Connect with us

News

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാതെ ഗസയിലെ ആശുപത്രികള്‍; മരണസംഖ്യ ഉയരുന്നു,ഭവനരഹിതരായത് ലക്ഷങ്ങള്‍

വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്.

Published

on

ഗസ്സ: സകല മേഖലയിലും ഉപരോധം കടുപ്പിച്ച് വലിഞ്ഞുമുറുക്കിയ ഗസ്സക്കുമേല്‍ വിശ്രമമില്ലാത്ത തീതുപ്പല്‍ തുടര്‍ന്ന് ഇസ്രാഈലിന്റെ ബോംബര്‍ വിമാനങ്ങള്‍. പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ഫലസ്തീനികളാണ് ഇന്നലേയും ഈസ്രാഈല്‍ ആക്രമണത്തില്‍ പിടഞ്ഞു വീണത്. ഇതിനിടെ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഗസ്സയെ കരമാര്‍ഗം ആക്രമിക്കാനുള്ള ഒരുക്കത്തിന് ഇസ്രാഈല്‍ വേഗം കൂട്ടി. ഏതു സമയത്തും കരയുദ്ധം ആരംഭിച്ചേക്കാമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 3,60,000 സൈനികരെയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം വേണ്ടത്ര മരുന്നോ ചികിത്സാ സൗകര്യങ്ങളോ ഇല്ലാത്ത ഗസ്സയിലെ ആശുപത്രികള്‍ പരിക്കേറ്റവരെക്കൊണ്ട് വീര്‍പ്പു മുട്ടുകയാണ്. ശനിയാഴ്ച ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രാഈല്‍ തുടങ്ങിയ സൈനിക നടപടിയില്‍ 1055 ഫലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 5184 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് ഫലസ്തീനി ആരോഗ്യ പ്രവര്‍ത്തകരും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 1,87,000 ഫലസ്തീനികളാണ് ഭവന രഹിതരാക്കപ്പെട്ടത്. ഗസ്സയിലെ യു.എന്‍ സ്‌കൂളിലും ആശുപത്രികളിലും അഭയം തേടിയിരിക്കുന്ന ജനങ്ങള്‍ കടുത്ത യാതനയാണ് അനുഭവിക്കുന്നത്.

ഇതിനിടെ ഭക്ഷണവും വെള്ളവും വൈദ്യുതിയും നിലച്ച്, ആശയ വിനിമയ സംവിധാനങ്ങള്‍ അറ്റ്, മാനവിക മഹാദുരന്തത്തിന്റെ വക്കിലാണ് ഗസ്സയെന്ന് മേഖലയില്‍നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. സിവിലിയന്‍ കേന്ദ്രങ്ങള്‍ തിരഞ്ഞുപിടിച്ചാണ് ഇസ്രാഈല്‍ വ്യോമാക്രമണം നടത്തുന്നതെന്നും ഇതിന് തടയിടാന്‍ ലോകരാഷ്ട്രങ്ങള്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഗസ്സയിലെ ഷിഫ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ”ഞങ്ങള്‍ കടുത്ത യാതനയിലാണ്. എന്നാല്‍ ലോകം ഒരു വിരല്‍ പോലും ഉയര്‍ത്തുന്നില്ല. ഇതൊരു അടിയന്തര സഹായം തേടിക്കൊണ്ടുള്ള സന്ദേശമാണ്. നിങ്ങള്‍ ഞങ്ങളെ സഹായിക്കണം” മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ഡോക്ടര്‍മാര്‍ യാചിച്ചു. ”ഡീസല്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നോ നാലോ ദിവസം മാത്രമേ ഇങ്ങനെ മുന്നോട്ടു പോകാന്‍ കഴിയൂ. അതു കഴിഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകും” – ഡോക്ടര്‍മാര്‍ പറയുന്നു.

വെസ്റ്റ്ബാങ്കിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. 23 പേരാണ് വെസ്റ്റ്ബാങ്കില്‍ കൊല്ലപ്പെട്ടത്. 130 പേര്‍ക്ക് പരിക്കേറ്റു. ലബനന്‍ ഗ്രാമങ്ങള്‍ക്കു നേരെയും ഇസ്രാഈല്‍ ഇന്നലെ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹമാസിന് പിന്തുണ നല്‍കുന്ന ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ഉന്നം വെച്ചാണ് ആക്രമണമൈന്നാണ് ഇസ്രാഈല്‍ അവകാശവാദം.ഇതിനിടെ ഗസ്സയിലേക്ക് സന്നദ്ധ സഹായം എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായി ഈജിപ്ഷ്യന്‍ ഭരണകൂടം വ്യക്തമാക്കി. അമേരിക്കയുമായി സഹകരിച്ച് താല്‍ക്കാലിക വെടിനിര്‍ത്തലിന് കളമൊരുക്കാന്‍ കഴിഞ്ഞാല്‍ തങ്ങളുടെ അതിര്‍ത്തികള്‍ വഴി സഹായം എത്തിക്കാമെന്നാണ് ഈജിപ്തിന്റെ നിലപാട്. സിനായ് മുനമ്പിലെ റഫ ബോര്‍ഡര്‍ വഴി സഹായം എത്തിക്കാനാണ് നീക്കം.

ഇതിനിടെ ഗസ്സയിലെ നിരപരാധികള്‍ക്കുമേല്‍ ആക്രമണം തുടര്‍ന്നാല്‍ റോക്കറ്റ് ഉപയോഗിച്ച് ഇസ്രാഈലിന്റെ ബെന്‍ഗുരിയന്‍ രാജ്യാന്തര വിമാനത്താവളം ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ് സൈനിക വിങ് ആയ അല്‍ഖസം ബ്രിഗേഡ് രംഗത്തെത്തി. ഗസ്സ അതിര്‍ത്തിയോടു ചേര്‍ന്ന ഇസ്രാഈലി പട്ടണമായ അഷ്‌കലോണിനു നേരെ അല്‍ഖസം ബ്രിഗേഡ് കഴിഞ്ഞ ദിവസം തുടര്‍ച്ചയായ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി

സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

Published

on

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി. സച്ചിന്‍ ദാസിന്റെ അപേക്ഷ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചതോടെ കേസില്‍ ഒരു പ്രതി മാത്രമായി.

മാപ്പുസാക്ഷിയാക്കണമെന്ന സച്ചിന്റെ ആവശ്യം പ്രോസിക്യൂഷനും എതിര്‍ത്തില്ല. കഴിഞ്ഞ ജൂണിലാണ് സച്ചിന്‍ ഹരജി നല്‍കിയത്.

കേസിനെക്കുറിച്ച് തനിക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാമെന്നും താന്‍ നിരപരാധിയാണെന്നും മാപ്പുസാക്ഷിയാക്കണം എന്നായിരുന്നു സച്ചിന്‍ ദാസിന്റെ ഹരജി.

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയെന്നാണ് സച്ചിനെതിരെ ചുമത്തിയിരുന്ന വകുപ്പ്.

 

Continue Reading

kerala

ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Published

on

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.

കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

india

നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്

Published

on

തെലുങ്ക് ജനതയെ അപമാനിച്ചെന്ന കേസില്‍ നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല. നടിയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിവാദ പരാമര്‍ശത്തില്‍ കേസെടുത്തതിന് പിന്നാലെ കസ്തൂരി ഒളിവിലാണ്. തമിഴ്‌നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം.

രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കസ്തൂരിക്ക് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്ക് വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ ഫോണും സ്വിച്ച് ഓഫാണ്.

ഭാരതിയ നാഗരിക് സുരക്ഷ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് നടി രംഗത്തെത്തി. തെലുങ്കരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് കസ്തൂരി വിശമാക്കിയത്. തന്റെ പരാമര്‍ശത്തെ ചിലര്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും തെലുങ്ക് വംശജരെ തന്റെ കുടുംബാംഗങ്ങളെ പോലെയാണ് കാണുന്നതെന്നും അവര്‍ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നത് ഡിഎംകെ സര്‍ക്കാരാണെന്നും കസ്തൂരി ആരോപിച്ചു.

Continue Reading

Trending