ടി.എച്ച് ദാരിമി
നന്മ പ്രബോധനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട വഴിയാണ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ യൂസുഫ് നബിയുടെ ചരിത്രത്തിനിടെ ഇത് സൂചിപ്പിക്കുന്നുണ്ട്. തന്റെ രണ്ട് സഹതടവുകാര്‍ ഓരോ സ്വപ്‌നങ്ങള്‍ കാണുന്നു. അതിന്റെ വ്യാഖ്യാനം അറിയാന്‍ അവര്‍ക്ക് തിടുക്കമുണ്ടാവുന്നു. ആ കാലത്തിന്റെ ത്വരയും ആകാംക്ഷയുമായിരുന്നു അത്. കാരണം, സ്വപ്‌നത്തിലൂടെ ദൈവം തന്നോട് നേരിട്ടു സംസാരിക്കുകയാണ് എന്നാണ് അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. അതോടൊപ്പം ഇവര്‍ കണ്ട സ്വപ്‌നം പല ആശങ്കകളും ഉളവാക്കുന്നതുമായിരുന്നു. തങ്ങളുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അറിഞ്ഞു കിട്ടാനുള്ള തീവ്രമായ ആഗ്രഹത്തില്‍ നില്‍ക്കുകയായിരുന്ന അവരെ അത് ഞാനിപ്പോള്‍ പറഞ്ഞു തരാം എന്ന മട്ടില്‍ ശ്വാസമടക്കിപ്പിടിച്ചു നിറുത്തി യൂസുഫ് നബി അവരോട് പറയുന്നത് ഏക ദൈവ വിശ്വാസത്തെ കുറിച്ചാണ്. അത് യുക്തിപരമായി പറഞ്ഞതിന് ശേഷമാണ് അദ്ദേഹം അവരുടെ സ്വപ്‌നം വ്യാഖ്യാനിക്കുന്നത് (യൂസുഫ്: 30-42). തനിക്ക് കൈവന്ന സുവര്‍ണാവസരത്തെ തന്റെ ദൗത്യമായ ആദര്‍ശ പ്രചാരണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി എന്നു ചുരുക്കം. തന്ത്രപൂര്‍വം പ്രബോധനം ചെയ്യുക എന്നും (നഹ്ല്‍: 125) അകക്കാഴ്ചയോടെ പ്രബോധനം ചെയ്യുക എന്നും (യൂസുഫ്: 108) അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ദ്ദേശിക്കുന്നതിന്റെ സാധ്യവും ഇതുതന്നെയാണ്.
ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തെ അങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോക ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പലരും അഭിപ്രായപ്പെട്ടത് ഈ അര്‍ഥത്തിലാണ്. ജര്‍മനിയിലെ ഉലമാക്കളുടെയും പ്രബോധകരുടെയും സംഘടനയുടെ പരമാധ്യക്ഷന്‍ ശൈഖ് ത്വാഹാ ആമിര്‍ പറയുന്നത് ഖത്തര്‍ ഈ അവസരം ഇസ്‌ലാമിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ സവിശേഷതകളെ ലോകത്തിന് പരിചയപ്പെടുത്താനും ഉപയോഗപ്പെടുത്തണം എന്നാണ്. ഇസ്‌ലാമിന്റെ ഉന്നത മൂല്യങ്ങളായ ഔദാര്യം, സ്വീകരണം, സുരക്ഷാബോധവും സന്നാഹവും എല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നും വരുന്നവര്‍ക്ക് തന്ത്രപരമായി മനസ്സിലാക്കിക്കൊടുക്കണം. സൂറത്തുല്‍ ഹുജറാത്തില്‍, അല്ലാഹു മനുഷ്യരെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയിരിക്കുന്നത് നിങ്ങള്‍ പരസ്പരം പരിചയപ്പെടാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞത് ശൈഖ് ത്വാഹാ ഉദ്ധരിച്ചു. ഈ സൂക്തത്തിലെ പരിചയപ്പെടല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ് എന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു.
സത്യത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ പ്രയോഗം ഈ പശ്ചാതലത്തില്‍ മാത്രമല്ല, പൊതു സമൂഹിക ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ അനിവാര്യതയാണ്. ലോകത്ത് നടക്കുന്ന എല്ലാ അധിക്ഷേപങ്ങളുടെയും കാരണം അത് ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അറിവില്ലായ്മയാണ്. ഇന്നത്തെ കാലത്ത് മതങ്ങള്‍ അടക്കമുള്ള സംഘ സമൂഹങ്ങളെല്ലാം പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണല്ലോ. ഒരു കക്ഷിക്കാരന്‍ മറ്റൊരു കക്ഷിക്കാരനെകുറിച്ച് വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകളില്‍ നിന്നാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഇത് നമ്മുടെ സാമൂഹ്യ പരിസരത്ത് മാത്രമല്ല, ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതാണ്. ഇത്തരം തെറ്റായ മുന്‍ധാരണകള്‍ മാറ്റിയെടുക്കാന്‍ അവസരങ്ങളില്‍ നാം സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഖത്തറില്‍ അത് ഏറെ പ്രസക്തമാണ്. അതിനു കാരണമുണ്ട്. ഏഷ്യയില്‍ രണ്ടാമത്തെതാണെങ്കിലും അറബ് മേഖലയില്‍ ഇതാദ്യമായാണ് ലോക ഫുട്‌ബോള്‍ മാമാങ്കം എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വൈകാരികോത്സവമാണ് ഇത്. അതില്‍ ലോകത്തെ ഏതാണ്ടെല്ലാ കൊലകൊമ്പന്‍മാരും വരും, പങ്കെടുക്കും. ഒരു മാസത്തോളം ആതിഥേയ രാജ്യം ഒരു മിനിയേച്ചര്‍ ഗ്ലോബായിമാറും. വിവിധ രാജ്യങ്ങളില്‍നിന്ന് കളിക്കാനും കാണാനുമായി വരുന്നവരുടെ ശ്രദ്ധയില്‍ എന്തെല്ലാം പെടുന്നുവോ അതെല്ലാം പതിഞ്ഞുകിടക്കും.
മറ്റൊരു കാരണം, ഖത്തര്‍ ലോകകപ്പിന് വേദിയാകുന്നതിനെതിരെ അന്താരാഷ്ട്ര ഭീമന്‍ രാജ്യക്കാര്‍ക്കെല്ലാം കുറേ നാളായി അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട്. അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നു, അവര്‍ക്ക് ഫുട്‌ബോള്‍ പരിചയമില്ല, അടിസ്ഥാന സൗകര്യങ്ങള്‍ പോരാ എന്നൊക്കെ ജര്‍മനിയിലെ മന്ത്രി മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വരെ ആക്ഷേപിക്കുകയുണ്ടായി. പണം കൊടുത്ത് വാങ്ങിയതാണ് അവസരം എന്നത് മറ്റു ചിലരുടെ ആക്ഷേപം. ഇതെല്ലാം വകഞ്ഞു മാറ്റിയാണ് തമീം അല്‍താനിയും നാടും ഈ അവസരം സ്വന്തമാക്കിയത്. അതിനാല്‍ നിരൂപണ ഭാവത്തിലുള്ള ശ്രദ്ധ ഖത്തര്‍ ലോകകപ്പിന്റെ ലാസ്റ്റ് വിസില്‍ വരെ ഉണ്ടാകും എന്നുറപ്പാണ്. ഈ ശ്രദ്ധയെ ഇസ്‌ലാമിനു കൂടി വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് ത്വാഹാ ആമിര്‍ പറയുന്നത്. അല്ലെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ഇതുകൊണ്ടുള്ള ഫലവും. ബില്യണ്‍ കണക്കില്‍ ഡോളര്‍ ചെലവഴിച്ച് ലോകകപ്പ് നടത്തിയിട്ട് ഖത്തറിന് നേരിട്ട് സാമ്പത്തിക നേട്ടമൊന്നും കാര്യമായി ഇല്ല. മത്സരത്തിന്റെ പണം ഫിഫയുടെ പെട്ടിയിലാണ് വീഴുക. പിന്നെ, സൈഡ് കച്ചവടം, ടൂറിസം, ഗുഡ് വില്‍ ഇവ മൂന്നും വഴിയാണ് ലാഭം വന്നു ചേരുക. അതെത്രയോ ഇരട്ടി ആയിരിക്കുമെന്നത് ശരി തന്നെയാണ്. ആ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് തങ്ങളുടെ രാജ്യം, പൈതൃകം, സംസ്‌കാരം, മതം തുടങ്ങിയവയുടെ പ്രമോഷന്‍. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ചെറുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണെങ്കിലും തങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യത്തിലും അത് ആവിഷ്‌കരിച്ച അറബ് പാരമ്പര്യത്തിലും അഭിമാനിക്കുകയും തുറന്ന്പറയുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍.
അയര്‍ലന്റിലെ യൂറോപ്യന്‍ യൂണിയന്‍ ഫത്‌വാ ആന്റ് റിസര്‍ച്ച് ബോര്‍ഡിന്റെ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ ഹലാവ പറയുന്നതും ഇതുതന്നെയാണ്. മത്സരത്തിന് വരുന്ന ആളുകള്‍ ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും അറബ് ഇസ്‌ലാമിക രാജ്യത്ത് വരുന്നത്. അവര്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെ പരിചയപ്പെടുത്താന്‍ ഇതൊരു നല്ല അവസരമാണ്. അതിന് സൃഷ്ടിക്കേണ്ടത് നമ്മുടെ സംസ്‌കാരം അവര്‍ക്ക് അനുഭവപ്പെടാനുള്ള സാഹചര്യമാണ്. കച്ചവടങ്ങള്‍ക്കായി വന്നവരും പോയവരും വഴി ഇസ്‌ലാമിക സംസ്‌കാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ഒപ്പം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. സ്‌പെയിനിലെ അസ്ഹര്‍ പണ്ഡിതരുടെ കൂട്ടായ്മയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലെ രാഷ്ട്രമീമാംസയിലെ അധ്യാപകന്‍ ഡോ. അബ്ദുല്‍ മവുജൂദ് ദര്‍ദ്ദീരി, തുര്‍ക്കിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. യൂസുഫ് കാതിബ് ഓഗ് ലോ, ട്രിപോളിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഇസ്വാമുസ്സുബൈര്‍ തുടങ്ങി നിരവധി പേര്‍ ഇതേ കാഴ്ചപ്പാടുകാരാണ്. ഈ അഭിപ്രായങ്ങള്‍ എല്ലാം തികച്ചും വിശുദ്ധവും നിഷ്‌കളങ്കരുമാണ്. ഇവരെല്ലാം പറയുന്നതിന്റെ സ്വരവും ധ്വനിയും കളി വെറും കളിയാകരുത് എന്നും അതില്‍ സാംസ്‌കാരികതയുടെ നീക്കിവെപ്പും കൈമാറ്റവുംകൂടി ഉണ്ടായിരിക്കണമെന്നുമാണ്. അത് തെറ്റായ അര്‍ഥത്തിലേക്കും ലക്ഷ്യത്തിലേക്കും നീങ്ങുന്നതിനെ ഇവരാരും പിന്തുണക്കുന്നില്ല.
അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത് അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ ശൈലി തന്നെയാണ്. നബി (സ) അങ്ങനെ ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. പരിശുദ്ധ മക്കയില്‍ തീര്‍ഥാടനത്തിനും വ്യാപാരത്തിനുമായി എത്തുന്ന വിദേശികള്‍ക്കിടയിലൂടെ ചുറ്റി നടക്കുന്നതും അവര്‍ക്ക് തന്റെ ദൗത്യത്തെ കുറിച്ച് വിവരം നല്‍കുന്നതും നബി (സ) തിരുമേനിയുടെ പതിവായിരുന്നു. അതിലൂടെ ഇസ്‌ലാം ധാരാളം മനസ്സുകളില്‍ എത്തി എന്നത് അനുഭവമാണ്. എന്നല്ല, ഇത് തദ്ദേശീയരായ എതിരാളികളെ തെല്ല് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ത്വുഫൈല്‍ ബിന്‍ അംറ് അദ്ദൗസീ, ളിമാദ് അല്‍ അസ്ദീ തുടങ്ങിയവരൊക്കെ ഈ അനുഭവത്തില്‍ ഇസ്‌ലാമില്‍ എത്തിയവരാണ്. തന്നെയുമല്ല, തന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും ഗതി തിരിച്ചുവിട്ട മദീനാ ഹിജ്‌റയിലേക്ക് നബി എത്തിച്ചേരുന്നത് അങ്ങനെയാണല്ലോ. മിനാ താഴ്‌വാരത്തു കൂടി ഇതേ ദൗത്യവുമായി ചുറ്റി നടക്കുന്നതിനിടെയായിരുന്നു യത്‌രിബുകാരായ തീര്‍ഥാടകരെ കണ്ടുമുട്ടിയും അവരുമായുള്ള ബന്ധം തുടങ്ങിയതും. ഈ പറഞ്ഞതെല്ലാം ഖത്തര്‍ നേരത്തെ ഉള്‍ക്കൊണ്ടതു തന്നെയായിരുന്നു എന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്‌ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്‍ഷകമാകാന്‍ വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍ അനുവദിക്കില്ലെന്നു തുറന്നുപറഞ്ഞു ഖത്തര്‍ ഭരണകൂടം.