ജെയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലെത്തുന്നത്.
സാഗ്വാരയിലെ ദംഗര്‍പൂരില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് പ്രചാരണ പരിപാടിക്കെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച അതേ വേദിയില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുക.തെരഞ്ഞടുപ്പ് പ്രചാരണത്തിന് ആഗസ്റ്റില്‍ ഔദ്യോഗിക തുടക്കമായതിന് ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനം സന്ദര്‍ശിക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും മൂന്ന് ലക്ഷം പ്രവര്‍ത്തകര്‍ എത്തുമെന്നും പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അറിയിച്ചു.
റാഫേല്‍ ഇടപാട്, മല്ല്യയുടെ വെളിപ്പെടുത്തല്‍, ഇന്ധനവില വര്‍ധന,സ്ത്രീ സുരക്ഷ, കര്‍ഷക ആത്മഹത്യ, ആള്‍ക്കൂട്ട കൊല, തുടങ്ങിയവയാണ് കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നത്. ദംഗര്‍പൂരിലെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം സംസ്ഥാന നേതാക്കളുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.
രാജസ്ഥാനില്‍ വസുന്ധര രാജെ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലെടുത്ത്് അധികാരം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.