വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കിയ കോടതിവിധിയാണ് കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധമായ വിധി. ഒരു പറ്റം മുസ്‌ലിം പെണ്‍കുട്ടികളാണ് മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം വിദ്യാലയ അധികൃതര്‍ നിഷേധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. ഹിജാബ് ധരിക്കുക എന്നത് മതവിശ്വാസപ്രകാരമുള്ള അനിവാര്യമായ ആചാരമാണെന്നും അതിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിവകാശമാണെന്നും അനുഛേദം ഇരുപത്തിയഞ്ച് പ്രകാരവും മറ്റു പ്രസക്തങ്ങളായ അനുച്ഛേദങ്ങള്‍ പ്രകാരവും തങ്ങളില്‍ അത് നിക്ഷിപ്തമാണെന്നുമായിരുന്നു ചുരുക്കത്തില്‍ അവരുടെ വാദം.
എതിര്‍ കക്ഷികളായ സ്‌കൂള്‍ അധികൃതരും സര്‍ക്കാരും അതിന്റെ വിവിധ വകുപ്പ് തലവന്‍മാരും ഈ വാദത്തെ നിശിതമായി എതിര്‍ത്തുകൊണ്ട് അവരുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. അവരുടെ വാദങ്ങള്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ്. ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുഛേദമോ മറ്റ് അനുഛേദങ്ങളായ ഹരജിക്കാര്‍ ചൂണ്ടിക്കാണിച്ച 14,15,16,19 എന്നീ അനുഛേദങ്ങളോ പരിപൂര്‍ണമായ അവകാശം ഹരജിക്കാര്‍ക്ക് കൊടുക്കുന്നില്ല. ഈ അവകാശങ്ങള്‍ക്കെല്ലാം ഭരണകൂടത്തിന് ന്യായ യുക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്നതാണ്. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുള്ളത് വിദ്യാഭ്യാസത്തിലൂടെ ശാസ്ത്രീയവും മതേതരവുമായ ചിന്താഗതി ഊട്ടി ഉറപ്പിക്കാനാണെന്നും ഭരണഘടനാപരമായ മതേതരത്വവും അനുഛേദം 39, 51 എന്നീ അനുഛേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന തത്വങ്ങളും പ്രായോഗികവത്കരിക്കാനും സമൂഹത്തില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താനുമൊക്കെയാണ് യൂണിഫോം നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്നും യൂനിഫോം എടുത്തുകളഞ്ഞാല്‍ അത് വ്യക്തിയുടെ അന്തസ്സിനെയും സ്ത്രീകളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനുള്ള അധികാരത്തെയും ഹനിക്കുന്നതായിരിക്കുമെന്നുമൊക്കെയായിരുന്നു.
കോടതി പിന്നീട് ചോദ്യങ്ങള്‍ ഫോര്‍മുലേറ്റ് ചെയ്തുകൊണ്ട് തുടരുന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങളെപ്പറ്റി വാചാലമായി വിവരിക്കുന്നു. സുപ്രീംകോടതി വിധികളുടെയും അതുപോലുള്ള മറ്റു ആധികാരിക രേഖകളുടെയും വെളിച്ചത്തില്‍ പാശ്ചാത്യഭരണഘടനകളുടെയും ഭരണകൂടങ്ങളുടെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെയും മതേതര സങ്കല്‍പ്പങ്ങളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി വ്യക്തികള്‍ക്ക് മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള സ്വതന്ത്രമായ അടിസ്ഥാന അവകാശങ്ങളെ ഉദ്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെയും ഭരണവ്യവസ്ഥയുടെയും ഒക്കെ മഹത്വവും വ്യത്യസ്തയും ഊന്നിപ്പറയുന്നു. എല്ലാമതങ്ങളെയും സംസ്‌ക്കാരങ്ങളെയും ഉള്‍കൊള്ളാനും അവയുടെയെല്ലാം നിലനില്‍പ്പിനും വളര്‍ച്ചക്കുമുള്ള അവകാശത്തെ അംഗീകരിക്കാനുമുള്ള ഇന്ത്യയുടെ പരമ്പരാഗതമായ സ്വഭാവത്തെയും കഴിവിനെയും ഒക്കെ എടുത്തുപറയുന്നു. അതോടൊപ്പം അനുഛേദം 51 ല്‍ പറയുന്ന മതം, ഭാഷ, വര്‍ഗം എന്നീ വ്യത്യാസങ്ങള്‍ക്കതീതമായ ഒരുമയും പൊതുസാഹോദര്യവും വളര്‍ത്തിക്കൊണ്ടുവരാനും സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തിലുള്ള എല്ലാ ആചാരങ്ങളെയും നിരാകരിക്കാനുമുള്ള പൗരന്റെ കടമയെ സൂചിപ്പിച്ചുകൊണ്ട് കര്‍ണാടക സര്‍ക്കാരിന്റെ വിവാദപരമായ 1983 ലെ ഈ കേസിലെ ഹരജിക്കാര്‍ ചോദ്യംചെയ്ത നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു മേല്‍പറഞ്ഞ അനുഛേദത്തിന്റെ വെളിച്ചത്തില്‍ ന്യായീകരണങ്ങള്‍ ഉണ്ട് എന്നും നിരീക്ഷിക്കുന്നു.
ഭരണഘടനയുടെ അനുഛേദം 25 ഉദ്ധരിച്ച ശേഷം വിവിധ കോടതി വിധികളുടെയും മഹാന്മാരുടെ പ്രസ്താവനകളുടെയും വെളിച്ചത്തില്‍ കോടതി അതിവിശാലമായ വിവരണങ്ങള്‍ നല്‍കുന്നു. മതത്തെപറ്റിയും മതാചാരങ്ങളെപറ്റിയുമൊക്കെയുള്ള പലരുടെയും വീക്ഷണങ്ങള്‍ എടുത്തുപറയുന്നു. ഇതോടൊപ്പം കോടതി അമേരിക്കന്‍ ഭരണഘടനയിലെയും ആസ്‌ത്രേലിയന്‍ ഭരണഘടനയിലെയും പോലെ ഇന്ത്യന്‍ ഭരണഘടനയിലെ അനുഛേദം 25ല്‍ പറയുന്ന മതസ്വാതന്ത്ര്യം സമ്പൂര്‍ണമല്ലെന്നും യുക്തിസഹമായ നിയന്ത്രണങ്ങള്‍ (reasonable rtserictios) ക്കു വിധേയമാണ് എന്ന കാര്യവും എടുത്തുപറയുന്നു. ഇരുപത്തഞ്ചാം അനുഛേദം പൊതുസമാധാനം, ധാര്‍മികത, പൊതുആരോഗ്യം ഭരണഘടന നല്‍കുന്ന മറ്റു മൗലികാവകാശങ്ങള്‍ എന്നിവക്കു വിധേയമാണ് എന്ന കാര്യവും എടുത്തുപറയുന്നു. മാത്രമല്ല ഇരുപത്തഞ്ചാം അനുഛേദത്തിന്റെ രണ്ടാം ഉപഅനുഛേദത്തില്‍ വിവരിച്ചിട്ടുള്ള മതത്തോടനുബന്ധിച്ച സാമ്പത്തികവും പണ സംബന്ധമായതും രാഷ്ട്രീയപരമായതുമായ മറ്റുമതേതര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുള്ള ഭരണക്കൂടത്തിന്റെ അധികാരത്തെയും എടുത്തുപറയുന്നു.
കോടതി വളരെ വിശാലമായും കോടതിവിധികളടക്കമുള്ള ആധികാരിക ഉദ്ധരണികളുടെ വെളിച്ചത്തിലും വിവരിച്ചിട്ടുള്ള കാര്യങ്ങള്‍ യാതൊരു തര്‍ക്കത്തിനും വകയില്ലാത്തവയാണ്. മനുഷ്യസാഹോദര്യം വ്യക്തിയുടെ അഭിമാനം, സമത്വം, സ്ത്രീസ്വാതന്ത്ര്യം, അന്തസ്സ് തുടങ്ങിയ എല്ലാ മഹത്തായ മൂല്യങ്ങളുടെയും നിലനില്‍പ്പിനായി അവയെല്ലാം നടപ്പില്‍ വരുത്തേണ്ടതിലേക്കുള്ള നിയമനിര്‍മാണങ്ങളെയും ആ വഴിയുള്ള സാമൂഹ്യപരിഷ്‌കാരങ്ങളെയുമൊക്കെ ഇരുപത്തഞ്ചാം അനുഛേദത്തെ പരിമിതപ്പെടുത്തിക്കൊണ്ടുള്ള അതിലെ ഉപഅനുഛേദങ്ങളും ക്ലോസുകളും സാധിധമാക്കുന്നു അല്ലെങ്കില്‍ അത്തരം മഹത്തായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി അനുഛേദം ഇരുപത്തഞ്ചില്‍ പറയുന്ന മതസ്വാതന്ത്ര്യം നിയന്ത്രണവിധേയമാക്കപ്പെട്ടതാണ് എന്നെല്ലാം കോടതി വളരെ വിശദമായി വിവരിക്കുന്നു.
പക്ഷേ ഈ കേസില്‍ പരിഗണനാവിധേയമായ ഹിജാബ് വിഷയം ഈ വിശദീകരണങ്ങളുടെ വെളിച്ചത്തില്‍ എത്ര പ്രസക്തമാണ് എന്നതാണ്. ഭരണഘടന ഉദ്‌ഘോഷിക്കുന്നതും കോടതി പരാമര്‍ശിച്ചതുമായ മഹത്തായ മൂല്യങ്ങള്‍ക്ക് എന്തു ഇടിവാണ് സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികള്‍ക്ക് അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി ഹിജാബ് ധരിക്കാനുള്ള അവകാശം നല്‍കിയാല്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന് വ്യക്തമാക്കപ്പെടുന്നില്ല. ഹിജാബ് ധാരണത്തിനുള്ള അവകാശത്തിനുവേണ്ടി കോടതിയെ സമീപിച്ച ഹരജിക്കാര്‍ അവര്‍ക്കു ഭരണഘടനാദത്തമായ അവകാശമാണ് ആവശ്യപ്പെടുന്നത്. മറ്റാരിലെങ്കിലും ഇതടിച്ചേല്‍പ്പിക്കാനല്ല. സ്ത്രീ സ്വാതന്ത്ര്യത്തെയും സ്ത്രീയുടെ അന്തസ്സിനെയും മറ്റു വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും അതുപോലുള്ള കോടതി പരാമര്‍ശിച്ച ഭരണഘടനാ മൂല്യങ്ങളെയും എങ്ങനെയാണ് ഇതു ബാധിക്കുക എന്ന് സാമാന്യ ബുദ്ധിക്ക് മനസ്സിലാകാത്ത കാര്യമാണ്. യൂണിഫോമിന്റെ ആവിര്‍ഭാവത്തെയും ആവശ്യകതെയും ഒക്കെ സംബന്ധിച്ചു ചരിത്രപരമായും അല്ലാതെയും പല മഹദ് വ്യക്തികളെയും അധികാര രേഖകളെയും ഉദ്ധരിച്ചു കോടതി വിശമായി വിവരിക്കുന്നുണ്ട്. പക്ഷേ ഇവിടെ ഇതൊരു യൂണിഫോമിനനുകൂലമായും പ്രതികൂലമായും ഉള്ള തര്‍ക്കമായാണ് കോടതി കാണുന്നത്. വാസ്തവത്തില്‍ ഇതിലെ ഹരജിക്കാര്‍ തങ്ങള്‍ യൂണിഫോമിനെതിരാണ് എന്നോ അതു തങ്ങള്‍ ധരിക്കില്ല എന്നോ തങ്ങള്‍ക്കോ മറ്റു കുട്ടികള്‍ക്കോ അതു നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നോ അല്ല വാദിക്കുന്നത്. യൂണിഫോം ധരിക്കുന്നതോടൊപ്പം അതേ യൂണിഫോമിന്റെ നിറമുള്ള ഒരു ഹിജാബ് (തലയിലെ തട്ടം) ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന പരിമിതമായ ഒരാവശ്യം മാത്രമേ അവര്‍ക്കുള്ളു. അതെങ്ങനെയാണ് സമത്വഭാവനക്കോ, സ്ത്രീ സ്വാതന്ത്ര്യത്തിനോ സ്ത്രീയുടെ അന്തസ്സിനോ, മൂല്യങ്ങള്‍ക്കോ ഒക്കെ എതിരാവുന്നത്. വാസ്തവത്തില്‍ ഇത്തരം മൂല്യങ്ങളുടെ തിളക്കം കൂട്ടുകയാണ് ഇതുകൊണ്ടുണ്ടാവുക എന്ന് മനസ്സിലാക്കാവുന്നതെയുള്ളു. വസ്ത്രധാരണത്തില്‍ അല്‍പം പോലും വ്യത്യാസം അനുവദിക്കാത്ത യൂണിഫോമിറ്റിയാണ് നിഷ്‌കര്‍ഷിക്കുന്നതെങ്കില്‍ അത്രത്തോളം കണിശമാക്കേണ്ടതിന്റെ ഒരാവശ്യകത ഒട്ടും മനസ്സിലാകുന്നില്ല. ഈ വിഷയകമായി കലാലയങ്ങളെ സമൂഹത്തിന്റെ പരിഛേദമായി കോടതി എവിടെയോ പരാമര്‍ശിച്ചതായി കാണുന്നുണ്ട്. അങ്ങനെ കൃത്രിമമായ ഒരു യുണിഫോമിറ്റി (ഏകീകൃതസ്വഭാവം) നമ്മുടെ സമൂഹത്തില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരിക്കലും സാധ്യമല്ല എന്ന് മാത്രമല്ല അത് ആശാസ്യവുമല്ല. അതും ഭരണഘടന വ്യക്തികള്‍ക്ക് നല്‍കുന്ന മഹത്തായ മൗലികാവകാശങ്ങളുടെ വെളിച്ചത്തില്‍. നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ മുഖമുദ്രയും അഭിമാനവും എന്ന് മറന്ന് പോകരുത്. അപ്പോള്‍ സമൂഹത്തിന്റെ പരിഛേദമായ വിദ്യാലയങ്ങളിലും ഇന്ത്യയുടെ മഹത്തായ ഈ പൊതുസ്വാഭാവത്തെയാണ് പ്രതിഫലിപ്പിക്കേണ്ടത്.
(തുടരും)