കേരളത്തിൽനിന്ന് ഐഎസിലേക്ക് റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന മുതിർന്ന സിപിഎം നേതാവ് പി. ജയരാജന്‍റെ പ്രസ്താവനയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി. ജയരാജൻ പറഞ്ഞത് ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഐഎസ് റിക്രൂട്ട്മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കിൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും സതീശൻ പറഞ്ഞു.
സിപിഎമ്മിന്‍റെ ഉന്നതനായ നേതാവ് ഉന്നയിച്ചിരിക്കുന്ന പ്രസ്താവന സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെയാണെന്നും അതീവഗുരുതര ആരോപണമാണ് ഉന്നയിച്ചതെന്നും സതീശൻ പറഞ്ഞു. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. അടിസ്ഥാനരഹിതമായ ആരോപണമെങ്കിൽ ജയരാജനെതിരെ നടപടിയെടുക്കണം. ജയരാജന്‍റെ നിലപാട് തന്നെയാണോ പാർട്ടിക്കെന്ന് എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന പി. ജയരാജന്‍റെ ‘മുസ്‌ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്‌ലാമും’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജയരാജന്‍റെ വിവാദ പരാമർശങ്ങൾ. ഇതുമായി ബന്ധപ്പെട്ട് തന്‍റെ പുസ്തകത്തിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവുമെന്നും ഒരു പ്രദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു.