Connect with us

Culture

കുഴിച്ച കുഴിയില്‍; പൂനെയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു

Published

on

പൂനെ: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ പരാജയ ഭീതിയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 105 റണ്‍സില്‍ അവസാനിപ്പിച്ച് 155 റണ്‍സ് ലീഡെടുത്ത സന്ദര്‍ശകര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 143 എന്ന ശക്തമായ നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റ് കൂടി കയ്യിലിരിക്കെ 298 റണ്‍സ് മുന്നിലുള്ള ഓസീസ് മത്സരത്തില്‍ വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്റ്റീവന്‍ സ്മിത്തും (59) മിച്ചല്‍ മാര്‍ഷും (21) ആണ് സ്റ്റംപെടുക്കുമ്പോള്‍ ക്രീസില്‍.
സ്‌കോര്‍ ചുരുക്കത്തില്‍: ഒന്നാം ഇന്നിങ്‌സ് – ഓസ്‌ട്രേലിയ 260, ഇന്ത്യ 105. രണ്ടാം ഇന്നിങ്‌സ് – ഓസ്‌ട്രേലിയ 4 വിക്കറ്റിന് 143.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 260 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യയെ തകര്‍ത്തു കളഞ്ഞത് ആറു വിക്കറ്റ് നേടിയ സ്പിന്നര്‍ ഓകീഫെയും ഒരോവറില്‍ ചേതേശ്വര്‍ പുജാരയെയും വിരാട് കോഹ്്‌ലിയെയും മടക്കിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ്. സ്പിന്നിനെ അകമഴിഞ്ഞു പിന്തുണച്ച പിച്ചില്‍ 64 റണ്‍സ് നേടിയ ലോകേഷ് രാഹുല്‍ മാത്രമേ പൊരുതിയുള്ളൂ. മുരളി വിജയ് (10), അജിങ്ക്യ രഹാനെ (13) എന്നിവരൊഴികെ ആരും രണ്ടക്കം കടന്നതു പോലുമില്ല. സമീപകാലത്ത് മികച്ച ഫോമിലുള്ള ക്യാപ്ടന്‍ വിരാട് കോഹ്്‌ലി പൂജ്യത്തിനാണ് മടങ്ങിയത്.ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 256 എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഇന്നലെ ആദ്യ ഓവറില്‍ തന്നെ നാല് റണ്‍സ് കൂടി ചേര്‍ത്ത് അവസാനിച്ചു. വാലറ്റത്ത് മികച്ച പോരാട്ടം നടത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് (61) രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആഭ്യന്തര സീസണിലെ 64-ാം വിക്കറ്റോടെ കപില്‍ ദേവിന്റെ റെക്കോര്‍ഡ് അശ്വിന്‍ മറികടന്നു.
ബാറ്റ്‌സ്മാന്മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചില്‍ ഏഴാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ പ്രഹരമേറ്റു. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മുരളി വിജയിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ പിടികൂടുകയായിരുന്നു. സമ്മര്‍ദ്ദമകറ്റാന്‍ ഓകീഫെയെ സിക്‌സറിനു പറത്തിയ ലോകേഷ് രാഹുലിന് തൊട്ടുപിന്നാലെ വൈദ്യസഹായം തേടേണ്ടി വന്നു.
15-ാം ഓവറില്‍ ഇരട്ട പ്രഹരത്തോടെ സ്റ്റാര്‍ക്ക് ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ടീം സ്‌കോര്‍ 44-ല്‍ നില്‍ക്കെ പുജാരയുടെ (6) നെഞ്ചുയരത്തിലേക്ക് സ്റ്റാര്‍ക്ക് കുത്തിയുയര്‍ത്തിയ പന്ത് ഗ്ലൗവിലുരസി വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക്. നാലാമനായിറങ്ങിയ വിരാട് കോഹ്്‌ലിക്ക് രണ്ടു പന്തേ നേരിടേണ്ടി വന്നുള്ളൂ. ഓഫ് സ്റ്റംപിനു പുറത്തു വന്ന പന്ത് ബൗണ്ടറി കടത്താനുള്ള കോഹ്്‌ലിയുടെ അമിതാവേശം ഫസ്റ്റ് സ്ലിപ്പില്‍ ഹാന്‍സ്‌കോംബിന്റെ കൈകളില്‍ അവസാനിച്ചു.
മൂന്നിന് 44 എന്ന ഘട്ടത്തില്‍ നിന്ന് ടീമിനെ മുന്നോട്ടു നയിച്ചത് രാഹുലും അജിങ്ക്യ രഹാനെയും (13) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കിയ രഹാനെ പ്രതിരോധത്തിലൂന്നിയപ്പോള്‍ രാഹുല്‍ ഇടയ്ക്കിടെ ബൗണ്ടറി കണ്ടെത്തി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
രാഹുല്‍-രഹാനെ സഖ്യം അര്‍ധസെഞ്ച്വറി പിന്നിട്ട് മുന്നേറവെ ഇന്ത്യയുടെ നടുവൊടിച്ച ഒകീഫെയുടെ ഓവര്‍ വന്നു. സ്‌കോര്‍ 94-ല്‍ നില്‍ക്കെ ഓകീഫെയുടെ രണ്ടാം പന്ത് സിക്‌സറിനു പറത്താനുള്ള രാഹുലിന്റെ ശ്രമം അവസാനിച്ചത് ഡേവിഡ് വാര്‍ണറിന്റെ കൈകളില്‍. 97 പന്ത് നേരിട്ട രാഹുല്‍ അതിനകം പത്ത് ഫോറും ഒരു സിക്‌സറും നേടിയിരുന്നു. ഒരു പന്തിനപ്പുറം രഹാനെയും വീണു. സ്ലിപ്പില്‍ അസാധ്യമെന്ന് തോന്നിച്ച ഹാന്‍സ്‌കോംബിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ക്ഷമയോടെ ക്രീസില്‍ നിന്ന രഹാനെക്ക് തിരിച്ചടിയായത്. പിന്നാലെയെത്തിയ വൃദ്ധിമന്‍ സാഹയും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായതോടെ ഇന്ത്യ 95-ന് ആറ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. കുത്തിയുയര്‍ന്ന പന്തില്‍ എന്തുചെയ്യണമെന്നറിയാതെ ബാറ്റ് വെച്ച സാഹ സ്ലിപ്പില്‍ സ്മിത്ത് ക്യാച്ച് നല്‍കുകയായിരുന്നു.
പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു. നതാന്‍ ലിയോണ്‍ എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ഹാന്‍സ്‌കോംബിന്റെ മറ്റൊരു മനോഹര ക്യാച്ച് അശ്വിനെയും (1) മടക്കി. പ്രതിരോധത്തിനുള്ള ശ്രമത്തിനിടെ അശ്വിന്റെ ബാറ്റില്‍ തട്ടിയ പന്ത് നിലത്തുവീഴും മുമ്പ് ഹാന്‍സ്‌കോംബ് മുന്നോട്ട് ഡൈവ് ചെയ്ത് കൈക്കലാക്കിയത് അത്ഭുതകരമായിരുന്നു.
മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന ജയന്ത് യാദവിന്റേതായിരുന്നു പവലിയനിലേക്കുള്ള അടുത്ത ഊഴം. ഓകീഫെ ഗുഡ് ലെങ്തില്‍ എറിഞ്ഞ പന്ത് മുന്നോട്ടു കയറിയ യാദവിനെ (2) നിസ്സഹായനാക്കി വെട്ടിത്തിരിഞ്ഞു. പന്ത് സ്വീകരിച്ച വിക്കറ്റ് കീപ്പര്‍ വെയ്ഡ് നിമിഷാര്‍ധത്തില്‍ സ്റ്റംപിളക്കുകയും ചെയ്തു. ഓകീഫെയുടെ അടുത്ത ഓവറില്‍ രവീന്ദ്ര ജഡേജയും (2) മടങ്ങി. സിക്‌സറിനുള്ള ശ്രമത്തില്‍ ഡീപ് മിഡ്‌വിക്കറ്റില്‍ സ്റ്റാര്‍ക്കിന് അനായാസ ക്യാച്ച്. അഏടുത്ത ഓവറില്‍ ഉമേഷ് യാദവിനെ (4) സ്മിത്തിന്റെ കൈകളിലെത്തിച്ച ഓകീഫെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പൂര്‍ത്തിയാക്കി.155 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന് ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെ (10) നഷ്ടമായി. അശ്വിനെ രണ്ടു തവണ അതിര്‍ത്തി കടത്തിയ വാര്‍ണര്‍ അവസാന പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകായിരുന്നു. മൂന്നാമനായിറങ്ങിയ സ്റ്റീവ് സ്മിത്ത് സ്പിന്നിനു മുന്നില്‍ ചുവടുറപ്പിക്കാന്‍ പാടുപെടുന്നതിനിടെ, 21 പന്ത് നേരിട്ട് വിക്കറ്റൊന്നുമെടുക്കാതെ നിന്ന ഷോണ്‍ മാര്‍ഷിനെയും അശ്വിന്‍ തന്നെ മടക്കി.
നാലാം വിക്കറ്റില്‍ ഹാന്‍സ്‌കോംബിനൊപ്പം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച സ്മിത്തിന് ഭാഗ്യവും ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ അബദ്ധങ്ങളും തുണയായി. ഓസീ സ്‌കോര്‍ 42-ല്‍ നില്‍ക്കെ ലെഗ് സ്ലിപ്പില്‍ മുരളി വിജയ് ക്യാച്ച് നഷ്ടപ്പെടുത്തി. 57-ല്‍ മിഡ്ഓണില്‍ ഓസീ ക്യാപ്ടന്‍ നല്‍കിയ അവസരം കൈയിലൊതുക്കാന്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ അഭിനവ് മുകുന്ദിനും കഴിഞ്ഞില്ല. അതിനിടെ ഹാന്‍സ്‌കോംബിനെ (19) അശ്വിന്റെ പന്തില്‍ മുരളി വിജയ് ക്യാച്ചെടുത്തു പുറത്താക്കി. സ്‌കോര്‍ 80-ല്‍ നില്‍ക്കെ സ്മിത്ത് വീണ്ടും രക്ഷപ്പെട്ടു. ബാറ്റിലും പാഡിലുമുരസിയ പന്ത് ഷോര്‍ട്ട് ലെഗ് ഫീല്‍ഡറുടെ നേരെ വന്നെങ്കിലും അഭിനവ് മുകുന്ദിന് ഇത്തവണയും പിഴച്ചു.
ഒരറ്റത്ത് പേസ് ബൗളര്‍മാരെ വിരാട് കോഹ്്‌ലി കൊണ്ടുവന്നെങ്കിലും ഓസീ ക്യാപ്ടന്റെ ജാഗ്രതയെ തകര്‍ക്കാനായില്ല. മാറ്റ് റെന്‍ഷോ (31) മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷയില്‍ തളര്‍ച്ച ദൃശ്യമായിരുന്നു. ജയന്ത് യാദവിന്റെ പന്തില്‍ രഹാനെയുടെ കൈകളിലേക്കു നീങ്ങിയ ക്യാച്ച് മുരളി വിജയ് ഇടപെട്ട് അലങ്കോലമാക്കുക കൂടെ ചെയ്തതോടെ ഓസീസ് ആധിപത്യം വ്യക്തമായി. റെന്‍ഷോയെ ജയന്ത് യാദവിന്റെ പന്തില്‍ ഇശാന്ത് ശര്‍മ പിടികൂടിയെങ്കിലും മിച്ചല്‍ മാര്‍ഷും (21 നോട്ടൗട്ട്) സ്മിത്തും (59 നോട്ടട്ട്) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ സ്റ്റംപെടുക്കുംവരെ ക്രീസില്‍ തുടര്‍ന്നു.

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

Continue Reading

Film

ചലച്ചിത്ര മേഖലയില്‍ പെരുമാറ്റച്ചട്ടം നിര്‍മ്മിക്കണം; ഡബ്യൂസിസി ഹൈക്കോടതിയില്‍

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു.

Published

on

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ആവശ്യവുമായി വുമണ്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യുസിസി). സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങ് നടന്നിരുന്നു. ഇതിലാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം ആവശ്യമുയര്‍ത്തിയത്. പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. അടുത്ത ബുധനാഴ്ച കോടതി വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്

Continue Reading

Trending