Connect with us

india

‘ഇനിയും ഇവിടെ തുടരാൻ പേടിയുണ്ട്‌’; ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ വീട് ഉപേക്ഷിച്ച് മുസ്‌ലിം കുടുംബങ്ങള്‍

48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Published

on

ഡല്‍ഹിയിലെ സംഗം വിഹാറിലെ ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം കണ്ടെത്തിയതിന് പിന്നാലെ പ്രദേശവാസികള്‍ ജീവഭയത്താല്‍ വീട് വിട്ട് പോയതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച ക്ഷേത്ര പരിസരത്ത് നിന്ന് പശുമാംസം ലഭിച്ചതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. 48 മണിക്കൂറിനുള്ളില്‍ പശുമാംസം ഉപേക്ഷിച്ചവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളെയും കൊല്ലുമെന്ന് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഹിന്ദു സംഘടനകള്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയത് പ്രദേശത്താകെ അസ്വസ്ഥത വര്‍ധിപ്പിച്ചു. പിന്നാലെ പ്രദേശത്ത് നിന്ന് നിരവധി ആളുകള്‍ ജീവഭയത്താല്‍ വീട് വിട്ട് അയല്‍ പ്രദേശങ്ങളിലേക്ക് പോയെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹിന്ദു സംഘടനാ നേതാവിന്റെ പ്രകോപനപരമായ പ്രസംഗം പുറത്ത് വന്നതിന് പിന്നാലെ പ്രദേശത്തെ ജനങ്ങള്‍ വീടൊഴിഞ്ഞ് പോയെന്ന് സംഗം വിഹാറിലെ ഷാന്‍ മുഹമ്മദ് എന്ന പ്രദേശവാസി പറഞ്ഞു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എന്റെ ചുറ്റുമുള്ള വീടുകളിലുള്ളവര്‍ സുരക്ഷിത സ്ഥലം തേടി പോയി. ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം ഞാന്‍ എന്റെ മക്കളെയും കൂട്ടി വീട് വിട്ട് പോയെന്ന് ഷാന്‍ മുഹമ്മദ് ദേശീയ മാധ്യമമായ ദി പ്രിന്റിനോട് പറഞ്ഞു.

താനും തന്റെ നാലംഗ കുടുംബവും ഇപ്പോള്‍ കാപൂര്‍ ദേഹത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് പതിറ്റാണ്ടിലേറെയായി താന്‍ താമസിക്കുന്നത് സംഗം വിഹാറിലാണെന്നും സ്ഥിതിഗതികള്‍ സാധാരണ നിലയിലായാല്‍ മടങ്ങിവരാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അക്രമം ഉണ്ടാകുമെന്ന് ഭയന്ന് താനും കുടുംബവും ദക്ഷിണ ഡല്‍ഹിയിലെ ബന്ധുവീട്ടില്‍ അഭയം പ്രാപിച്ചെന്ന് സംഗം വിഹാറിലെ മറ്റൊരു പ്രദേശവാസി ഇസ്രാര്‍ അലി പറഞ്ഞു. 2 ദിവസത്തിന് ശേഷം തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീട് വിട്ട് പോയ പലരും ഇപ്പോഴും തിരിച്ചെത്തിയിട്ടില്ല. സ്ഥിതിഗതികള്‍ അല്‍പ്പം ശാന്തമായതിനാല്‍ പലരും മടങ്ങി വരാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 12 ഓളം കുടുംബങ്ങള്‍ വീടുവിട്ട് പോയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഈയിടെയായി ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് കുറവാണെന്ന് പശുമാംസം ഉപേക്ഷിച്ചെന്ന് പറയുന്ന ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പ്രദേശവാസിയായ സീമ സോണി പറഞ്ഞു.

‘അയല്‍വാസികളെല്ലാം വലിയ ഭയത്തിലാണ്. അവര്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഈ സംഭവത്തിന് ശേഷം ആളുകള്‍ വീടിന് പുറത്തിറങ്ങുന്നത് കുറവാണ്. എന്നാല്‍ പൊലീസിന് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,’ സീമ സോണി പറഞ്ഞു. ‘

ജനങ്ങളില്‍ വലിയ രീതിയില്‍ ഭയം പടര്‍ന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഉണ്ടായ കാര്യങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയതാണ് ആളുകളെ വീട് വിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് പ്രദേശത്തെ മറ്റൊരു താമസക്കാരനായ മുഹമ്മദ് മുദസര്‍ പറഞ്ഞു.എന്നാല്‍ സംഗം വിഹാര്‍ പൊലീസ് സംഭവത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസ് പ്രതികരിച്ചത്.

ഡല്‍ഹിയില്‍ ക്ഷേത്രത്തിന് സമീപം പശുമാംസം കണ്ടെത്തിയെന്ന് ആരോപിച്ച് പൊലീസിനെയും പ്രദേശത്തെ മുസ്ലിംകളെയും ബി.ജെ.പിയുടെ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിംകളെയും കൊല്ലുമെന്ന് ഇയാള്‍ പൊലീസിനോട് പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

india

വോഡഫോൺ ഐഡിയയും നിരക്ക് വർധിപ്പിച്ചു

എയര്‍ടെലിന് സമാനമായ നിരക്ക് വര്‍ധനയാണ് വോഡഫോണ്‍ ഐഡിയയിലും വരുത്തിയിരിക്കുന്നത്.

Published

on

ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു. ജൂലായ് 4 മുതല്‍ വര്‍ധനവ് നിലവില്‍ വരും. എയര്‍ടെലിന് സമാനമായ നിരക്ക് വര്‍ധനയാണ് വോഡഫോണ്‍ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വര്‍ധിപ്പിച്ചു.

പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസത്തെ പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കായ 269 രൂപയുടെ പ്ലാനിന് ഇനിമുതല്‍ 299 രൂപ നല്‍കേണ്ടി വരും. 28 ദിവസം 1.5 ജിബി ഡേറ്റ ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ നിരക്ക് 349 രൂപയായി വര്‍ധിപ്പിച്ചു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഉപയോക്താക്കളുള്ള റിലയന്‍സ് ജിയോ 12.5 മുതല്‍ 25 ശതമാനം വരെ വര്‍ധനയാണ് വിവിധ പ്ലാനുകളില്‍ വരുത്തിയിരിക്കുന്നത്. എയര്‍ടെല്‍ 11 മുതല്‍ 21 ശതമാനം വരെയാണ് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.

ജൂലൈ 3 മുതല്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെല്‍ താരിഫ് ഉയര്‍ത്താന്‍ കാരണം.

Continue Reading

india

ഭോജ്ശാല ക്ഷേത്രം-കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്തിയത് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന്

ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട്  ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ഹരജിയിൽ സർവേ നടത്താൻ മാർച്ച് 11ന് മധ്യപ്രദേശ് ഹൈക്കോടതി ഏജൻസിയോട് നിർദ്ദേശിച്ചിരുന്നു. 

Published

on

മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല ക്ഷേത്രം-കമൽ മൗല മസ്ജിദ് സമുച്ചയത്തിൽ സർവേ നടത്തുന്നതിന് ചുമതലപ്പെടുത്തിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ ലംഘിച്ചതായി പരാതി. പ്രദേശത്തെ പ്രധാന മുസ്‌ലിം പണ്ഡിതനായ വഖാർ സാദിഖ് ആണ് സംഭവത്തിൽ  പരാതി അറിയിച്ചത്.
മധ്യ കാലഘട്ടത്തിൽ നിർമിച്ച ഈ ആരാധനാലയം മുസ്‌ലിങ്ങളും ഹിന്ദുക്കളും ഒരു പോലെ പ്രാർത്ഥനക്കുള്ള ഇടമായി കാണുന്നു. വാഗ് ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് ഹിന്ദുക്കളും കമൽ മൗല മസ്ജിദാണെന്ന് മുസ്‌ലിങ്ങളും കരുതുന്നു.
ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചാണ് മസ്ജിദ് നിർമിച്ചതെന്ന് അവകാശപ്പെട്ട്  ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ ഹരജിയിൽ സർവേ നടത്താൻ മാർച്ച് 11ന് മധ്യപ്രദേശ് ഹൈക്കോടതി ഏജൻസിയോട് നിർദ്ദേശിച്ചിരുന്നു.
കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ സർവേയർമാർ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ ഖനനം നടത്തരുതെന്നും  ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ 98 ദിവസം നീണ്ടു നിന്ന സർവേയിൽ കോടതി നിർദേശങ്ങൾ ലംഘിച്ചതായി മുസ്‌ലിം പണ്ഡിതൻ പറഞ്ഞു.
ഒരു ഹിന്ദു ദേവൻ്റെ തകർന്ന പ്രതിമ ഉൾപ്പെടെ നിരവധി ഹിന്ദു പുരാവസ്തുക്കൾ സർവേയിൽ കണ്ടെത്തിയതായി കേസിലെ ഹരജിക്കാരനായ ആശിഷ് ഗോയൽ വ്യാഴാഴ്ച എ.എൻ.ഐയോട് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ തനിക്ക് അധികാരമില്ലെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ലോക്കൽ കൺസർവേഷൻ അസിസ്റ്റൻ്റ് പ്രശാന്ത് പടങ്കർ പറഞ്ഞു.

Continue Reading

Cricket

ഗുജറാത്തിൽ ക്രിക്കറ്റ് ടൂർണമെന്റിനിടെ മുസ്‍ലിം യുവാവിനെ അടിച്ചുകൊന്നു

മത്സരം തുടങ്ങിയതോടെ കാണികളിൽ ഒരു വിഭാഗം ‘ജയ് ശ്രീരാം’ വിളിക്കാൻ തുടങ്ങി

Published

on

ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മുസ്‌ലിം യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. 23കാരനായ സല്‍മാന്‍ വൊഹ്‌റയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 22ന് ഗുജറാത്തിലെ ചിഖോദരയിലാണ് സംഭവം. പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരം കാണാന്‍ പോയതായിരുന്നു സല്‍മാന്‍. പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് ഇദ്ദേഹം മരണപ്പെട്ടത്.

ടൂര്‍ണമെന്റില്‍ മുസ്‌ലിം താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനെ തുടര്‍ന്നാണ് പ്രദേശത്തെ ഹിന്ദുത്വ വാദികള്‍ സംഘര്‍ഷം സൃഷ്ടിച്ചതെന്ന് ദേശീയ മാധ്യമമായ ‘ദെ ക്വിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ കളിക്കാര്‍ മുസ്‌ലിംകളായിരുന്നു. ഫൈനലിലെത്തിയ ഒരു ടീമില്‍ ഭൂരിഭാഗം പേരും മുസ്‌ലിംകളായിരുന്നു. എതിര്‍ ടീമിലും രണ്ട് മൂന്ന് താരങ്ങള്‍ മുസ്‌ലിംകളാണ്.

വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുസ്‌ലിം താരങ്ങള്‍ സുരക്ഷിതരല്ലെന്നും ടൂര്‍ണമെന്റ് സംഘാടകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മത്സരം വീക്ഷിക്കാനായി 5000ഓളം പേര്‍ തടിച്ചുകൂടിയിരുന്നു. മത്സരം തുടങ്ങിയതോടെ കാണികളില്‍ ഒരു വിഭാഗം ജയ് ശ്രീരാം വിളിക്കാന്‍ തുടങ്ങി. മുസ്‌ലിം താരങ്ങള്‍ നല്ല രീതിയില്‍ കളിക്കരുതെന്നായിരുന്നു അവരുടെ ലക്ഷ്യമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതിനിടയിലാണ് മദ്യപിച്ചെത്തിയ ഒരു സംഘം ആളുകള്‍ സല്‍മാനുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്. പാര്‍ക്കിങ് സ്റ്റാന്‍ഡില്‍നിന്ന് ബൈക്ക് മാറ്റാന്‍ അവര്‍ സല്‍മാനോട് ആവശ്യപ്പെട്ടു. കുറച്ചു സമയങ്ങള്‍ക്ക് ശേഷം കൂടുതല്‍ പേരുമായി അവര്‍ തിരിച്ചെത്തി. മദ്യപിച്ചെത്തിയ ഒരാള്‍ സല്‍മാനാണെന്ന് തെറ്റിദ്ധരിച്ച് സുഹൈല്‍ എന്ന യുവാവിനെ ആക്രമിക്കാന്‍ തുടങ്ങി. സുഹൈലിനെ രക്ഷിക്കാനായി ശ്രമിച്ചതോടെ സല്‍മാന് നേരെയായി ആക്രമണം.

ക്രൂരമായ മര്‍ദനത്തിനാണ് ഇയാള്‍ ഇരയായത്. വലത് കൈയില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. കണ്ണിന് താഴെ മുറിവേറ്റു. കത്തികൊണ്ടുള്ള കുത്തേറ്റ് വൃക്കക്ക് തകരാറ് സംഭവിച്ചു. വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി. ചെവി കടിച്ചുമുറിച്ചിരുന്നതായും സല്‍മാന്റെ അമ്മാവന്‍ നൊമാന്‍ വെഹ്‌റ ‘ദെ ക്വിന്റി’നോട് പറഞ്ഞു.

കത്തി വൃക്കയില്‍ തട്ടിയതാണ് മരണത്തിന്റെ പ്രധാനകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സല്‍മാനെ കൂടാതെ മറ്റു രണ്ടു മുസ്‌ലിം ചെറുപ്പക്കാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. 2 മാസം മുമ്പാണ് സല്‍മാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ മാഷിറ ഗര്‍ഭിണിയാണ്.

സല്‍മാന്റെ കുടുംബം ജൂണ്‍ 23ന് ആനന്ദ് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ ഇതുവരെ ഒമ്പതുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, സല്‍മാനെ ബാറ്റുകൊണ്ടും കത്തികൊണ്ടും മര്‍ദിച്ച വിഷാല്‍, ശക്തി എന്നിവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടി?ല്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂടാതെ കേസില്‍ ക്രമിനല്‍ ഗൂഢാലോചനാ കുറ്റം ഉള്‍പ്പെടുത്തിയിട്ടില്ലെന്നും പരാതിയുണ്ട്.

Continue Reading

Trending