ദുബൈ: എജ്ബാസ്റ്റണില്‍ സമാപിച്ച ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റെങ്കിലും അവരുടെ മുന്‍ നായകന്‍ ജോ റൂട്ടിന് ഐ.സി.സി അംഗീകാരം. പുതിയ ഐ.സി.സി ടെസ്റ്റ് ബാറ്റര്‍ റാങ്കിംഗില്‍ ഓസ്‌ട്രേലിയക്കാരന്‍ മാര്‍നസ് ലബുഷാനയെ പിറകിലാക്കി ജോ റൂട്ട് ഒന്നാമത് വന്നു. എജ്ബാസ്റ്റണില്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി സ്വന്തമാക്കിയ റൂട്ട് രണ്ടാം ഇന്നിംഗ്‌സില്‍ വിലപ്പെട്ട 46 റണ്‍സും നേടിയിരുന്നു. ഇത് വരെ രണ്ടാമതായിരുന്ന ഓസ്‌ട്രേലിയക്കാരന്‍ സ്റ്റീവന്‍ സ്മിത്തിനെ പിറകിലാക്കി ആ സ്ഥാനം ന്യുസിലന്‍ഡുകാരന്‍ കെയിന്‍ വില്ല്യംസണ്‍ നേടിയപ്പോള്‍ മൂന്നാം സ്ഥാനത്ത് മാര്‍നസ് ലബുഷാനേയാണ്. ഇത് വരെ മൂന്നാമതായിരുന്ന ട്രാവിസ് ഹെഡ് പുതിയ റാങ്കിംഗില്‍ നാലാമനാണ്. എജ്ബാസ്റ്റണില്‍ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ഉസ്മാന്‍ ക്വാജ ഏഴാം സ്ഥാനത്താണ്.
ആദ്യ ഇന്നിംഗ്‌സില്‍ 141 റണ്‍സ് നേടിയ ക്വാജ രണ്ടാം ഇന്നിംഗ്‌സില്‍ വിലപ്പെട്ട 65 റണ്‍സും സ്വന്തമാക്കിയിരുന്നു. ആദ്യ പത്ത് പേരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രമാണുള്ളത്- റിഷാഭ് പന്ത്. വാഹനാപകടത്തില്‍ പരുക്കേറ്റ് കുറച്ച് കാലമായി കളത്തിന് പുറത്താണ് റിഷാഭ്. ബൗളിംഗില്‍ ഒന്നാമന്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ തന്നെ.