Connect with us

india

വഖഫ് ഭേദഗതി ബില്ലില്‍ കടുത്ത എതിര്‍പ്പുയർത്തി ഇന്ത്യാ സഖ്യം; ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ബില്ലിന് പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി.

Published

on

വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററിസമിതിക്ക് വിട്ടു. വഖഫ് ബോർഡിന്‍റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ബില്ലിനെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി എതിർത്തു. വഖഫ് ഭേദഗതി ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമെന്ന് പറഞ്ഞ പ്രതിപക്ഷം കടുത്ത പ്രതിരോധമുയർത്തി.

മുസ്‌ലിം അം​ഗം വഖഫ് ബോർഡിൽ എത്തുന്നത് മതസ്വാതന്ത്ര്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. അയോധ്യ ക്ഷേത്ര ഭരണസമിതിയിൽ മുസ്‌ലിം വ്യക്തിയുണ്ടോയെന്ന കെ.സി വേണുഗോപാലിന്‍റെ ചോദ്യം കേന്ദ്രത്തെ പ്രതിരോധത്തിലാക്കി. അമുസ്‌ലിംകളെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതാണ് നിലവിലെ ഭേദഗതി. അയോധ്യ രാമക്ഷേത്ര ബോര്‍ഡിലോ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലോ അഹിന്ദുക്കളെ ഉള്‍പ്പെടുത്തുന്നത് ആരെങ്കിലും ചിന്തിക്കുമോയെന്നായിരുന്നു കെ.സി. വേണുഗോപാല്‍ എംപിയുടെ ചോദ്യം.

ബില്ല് മുസ്‌ലിംകളോടുള്ള വിവേചനമാണെന്ന് സമാജ് വാദി പാർട്ടി വിമർശിച്ചു. സർക്കാർ നിലപാട് ദുരൂഹമാണെന്നും ഭരണഘടന വിരുദ്ധമെന്നും തൃണമൂൽ കോൺഗ്രസ് പറഞ്ഞു. ബിൽ ജനദ്രോഹമെന്ന് കുറ്റപ്പെടുത്തിയ ഡിഎംകെ നേതാവ് കനിമൊഴി, ബില്ല് ഭരണഘടനക്കും, ജനാധിപത്യത്തിനും എതിരാണെന്നും ചൂണ്ടിക്കാട്ടി. ബിൽ പിൻവലിക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു. ബില്ല് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു.

ബില്ലിന് പിന്നിൽ വൃത്തികെട്ട അജണ്ടയാണെന്ന് മുസ്‌ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെട്ടുത്തി. വഖഫ് കൗൺസിലും, വഖഫ് ബോർഡുകളും അപ്രസക്തമാകുമെന്നും ജില്ലാ കളക്ടർമാർക്ക് സകല അധികാരങ്ങളും നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഐക്യം തകർക്കുന്ന ബില്ലെന്നും സിപിഎം നേതാവ് കെ. രാധാകൃഷണൻ കുറ്റപ്പെടുത്തി.

മതേതരത്വത്തിന്‍റെ ഭാവി തകർക്കുന്ന ബില്ലാണിതെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു. വഖഫ് മതപരമായ ചട്ടക്കൂടിൽ നിൽക്കുന്ന സ്ഥാപനമാണ്. ബിൽ മതത്തിൽ കടന്നു കയറുകയാണ്. വഖഫ് ബോർഡിനെ തകർക്കുന്ന നടപടിയാണിത്. നിയമപരമായ പരിശോധനയ്ക്ക് നീങ്ങിയാൽ ഈ ബില്ല് തള്ളപ്പെടും. ബില്ലുമായി മുമ്പോട്ട് പോകണമെന്നുണ്ടെങ്കിൽ ചർച്ചകൾ നടക്കണം, സൂക്ഷ്മ പരിശോധനകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ബില്ലെന്ന് അസദുദ്ദീൻ ഒവൈസിയും വിമർശിച്ചു.

india

നാഗ്പൂര്‍ സംഘര്‍ഷം: ആറ് മുസ്‌ലിംകള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ്

ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല

Published

on

നാഗ്‌പൂർ സംഘർഷവുമായി ബന്ധപ്പെട്ട് 6 മുസ്‌ലിംകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് . ബജ്‌രംഗ്ദൾ പരിപാടിയിലെ മുദ്രാവാക്യങ്ങളും കോലം കത്തിക്കൽ അടക്കമുള്ള സംഭവങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫാഹിം ഖാൻ ആണ് സംഘർഷത്തിന്റെ സൂത്രധാരൻ എന്നാണ് പോലീസ് വാദം. മൈനോറിറ്റി ഡെമോക്രാറ്റിക്‌ പാർട്ടി (MDP ) യുടെ പ്രാദേശിക നേതാവാണ് ഫഹീം ഖാൻ. പോലീസ് വാദത്തെ MDP നിഷേധിച്ചു .

” ഈ രാജ്യത്ത് എല്ലാവര്ക്കും പ്രതിഷേധിക്കാൻ അനുവാദമുണ്ട്. പക്ഷെ വിശുദ്ധ വചനങ്ങളെ പൊതുസ്ഥലത്തു വെച്ച് കത്തിക്കാൻ ആരാണ് അവർക്ക് അധികാരം നൽകിയത്. ഫാഹിം ഖാൻ അടക്കമുള്ള സംഘം ഈ വിഷയത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് സ്റ്റേഷനിൽ പോയത്. എന്നാൽ അതെ പോലീസ് ഇപ്പോൾ വീഡിയോ പ്രചരിപ്പിച്ചു എന്ന പറഞ്ഞു ഫഹീമിനെതിരെ കേസെടുത്തത് ഞെട്ടലുളവാക്കുന്നതാണ് . MDP നേതാവ് ആലിം പട്ടേൽ  പറഞ്ഞു.

എഫ്ഐആറുകൾ പ്രകാരം വിഎച്ച്പി മഹാരാഷ്ട്രയുടെ ചുമതലയുള്ള ഗോവിന്ദ് ഷിൻഡെ, അതല്ലാത്ത ബജ്‌രംഗ്ദൾ നേതാക്കളുടെ പേരുകൾ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെകിലും അവയിലൊന്നും ഇത് വരെ അറസ്റ്റ് നടന്നിട്ടില്ല.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ കനത്ത നടപടി വേണമെന്ന് ആവശ്യം

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തിനു പിന്നാലെ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തിരുന്നു. സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൊളീജിയത്തിലെ ഭൂരിഭാഗം അംഗങ്ങളും ആഭ്യന്തര അന്വേഷണവും ഇംപീച്ച്മെന്റ് അടക്കമുള്ള കര്‍ശന നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. യോഗത്തിന് ശേഷം ജസ്റ്റിസിനെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജി ആവശ്യപ്പെടണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.

പ്രാഥമിക അന്വേഷണത്തിനും ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ പ്രതികരണത്തിനും ശേഷം, തുടര്‍ നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും ചീഫ് ജസ്റ്റിസ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ബാര്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ ഭോപ്പാലില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ വസതിയില്‍ തീപിടിത്തമുണ്ടായതിനു പിന്നാലെയാണ് പണം കണ്ടെത്തിയത്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.

 

Continue Reading

india

ബഹളം വെക്കേണ്ട, കഴുത്തിന് പിടിക്കും; വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

Published

on

പൊതുമധ്യത്തില്‍ വനിതാ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിലീപ് ഘോഷ്. പശ്ചിമ ബംഗാളിലെ ഖരഗ്പൂരില്‍ റോഡ് ഉദ്ഘാടനത്തിനെത്തിയ ബിജെപി നേതാവ് സ്ത്രീകള്‍ക്കു നേരെ തട്ടിക്കയറുകയായിരുന്നു.

എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് പറഞ്ഞ് ചില വനിതകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതുവരെ നിങ്ങള്‍ എവിടെയായിരുന്നെന്നും എം.പിയായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഒരുദിവസം പോലും കാണാനായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് കൗണ്‍സിലര്‍ റോഡ് നിര്‍മിച്ചപ്പോഴാണ് നിങ്ങള്‍ ഇവിടെ വന്നതെന്നും പരിഹസിച്ചു.

അതേസമയം മമതാ ബാനര്‍ജിയുടെ അനുയായികളാണ് പ്രതിഷേധക്കാര്‍ എന്നുപറഞ്ഞ് പ്രതിഷേധത്തെ തള്ളിക്കളയുകയാണ് ദിലീപ് ചെയ്തത്.

താനാണ് തുക അനുവദിച്ചു തന്നതെന്നും ഇത് നിങ്ങളുടെ അച്ഛന്റെ പണമല്ലെന്നും ബിജെപി നേതാവ് തട്ടിക്കയറി. എന്നാല്‍ എന്തിനാണ് അച്ഛനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും നിങ്ങളൊരു എം.പിയായിരുന്നില്ലെ എന്നും പ്തിഷേധക്കാരില്‍ ഒരാള്‍ ചോദിച്ചപ്പോള്‍ നിങ്ങളുടെ പതിനാല് തലമുറകളെ വരെ പറയുമെന്നാണ് ദിലീപ് ദേഷ്യത്തോടെ പറഞ്ഞത്. ഇതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പിന്നാലെ ഇതുപോലെ ബഹളം വെക്കരുതെന്നും കഴുത്തിന് പിടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയതോടെ ഖരഗ്പൂര്‍ ടൗണ്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം പൊലീസുകാര്‍ സ്ഥലത്തെത്തുകയായിരുന്നു.

 

Continue Reading

Trending