എം ബി രാജേഷ്
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു.
കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹം.മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.
മന്ത്രി വി. എന്‍. വാസവന്‍
മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സഹകരണം,രജിസ്‌ട്രേഷന്‍ മന്ത്രി വി. എന്‍. വാസവന്‍ അനുശോചനം അറിയിച്ചു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സജീവമായ അദ്ദേഹം കാല്‍ നൂറ്റാണ്ടോളം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ആത്മീയ അടിത്തറയുള്ള പാണക്കാട് കുടുംബത്തിലെ മുന്‍ഗാമികളെ പോലെ ജനങ്ങള്‍ക്കിടയില്‍ സജീവമായി നിലകൊണ്ടു .
മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവിലെത്തിയപ്പോള്‍ സ്വീകരിച്ച നിലപാടുകള്‍ അവധാനതയോടുള്ളതായിരുന്നു. പല നിര്‍ണായക തീരുമാനങ്ങളും സ്വീകരിക്കുമ്പോള്‍ അണികളുടെയും സാധാരണക്കാരുടെയും അഭിപ്രായങ്ങളും വിലയിരുത്തി. സൗഹൃദങ്ങള്‍ക്ക് രാഷ്ട്രീയതീതമായ മാനങ്ങള്‍ കല്‍പ്പിച്ചിരുന്നു വെന്ന് മന്ത്രി വി.എന്‍. വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ വിയോഗത്തില്‍ ദു:ഖാര്‍ത്തരായ അണികള്‍, നേതാക്കള്‍, ബന്ധുമിത്രാദികള്‍ എന്നിവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.
ജോസ് കെ മാണി എംപി
അസ്തമിച്ചത് രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭ:ജോസ് കെ മാണി എംപി
കോട്ടയം: കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ ആത്മീയ ശോഭയാണ് അസ്തമിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം.പി. സ്വന്തം പ്രവര്‍ത്തന ശൈലിയിലൂടെ എല്ലാവരുടെയുംസ്‌നേഹവും ആദരവും നേടിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വിയോഗം രാഷ്ട്രീയ-മത-ആത്മീയ മണ്ഡലങ്ങളില്‍ സൃഷ്ടിക്കുന്ന ശൂന്യത പ്രതിക്ഷകള്‍ക്ക് അപ്പുറമായിരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. അദ്ദേഹത്തിത്തിന്റെ കുടുംബത്തിനും പ്രസ്ഥാനത്തിനുമുണ്ടായ തീരാ ദുഃഖത്തില്‍
പങ്കു ചേരുന്നു.
മന്ത്രി വി. ശിവന്‍കുട്ടി
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍. രാഷ്ട്രീയ – മത വേദികളിലെ സൗമ്യ മുഖമായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
മന്ത്രി സജി ചെറിയാന്‍
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചിച്ചു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം അത്യന്തം വേദനാജനകമാണ്. സംസ്ഥാന രാഷ്ട്രീയത്തിലെ മുതിര്‍ന്ന വ്യക്തിത്വമെന്ന നിലയില്‍ അടുത്ത സൗഹൃദം എല്ലാവരുമായും പുലര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം. പക്വമായ നിലപാടുകളും മിതത്വം നിറഞ്ഞ ഭാഷയുമായി ഏവരുടെയും ബഹുമാനം പിടിച്ചുപറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ വലിയ നഷ്ടം സൃഷ്ടിക്കും. ആദരവോടെ അനുശോചനങ്ങള്‍ നേരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.
മന്ത്രി കെ രാധാകൃഷ്ണന്‍
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ അനുശോചിച്ചു.
മലപ്പുറം ജില്ലാ ലീഗ് അധ്യക്ഷന്‍ എന്ന നിലയിലും സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലും കേരള രാഷ്ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു ഇക്കാലമത്രയും അദ്ദേഹം. മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ ഊന്നിയ സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിരുന്നു.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മത നേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. ഇസ്ലാമിക പണ്ഡിതനായ തങ്ങള്‍ അനേകം മഹല്ലുകളുടെ ഖാസി എന്ന നിലയിലും ഏറെ ആദരവ് പിടിച്ചുപറ്റിയിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളുടെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു.