Connect with us

Culture

ഹിമാചല്‍ ജനവിധി നവംബര്‍ 9 ന്; ഗുജറാത്തില്‍ ഡിസംബര്‍ 18ന് മുമ്പ്

Published

on

ന്യൂഡല്‍ഹി: രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ ഒമ്പതിന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍കുമാര്‍ ജ്യോതി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഡിസംബര്‍ 18നായിരിക്കും വോട്ടെണ്ണല്‍. ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബര്‍ 18ന് മുമ്പ് നടത്തുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ജനവിധി എന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് ഉള്‍പ്പെടുന്നതിനാലും ഈ ജനവിധിക്ക് സവിശേഷ പ്രസക്തിയുണ്ട്. നോട്ടുനിരോധനവും ധൃതിപ്പെട്ട് ജി.എസ്.ടി നടപ്പാക്കിയതും കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ട് സംസ്ഥാനങ്ങള്‍ ബൂത്തിലെത്തുന്നത്. ദേശീയ രാഷ്ട്രീയത്തിലെ മുഖ്യ ശക്തികളായ ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഇരു സംസ്ഥാനങ്ങളിലും നേര്‍ക്കുനേര്‍ വരുന്നത്. അതുകൊണ്ടുതന്നെ പൊതുതെരഞ്ഞെടുപ്പിനോളം തന്നെ ആവേശം ഈ തെരഞ്ഞെടുപ്പുകള്‍ക്ക് കൈവരും. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 46 ദിവസത്തിനകം വോട്ടെടുപ്പ് നടത്തണമെന്ന ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി ഇപ്പോള്‍ പ്രഖ്യാപിക്കാത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് വോട്ടെണ്ണല്‍ ഡിസംബര്‍ 18ലേക്ക് നീട്ടിയതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഓം പ്രകാശ് റാവത്, സുനില്‍ അറോറ എന്നിവരും സംബന്ധിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ കേന്ദ്രങ്ങളിലും വിവിപാറ്റ് മെഷീനുകളും ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

20,000 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 49.05 ലക്ഷം വോട്ടര്‍മാരാണ് ഹിമാചല്‍ പ്രദേശില്‍ ആകെയുള്ളത്. 7521 പോളിങ് ബൂത്തുകളാണ് ക്രമീകരിക്കുക. വനിതകളുടെ കൈകാര്യത്തിലുള്ള 136 ബൂത്തുകളും ഇതില്‍ ഉള്‍പ്പെടും. അംഗപരിമിതര്‍ക്ക് വോട്ടു ചെയ്യാന്‍ 200 വീല്‍ചെയറുകള്‍ ഒരുക്കും. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവിടാവുന്ന പരമാവധി തുക 25 ലക്ഷം രൂപയായിരിക്കും. ലുധിനിയാനാ ഉപതെരഞ്ഞെടുപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച ആര്‍ഒനെറ്റ് സംവിധാനവും ഇത്തവണ വിനിയോഗിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനുള്ള വെബ് അടിസ്ഥാനമാക്കിയുള്ള നെറ്റ്‌വര്‍ക്ക് ആണ് ആര്‍ഒനെറ്റ്.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസ് വോട്ട് ഓണ്‍ലൈന്‍ സഹായത്തോടെ ചെയ്യാനുള്ള സൗകര്യവും ഒരുക്കും. എന്‍ക്രിപ്റ്റഡ് രീതിയിലുള്ള ബാലറ്റ് ഓണ്‍ലൈന്‍ ആയി അയച്ചുനല്‍കുകയും ഇവ ഡീക്രിപ്റ്റ് ചെയ്ത് പ്രിന്റെടുത്ത ശേഷം വോട്ടുരേഖപ്പെടുത്തി പോസ്റ്റല്‍ വഴി തിരിച്ചയക്കുന്നതുമാണ് സംവിധാനം.

2018 ജനുവരി ഏഴിനാണ് നിലവിലെ ഹിമാചല്‍ അസംബ്ലിയുടെ കാലാവധി തീരുന്നത്. മുഖ്യമന്ത്രി വീര്‍ഭദ്ര സിങിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഈ മാസം 23 ആണ് പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. സൂക്ഷ്മ പരിശോധന 24ന് നടക്കും. 26 ആണ് പത്രിക പിന്‍വലിക്കുന്നതിനുള്ള സമയ പരിധി. കഴിഞ്ഞ ഏഴ് തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും മാറി മാറി തുണച്ച ഹിമാചല്‍ ഇത്തവണ ആര്‍ക്കൊപ്പമാകുമെന്നാണ് ഉറ്റുനോക്കുന്നത്.

Film

ഭാസ്‌കരന്‍ മാഷിന്റെ ഓര്‍മകളില്‍ വിപിന്‍ മോഹന്‍ ; നീലക്കുയില്‍ ഐ.എഫ്.എഫ്.കെയില്‍

ഭാസ്‌കരന്‍ മാഷിന്റെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന ചടങ്ങിനെ തുടര്‍ന്ന് ‘നീലക്കുയില്‍’ പ്രദര്‍ശിപ്പിച്ചു.

Published

on

29 ാമത് ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിനത്തില്‍ പി. ഭാസ്‌കരന്റെ സ്മരണകള്‍ ഉണര്‍ത്തി നീലക്കുയിലിന്റെ പ്രദര്‍ശനം നടന്നു. നീലക്കുയിലില്‍ ബാലതാരമായി അഭിനയിച്ച പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനെ നിള തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. ചിത്രത്തിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവായ വിപിന്‍ മോഹന് ചലച്ചിത്ര അക്കാദമിയുടെ ആദരം സെക്രട്ടറി സി. അജോയ് അര്‍പ്പിച്ചു.

നീലക്കുയിലിന്റെ ചിത്രീകരണത്തിന്റെയും ഭാസ്‌കരന്‍ മാഷിന്റെ കൂടെ പ്രവര്‍ത്തിച്ചതിന്റെയും ഓര്‍മ്മകളില്‍ വിപിന്‍ മോഹന്‍ വാചാലനായി. ഭാസ്‌ക്കരന്‍ മാഷ് തനിക്കൊരു സഹോദരനെപ്പോലെയാണെന്നു അദ്ദേഹം പറഞ്ഞു. ഐക്യകേരളം സ്വപ്നം കാണുകയും ,കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തില്‍ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരന്‍ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു.

‘മലയാള സിനിമയിലും ആകാശവാണിയിലെ പ്രവര്‍ത്തന രീതിയിലും സാഹിത്യ സംസ്‌ക്കാരത്തിന് രൂപം നല്‍കിയത് ഭാസ്‌കരന്‍ മാഷാണ്, മലയാള സിനിമയില്‍ ആദ്യമായി തനതായ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെയാണ്. എന്നാല്‍ ഇന്ന് ആ പാട്ടുകളിലൂടെ മാത്രം ഓര്‍മിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സംവിധാന മികവ് പലപ്പോഴും നാം മറക്കുന്നു’ സിനിമാനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Continue Reading

Film

ഐഎഫ്എഫ്‌കെയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണ് സിനിബ്ലഡ് പ്രോഗ്രാം: പ്രേംകുമാര്‍

ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതീകമാണ്

Published

on

യുവതയുടെ ആഘോഷമായി മാറിയ കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രഖ്യാപനം കൂടിയാണ് സിനിബ്ലഡിന്റെ വിജയമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ പറഞ്ഞു.

മനുഷ്യ രക്തത്തിനു ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഐഎഫ്എഫ്‌കെയുടെ ഭാഗമായി സംഘടിപ്പിച്ച സിനിബ്ലഡ് പരിപാടി മാനവികതടെയും മനുഷ്യ സ്‌നേഹത്തിന്റെയും പ്രതീകമാണ്. സ്‌നേഹത്തിന്റെ മാതൃകയാണു ചലച്ചിത്ര മേളയില്‍ രക്തദാനത്തിലൂടെ കണ്ടത്. സിനിമ എന്നതു സാംസ്‌കാരിക പ്രവര്‍ത്തനത്തോടൊപ്പം ചേര്‍ന്ന സാമൂഹിക പ്രവര്‍ത്തനമായിമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിബ്ലഡിന്റെ പ്രവര്‍ത്തനം വരുംകാല ചലച്ചിത്ര മേളകളിലും തുടരും. രക്ത ദാന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ എല്ലാ പ്രവര്‍ത്തകരെയും ചടങ്ങില്‍ അദ്ദേഹം അഭിനന്ദിച്ചു. നിരവധി ഡെലിഗേറ്റുകളും പൊതുജനങ്ങളും രക്തദാന പരിപാടിയില്‍ പങ്കാളികളായി. ആര്‍സിസി ബ്ലഡ് ബാങ്കിലെ ഡോ. വിജയലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു രക്തദാന പരിപാടി.

ആര്‍സിസി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ കേരള ചലച്ചിത്ര അക്കാദമിയും പൊലീസിന്റെ രക്തദാന സേവനമായ പോല്‍ബ്ലഡും കേരള സ്‌റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും സംയുക്തമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. രക്ത ദാന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ ഏറ്റുവാങ്ങി. ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധര്‍, കേരള പോലീസ് പബ്ലിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍, പോല്‍ ബ്ലഡ് സ്‌റ്റേറ്റ് കണ്ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ര്‍ അനീഷ് എം.എസ്, ശ്യാം രാജ് എന്നിവര്‍ പങ്കെടുത്തു.

Continue Reading

Film

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം 67 ചിത്രങ്ങൾ പ്രദർശനത്തിന്

Published

on

കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം (16 ഡിസംബർ) 14 തിയേറ്ററുകളിലായി വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ. റീസ്റ്റോർഡ് ക്ലാസിക്‌സ് വിഭാഗത്തിൽ അകിറ കുറൊസാവയുടെ ‘സെവൻ സമുറായ്’, അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഇറാനിയൻ ചിത്രം ‘മീ മറിയം ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്‌സ്, മേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ ആൻ ഹുയിയുടെ ‘ബോട്ട് പീപ്പിൾ’, ‘ദ പോസ്റ്റ്‌മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട്’, ലോക സിനിമ വിഭാഗത്തിൽ അഭിജിത് മസുംദാറിന്റെ ‘ബോഡി’, ഫെസ്റ്റിവൽ ഫേവറിറ്റ്‌സ് വിഭാഗത്തിൽ ഷോൺ ബേക്കറിന്റെ ‘അനോറ’, മിഗേൽ ഗോമെസിന്റെ ‘ഗ്രാൻഡ് ടൂർ’ തുടങ്ങി പതിനഞ്ചിൽപ്പരം വിഭാഗങ്ങളിലായാണ് 67 ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നത്. ഫ്രഞ്ച് സംഗീത സംവിധായികയും നിർമാതാവുമായ ബിയാട്രിസ് തിരിയെറ്റിന്റെ അരവിന്ദൻ സ്മാരക പ്രഭാഷണമാണ് നാലാം ദിനത്തിലെ മറ്റൊരു ആകർഷണം. ഉച്ച കഴിഞ്ഞ് 2.30നാണ് പരിപാടി.

ലോക സിനിമ വിഭാഗത്തിൽ ‘ദ ഡിവോഴ്‌സ്’, ‘യങ് ഹാർട്ട്‌സ്’,’വിയെറ്റ് ആൻഡ് നാം’, ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ‘ദ ലോങ്ങസ്റ്റ് സമ്മർ’, ‘ദ ഫ്രഷ്ലി കട്ട് ഗ്രാസ്’ , മധു അമ്പാട്ട് റെട്രോസ്‌പെക്റ്റീവിൽ ‘ആൻ ഓഡ് ടു ലോസ്റ്റ് ലവ്’, ഫീമേൽ ഗെയ്‌സ് വിഭാഗത്തിൽ ഹോളി കൗ,സിമാസ് സോങ്, കണ്ടെംപററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ ഹോങ് സാങ് സൂവിന്റെ ‘ഹ ഹ ഹ’, സെലിബ്രേറ്റിങ് ഷബാന ആസ്മി വിഭാഗത്തിൽ ഖണ്ഡാർ തുടങ്ങി 16 സിനിമകളുടെ ഐ എഫ് എഫ് കെയിലെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.

കൗമാരക്കാരനായ ഏലിയാസിന് സമപ്രായക്കാരനായ അയൽവാസി അലക്‌സാണ്ടറിനോടുണ്ടാകുന്ന പ്രണയമാണ് ‘യങ് ഹാർട്ട്‌സി’ന്റെ പ്രമേയം. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്‌കാരം നേടിയ ചിത്രമാണിത്. 1920കളുടെ മധ്യത്തിൽ കസാഖ് ഗ്രാമവാസിയായ സലിംസാക്ക് ഒരു നാടകത്തിൽ സ്ത്രീവേഷം ചെയ്തതിനെ തുടർന്ന് ഭാര്യയുമായി ഉണ്ടാകുന്ന തർക്കമാണ്, ‘ദ ഡിവോഴ്‌സി’ന്റെ ഇതിവൃത്തം. ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ‘ദ ഡിവോഴ്‌സ്’. കാൻ ചലച്ചിത്രമേളയിലടക്കം പ്രദർശിപ്പിച്ച വിയെറ്റ് ആൻഡ് നാം, ഭൂമിക്കടിയിൽ ആയിരം കിലോമീറ്ററിലധികം താഴ്ചയിലുള്ള ഖനിയിൽ ജോലി ചെയ്യുന്ന വിയെറ്റിന്റെയും നാമിന്റെയും കഥയാണ്.

അപ്പുറം, മുഖകണ്ണാടി, വിക്ടോറിയ, കിഷ്‌കിന്ധാകാണ്ഡം, വെളിച്ചം തേടി,സൗദി വെള്ളക്ക എന്നിവയാണ് ഇന്ന് പ്രദർശിപ്പിക്കുന്ന മലയാളം സിനിമകൾ.

Continue Reading

Trending