എമ്പുരാന്‍ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ. സോഷ്യൽമീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്. സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഇതുകൂടാതെ, എംപുരാൻ സിനിമ ബഹിഷ്കരിക്കാനും ആഹ്വാനവുമുണ്ട്. നിരവധി സംഘ്പരിവാർ അനുകൂല വ്യക്തികൾ എമ്പുരാന്‍ ടിക്കറ്റ് ക്യാൻസൽ ചെയ്ത സ്ക്രീൻഷോട്ടുകൾ പങ്കുവച്ചും നടന്മാർക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവർത്തക ലസിത പാലക്കൽ അടക്കമുള്ളവർ പൃഥ്വിരാജിനെതിരെ സോഷ്യൽമീഡിയയിൽ കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
മോഹൻലാലിന്റെയും പൃഥ്വിരാജിന്റേയും തിരക്കഥാകൃത്ത് മുരളീഗോപിയുടേയും പോസ്റ്റുകൾക്കും താഴെയും അധിക്ഷേപ- ഭീഷണി പരാമർശങ്ങളുണ്ട്. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ ‘താങ്ക്യൂ ഓള്‍’ എന്ന പൃഥ്വിരാജിന്റെയും മോഹൻലാലിന്റേയും ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് സൈബര്‍ ആക്രമണം.
‘രാജപ്പനും മോഹൻലാലും അണിയറ പ്രവർത്തകരും ഭാരതത്തിലെ ഹൈന്ദവരുടെ ക്ഷമയെയും സഹനശക്തിയെയും വീണ്ടും പരീക്ഷിക്കുകയാണ് എന്നാണ് ഒരാളുടെ കമന്റ്. ജിഹാദികളുടെ പണത്തിന് കീഴെ പറക്കുന്ന കടലാസ് പരുന്തായി മോഹൻലാൽ എങ്ങനെ മാറി എന്നത് ചിന്തിക്കേണ്ട വിഷയമാണ്, ജിഹാദികളേ ഓർക്കുക; നിങ്ങൾ നരകത്തിലെ വിറക് കൊള്ളി കൊണ്ടാണ് തല ചൊറിഞ്ഞിരിക്കുന്നത്’- കമന്റിൽ പറയുന്നു.
‘മിസ്റ്റർ മോഹൻലാൽ, അണ്ണാ അണ്ണാ എന്നു തന്നെ അല്ലേ ഞങ്ങൾ വിളിച്ചത്. അല്ലാതെ താങ്കളുടെ എമ്പുരാനിൽ ഹിന്ദു പാർട്ടി പ്രവർത്തകനെ അവതരിപ്പിച്ച സുരാജ് പറഞ്ഞ പോലെ അക്ഷരം മാറ്റി ഒന്നും അല്ലാലോ വിളിച്ചത്. അപ്പോൾ കുറച്ച് മര്യാദ ഒക്കെ കാണിക്കാം.. ഇല്ലെങ്കിൽ അണ്ണൻ ചുരുണ്ട് വീട്ടിൽ ഇരിക്കും. സഹിക്കുന്നതിനും പൊറുക്കുന്നതിനും ഒക്കെ ഒരു പരിധി ഉണ്ട്.
ഞങ്ങളെ ചതിക്കാൻ താങ്കൾക്ക് പരിധി ഇല്ല എന്നറിയാം.. ബട്ട് ഞങ്ങക്ക് വ്യക്തമായ പരിധി ഉണ്ട്. അത് മറക്കരുത്. കേരളത്തിൽ കാവി രാഷ്ട്രീയം വരാതെ ഇരിക്കാൻ രായപ്പന് കാരണങ്ങൾ ഉണ്ട്. താങ്കൾക്ക് എന്ത് ഉപദ്രവം ആണ് കാവി രാഷ്ട്രീയം ഉണ്ടാക്കിയത് എന്നൂടെ പറഞ്ഞാൽ ഞങ്ങൾ സുല്ലും പറഞ്ഞ് ഒതുങ്ങി പോകാമായിരുന്നു’- എന്നാണ് മറ്റൊരാളുടെ ഭീഷണി നിറഞ്ഞ കമന്റ്.
പൃഥ്വിരാജിനെ അൽസുഡു എന്നുവിളിച്ചാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. ‘അൽസുഡുവിൻ്റെ ആടുജീവിതം തുടങ്ങുന്നത് ഹലാൽ ഫ്ലാറ്റിൻ്റെ പരസ്യത്തിലൂടെയാണ്. പിന്നെ സിനിമയിൽ ഉയർന്നു വരാൻ ഒരേസമയം മട്ടാഞ്ചേരി മാഫിയയുടേയും ഏട്ടൻ്റേയും ഒപ്പം നടന്നു. പിന്നെപ്പിന്നെ ജിഹാദി ഫണ്ടിറക്കി ചെയ്തതെന്ന് സംശയിക്കപ്പെടുന്ന നിരവധി സിനിമകളുടെ ഭാഗമായി.
രാജ്യത്തിൻ്റെ നീതിന്യായ വ്യവസ്ഥയെ വരെ പരിഹസിക്കുന്ന ജനഗണമന പോലുള്ള സിനിമകൾ ചെയ്ത് സുഡാപ്പികളെ നിരന്തരം സന്തോഷിപ്പിച്ചു. ഗോധ്ര മറച്ചുവെച്ച് ഗുജറാത്ത് കലാപവും രാഷ്ട്രീയവും കുത്തിക്കലർത്തി. സുഡുക്കളും കമ്മികളും കൊങ്ങികളും ഏട്ടൻ്റെ ആരാധകരും സിനിമ കാണാൻ എത്തുമെന്ന് അൽസുഡു പ്രതീക്ഷിക്കുന്നു. “ആഗ്രഹം നല്ലതാണ്, പക്ഷെ നിൻ്റെ തന്തയല്ല എൻ്റെ തന്ത”. മിഷൻ സൗത്ത് ഇന്ത്യക്കാരുടെ ഫണ്ട് വാങ്ങി രാജ്യത്ത് കലാപം സൃഷ്ടിക്കാനും രാജ്യത്തെ വിഭജിക്കാനും ഇറങ്ങിത്തിരിക്കുന്നവർ അന്വേഷണം വരുമ്പോൾ ഇരവാദം മുഴക്കി മോങ്ങരുത്’- എന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി. അതേസമയം, പൃഥ്വിരാജിന് കൈയടിയും പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
‘ഈ ഹിന്ദു നാമധാരിയായ സുഡാപ്പി അടിമയുടെ സാമ്പത്തിക സ്രോതസിനെ പറ്റി സെൻട്രൽ ഗവൺമെന്റ് അന്വേഷിച്ച് നിയമനടപടികൾ സ്വീകരിക്കണം എത്രയും പെട്ടെന്ന്’- എന്നാണ് മറ്റൊരാളുടെ കമന്റ്. അതേസമയം, പൃഥ്വിരാജിന് കൈയടിയും പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.