Connect with us

india

ആംആദ്മി പാര്‍ട്ടിയോടുള്ള പ്രതിഷേധ സൂചകമായി യമുനയില്‍ മുങ്ങിക്കുളിച്ചു; ബി.ജെ.പി നേതാവിന് ചൊറിച്ചില്‍

ഡല്‍ഹി ബി.ജെ.പി അധ്യക്ഷനായ വീരേന്ദ്ര സച്ച്‌ദേവിനെയാണ് വ്യത്യസ്തമായ സമരരീതി പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

Published

on

2025ഓടെ യമുന നദി ശുദ്ധീകരിക്കുമെന്ന് വാഗ്ദാനം ചെയ്ത ആം ആദ്മി സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ യമുന നദിയില്‍ ഇറങ്ങിക്കുളിച്ച് പ്രതിഷേധിച്ച ബി.ജെ.പി നേതാവിന് ചൊറിച്ചില്‍. ഡല്‍ഹി ബി.ജെ.പി അധ്യക്ഷനായ വീരേന്ദ്ര സച്ച്‌ദേവിനെയാണ് വ്യത്യസ്തമായ സമരരീതി പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരീരത്തില്‍ തിണര്‍പ്പുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നും ശ്വാസതടസം അനുഭവപ്പെട്ടതും കാരണമാണ് വീരേന്ദ്ര, ആര്‍.എം.എല്‍ അശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹത്തിന് മൂന്ന് ദിവസത്തേക്ക് ഡോക്ടര്‍ മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യമുന നദി ശുദ്ധീകരണത്തിനായുള്ള പദ്ധതി ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വീരേന്ദ്ര നദിയിലേക്കിറങ്ങിയത്. തുടര്‍ന്ന് സര്‍ക്കാരിന്റെ തെറ്റിന് വീരേന്ദ്ര നദിയോട് മാപ്പ് ചോദിച്ച് പ്രസ്താവനയും ഇറക്കിയിരുന്നു.

എന്നാല്‍ വീരേന്ദ്രയുടെ ഈ പ്രവര്‍ത്തി മലിനീകരണ തോത് ഉയരുന്നത് പോലെ ബി.ജെ.പിയുടെ നാടകവും ശക്തിപ്പെടുത്തുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി പരിസ്ഥിതി മന്ത്രിയുമായ ഗോപാല്‍ റായ് പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലേയും യു.പിയിലേയും സര്‍ക്കാരുകളാണ് വ്യവസായശാലകളിലെ മലിന ജലം ഒഴുക്കി വിട്ട് നദി മലിനമാക്കുന്നതെന്നും ഗോപാല്‍ റായ് കൂട്ടിച്ചേര്‍ത്തു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയാല്‍ യമുന ക്ലീനിംഗ് അതോറിറ്റി രൂപീകരിക്കുമെന്നും വീരേന്ദ്ര സച്ച്‌ദേവ പ്രതിജ്ഞയെടുത്തിട്ടുണ്ട്.  2025ലെ ഛത് പൂജയ്ക്ക് മുമ്പ് ദല്‍ഹിയിലെ ജനങ്ങള്‍ക്ക് യമുന നദിയില്‍ കുളിക്കാമെന്ന് കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തിരുന്നതായും അതിനാല്‍ ആദ്യം കെജ്‌രിവാള്‍ മുങ്ങിക്കുളിക്കാന്‍ തയ്യാറാവണമെന്നും സച്ച്ദേവ വെല്ലുവിളിച്ചു.

india

ഹൈദരാബാദ് ഇഫ്‌ളു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്; എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം

തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) യൂണിയൻ ഇലക്ഷനിൽ എം.എസ്.എഫ് മുന്നണിയായ ഡെമോക്രയേറ്റിക് ഫ്രണ്ടിന് ഉജ്ജ്വല വിജയം. തെലുഗു സ്റ്റുഡൻസ് ഫെഡറേഷൻ(ടി.എസ്.എഫ്), എം.എസ്.എഫ് എന്നിവർ ചേർന്ന ഡെമോക്രാറ്റിക് ഫ്രണ്ടും ഇടത് സഖ്യവും ചേർന്ന് യൂണിയൻ നയിക്കും.

യൂണിയൻ പ്രസിഡന്റായി വികാസ് പൊരിക, വൈസ് പ്രസിഡന്റായി ആർദ്ര, ജനറൽ സെക്രട്ടറി ദീന ജോർജ്, ജോയിന്റ് സെക്രട്ടറിയായി നൂറ മൈസൂൺ, കൾച്ചറൽ സെക്രട്ടറി സൗമ്യ, സ്‌പോർട്‌സ് സെക്രട്ടറിയായി അർബാസ് അമൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്‌കൂൾ ഓഫ് ലാംഗ്വേജ് എജുക്കേഷൻ കൗൺസിലറായി ഫായിസ്, സ്‌കൂൾ ഓഫ് ലിറ്ററൽ സ്റ്റഡീസ് കൗൺസിലറായി സലാമ, സ്‌കൂൾ ഓഫ് കഫ്റ്റീരിയ കൗൺസിലറായി റഫ്‌ന എന്നിവർ എം.എസ്.എഫിന്റെ പ്രതിനിധികളായി വിജയിച്ചു.

എ.ബി.വിപിക്ക് ഒരു ഇടവും നൽകാതെ തെരഞ്ഞെടുപ്പ് ചരിത്ര വിജയമാക്കിയ പ്രവർത്തകരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്‌മദ് സാജു അഭിനന്ദിച്ചു. ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തെ മാതൃകയാക്കി എ.ബി.വി.പി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. മതേതര ചേരിയെ ശക്തിപ്പെടുത്താൻ എം എസ് എഫ് മുന്നിൽ നിൽക്കുമെന്നും അഹമ്മദ് സാജു പറഞ്ഞു.

Continue Reading

india

അദാനിയെ ഉടൻ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മോദി; രാഹുൽ ഗാന്ധി

പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല

Published

on

ന്യൂഡല്‍ഹി: ഗൗതം അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചതായി വ്യക്തമായെന്ന് രാഹുൽ ഗാന്ധി. ”അദാനി ഇപ്പോഴും രാജ്യത്ത് സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ട്. അദ്ദേഹമാണ് അദാനിയെ സംരക്ഷിക്കുന്നത്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

”വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണം. ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഫണ്ടിംഗിന് പിന്നിൽ അദാനിയാണ്. പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർന്നെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഗൗതം അദാനിക്കെതിരെ അഴിമതി കുറ്റമാണ് ന്യൂയോർക്ക് കോടതി ചുമത്തിയത്. വഞ്ചനയ്ക്കും തട്ടിപ്പിനുമാണ് കേസ്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകൾ ലഭിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് കുറ്റപത്രം. രണ്ട് ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ വിതരണ കരാറുകള്‍ നേടുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം.

കൂടാതെ, തങ്ങളുടെ കമ്പനി അഴിമതി രഹിത നയമാണ് സ്വീകരിക്കുന്നത് എന്ന് യുഎസ് ഭരണകൂടത്തെയും നിക്ഷേപകരെയും അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് തെറ്റിദ്ധരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയും കോടതി കേസെടുത്തു.

Continue Reading

india

ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം, ഗ്രൂപ്പ് ഓഹരികളില്‍ 20 ശതമാനം ഇടിവ്

അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം.

Published

on

അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കൈക്കൂലി കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ്. സംഭവത്തെ തുടര്‍ന്ന് ഓഹരി വിപണി കനത്ത ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊല്യൂഷന്‍സ് എന്നിവ പത്തുമുതല്‍ 20 ശതമാനം വരെ ഇടിഞ്ഞതായാണ് വിവരം.

ബിഎസ്ഇ സെന്‍സെക്സ് 600ലധികം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 220 പോയിന്റ് നഷ്ടത്തോടെ 23,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യന്‍ ഡോളറില്‍ അധികം കൈക്കൂലി നല്‍കിയെന്നതാണ് കുറ്റം. രണ്ടു ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു. കോഴ നല്‍കിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരില്‍ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ അനന്തരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴുപേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ന്യൂയോര്‍ക്കില്‍ യുഎസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. യുഎസ് സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷനും അദാനി ഗ്രീന്‍ എനെര്‍ജിക്കെതിരെ അഴിമതി കുറ്റം ചുമത്തി സിവില്‍ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.

ഇന്‍ഫോസിസ്, എച്ച്സിഎല്‍, ടിസിഎസ്, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഹിന്‍ഡാല്‍കോ എന്നി ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ എസ്ബിഐ, എന്‍ടിപിസി, ബിപിസിഎല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു.

Continue Reading

Trending