മോസ്‌ക്കോ: പേരും പെരുമയും പറഞ്ഞ് റഷ്യയിലെത്തിയ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും ബ്രസീലും ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പേരിനൊത്ത പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഗ്രൂപ്പ് ഡിയില്‍ ഒരു സമനിലയും ഒരു തോല്‍വിയുമുള്ള മെസ്സിപ്പട, 2002നു ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോകുമോയെന്ന ആശങ്കയിലാണ്. ആദ്യ മത്സരം സമനില വഴങ്ങിയെങ്കിലും രണ്ടാം മത്സരത്തില്‍ അവസാന മിനുട്ടുകളിലെ ഇരട്ടഗോള്‍ പ്രകടനം ബ്രസീലിന്റെ നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാലും അവസാന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞത് ഒന്നും അഞ്ചുതവണ ലോകകപ്പ് ചാമ്പ്യന്‍മാരായ കാനറികളെ
തുണച്ചേക്കില്ലയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ജേതാക്കളായ ജര്‍മ്മനിയുടെയും യൂറോപ്യന്‍ ശക്തികളായ സ്‌പെയ്‌നിന്റെയും പോര്‍ച്ചുഗലിന്റെയും അവസ്ഥ സമാനമാണ്.
ഗ്രൂപ്പ് ഡി-അര്‍ജന്റീനയുടെ പ്രീ-ക്വാര്‍ട്ടര്‍ സാധ്യത
കളത്തിനു പുറത്ത് പ്രധാനമായും കണക്കിലെ കളി നടക്കുന്നത് ഗ്രൂപ്പ് ഡിയിലാണ്. റഷ്യന്‍ ലോകകപ്പ് കിക്കോഫിന് മുമ്പ് മിക്ക പ്രവചനങ്ങളും അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരാകുമ്പോള്‍ ക്രൊയേഷ്യ രണ്ടാം സ്ഥാനക്കാരായി മുന്നേറുമെന്നായിരുന്നു. എന്നാല്‍ ആദ്യമത്സരത്തില്‍ ഐസ്‌ലന്റിനോട് അപ്രതീക്ഷിത സമനിലയും ക്രൊയേഷ്യയോട് മൂന്നു ഗോളിന്റെ നാണംകെട്ട തോല്‍വിയും നേരിട്ടതോടെ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമെന്ന അവസ്ഥയിലായി. അവസാന മത്സരത്തില്‍ ജയിച്ചാലും ക്രൊയേഷ്യ-ഐസ്‌ലന്റ് മത്സരഫലത്തിലെ ഫലമാവും അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക. ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച ക്രൊയേഷ്യ ഗ്രൂപ്പില്‍ നിന്നും ഇതിനകം യോഗ്യത നേടികഴിഞ്ഞു.
ഗ്രൂപ്പിലെ സാധ്യതകള്‍
1. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീന നൈജീരിയ തോല്‍പ്പിക്കുകയും ഐസ്‌ലാന്റ് ക്രൊയോഷ്യയോട് തോല്‍ക്കുകയും ചെയ്താല്‍ കായേഷ്യക്ക് പിന്നില്‍ രണ്ടാം സ്ഥാനാക്കാരായി അവസാന പതിനാറില്‍ ഇടംനേടാം
2. അവസാന മത്സരത്തില്‍ അര്‍ജന്റീനയും ഐസ്‌ലന്റും ജയിക്കുകയാണെങ്കില്‍ ഗോള്‍വ്യത്യാസത്തിലാവും രണ്ടാം സ്ഥാനക്കാരെ കണ്ടെത്തുക. നിലവില്‍ മൈനസ് മൂന്നാണ് അര്‍ജന്റീനയുടെ ഗോള്‍ ഡിഫറന്‍സ് ഐസ്‌ലന്റിന്റേത് മൈനസ് രണ്ടും. ഈ സാഹചര്യത്തില്‍ ഐസ്‌ലന്റ് ജയിക്കുന്നതിനേക്കാള്‍ മൂന്നു ഗോള്‍ വ്യത്യാസത്തില്‍ അര്‍ജന്റീന ജയിക്കണം. അതിനുപകരം രണ്ടുഗോള്‍ വ്യത്യാസത്തിലാണ് അര്‍ജന്റീന ജയിക്കുന്നതെങ്കില്‍. ഇരുവരുടേയും ഗോള്‍വ്യത്യാസം തുല്യമാകും. ഈ സാഹചര്യത്തില്‍ പെനല്‍ട്ടിമേറ്റ് സിസ്റ്റം പ്രകാരം ഏറ്റവും കുറഞ്ഞ കാര്‍ഡുകള്‍ വാങ്ങിയ ടീമിന് യോഗ്യത നല്‍കും.
3. നൈജീരിയ അവസാന മത്സരത്തില്‍ ജയിച്ചാല്‍ അവര്‍ക്ക് യോഗ്യത നേടാം. ഇനി അവര്‍ അര്‍ജന്റീനക്കെതിരെ സമനിലയാണ് വഴങ്ങുന്നത് എങ്കില്‍ ക്രൊയേഷ്യയെ ഐസ്‌ലാന്റ് മിനിമം മൂന്നു ഗോളിന്റെ വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ നൈജീരിയക്ക് വെല്ലുവിളിയാവൂ.
ഗ്രൂപ്പ് ഇ- ബ്രസീലിന്റെ നിലയും അത്ര സുരക്ഷിതമല്ല
താരനിബിഡമായ സംഘവുമായി റഷ്യലെത്തിയ ബ്രസീലിന്റെ അവസ്ഥയും ആദ്യ രണ്ടു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ അത്ര സുരക്ഷിതമല്ല. സ്വിറ്റ്സര്‍ലന്‍ഡ്, കോസ്റ്റോറിക്ക, സെര്‍ബിയ എന്നിവരടങ്ങിയ ഗ്രൂപ്പില്‍ നിന്നും പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരത്തില്‍ ബ്രസീലിന് ജയം അനിവാര്യമാണ്. സമനിലയും ബ്രസീലിന് സാധ്യത നല്‍കുമെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞേക്കില്ല.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി സെര്‍ബിയ ആണ് എന്നത് ബ്രസീലിന് തലവേദനയാണ്. രണ്ടു മത്സരങ്ങളില്‍ നിന്നായി ഒരു തോല്‍വിയും ഒരു ജയവുമായി സെര്‍ബിയക്ക് നിലവില്‍ മൂന്നു പോയന്റുണ്ട്. അവസാന മത്സരത്തില്‍ ജയിച്ചാല്‍ പ്രീ-ക്വാര്‍ട്ടറിലെത്താം എന്നറിയുന്ന സെര്‍ബ് താരങ്ങള്‍ ബ്രസീലിന് വലിയ തലവേദന തന്നെയാവും. താരതമ്യേന ദുര്‍ബലരായ കോസ്റ്റാറിക്കയെ തോല്‍പ്പിച്ചാല്‍ സ്വിറ്റ്സര്‍ലാന്‍ഡും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കും. ബ്രസീല്‍ പുറത്താകുകയും ചെയ്യും.നിലവിലെ ഫോമില്‍ ബ്രസീല്‍ സെര്‍ബിയയെ തോല്‍പ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അങ്ങിനെവന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാകാന്‍ വലിയ മാര്‍ജിനില്‍ ബ്രസീലിന് ജയിക്കേണ്ടതുണ്ട്.
ഗ്രൂപ്പ്-ബി സ്‌പെയ്‌നും പോര്‍ച്ചുഗലും പ്രീ-ക്വാര്‍ട്ടര്‍ അരികെ
യൂറോപ്യന്‍ വമ്പന്‍മാരായ സ്‌പെയ്‌നും പോര്‍ച്ചുഗലിനും പ്രീ-ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കണം. മൂന്നു പോയന്റുള്ള ഇറാനാണ് ഗ്രൂപ്പില്‍ ഇരുവര്‍ക്കും വെല്ലുവിളി. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഇറാനും കളിച്ച രണ്ടു കളിയും തോറ്റ മൊറോക്കോ സ്‌പെയ്‌നിനേയും അട്ടിമറിച്ചാല്‍ യൂറോപിലെ ഒരു വമ്പന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയുടേയും നില പരുങ്ങലിലാണ്. ആദ്യ മത്സരത്തില്‍ മെക്‌സികോയോട് തോറ്റ ജര്‍മ്മനിക്ക് ഇന്നത്തെ മത്സരത്തില്‍ സ്വീഡനെതിരെ ജയം അനിവാര്യമാണ്. തോറ്റാല്‍ നേരത്തെ സ്‌പെയ്‌നും ഇറ്റലിയുടേയും വഴിയേ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും പുറത്താകുന്ന നിലവിലെ ചാമ്പ്യന്മാര്‍ എന്ന ദുഷ്‌പേരുമായി ബെര്‍ലിനിലേക്ക് വണ്ടികയറാം. എന്തായാലും, ഇതോടെ ഗ്രൂപ്പുകളിലെ അവസാന മത്സരം പ്രമുഖര്‍ക്ക് നിലനില്‍പിന്റെ പോരാട്ടമായി മാറുമെന്നുറപ്പാണ്.