ജനാധിപത്യ സംവിധാനങ്ങള്‍ ഓരോന്നായി സംഘ്പരിവാര്‍ ശക്തികള്‍ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കുന്ന കാഴ്ചകള്‍ക്കാണ് ഏതാനും വര്‍ഷങ്ങളായി നാം സാക്ഷികളായിക്കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ പോലും വിലക്കുവാങ്ങുന്ന അവസരങ്ങളുണ്ടായിട്ടുണ്ട് എന്ന് പറയേണ്ടിവന്നതില്‍ വേദനയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെയും എതിര്‍ ശബ്ദങ്ങളെയും ഇല്ലാതാക്കേണ്ടത് സംഘ്പരിവാരിന്റെ താല്‍പര്യമാണ്. കപട ദേശീയതയും കോര്‍പറേറ്റ് ചങ്ങാത്തവും അപരനിര്‍മാണവും അതിന്റെ മുഖ്യ അജണ്ടയാണ്. സൂറത്തിലെ കോടതി വിധിക്ക് പിന്നാലെ രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കാന്‍ കാട്ടിയ തിടുക്കം ഇതിന്റെയെല്ലാം തുടര്‍ച്ചയാണ്. ഇന്ത്യന്‍ ഫാസിസം അത്രത്തോളം വളര്‍ന്നുവെന്ന് സാരം. ഇനിയും നോക്കിനിന്നാല്‍ ജനാധിപത്യ ഇന്ത്യയെ എന്നെന്നേക്കും നഷ്ടപ്പെടുകയായിരിക്കും ഫലം. ഈ ഘട്ടത്തിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാകുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ കണ്ട പ്രതിപക്ഷ ഐക്യം മതേതര, ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പ്രതിപക്ഷ തന്ത്രം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാവിലെ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഐക്യം വിളിച്ചോതുന്നതായിരുന്നു. കോണ്‍ഗ്രസിനോട് അകലം പാലിച്ചുനിന്ന ആം ആദ്മി, ടി.എം.സി, ബി.ആര്‍.എസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ ക്യാമ്പില്‍ വലിയ പ്രതീക്ഷയാണുണ്ടാക്കിയത്. 17 പ്രതിപക്ഷ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ ഐക്യം സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യം എന്ന കോണ്‍ഗ്രസ് മോഹം നടക്കില്ലെന്ന് കരുതിയ ഇടത്താണ് രാഹുലിന്റെ അയോഗ്യത ചര്‍ച്ചയായത്. ഞൊടിയിടയില്‍ രാജ്യത്ത് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. കോണ്‍ഗ്രസുമായി ഒത്തുചേരാതെയും മൂന്നാം മുന്നണിയുടെ രൂപീകരണം പോലും സാധ്യമാവാതെയും തന്‍പൊരിമ കാണിച്ച് നിന്നിരുന്ന പാര്‍ട്ടികളുടെ നേതാക്കള്‍ പോലും ഇപ്പോള്‍ ഐക്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി, ആം ആദ്മി പാര്‍ട്ടി തലവന്‍ കേജ്‌രിവാള്‍, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഭാരത് രാഷ്ട്ര സമിതി അധ്യക്ഷന്‍ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ കോണ്‍ഗ്രസുമായി അകല്‍ച്ചയിലുള്ള നേതാക്കള്‍പോലും പിന്തുണയുമായി എത്തി. ദുര്‍ബലരായി ചിതറിക്കിടക്കുന്ന പ്രതിപക്ഷത്തിന് ചാരത്തില്‍നിന്നും ഉയര്‍ന്നെഴുന്നേറ്റ് അധികാരം പിടിക്കുന്നതിന് മുമ്പും രാജ്യം വേദിയായിട്ടുണ്ട്. വിശാല പ്രതിപക്ഷ ഐക്യം 1976-77, 1987-89ലും ഇത് തെളിയിച്ചിട്ടുണ്ട്.
2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ട് 40 ശതമാനത്തില്‍ താഴെയായിരുന്നു. ഭൂരിപക്ഷം വോട്ടും ലഭിച്ചത് വിഘടിച്ചുനിന്ന പ്രതിപക്ഷ കക്ഷികള്‍ക്കായിരുന്നു. അന്നുമുതല്‍ തുടങ്ങിയ ആവശ്യമാണ് ബി.ജെ.പിയിതര മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകോപനം. വിവിധ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യവും പ്രാധാന്യവും വിളിച്ചോതുന്നതാണ്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തിയത് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതിനാലാണെന്ന് ഫലം വ്യക്തമാക്കുന്നു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും വേരുകളുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. സംസ്ഥാന ഭരണം രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഹിമാചല്‍പ്രദേശിലുമായി ചുരുങ്ങിയെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ ബി.ജെ.പി ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് കോണ്‍ഗ്രസിനെയും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിയേയുമാണെന്നു അയോഗ്യത സംഭവത്തിലൂടെ വ്യക്തമായി. അതുവഴി പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തേക്കുള്ള ഇതര പാര്‍ട്ടികളുടെ അവകാശവാദത്തിന് ഉത്തരം നല്‍കാനും കോണ്‍ഗ്രസിനായി. രാജ്യത്തെ ഒരുമിപ്പിക്കുന്ന ശക്തിയായി ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തിയായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരുന്നതാണ് രാഹുലിനെ അയോഗ്യനാക്കിയ സംഭവം.
രാജ്യത്തെ ഉന്നതമായ ജനാധിപത്യത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന നീക്കം ജനാധിപത്യ വിശ്വാസികള്‍ക്കിടയിലും ആശങ്ക വിതച്ചിട്ടുണ്ട്. രാഹുലിന്റെ അയോഗ്യത മതേതര ജനാധിപത്യ വിശ്വാസികള്‍ക്കിടയിലുണ്ടാക്കിയ പ്രതികരണം ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കായിരുന്ന ജനവിഭാഗത്തിന്റെ വിശ്വാസം തിരിച്ചുപിടിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. 2024ലെ ലോക്‌സഭാതിരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി, ഒരു മനസോടെ നേരിടണം. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ബി. ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. ഇതിലൂടെയാവണം ലോക്‌സഭാതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ അടിത്തറ ഒരുക്കേണ്ടത്. മൂന്നാമതും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് തടയാനുള്ള തീവ്രശ്രമങ്ങള്‍ പ്രതിപക്ഷത്തുനിന്ന് ഉണ്ടാവണം. അതിനുള്ള നിമിത്തമായി മാറട്ടെ രാഹുലിന്റെ അയോഗ്യത.