Connect with us

More

ഐലീഗ്: ഇത്തവണ രണ്ടുംകല്‍പിച്ച് ഗോകുലം

Published

on

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: ഐലീഗില്‍ കഴിഞ്ഞതവണ നിര്‍ത്തിയിടത്ത്‌നിന്ന് വീണ്ടും തുടങ്ങാന്‍ ഗോകുലം കേരള എഫ്.സി. പുതിയ സീസണിന് മുന്നോടിയായി ടീം ഹോംഗ്രൗണ്ടായ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു. കഴിഞ്ഞവര്‍ഷം ആദ്യ ഐലീഗ് കളിച്ച ഗോകുലത്തിന് തുടക്കത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാംപാദത്തില്‍ വമ്പന്‍ ടീമുകളെയടക്കം മുട്ടുകുത്തിച്ച് ലീഗില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്രഥമസീസണില്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകപങ്ക് വഹിച്ച വിദേശ താരങ്ങളെ നിലനിര്‍ത്തിയും പരിചയസമ്പന്നരായ ഇന്ത്യന്‍ താരങ്ങളെ കൂടാരത്തിലെത്തിച്ചും ഇത്തവണ ഗോകുലം എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. ഐലീഗിന്റെ 12മത് സീസണില്‍ കരുത്തരായ മോഹന്‍ബഗാനുമായി ഈമാസം 28ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
രണ്ടാഴ്ച മുന്‍പ് സ്പാനിഷ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റിയാഗോ വലേറയെ പുറത്തായിക്കിയ ടീം മാനേജ്‌മെന്റ് പഴയപരിശീലന്‍ ബിനോ ജോര്‍ജ്ജില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്ടുകാരന്‍ ഷിബിന്‍ രാജാണ് പുതിയസീസണില്‍ ഗോകുലത്തിന്റെ ഗോള്‍വലകാക്കുക. കഴിഞ്ഞ രണ്ട്‌സീസണില്‍ മോഹന്‍ബഗാനുവേണ്ടി തിളങ്ങിയ ഷിബിന്റെ വരവ് ടീമിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുന്നു. ഷിബിനെ കൂടാതെ ഡല്‍ഹി ഡയനാമോസിന്റെ ബംഗാള്‍ ഗോള്‍കീപ്പര്‍ അര്‍ണബ് ദാസ് ശര്‍മ്മയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ ഗോകുലത്തിനായി തിളങ്ങിയ സീനിയര്‍ വിദേശ താരങ്ങളായ ഡാനിയല്‍ അഡോ, മുഡ്ഡെ മൂസെ എന്നിവര്‍ക്ക് പുറമെ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജര്‍മ്മന്റെ സാന്നിധ്യം കേരളത്തില്‍ നിന്നുള്ള ഏക ഐലീഗ് ടീമിന് കരുത്താകും.
മലയാളി താരങ്ങളായ മുഹമ്മദ് റാഷിദ്, അര്‍ജ്ജുന്‍ ജയരാജ്, ഉസ്മാന്‍ ആഷിക് എന്നിവരെ നിലനിര്‍ത്തിയ ഗോകുലം മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടാന്‍ ഈസ്റ്റ് ബംഗാളില്‍ നിന്ന് വി.പി സുഹൈറിനേയും റെയില്‍വെയുടെ കഴിഞ്ഞവര്‍ഷത്തെ ടോപ് സ്‌കോറര്‍ എസ്.രാജേഷിനെയും ഒപ്പംകൂട്ടിയിട്ടുണ്ട്. നിലവില്‍ 14മലയാളിതാരങ്ങളാണ് ഗോകുലം ക്യാമ്പിലുള്ളത്. അതേസമയം, കഴിഞ്ഞ സീസണില്‍ ടീമിന്റെ മികച്ച പ്രകടനത്തിന് വഴിയൊരുക്കിയ യുഗാണ്ട താരം ഹെന്‍ട്രി കിസാക്കെ ബംഗാളിലേക്ക് കൂടുമാറിയത് ഗോകുലത്തിന് തിരിച്ചടിയാണ്. താരത്തിന് പകരക്കാരനെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ നായകന്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഷാദ് മിനവര്‍വ്വ പഞ്ചാബ് ടീമുമായി കരാറിലെത്തുകയും ചെയ്തു.
പരിശീലന സ്ഥാനമേറ്റ് കുറഞ്ഞദിവസത്തിനകം ടീമിനെയൊരുക്കേണ്ടിവരുന്നത് ശ്രമകരമായ ദൗത്യമാണെന്ന് കോച്ച് ബിനോ ജോര്‍ജ്ജ് പറഞ്ഞു. പഴയകോച്ചിന് കീഴില്‍ കളിച്ച ടീമിന്റെ ശൈലി മാറ്റിയെടുക്കാന്‍ സമയമെടുക്കും. മുന്‍ സീസണിലെ രണ്ടാം പാദത്തില്‍ മോഹന്‍ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ചാമ്പ്യനായ മിനര്‍വ്വ പഞ്ചാബ് എന്നിവരെ തോല്‍പിച്ച ടീം അതേ ആവേശത്തോടെയാണ് പുതിയസീസണിന് ഒരുങ്ങുന്നത്. തുടക്കംമുതല്‍ മുന്നേറി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നിലനില്‍ക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ബിനോ ജോര്‍ജ്ജ് പറഞ്ഞു.

india

എല്ലാവര്‍ക്കും ഭക്ഷണം; ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം സ്ത്രീക്ക് ഭക്ഷണം നിഷേധിച്ച അതേസ്ഥലത്ത് ഭക്ഷണം വിളമ്പി മറുപടി

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു

Published

on

മുംബൈ: ജയ് ശ്രീറാം വിളിക്കാന്‍ തയാറാകാത്തതിന് മുസ്‌ലിം യുവതിക്ക് ആശുപത്രിക്ക് മുന്നിലെ സൗജന്യ ഭക്ഷണം നിഷേധിച്ചതിന് മാസ്സ് മറുപടി. കഴിഞ്ഞദിവസം മുംബൈയിലെ പ്രശസ്തമായ ടാറ്റ ആശുപത്രിക്കു മുന്നില്‍വച്ചാണ് ഹിജാബ് ധരിച്ച സ്ത്രീക്ക് ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഭക്ഷണം നിഷേധിച്ചത്. എന്നാല്‍ ഇതേ ആശുപത്രിക്ക് മുന്നില്‍വച്ച് മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ എന്ന ബാനറിലാണ് എല്ലാവര്‍ക്കും ഭക്ഷണം കൊടുത്തത്.

ഇവിടെനിന്ന് ഭക്ഷണം കിട്ടാന്‍ അല്ലാഹു അക്ബര്‍ എന്നോ മറ്റോ ഒരു മതപരമായ മുദ്രാവാക്യവും വിളിക്കേണ്ടെന്നും ഭക്ഷണംചോദിച്ചെത്തുന്ന ആര്‍ക്കും അതുലഭിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. യാതൊരു വിവേചനവും നേരിടാതെ നിരവധി പേര്‍ ഭക്ഷണം വാങ്ങി സന്തോഷത്തോടെ പോകുന്നതിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

https://twitter.com/MohdNazim01/status/1851966626263867613

കഴിഞ്ഞദിവസമാണ് ഭക്ഷണം തേടിയെത്തിയ മുസ്ലിം സ്ത്രീയോട് മതപരമായ മുദ്രാവാക്യം വിളിക്കാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടത്. ഭക്ഷണത്തിനായി ആളുകള്‍ക്കിടയില്‍ വരിനില്‍ക്കുന്ന ഹിജാബ് ധരിച്ച് നില്‍ക്കുന്ന യുവതിയോട് ഭക്ഷണം വിതരണം ചെയ്യുന്ന പ്രായമായൊരാള്‍ മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വേണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. യുവതി അതിന് തയാറാവാതിരുന്നതോടെ, ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണവും തരില്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. രാമന്‍ എന്ന് വിളിക്കാത്തവര്‍ ഭക്ഷണത്തിനായി വരി നില്‍ക്കരുതെന്ന് പറഞ്ഞ ഇയാള്‍, യുവതിയോട് സ്ഥലംവിടാനും ഇല്ലെങ്കില്‍ ചവിട്ടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. സംഭവം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

സംഭവത്തില്‍ പൊലിസിന് പരാതി ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിതരണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയാറായിട്ടില്ല.

Continue Reading

kerala

സർക്കാറിന് മുനമ്പം വിഷയത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ഒറ്റദിവസംകൊണ്ട് പരിഹരിക്കാം: പി.കെ കുഞ്ഞാലിക്കുട്ടി

വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും

Published

on

മലപ്പുറം: മുനമ്പത്ത് ഭൂമി പ്രശ്നം അനുഭവിക്കുന്നവരുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതുനടപടിയോടും മുസ്‌ലിം സംഘടനകള്‍ സഹകരിക്കും. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മെല്ലപ്പോക്ക് വര്‍ഗീയ പ്രചാരണത്തിന് കാരണമാകും. ഒരു ദിവസം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നത്തിന് എന്തിനാണ് ഒരു വര്‍ഷമെടുക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടാല്‍ പ്രശ്നം അപ്പോള്‍ തന്നെ തീരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് കിടപ്പാടം നഷ്ടപ്പെടരുത്. അവരുടെ സ്വത്തുവകകള്‍ നഷ്ടപ്പെടരുത്. ആ കാര്യത്തില്‍ ആര്‍ക്കും യാതൊരുവിധത്തിലുള്ള വിയോജിപ്പും ഉണ്ടായിട്ടില്ല. നിയമപരമായി അതുചെയ്തുകൊടുക്കേണ്ട പ്രഥമ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടിക്കും മുസ്‌ലിം സംഘടനകളുടെ പൂര്‍ണ പിന്തുണയുണ്ടാകും. സാഹചര്യം ഇങ്ങനെയായിരിക്കെ ചില വര്‍ഗീയശക്തികള്‍ അനാവശ്യ പ്രചാരണം നടത്തുകയാണ്. ഈ പ്രചാരണം അവസാനിപ്പിക്കണം. പ്രശ്‌നം പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കുകയാണു വേണ്ടത്.

സര്‍ക്കാര്‍ വിചാരിച്ചാല്‍ പ്രശ്‌നം അവസാനിപ്പിക്കാം. സര്‍ക്കാര്‍ ഇത് നീട്ടിക്കൊണ്ടുപോകുന്നത് പാടില്ലാത്ത സംഗതിയാണ്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം മറ്റു ശക്തികള്‍ക്ക് തെറ്റായ പ്രചാരണത്തിന് ഇടം നല്‍കും. കോടതിക്കു പുറത്തുള്ള തീര്‍പ്പാക്കല്‍ സാധ്യമാകും’ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ബിഷപ്പുമാരുമായും സഭാ അധ്യക്ഷന്മാരുമായി ബന്ധപ്പെട്ടിരുന്നു. അവിടത്തെ ജനപ്രതിനിധികളുമായും സംസാരിച്ചു. എല്ലാവരും പ്രശ്‌നപരിഹാരത്തിനായാണു നീങ്ങുന്നത്. എന്ത് കിട്ടിയാലും വര്‍ഗീയവല്‍ക്കരിക്കുന്ന നീക്കം നടക്കുന്നുണ്ട്. ഇതിനായി ഒരു കൂട്ടര്‍ നില്‍ക്കുന്നു. ഇവര്‍ക്ക് പൂരം കിട്ടിയാലും പെരുന്നാള്‍ കിട്ടിയാലും അങ്ങനെ തന്നെയാണ്. സര്‍ക്കാര്‍ സമയത്ത് ഇടപെട്ടില്ലെങ്കില്‍ അത്തരക്കാര്‍ക്ക് ഗുണമാകും. ബിജെപി ഇന്ത്യയില്‍ ഒട്ടാകെ നടപ്പാക്കുന്ന തന്ത്രമാണു വിഭജനം സൃഷ്ടിക്കല്‍. അതാണിപ്പോള്‍ കേരളത്തിലും പരീക്ഷിക്കുന്നത് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Continue Reading

kerala

സ്വതന്ത്ര കര്‍ഷക സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായി മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുള്ളയെയും തെരഞ്ഞെടുത്തു

Published

on

രണ്ടു ദിവസമായി കോഴിക്കോട് നടന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് സമാപനം. സമാപനം കുറിച്ചുകൊണ്ട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിലിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കുറുക്കോളി മൊയ്തീൻ എം.എൽ.എയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള (പാലക്കാട്)യെയും ഓർഗനൈസിങ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാസർകോഡിനെയും ട്രഷററായി കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (കോഴിക്കോട്) നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മൺവിള സൈനുദ്ദീൻ (തിരുവനന്തപുരം),പി.പി മുഹമ്മദ് കുട്ടി (കോട്ടയം), കെ.ഇ അബ്ദുറഹിമാൻ ( പത്തനംതിട്ട), സി.എ അബ്ദുള്ള കുഞ്ഞി (കാസർകോസ്), അഹമ്മദ് പുന്നക്കൽ (കോഴിക്കോട്), എം.എം അലിയാർ മാസ്റ്റർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി പി.കെ അബ്ദുൽ അസീസ് (വയനാട്), എം.പി.എ റഹീം (കണ്ണൂർ), ടി.എം മുഹമ്മദ് ഇരുമ്പ് പാലം (ഇടുക്കി), പി.കെ അബ്ദു റഹിമാൻ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.

കൗൺസിലിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്‌മത്തുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്‌മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

Continue Reading

Trending