മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഓസീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ഇതോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി (1-1). രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് ഉയര്‍ത്തിയ 70 റണ്‍സ് വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
മായങ്ക് അഗര്‍വാള്‍ (5), ചേതേശ്വര്‍ പൂജാര (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്‌സിലെ മികവ് തുടര്‍ന്ന ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ നിന്ന് 35 റണ്‍സോടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റണ്‍സോടെയും പുറത്താകാതെ നിന്നു.
നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. രണ്ടാം ഇന്നിങ്‌സില്‍ 103.1 ഓവറില്‍ 200 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി. 69 റണ്‍സിന്റെ ലീഡ് മാത്രം.
നാലാം ദിനത്തില്‍ പാറ്റ് കമ്മിന്‍സിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഓസീസിന് ആദ്യ പ്രഹമേല്‍പ്പിച്ചത്. 103 പന്തുകള്‍ നേരിട്ട് 22 റണ്‍സുമായാണ് കമ്മിന്‍സ് മടങ്ങിയത്.
പിന്നാലെ തലേ ദിവസം ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ചുനിന്ന കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി മുഹമ്മദ് സിറാജ് ഓസീസിന് അടുത്ത പ്രഹവുമേല്‍പ്പിച്ചു. 146 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 45 റണ്‍സായിരുന്നു ഗ്രീനിന്റെ സമ്പാദ്യം. ഓസീസ് നിരയിലെ ടോപ് സ്‌കോററും ഗ്രീനാണ്.
ഏഴാം വിക്കറ്റില്‍ 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗ്രീന്‍ കമ്മിന്‍സ് സഖ്യമാണ് ഓസീസ് സ്‌കോര്‍ 150 കടത്തിയത്. ഓസീസ് ഇന്നിങ്‌സിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടും ഇതാണ്. നഥാന്‍ ലിയോണ്‍ (3), ജോഷ് ഹെയ്‌സല്‍വുഡ് (10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് 14 റണ്‍സുമായി പുറത്താകാതെ നിന്നു.