Connect with us

kerala

‘ബി.ജെ.പി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകും’: പി.കെ കുഞ്ഞാലിക്കുട്ടി

വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ്

Published

on

പ്രതിസന്ധിഘട്ടങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനെയും തരണം ചെയ്യുന്നവരാണ് മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൗരത്വ വിഷയത്തിലും പലസ്തീന്‍ വിഷയത്തിലും മറ്റ് പൊതു സമൂഹത്തെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നത്തിലും ഈ കടപ്പുറത്ത് അത് തെളിയിച്ചു. പലസ്തീന്‍ റാലി അന്തര്‍ ദേശീയ അഭിപ്രായമുണ്ടാക്കിയെടുത്തു. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ് എന്ന് അദ്ദേഹം പറഞ്ഞു.

അത് രാഷ്ട്രീയ വിജയമുണ്ടാക്കാനല്ല മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനാണ്. ജനാധിപത്യത്തിന്റെ തുടര്‍ച്ചക്കാണ്. എന്നാല്‍ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കുന്നത്. അതിനാണ് ശ്രീരാമനെ അവര്‍ കൂട്ടുപിടിക്കുന്നത്. അവര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നതില്‍ സംശയമില്ല. അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസം എല്ലാവരുടേയും അവകാശമാണ്. അത് സമാധാനത്തിന്റെ സന്ദേശമാണ്. അത് തീവ്ര വാദത്തിനെതിരാണ്. മതത്തെ ഉപയോഗിച്ചുകൊണ്ട് തീവ്രവാദത്തെ വളര്‍ത്താന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെതിരെ ശബ്ദിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാര്‍ഗ്ഗം അതാണ്. അന്ന് മുതല്‍ രംഗത്ത് വന്ന തീവ്രവാദ സംഘടനകള്‍ ലീഗിനെതിരെ പല കോലത്തിലും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. എന്നാല്‍ ലീഗിനൊരു കോട്ടവും തട്ടിയില്ലെന്ന് മാത്രമല്ല അവരെല്ലാം നാമാവശേഷമായത് നാം കണ്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് സാഹോദര്യം വളരണം. അതിന് സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അതിന്നായി ശബ്ദിക്കണം. ഇടയാനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയല്ല മുസ്ലിം ലീഗ് സഞ്ചരിക്കുന്നത്. അതിന് നായകനുണ്ട്.മുമ്പുണ്ടായിരുന്നവര്‍ കാണിച്ചുതന്ന അതേ മാതൃക പിന്‍പറ്റി തന്നെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. പാണക്കാട് കുടുംബം സമുദായത്തെ ഇപ്പോഴും നയിക്കുന്നത്. ആ നായകത്വത്തില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാക്കി. ഇതൊക്കെ കണ്ട് കണ്ണ് തള്ളിയവര്‍ വിദ്വേഷത്തിന്റെ മുദ്രാവാക്യം മുഴക്കി വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അതിനെതിരെ ഇന്ത്യമുന്നണിയെ വിജയിപ്പിക്കണം.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അധികാരത്തിലെത്തിക്കണം. നല്ല നാളുകളിലേക്ക് ഇന്ത്യയെ മടക്കൊണ്ട് വരണം. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Continue Reading

kerala

തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം, വാരിയെല്ലുകൾക്ക് പൊട്ടൽ; അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.

Continue Reading

Trending