പ്രൊഫ. പി.കെ.കെ തങ്ങള്‍
ലോകത്ത് ശാന്തിയും സമാധാനവും പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. കുടുംബ പശ്ചാത്തലംതൊട്ട് ഘട്ടംഘട്ടമായി നിലകൊള്ളുന്ന അതിവിസൃതമായ മനുഷ്യക്കോട്ട ലോകത്തെയൊന്നാകെ ഉള്‍ക്കൊള്ളുന്നു. കോട്ടം തട്ടാതെ ആ കോട്ട എക്കാലവും നിലനില്‍ക്കാനുള്ളതാണ്. അപ്പോള്‍ അതിന് നല്ല കെട്ടുറപ്പുണ്ടായിരിക്കണമെന്നത് അവിതര്‍ക്കിതമാണ്. ആ കെട്ടുറപ്പിനെ അങ്ങേയറ്റം ഭദ്രമാക്കേണ്ട പദാര്‍ത്ഥങ്ങളാണ് സ്‌നേഹം, സാഹോദര്യം എന്നിവ. സ്‌നേഹ സാഹോദര്യങ്ങളാകുന്ന പൂരകങ്ങള്‍ കുറയുന്നിടത്ത് കെട്ടുറപ്പിന് ദൃഢത കുറയും. അത് അപകടകരമായ ചലനങ്ങള്‍ക്ക് കാരണമാകും. അത്തരം സാഹചര്യങ്ങളെയാണ് സമൂഹത്തില്‍ ചിലപ്പോഴൊക്കെ കാണാറുള്ളത്. ഒറ്റക്കെട്ടാവണം സമൂഹം എന്ന് പരക്കെ പറയപ്പെടാറുള്ള ശൈലിതന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ. അത് സമൂഹഭദ്രതയെ അങ്ങേയറ്റം കാംക്ഷിക്കുന്ന ഒരു മാനസിക പ്രകടനമാണ്; വെറും വാക്കല്ല.
മനുഷ്യനില്‍ ആത്യന്തികമായി നിലനില്‍ക്കേണ്ടത് സ്‌നേഹം, സാഹോദര്യം, ദീനാനുകമ്പ, സഹാനുഭൂതി, നന്ദിബോധം, സഹായ മനസ്‌കത, നന്മ ഉപദേശിക്കല്‍, തിന്മ തടയല്‍, അറിവു പകര്‍ന്നുനല്‍കല്‍, വ്യക്തിജീവിതവും കുടുംബ ജീവിതവും സാമൂഹിക ജീവിതവും കുറ്റമറ്റതാക്കിത്തീര്‍ക്കല്‍, പരമാവധി സ്വയത്തില്‍തന്നെ അപരന് മാതൃക തീര്‍ക്കല്‍ തുടങ്ങിയ മഹനീയ ഗുണവിശേഷങ്ങളാണ്. ഈവിധം വളര്‍ന്നുവരുന്ന സമൂഹത്തില്‍ ഗുണാത്മക ഘടകങ്ങള്‍ (പൊസിറ്റീവ് എലമെന്റ്‌സ്) കരുപ്പിടിക്കാനും വളര്‍ന്നുവികസിക്കാനും അവസരമുണ്ടാകും. മാനവികതയുടെ ശക്തമായ അടിത്തറയാണത്. ഇപ്രകാരം മാനവികത വളര്‍ന്നുവരുന്നതിനിടയില്‍തന്നെ അതിനെ വെല്ലുവിളിക്കുംവിധം ദുഷ്പ്രവണതകളും സമൂഹത്തില്‍ വിത്തിട്ട് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വിപരീത ശക്തികളും തുനിഞ്ഞുകൊണ്ടിരിക്കുമെന്നതില്‍ സംശയമില്ല. കാരണം, നന്മയോട് പടപൊരുതാനായി കച്ചകെട്ടിയവര്‍ ഏതു സാഹചര്യത്തിലും കടന്നുവരുമെന്നത് യാഥാര്‍ഥ്യമാണ്. സമൂഹമെന്ന വന്‍ യന്ത്രത്തിനും സ്‌നേഹാര്‍ദ്രമായ പരിപാലനം അത്യാവശ്യമാണ്. സമൂഹം ഭദ്രമായി നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു ഗുണകാംക്ഷിയും അത്തരം സൂക്ഷ്മമായ പരിപാലനത്തിന് തയാറാവുന്നതുകൊണ്ടാണ് സമൂഹമെന്ന വന്‍ യന്ത്രം നിര്‍ബാധം പ്രവര്‍ത്തിച്ചു മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ എവിടെയെങ്കിലും ചെറിയ തോതിലുള്ള യന്ത്രത്തകരാറുകള്‍ ലഘുവായ കാരണങ്ങള്‍ മുഖേന ഉടലെടുക്കുകയാണെങ്കില്‍ ഉടന്‍ സ്‌നേഹമാകുന്ന എണ്ണയും വിട്ടുവീഴ്ചയാകുന്ന പരിലാളനവും നല്‍കി പ്രശ്‌നം പരിഹരിക്കേണ്ടതാണ്. മറിച്ച് അതൊരു വ്രണമായിത്തീര്‍ന്ന് വ്യാപിക്കാനോ അപകടത്തില്‍ കലാശിക്കാനോ അനുവദിച്ചുകൂട. അത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യ മനസുകളെ നിയന്ത്രിക്കേണ്ട ചേതോവികാരം സാര്‍വത്രികമായ ഏക മാനവികതയാണ്. സ്വയവും ഒപ്പം മാതാപിതാക്കളും സഹോദരീ സഹോദരന്മാരും ഭാര്യാസന്താനങ്ങളും സുരക്ഷിതരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാള്‍ക്കും ലോകത്തെവിടെയും ഒരാള്‍ പോലും വേദനിക്കുന്നതോ, ഹനിക്കപ്പെടുന്നതോ ഉള്‍ക്കൊള്ളാനാവുകയില്ല. നാം സ്വയം അപകടത്തെയോ, നിര്‍ഭാഗ്യത്തെയോ, ദാരിദ്ര്യത്തെയോ, രോഗത്തെയോ ഭയക്കുന്നെങ്കില്‍ സഹോദരങ്ങള്‍ക്കും അത്തരം ദുര്‍വിധികള്‍ ഉണ്ടാവരുത് എന്നതായിരിക്കണം മാനസികാവസ്ഥ, അവിടെയാണ് മാനവികത. നേട്ടങ്ങളും നന്മകളുമെല്ലാം തനിക്കുകിട്ടിയാല്‍ മതി, മറ്റുള്ളവരുടെ വിഷയത്തില്‍ എനിക്കെന്ത് കാര്യം എന്ന ചിന്താഗതി മനുഷ്യത്വരഹിതമാണ്.
ജീവിതത്തില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ട അതിര്‍വരമ്പുകളെയാണ് സംക്ഷിപ്താര്‍ഥത്തില്‍ ധാര്‍മികതയെന്ന് വിവക്ഷിക്കുന്നത്. പ്രപഞ്ചത്തില്‍ മനുഷ്യന്‍ മാത്രമല്ല സര്‍വ സൃഷ്ടിചരാചരങ്ങളും സൃഷ്ടിച്ച നാഥന്‍ പഠിപ്പിക്കുന്നത്, ‘സൃഷ്ടിച്ചു’ എന്ന അവകാശവാദം മാത്രമല്ല, മറിച്ച് അവയ്ക്ക് ‘ജീവന്‍ നല്‍കി സഞ്ചാര (പ്രവര്‍ത്തന) പഥവും’ കാണിച്ചുകൊടുത്തു എന്നാണ്. മനുഷ്യന്‍ ഇതര ജീവികളില്‍ വെച്ചെല്ലാം ഉന്നതനും ധാരാളം സവിശേഷതകള്‍ ഉള്ളവനെന്നുമുള്ള വസ്തുത വ്യക്തമാണല്ലോ. മനുഷ്യന്റെ മേന്മ പ്രകടമാവുന്ന മറ്റൊരു വസ്തുത ‘ഭൂമുഖത്തുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണ്’ എന്ന പ്രഖ്യാപനമാണ്. ഇവിടെ ലഭ്യമാകുന്ന പ്രകടമായ ആശയം മനുഷ്യന്‍ മറ്റു സൃഷ്ടികളില്‍ നിന്നെല്ലാം വിഭിന്നനാണ് എന്നാണ്. ആ ഉന്നത പദവി നല്‍കി പ്രത്യേക പരിഗണന തന്നിട്ടുള്ളത് ഭൂമുഖത്തെ പ്രത്യേക സുഖഭോഗങ്ങള്‍ അതിരുകളില്ലാതെ നുണയാന്‍ വേണ്ടിയല്ല; മറിച്ച് മൂര്‍ത്തമായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിച്ചുകൊണ്ടാണ്. അതില്‍, ആദ്യമായി തന്നെ സ്വയം വിശ്വാസവും കര്‍മവും ശരിയായി ക്രമപ്പെടുത്തി, അവതരിക്കപ്പെട്ട നേര്‍വഴിയില്‍ ജീവിക്കുകയെന്നതാണ്. മനുഷ്യന് ജന്മസിദ്ധമായിട്ടുള്ളതും ഏറ്റവും ധന്യമായിട്ടുള്ളതുമായ രണ്ട് അനുഗ്രഹങ്ങള്‍, ഒന്ന് ആരോഗ്യവും മറ്റേത് സമയവുമാണ്. ആരോഗ്യത്തിമര്‍പ്പ്പലപ്പോഴും മനുഷ്യന്‍ തിരിച്ചറിവില്ലാതെ ദുരുപയോഗം ചെയ്ത് നശിപ്പിക്കുന്നു. എന്നാല്‍ നേട്ടമുണ്ടാക്കാന്‍ ഏറ്റവും പറ്റിയ ഉപാധി രോഗാതുരതയില്ലാതെ പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയുകയെന്നതാണ്. സമയം വിശേഷിച്ചും പ്രപഞ്ചത്തിലെ ഏറ്റവും വിലപ്പെട്ട നിധി പ്രാധാന്യം തിരിച്ചറിഞ്ഞാണോ മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്നത്? അത് വൃഥാ നശിപ്പിക്കുകയും എന്നിട്ട് ‘നേരം കിട്ടിയില്ല’ എന്ന് മറ്റുള്ളവരുടെ മുന്നില്‍ ന്യായം നിരത്താനുമല്ലേ മനുഷ്യന്‍ തുനിയുന്നത്. വിവേകപൂര്‍വം സമയം ചെലവഴിക്കുകയാണെങ്കില്‍ അതാണ് ഏറ്റവും ലാഭം കൊയ്യാവുന്ന അമൂല്യ മുതല്‍മുടക്ക്. ലോകത്ത് ആര്‍ക്കാണ് മുതല്‍മുടക്കായി ഇരുപത്തിനാല് മണിക്കൂറില്ലാത്തത്! എന്നാല്‍ തിരിച്ചറിവില്ലാതെ മനുഷ്യന്‍ അത് നാശത്തിനായി നീക്കിവെക്കുന്നു.
നന്മയായിട്ടുള്ളതെല്ലാം നിരാകരിക്കപ്പെടുന്നു, എന്നിട്ട് തിന്മകളെമാത്രം ആശ്ലേഷിക്കുന്നു. പുതുതലമുറ വളര്‍ന്ന് മുന്നോട്ട് കുതിക്കുമ്പോള്‍ മാതാപിതാക്കള്‍ ആധിയാല്‍ ഉറക്കംകെടുന്നവരായിത്തീരുന്നില്ലേ. വളര്‍ന്നുകഴിഞ്ഞ സമൂഹത്തില്‍ ഇനിയൊരു പരിവര്‍ത്തനം സാധ്യമാവുക എളുപ്പമല്ല. മനുഷ്യസമൂഹത്തിന്റെ ഏറ്റവും മൂല്യവത്തായ മാനവികതയും ധാര്‍മികതയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ ഭാവിയില്‍ വാര്‍ത്തെടുക്കാന്‍ വേണ്ട അടിവളം ഇപ്പോള്‍ വെളിച്ചം കണ്ടുതുടങ്ങുന്ന ഇളംതലമുറയില്‍ പ്രയോഗിക്കുകയാണെങ്കില്‍ വരാനിരിക്കുന്ന തലമുറകളെങ്കിലും നേര്‍വഴിക്കെത്തിച്ചേര്‍ന്നെന്നുവരാം. നേര്‍ മാനവികതയിലേക്ക് തിരിച്ച്‌പോക്ക് സാധ്യമാവണമെങ്കില്‍ നിലവിലെ ഉല്‍ബുദ്ധ സമൂഹം ശരിയായ തിരിച്ചറിവോടെ സ്വയം ക്രമപ്പെടുത്തലിന് വിധേയരായി മാതൃകാപരമായി മുന്നേറുകയും പ്രാവര്‍ത്തികമാക്കാവുന്ന ആശയങ്ങള്‍ സമൂഹത്തിലും ഭരണകൂടതലത്തിലും എത്തിക്കുകയും ചെയ്തു പരിവര്‍ത്തന പ്രക്രിയയ്ക്ക് നാന്ദികുറിക്കേണ്ടതാണ്.