ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് അന്വേഷിക്കുന്ന തട്ടിപ്പ് കേസാണ് സിബിഐക്ക് വിടുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെയുള്ള അന്വേഷണ രേഖകള്‍ നേരിട്ട് പേഴ്സണല്‍ മന്ത്രാലയത്തില്‍ എത്തിക്കാന്‍ പൊലീസിന് നിര്‍ദേശം. കേസ് സംബന്ധിച്ച എല്ലാ രേഖകളും അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കാനാണ് നിര്‍ദേശം. ഹൈ റിച്ച് തട്ടിപ്പില്‍ ഇഡി അന്വേഷണവും പുരോഗമിക്കുകയാണ്.
ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീന പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. പ്രതികള്‍ ആളുകളില്‍ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.