X

ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കാപ്പാ തടവുകാരനായി വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് രാഹുലിനെ ആക്രമിച്ച കേസിലാണ് നടപടി. വിയ്യൂര്‍ പോലീസ് അറസ്റ്റിനായി കോടതിയുടെ അനുമതി തേടി. ഇതു സംബന്ധിച്ച അപേക്ഷ തൃശൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.ജയിലില്‍ നടന്ന സംഭവമായതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആയിരിക്കും ചോദ്യം ചെയ്യല്‍.

ഫോണ്‍ ഉപയോഗിക്കുന്ന സംശയത്തെ തുടര്‍ന്ന് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ ആകാശ് മര്‍ദ്ദിച്ചത്. ഇതിന് ശേഷം രാഹുല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ ചികിത്സ തേടിയിരുന്നു. രാഹുലിന്റെ പരാതിയിലാണ് ആകാശനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി വിയ്യൂര്‍ പൊലീസ് കേസെടുത്തത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാപ്പ തടവുകാരനാണ് ആകാശ് തില്ലങ്കേരി.

സെല്ലില്‍ ആകാശ് കിടക്കുന്നത് കാണാന്‍ കഴിയാത്ത തരത്തില്‍ തുണികൊണ്ട് മറച്ചത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ്.

പരുക്കേറ്റ അസിസ്റ്റന്റ് ജയിലര്‍ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത്, കാപ്പ ചുമത്തപ്പെട്ടാണ് ആകാശ് തില്ലങ്കേരി നിലവില്‍ ജയിലില്‍ കഴിയുന്നത്.

webdesk13: