Connect with us

kerala

‘ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്ന്’; മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ

നിങ്ങൾ നിങ്ങളുടെ നിക്ഷ്പക്ഷത കളഞ്ഞുവെന്നും പറഞ്ഞാൽ തിരിച്ചു പറയുമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

Published

on

 പ്രതിപക്ഷത്തിന്‍റെ നേതാവാരാണെന്ന് ചോദിച്ച സ്പീക്കറെ കടന്നാക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിനെ വിമർശിച്ച മുഖ്യമന്ത്രിയുടെയും പാർലമെന്‍ററികാര്യ മന്ത്രിയുടെയും പരാമർശത്തിൽ തിരിച്ചടിച്ച് വി.ഡി. സതീശൻ. ഞാൻ എല്ലാം ദിവസവും പ്രാർഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ് മുഖ്യമന്ത്രിക്ക് വി.ഡി സതീശൻ ചുട്ടമറുപടി നൽകി.

‘ഞാൻ നിലവാരമില്ലാത്തവൻ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെ കുറിച്ച് നല്ല വാക്കാണ് പറഞ്ഞിരുന്നെങ്കിൽ വിഷമിച്ചു പോയേനെ. ഞാൻ വിശ്വാസിയാണ്. അങ്ങയെ പോലെ ഒരു അഴിമതിക്കാരനാകരുതെന്നും നിലവാരമില്ലാത്തവനാകരുതെന്നും എല്ലാ ദിവസവും പ്രാർഥിക്കാറുണ്ട്. എന്‍റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ട’ -പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

നിങ്ങൾ നിങ്ങളുടെ നിക്ഷ്പക്ഷത കളഞ്ഞുവെന്നും പറഞ്ഞാൽ തിരിച്ചു പറയുമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാർലമെന്‍ററികാര്യ മന്ത്രി തനിക്കെതിരെ പറഞ്ഞതിൽ ഒന്നും പറയുന്നില്ല. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പോകേണ്ട ആളാണ് പാർലമെന്‍ററികാര്യ മന്ത്രി. ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് സ്വന്തം വകുപ്പ് പോലും ഭരിക്കാൻ ശേഷിയില്ല. വേറെ ആളുകളാണ് ഭരിക്കുന്നത്. അവരൊന്നും പ്രതിപക്ഷത്തിന്‍റെ അളവെടുക്കേണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഈ സഭയിൽ എം.വി രാഘവനെ തള്ളിച്ചതച്ചിട്ടില്ലേ?. അന്ന് ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ?. ഈ സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് അതിന് ഒത്താശ കൊടുത്തത് ആരാണ്?. കെ.കെ. രമയെ അധിക്ഷേപിച്ചപ്പോൾ ആരായിരുന്നു പാർലമെന്‍ററി പാർട്ടി ലീഡർ എന്നും വി.ഡി സതീശൻ ചോദിച്ചു.

നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്ന സ്പീക്കർ എ.എൻ ഷംസീറിന്‍റെ പരാമർശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പ്രകോപിപ്പിച്ചത്. സർക്കാറിന്‍റെ താൽപര്യങ്ങൾ സംരക്ഷിച്ച് സ്പീക്കറുടെ കസേരയിൽ ഇരുന്നതിന്‍റെ കുറ്റബോധം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരാണെന്ന് ചോദിച്ചതെന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു.

സ്പീക്കറുടെ അപക്വതയാണ് വ്യക്തമായത്. പക്വതയില്ലായ്മയാണ് തെളിയിക്കുന്നതെന്ന് പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത, ഒരു സ്പീക്കറും ചോദിക്കാത്ത ചോദ്യമാണ് ചോദിച്ചത്. സ്പീക്കർ പദവിക്ക് അപമാനകരമായ ചോദ്യമാണ് ഉന്നയിച്ചത്. സംസ്ഥാന സർക്കാറിന്‍റെ എല്ലാ വൃത്തിക്കേടുകൾക്കും കൂട്ടുനിന്ന് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളാണ് സ്പീക്കർ ഹനിച്ചതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.

സർക്കാറിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിൽ നിർത്തിയ വിവാദ വിഷയങ്ങളിലെ നിയമസഭ ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി ഒഴിവാക്കാൻ തരംമാറ്റിയ സംഭവം പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ഉന്നയിച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ ഈ വിഷയം പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

എന്നാൽ, വിഷയത്തിൽ വിശദീകരണം നൽകിയ സ്പീക്കർ എ.എൻ ഷംസീർ, വിവേചനം കാണിച്ചിട്ടില്ലെന്നും വീഴ്ചയില്ലെന്നും വ്യക്തമാക്കി. തരംമാറ്റിയ ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കാനുള്ള പൊതുപ്രാധാന്യമില്ലെന്നും തദ്ദേശീയ പ്രാധാന്യമുള്ള ചോദ്യം മാത്രമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. സഭാ തലത്തിൽ വിശദമാക്കേണ്ട പ്രാധാന്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.

എന്നാൽ, സ്പീക്കറുടെ വിശദീകരണം തള്ളിയ പ്രതിപക്ഷ നേതാവ് രൂക്ഷവിമർശനമാണ് നടത്തിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കണ്ടത് പൊതു പ്രാധാന്യമില്ലേ എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ഇതോടെ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സ്പീക്കർക്കും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

ഇതിനിടെ, നടുത്തളത്തിൽ നിന്ന് അംഗങ്ങൾ ഇരിപ്പിടത്തിലേക്ക് മടങ്ങാതെ വന്നതോടെ പ്രതിപക്ഷത്തിന്‍റെ നേതാവ് ആരാണെന്നും ഒരുപാട് നേതാവുണ്ടോ എന്ന ചോദ്യം സ്പീക്കർ ഉന്നയിച്ചു. ഇതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. സ്പീക്കറുടെ മോശം പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിക്കുകയും ചെയ്തു.

പ്രതിപക്ഷ ബഹിഷ്കരണത്തിന് പിന്നാലെ പാർലമെന്‍ററികാര്യ മന്ത്രി എം.ബി രാജേഷ് പ്രതിപക്ഷ നേതാവിനെ വിമർശിച്ച് സംസാരിച്ചു. ചെയറിനെതിരായ പ്രതിപക്ഷ നേതാവ് തുടർച്ചയായി അധിക്ഷേപം നടത്തുകയാണ് എം.ബി രാജേഷ് ആരോപിച്ചു. അധിക്ഷേപത്തിന്‍റെ പാരമ്യമാണ് ഇന്ന് കണ്ടത്. കേരളത്തിന്‍റെ ചരിത്രത്തിലെ അപക്വമതിയായ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് വി.ഡി സതീശൻ അർഹനായി. നിയമസഭയുടെ ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവും ഇത്തരത്തിൽ അധിക്ഷേപിച്ചിട്ടില്ല. ഷാക്കർ ആൻ കൗൾ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ വിശദീകരിച്ചത്. പ്രതിപക്ഷ നേതാവ് ഷാക്കർ ആൻഡ് കൗളിന് മുകളിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടി.

സഭാ ചരിത്രത്തിലില്ലാത്ത അധിക്ഷേപ വാക്കുകളാണ് ചെയറിനെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. ബഹുമാനപ്പെട്ട എന്ന വാക്ക് ചേർക്കുന്നത് പാർലമെന്‍ററി നടപടിക്രമത്തിന്‍റെ ഭാഗമായാണ്. ആ പരസ്പ ബഹുമാനം നിലനിർത്തി പോവുകയാണ് വേണ്ടത്. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് പല നടപടികളിലൂടെ തെളിയിച്ചിട്ടുണ്ട്. അതിന്‍റെ പാരമ്യതയാണ് ഇന്ന് കണ്ടത്. പ്രതിപക്ഷ നേതാവിന്‍റെ പരാമർശം സഭ അവജ്ഞയോടെ തള്ളുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായ പരാമർശങ്ങൾ നിർഭാഗ്യകരമെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ വേണ്ടി എഴുന്നേറ്റപ്പോൾ ചെയർ മൈക്ക് നൽകി. അംഗങ്ങളോട് ഇരിപ്പിടത്തിലേക്ക് തിരികെ പോകാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഭൂരിഭാഗം ആംഗങ്ങളും മടങ്ങിപ്പോയപ്പോഴും മാത്യു കുഴൽനാടൻ നടുത്തളത്തിൽ ബഹളംവെച്ചു. അതുകൊണ്ടാണ് അത്തരം ചോദ്യം പ്രതിപക്ഷ നേതാവിനോട് ചോദിക്കേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് ചെയറിനെതിരെ നടത്തിയ പരാമർശങ്ങളും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ സഭയെ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കലോത്സവത്തിന് ദാഹജലമൊരുക്കി വാട്ടർ അതോറിറ്റി

പുത്തരിക്കണ്ടം മുതൽ പഴവങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പുതിയൊരു പൈപ്പ്കണക്ഷനിലൂടെ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്.

Published

on

കലോത്സവത്തിൻ്റെ ഭക്ഷണ വേദിയായ പുത്തരിക്കണ്ടത്ത് വിപുലമായ കുടിവെള്ള സൗകര്യമാണ് വാട്ടർ അതോറിറ്റി ഒരുക്കിയിരിക്കുന്നത്. നാല് നേരം ഇരുപതിനായിരത്തോളം പേർക്ക് ഭക്ഷണ വിതരണം നടക്കുന്ന മൈതാനത്ത്, നാൽപ്പതിനായിരം ലിറ്റർ സ്റ്റോറേജ് സജ്ജീകരിച്ചിട്ടുണ്ട്. ജലത്തിൻ്റെ ലഭ്യത ഉറപ്പു വരുത്താൻ ടാങ്കുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിരിക്കുകയാണ്. പുത്തരിക്കണ്ടം മുതൽ പഴവങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പുതിയൊരു പൈപ്പ്കണക്ഷനിലൂടെ ടാങ്കുകളിൽ ജലം നിറയ്ക്കുന്നതിനുള്ള സംവിധാനവുമുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും വാട്ടർ അതോറിറ്റി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ താമസസൗകര്യം ഒരുക്കിയിരിക്കുന്ന സ്കൂളുകൾ സന്ദർശിച്ച്, പൈപ്പ് കണക്ഷൻ ഇല്ലാത്ത സ്കൂളുകളിൽ കോർപ്പറേഷൻ്റെ ടാങ്ക് വഴി ജലവിതരണം ഉറപ്പു വരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിങ് എല്ലാദിവസവും ഭക്ഷണവിതരണം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് കുടിവെള്ള പരിശോധന നടത്തുന്നു. ജലത്തിലെ ക്ലോറിൻ്റെ അംശം പരിശോധിക്കുന്നതിന് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥർക്ക് ആർ സി കിറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഓരോ മണിക്കൂറും പരിശോധന നടത്തുന്നുണ്ട്.

Continue Reading

kerala

മുക്കിയവരും മുങ്ങിയവരും

സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

Published

on

കേരളത്തില്‍ സി.പി.എമ്മുകാര്‍ അവരുടെ ആസ്ഥാന ബുദ്ധി ജീവിയാക്കി വെച്ചിരുന്ന പഴയ ധനമന്ത്രി കയറു പിരി ശാസ്ത്രജ്ഞന്‍ പറയുന്നതത്രയും അബദ്ധമായിരുന്നെന്ന് മലയാളികള്‍ മുമ്പേ അനുഭവത്തില്‍ പഠിച്ചതായിരുന്നു. അതിപ്പോള്‍ കിഫ്ബിയാണെങ്കിലും മസാല ബോണ്ടാണെങ്കിലും ഡാമില്‍ നിന്നും മണലൂറ്റുന്നതാണെങ്കിലും ലാഭത്തേക്കാളും നഷ്ടക്കച്ചവടം മാത്രമാണ് പറയാനുള്ളത്. ഇപ്പോള്‍ ഇതുപോലൊരു അനുഭവമാണ് കെ.എഫ്.സിയുടെ കാര്യത്തിലും പുറത്തു വരുന്നത്. സി.പി.എം നേതാക്കളുടെ വഴിവിട്ട നീക്കം വഴി ആകെ പൊളിഞ്ഞ് പാളീസായ അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിക്കുകയും അതുവഴി സര്‍ക്കാര്‍ ഉടമ സ്ഥതയിലുള്ള കെ.എഫ്.സിക്ക് 100 കോടിയോളം രൂപ നഷ്ടമായതും വാര്‍ത്തകളില്‍ നിറഞ്ഞതോടെ പഴയ ധനമന്ത്രിയും പുതിയ ധനമന്ത്രിയും ന്യായീകരിച്ച് തേയുകയാണ്.

അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ച ശേഷമാണ് ബോര്‍ഡ് യോഗത്തില്‍ പോലും ഇക്കാര്യം അവതരിപ്പിച്ചത്. സുതാര്യത അല്ലാതെന്ത് പറയാന്‍. സി.പി.എം വനിതാ നേതാവിന്റെ മകന്‍ നടത്തിയ ഈ നീക്കത്തിന് സര്‍ക്കാരിന്റെ പിന്തുണയും ഉണ്ടായിരുന്നു. അംബാനിക്കെതിരെയെന്ന് വിരവാദം പറയുമ്പോഴും അംബാനിയെ സഹായിക്കാനായി സി.പി.എമ്മും അംബാനിക്കമ്പനിയുമായുള്ള അന്തര്‍ധാര സജീവമായിരുന്നുവെന്ന് വേണം കരുതാന്‍. ഒരു വശത്തു അംബാനിയെ ചീത്ത വിളിക്കും. മോദിയുടെ ആളാണെന്നും പറഞ്ഞ്. മറുവശത്തു അംബാനിക്ക് എല്ലാ സഹായങ്ങളും ചെയ്യും. അതാണെടാ സി.പി.എം. നിക്ഷേപം നടത്തിയ ശേഷമാണ് ഇക്കാര്യം കെ.എഫ്.സി ബോര്‍ഡ് പോലും അംഗീകരിച്ചത്. അത്ര നിഷ്‌കളങ്കമായിരുന്നില്ല കെ.എഫ്.സിയിലെ ഇടപാട്. ഇതിലൂടെ ഖജനാവിന് നഷ്ടമായത് നൂറു കോടി രൂപയാണ്.

ന്യായീകരണം എന്ന വാക്ക് തന്നെ കണ്ടെത്തിയത് തനിക്ക് വേണ്ടിയാണെന്ന് പലവുരു തെളിയിച്ച മുന്‍ ധനമന്ത്രി ഐസക് സഖാവും നിലവിലെ ധനമന്ത്രി ബാലഗോപാലും അനില്‍ അംബാനിയുടെ സ്ഥാപനത്തില്‍ കെ.എഫ്.സി നടത്തിയ നിക്ഷേപം നിയമപരമാണെന്നാണ് വാദിക്കുന്നത്. എല്ലാ തട്ടിപ്പുകളും ചമക്കുന്ന പതിവ് ന്യായം ധനമന്ത്രി ബാലഗോപാല്‍ ഇത്തവണയും ചുമന്നിട്ടുണ്ട്. ബിസിനസില്‍ ലാഭവും നഷ്ടവും ഉണ്ടാകാം. നിക്ഷേപിക്കുന്ന സമയം ഉയര്‍ന്ന റേറ്റിംഗില്‍ ആയിരുന്നു ആര്‍.സി.എഫ്.എല്‍. യെസ് ബാങ്ക്, കാനറാ ബാങ്ക്, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് തുടങ്ങി മുന്‍ നിര സ്ഥാപനങ്ങള്‍ 8000 കോടിയോളം നിക്ഷേപം നടത്തിയ കമ്പനിയാണ് റിലയന്‍സ് കമ്പനിയെന്നാണ് ബാലഗോപാല്‍ പറയുന്നത്. ഈ ബാങ്കുകള്‍ വിജയ് മല്യ മുതല്‍ സകല ഉഡായിപ്പുകള്‍ക്കും വായ്പയും നല്‍കിയിരുന്നെന്ന കാര്യം ബാല ഗോപാല്‍ അറിഞ്ഞോ ആവോ?. 60 കോടി നിക്ഷേപിച്ചു, അ തില്‍ 8 കോടി രൂപ തിരിച്ചു കിട്ടി, ബാക്കി കിട്ടാനുള്ള ചര്‍ച്ച ഇപ്പോഴും നടക്കുന്നു, നഷ്ടമാണോ അല്ലെ എന്ന് ചര്‍ച്ച കഴിഞ്ഞാ ലേ അറിയൂ എന്നാണ് കയറുപിരി ശാസ്ത്രജ്ഞന്റെ തിയറി. എങ്ങനുണ്ട്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്ന പതിവ് പരിപാടി തന്നെ.

2018 ഏപ്രില്‍ 16നാണ് റിലയന്‍സ് കമ്പനിയില്‍ കെ.എഫ്.സി നിക്ഷേപം നടത്തിയത്. അതേസമയം 2018 വര്‍ഷത്തെ ആദ്യ ബോര്‍ഡ് മീറ്റിങ് നടന്നത് ജൂണ്‍ 18നാണെന്ന് കെ.എഫ്.സി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തവുമാണ്. ബോര്‍ഡിന്റെ അംഗീകാരം പോലും ഇല്ലാതെയാണ് റിലയന്‍സ് കമ്പനിയില്‍ നിക്ഷേപം നടത്തിയതെന്ന് ഇതില്‍നിന്ന് പകല്‍ പോലെ വ്യക്തം. എന്തിനാണ് അറുപത് കോടിയിലധികം ബോര്‍ഡ് അനുമതിയില്ലാതെ പൊളിഞ്ഞ് പാളീസായ അംബാനിയുടെ കമ്പനിയില്‍ നിക്ഷേപിച്ചത് എന്നതാണ് ഉയരുന്ന ചോദ്യം. ഇതിന് സര്‍ക്കാര്‍ ഉയര്‍ത്തുന്ന വാദമാകട്ടെ റിലയന്‍സ് കമ്പനിക്ക് റേറ്റിങ് ഉണ്ടായിരുന്നു എന്നാണ്. എന്നാല്‍, മൂന്നു വര്‍ഷ ത്തെ ബാലന്‍സ് ഷീറ്റ് പോലും ആകുന്നതിനു മുന്‍പാണ്, മുങ്ങിക്കൊണ്ടിരിക്കുന്ന കമ്പനിയില്‍ കെ.എഫ്.സി. 60 കോടി 80 ലക്ഷം നിക്ഷേപിച്ചത്. ഇതിനു പിന്നില്‍ കമ്മിഷന്‍ മാത്രമായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാണ്.

മന്ത്രിമാര്‍ പറയുന്നതുപോലെ ഇത്രയും സുതാര്യത ഉണ്ടായിരുന്നുവെങ്കില്‍ നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ചോദ്യം നമ്പര്‍ 4398, 4400 ആയി കെ.എഫ്.സി.യുടെ റിലയന്‍സ് നിക്ഷേപ വിവരങ്ങള്‍ ചോദിച്ചിട്ടും ഇതുവരെ മറുപടി നല്‍കാത്തത് ഇതിലെ കള്ളക്കളി വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായങ്ങള്‍ക്കു വായ്പകള്‍ നല്‍കാനാണു കെ.എഫ്.സി രൂപീകരിച്ചത്. എന്നാല്‍ 2018 ഏപ്രില്‍ 26ന് അ നില്‍ അംബാനിയുടെ ആര്‍.സി.എഫ്.എല്‍ എന്ന സ്ഥാപനത്തില്‍ 60.80 കോടി രൂപ നിക്ഷേപിച്ചു. കെ.എഫ്.സിയുടെ ആസ്തി വായ്പാ പരിപാലന സമിതിയുടെ തീരുമാനപ്രകാരമാണ് നിക്ഷേപം നടത്തിയത്. എന്നാല്‍ 2018-19 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിക്ഷേപം നടത്തിയ സ്ഥാപനത്തിന്റെ പേര് മറച്ചു വച്ചു ബാങ്കില്‍ ടേം നിക്ഷേപം എന്നാണ് ചൂണ്ടിക്കാട്ടിയത്.

2019 -20ലെ ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണെങ്കില്‍ എന്‍.സി.ഡിയിലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമപ്രകാരം റിസര്‍വ് ബാങ്കിലോ ദേശസാല്‍കൃത ബാങ്കിലോ മാത്രമേ പണം നിക്ഷേപിക്കാന്‍ പാടുള്ളു. ബോണ്ടിലുള്ള നിക്ഷേപം ആണെങ്കില്‍ അത് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാന ത്തില്‍ ആയിരിക്കണം. ഒരു ബാങ്കിങ് ഇതര സ്ഥാപനമായതു കൊണ്ടുതന്നെ നിയമപരമായി അംബാനിക്കമ്പനിയില്‍ കെ.എഫ്.സിക്ക് നിക്ഷേപിക്കാന്‍ സാധിക്കില്ല. വലിയ റേറ്റിങ്ങുണ്ടെന്ന് രണ്ട് പാര്‍ട്ടി ബുദ്ധിജീവികള്‍ അവകാശപ്പെടുന്ന കമ്പനിയായ ആര്‍.സി.എഫ്.എല്‍ കമ്പനി 2019ല്‍ പിരിച്ചുവിടപ്പെട്ടു. 2020 മാര്‍ച്ച് മുതല്‍ പലിശ പോലും ലഭിച്ചിട്ടില്ല. ആര്‍.സി.എഫ്.എല്‍. ലിക്വിഡേറ്റ് ചെയ്തപ്പോള്‍ 7.09 കോടി രൂപ ലഭിച്ചിട്ടുള്ളതായി 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി യിട്ടുണ്ട്. പലിശയുള്‍പ്പെടെ 101 കോടി രൂപ ഈ നിക്ഷേപത്തിലൂടെ നഷ്ടപ്പെട്ടു എന്നാണ് കണക്ക്. കെ.എഫ്.സിയിലെ ഇടത് സംഘടനാ നേതാക്കളും മാനേജ്മെന്റും സര്‍ക്കാരിന്റെ ഒത്താശയോടെ നടത്തിയത് പകല്‍ക്കൊള്ളയാണ്.

 

Continue Reading

kerala

കൊച്ചി കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

Published

on

എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്ന് ഉയര്‍ന്ന തീ വലിയ രീതിയില്‍ ആളി പടരുകയായിരുന്നു. പ്രദേശത്താകെ വലിയരീതിയിലാണ് പുക ഉയര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക ഒഴിഞ്ഞു. എന്നാല്‍ വലിയ രീതിയില്‍ തീ ആളി പടര്‍ന്നത് ജനങ്ങളെ ഭയചകിതരാക്കി. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.

Continue Reading

Trending