Connect with us

kerala

പൊരുത്തക്കേടുകളും ദുരൂഹതകളും ബാക്കി; ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക.

Published

on

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നല്‍കിയ വിശദീകരണം. ഒരുവര്‍ഷമായി ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തു ലക്ഷം രൂപ ആവശ്യം വന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പോലീസും വിപുലമായ പരിശോധന നടത്തി. പോലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

എല്ലായിടത്തും പോലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണില്‍വിളിച്ചതിന്റെ ശബ്ദരേഖയില്‍നിന്നാണ് പ്രതികളെക്കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍നമ്പര്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പോലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വര്‍ണം തിരികെ കിട്ടി; കണ്ടെത്തിയത് മണല്‍പ്പരപ്പില്‍

പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരികെ കിട്ടി. പൊലീസ് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിനുള്ളിലെ മണൽപരപ്പിൽ സ്വർണം കണ്ടെത്തിയത്. നഷ്ടപ്പെട്ട സ്വർണ്ണം തന്നെയാണോയെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. ബോംബ് സ്ക്വാഡും പൊലിസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്ട്രോങ് റൂമിലെ സ്വർണം നിലത്ത് വന്നത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.

വ്യാഴാഴ്ചയാണ് 107 ഗ്രാം സ്വര്‍ണം മോഷണം പോയത്. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്.

ഇന്നലെ രാവിലെ ജോലിക്കാർ എത്തിയ ശേഷം സ്വർണം തൂക്കി നോക്കിയപ്പോഴാണ് പതിമൂന്നര പവൻ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

 

Continue Reading

kerala

വടകരയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

Published

on

വടകരയില്‍ കാറും ട്രാവലര്‍ വാനും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ചോറോട് സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വടകര രജിസ്‌ട്രേഷനുള്ള കാറും കര്‍ണാടക രജിസ്‌ട്രേഷനുള്ള ട്രാവലര്‍ വാനുമാണ് മൂരാട് പാലത്തിനു സമീപം കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം

ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം.

Published

on

രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചുവെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കരുത്. അവശ്യ സേവനങ്ങള്‍ക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയുടെ പരിധിയില്‍ പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതല്‍ മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവിട്ടു.

ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകള്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.

Continue Reading

Trending