കേണ്ടി വരും. ഓസീസ് ട്രാക്കുകള്‍ പേസിനെ പിന്തുണക്കുന്നവയാണ്. ബുംറ പരുക്കില്‍ നിന്ന് മുക്തമായാല്‍ തന്നെ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ ആരെല്ലാമായിരിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം തന്നെ കഴിഞ്ഞ ഐ.പി.എല്ലില്‍ മിന്നിയ യുവ സീമര്‍മാരുമുണ്ട്.